Monday, July 10, 2017

ജഗദ്മയം - 9
സദ്ഗുരു എവിടെയാണെങ്കിലും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുപരിയായി മറ്റുള്ളവരുടെ സുഖവും സന്തോഷവും പരിഗണിക്കുന്ന ഒരു കൂട്ടരുണ്ടാകുമ്പോള്‍, അവിടെ സാഹചര്യം ആകെ മാറുന്നു, സ്ഥിതിഗതികള്‍ ഒരേസമയം സുന്ദരവും ശക്തിമത്തുമായിത്തീരുന്നു. ലോകം മുഴുവന്‍ ഇങ്ങനെയുള്ള ആളുകളെക്കൊണ്ടു നിറഞ്ഞിരുന്നുവെങ്കില്‍… എത്ര മനോഹരമാകുമായിരുന്നു നമ്മുടെ ഈ ഭൂമി. എന്താണ് ആവശ്യമായുള്ളത് അതു ചെയ്യാന്‍ തയ്യാറായി ഒരാളുണ്ടാവുക. അതാണേറ്റവും പ്രധാനം. ഒരാളുടെ മൂക്കു തുടച്ചുകൊടുക്കണൊ? അത് ചെയ്യാന്‍ തയ്യാറാവുക. എന്നാല്‍ താന്‍ വലിയൊരു സേവനമനുഷ്ഠിക്കുന്നു എന്ന ഭാവമരുത്.
വലിയൊരു ത്യാഗമായും അതിനെ കാണേണ്ടതില്ല. ആ സമയം ആവശ്യപ്പെട്ട ഒരു ജോലി, അതു താന്‍ ചെയ്തു എന്നു മാത്രമേ കരുതേണ്ടതുള്ളൂ. വേണ്ടതിലധികം മൂക്കിനെ തുടയ്ക്കാന്‍ നിന്നാല്‍ അത് ഉരഞ്ഞുപൊട്ടി എന്നുവരാം. അങ്ങനെയുള്ള പണികള്‍ ചെയ്യുന്നവരെ എല്ലായിടത്തും ധാരാളം കാണാം. തുടയ്ക്കണമെങ്കില്‍ തുടയ്ക്കുക. അതിനെ ഒരു മഹാസംഭവമായി മാറ്റരുത്. അങ്ങനെയുള്ള ആളുകളെയാണ് ലോകത്തിനുവേണ്ടത്. അവരുടെ പ്രവൃത്തികളാണ് ലോകത്തെ ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടമാക്കിത്തീര്‍ക്കുന്നത്.
ഒരു സന്നദ്ധസേവകന്‍ സ്വമനസ്സാലേയാണ് ഓരോ പ്രവൃത്തിയും ചെയ്യുന്നത്. സ്വന്തം താല്‍പര്യം അയാള്‍ കണക്കാക്കുന്നേയില്ല. അതാതുസമയത്തെ ആവശ്യമനുസരിച്ച് അയാള്‍ വേണ്ടതു ചെയ്യുന്നു. അങ്ങനെയുള്ളൊരു മനോഭാവമുണ്ടാകുമ്പോള്‍ അവിടെ കര്‍മ്മവും ഏറ്റവും ലഘുവായ രീതിയിലായിരിക്കും. ജീവിതത്തില്‍ എല്ലാവരും അങ്ങനെയാണാവേണ്ടത് എല്ലാ അര്‍ത്ഥത്തിലും ഒരു സന്നദ്ധസേവകന്‍, നിങ്ങള്‍ ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും പൂര്‍ണ്ണമനസ്സോടുകൂടിയായിരിക്കണം. ആരുടേയോ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ജീവിക്കുന്നത് എന്ന തോന്നലരുത്. അതേ സമയം ഒന്നും അറിയാതെപോവുകയുമരുത്. ബോധപൂര്‍വ്വമായ സന്തോഷത്തോടെ ജീവിതം നയിക്കുക. ആ നിലയിലേക്കു മനസ്സിനെ എത്തിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ മുക്തനായി. അങ്ങനെയുള്ള മനുഷ്യരെയാണ് ലോകത്തെല്ലായിടത്തും നമുക്കാവശ്യം.
സന്നദ്ധ സേവകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ അതില്‍നിന്നും അവര്‍ക്ക് വലുതായ സന്തോഷവും, സംതൃപ്തിയും കിട്ടുന്നതായി പറയാറുണ്ട്.പ്രത്യേകിച്ച് ആര്‍ക്കും ഒരു സഹായവും ചെയ്യാതെ തന്നെ ആനന്ദമനുഭവിക്കാന്‍ കഴിയണം. എന്നാല്‍ മിക്കവര്‍ക്കും അതിനു സാധിക്കുകയില്ല. അവര്‍ക്ക് എന്തെങ്കിലും ചെയ്യുകതന്നെവേണം. അല്ല എങ്കില്‍ അവര്‍ക്കു മുഷിവു തോന്നുന്നു, സ്വയം കൊള്ളരുതാത്തവരാണ് എന്ന തോന്നലുളവാകുന്നു. ഒന്നും ചെയ്യാതെ വെറുതെ ഇരുന്ന് ആനന്ദമനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. സ്വയം ആരാണ്, എന്താണ് എന്ന് പ്രകടമാക്കാന്‍ അവര്ക്കവസരം വേണം.
അതല്ലാതെ ആ പ്രവൃത്തികളില്‍ നിന്നും എന്തെങ്കിലും നേടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അദ്ധ്യാത്മിക സാധനകളുടെ ഭാഗമായി എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ ചെയ്യുവാന്‍ ഞങ്ങള്‍ അവസരമൊരുക്കുന്നു. അത് ആ വ്യക്തിയെ കേന്ദ്രീകരിച്ചുള്ളതല്ല. മറിച്ച് ആ ചുറ്റുപാടില്‍ എന്താണോ ആവശ്യം അതിനനുസരിച്ചിട്ടുള്ളതായിരിക്കും. അത് ആ വ്യക്തിയുടെ സന്തോഷത്തിനുവേണ്ടിയുള്ളതല്ല, മറിച്ച് അയാളുടെ സന്തോഷം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമായിരിക്കും.
അതുകൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് ഒരു ടിക്കറ്റ് സ്വന്തമാക്കാമെന്നും കരുതണ്ട. ആവശ്യമനുസരിച്ചു പ്രവര്‍ത്തിക്കുക. അതിന്റെ അനന്തരഫലങ്ങളെ കുറിച്ച് ആലോചിക്കേണ്ട. സാധനാമാര്‍ഗ്ഗത്തിലെ തടസ്സങ്ങള്‍ നീക്കാനുള്ള ഒരു വഴികൂടിയാണിത്.
യോഗാ പരിപാടികളില്‍ പങ്കെടുക്കാന്‍വരുന്ന നിരവധിപേരെ ഞാന്‍ കാണുന്നുണ്ട്. അവര്‍ക്ക് പൂര്‍ണ്ണമായും അതില്‍ മുഴുകാന്‍ സാധിക്കുന്നില്ല. എന്നാല്‍ പിന്നീട് ഓരോ സേവനങ്ങള്‍ക്കായി അവരെത്തുമ്പോള്‍ സ്വയം മറന്ന് മുഴുവനായും ആ പ്രവൃത്തിയില്‍ ലയിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. അതോടുകൂടി അവരുടെ അനുഭവങ്ങള്‍ക്കും തെളിമ ലഭിക്കുന്നു. മനസ്സ് ഉദാത്തമാകുന്നു. ആ അനുഭവം പരിപാടിയില്‍ പങ്കെടുത്ത സമയം അവര്‍ അനുഭവിച്ചിട്ടുണ്ടാവുകയില്ല. അതേ സമയം സന്നദ്ധസേവനങ്ങളിലേര്‍പ്പെടുമ്പോള്‍ മനസ്സിന്റെ മാനങ്ങള്‍ താനേ വിശാലമാകുന്നു.


ജന്മഭൂമി:

No comments: