Friday, July 28, 2017

കോപാവേശത്തില്‍ രാവണന്‍ നിന്നു വിറച്ചു. കൈ വാള്‍പ്പിടിയില്‍ മുറുകി. ഹനുമാന്‍ പേടിച്ചുപോയി: രാക്ഷസാധമന്‍ ദേവിയെ വധിച്ചുകളയുമോ? പക്ഷേ, രാക്ഷസേന്ദ്രന്‍ തന്റെ കോപത്തെ അടക്കി; പാതിയൂരിയ വാള്‍ ഉറയിലേയ്ക്കിട്ടു. മെല്ലെ പറഞ്ഞു: ഞാന്‍ ക്ഷമിക്കുന്നു. രണ്ടുമാസം. അതിനപ്പുറം കാത്തിരിപ്പില്ല; ഈ കാലയളവിനുള്ളില്‍ നീയെനിക്കു വഴിപ്പെടണം. അതിനു ഒരുക്കമല്ലെങ്കില്‍, പള്ളിയറയില്‍ ഞാന്‍ കാത്തിരുന്ന ഭോഗവസ്തു പിറ്റേന്ന് പ്രാതലിനു തന്റെ ഭോജ്യവസ്തുവായി മാറും. ഇത് ലങ്കേശന്റെ വാക്കാണ്.
‘അധ്യാത്മരാമായണത്തില്‍ പറയുന്നത് രാവണന്‍ സീതയുടെ നേര്‍ക്ക് വാളോങ്ങിയെന്നല്ലേ?’ മുത്തശ്ശി ആരാഞ്ഞു.
‘കിളിപ്പാട്ടിലും അങ്ങനെതന്നെയല്ലെ മുത്തശ്ശാ’ വരുണ്‍ തിരക്കി: ‘മണ്ഡോദരി രാവണനെ നിരോധിച്ചു കൊണ്ടു പറയുന്നു-
ത്യജമനുജതരുണിയെയൊരുടയവരുമെന്നിയേ
ദീനയായ് ദുഃഖിച്ചതീവകൃശാംഗിയായ്
സുരദനുജദിതിജഭുജഗാപ്‌സരോ ഗന്ധര്‍വ്വ
സുന്ദരീ വര്‍ഗം നിനക്കു വശഗതം….
‘ശരിയാണ്’ മുത്തശ്ശന്‍ തുടര്‍ന്നു: ‘അധ്യാത്മ രാമായണത്തില്‍ മണ്ഡോദരി വഹിക്കുന്ന പങ്ക്, വാല്മീകി രാമായണത്തില്‍ ധന്യമാലിനിക്കാണ്. അവള്‍ ലങ്കേശന്റെ ക്രോധം ശമിപ്പിക്കുന്നു: ഇവള്‍ വെറുമൊരു മനുഷ്യ സ്ത്രീയല്ലേ? അങ്ങ് ആര്‍ജ്ജിച്ച ദിവ്യങ്ങളായ ഉത്തമ സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ ഇവള്‍ക്ക് യോഗം തികഞ്ഞിട്ടില്ല. ആഗ്രഹിക്കുന്നവളെ കാംക്ഷിക്കുന്നവനേ തികഞ്ഞ സംതൃപ്തി ലഭിക്കൂ… അങ്ങനെ ധന്യമാലിനിയുടെ നിര്‍ബന്ധത്തിനു വഴങ്ങി രാവണന്‍ അശോകവനിക വിട്ടു.
ശരത്ത് പറഞ്ഞു: ‘മുത്തശ്ശാ. ചില രാമായണങ്ങള്‍ സീത മണ്ഡോദരിയുടെ മകളാണെന്നു പറയുന്നില്ലേ?’
‘ഉവ്വ്’ മുത്തശ്ശന്‍ തുടര്‍ന്നു: ‘കാശ്മീരി രാമായണത്തില്‍ ഇങ്ങനെ കാണാം: രാവണന്‍ സീതയെ അശോകവനികയില്‍ കൊണ്ടാക്കി, ദേവിയുടെ സംരക്ഷണ ചുമതല മണ്ഡോദരിയെ ഏല്‍പ്പിച്ചു. മണ്ഡോദരി സീതയോട് വിവരങ്ങള്‍ ചോദിച്ചറിയവേ, സീത ജനകന്റെ ഔരസ പുത്രിയല്ലാ എന്നും വളര്‍ത്തു മകളാണെന്നും അറിഞ്ഞു. അപ്പോള്‍ മണ്ഡോദരിക്കു മനസ്സിലായി: വിഷകന്യകാലക്ഷണമുള്ളതിനാല്‍ പ്രസവിച്ചയുടനെ താന്‍ നദിയിലേക്കൊഴുക്കിക്കളഞ്ഞ തന്റെ മകളാണ് സീത എന്ന കാര്യം. അവരത് സീതയെ അറിയിച്ചു. രാവണവധത്തിനുശേഷം ലങ്ക വിടാന്‍ നേരം സീതയെ സ്വീകരിക്കണമെങ്കില്‍ അഗ്നിപരീക്ഷ വേണമെന്നു രാമന്‍ പറയുമ്പോല്‍ മണ്ഡോദരി രാമനോടു പറയുന്നു: അവളുടെ ചാരിത്ര്യം തൊട്ടശുദ്ധമാക്കാന്‍ താന്‍ ആരേയും അനുവദിച്ചിട്ടില്ല. അവളുടെ പെറ്റമ്മയായ എന്റെ സംരക്ഷണയിലായിരുന്നു അവള്‍.
‘പിതൃസ്ഥാനീയനായ ഭര്‍ത്താവില്‍നിന്ന് തന്റെ മകളുടെ ചാരിത്ര്യം സംരക്ഷിച്ചെടുക്കാന്‍ പാടുപെടുന്ന ഒരമ്മ. എന്തൊരു യോഗമാണ് ആ മണ്ഡോദരിയുടേത്! മുത്തശ്ശിയുടെ വാക്കുകള്‍ നെടുവീര്‍പ്പില്‍ അലിഞ്ഞു.
‘അത് മനുഷ്യരായ നമ്മുടെ മാനദണ്ഡം’- മുത്തശ്ശന്‍ സാന്ത്വനവാക്കോതി: ‘രാക്ഷസര്‍ക്ക് അതു ബാധകമല്ലാ. സീതയോട് രാക്ഷസിമാര്‍ പറയുന്നതെന്താണ്? ഇഷ്ടപ്പെടുന്നവന് വഴങ്ങാതിരിക്കുന്നതാണ് പാപം. നീ പാപം ചെയ്യുന്നത് ഞങ്ങളുടെ ഈശ്വരനോടാണ്; അതിനുള്ള ശിക്ഷയാണ് അദ്ദേഹം വിധിച്ചത്: വെട്ടിനുറുക്കി, പ്രാതലിനു പരുവപ്പെടുത്തുക…..
”അപ്പോള്‍ ദേവി എന്താ പറഞ്ഞത് മുത്തശ്ശാ?” ശ്രീലക്ഷ്മി ആരാഞ്ഞു.
‘ഒരു മനുഷ്യസ്ത്രീ രാക്ഷസ പത്‌നിയായിരിക്കാന്‍ അര്‍ഹതയുള്ളവളല്ലാ. എന്നെ പരുവപ്പെടുത്തിക്കോളൂ. എന്നാലും നിങ്ങള്‍ പറയുന്നതനുസരിക്കാന്‍ എനിക്കാവില്ല.’

ജന്മഭൂമി: http://www.janmabhumidaily.com/news678429#ixzz4oAHhUO6K

No comments: