Wednesday, July 12, 2017

ഭക്തി

”സാ തു കര്‍മ്മജ്ഞാനയോഗേഭ്യോപ്യധികതരാ
പരമപ്രേമരൂപയായ ഭക്തിക്ക് കര്‍മ്മജ്ഞാന യോഗാദികളേക്കാള്‍ ശ്രേഷ്ഠത കൂടുതലാണ് എന്നാണ് നാരദമഹര്‍ഷിയുടെ അഭിപ്രായം. ഭക്തി എന്നത് പരമപ്രേമരൂപയാണെന്ന് രണ്ടാമത്തെ സൂത്രത്തില്‍ പറഞ്ഞതാണ്. അതിന്റെ പ്രാധാന്യം ഇവിടെ അനുസ്മരിക്കുകയാണ്.
യോഗമാര്‍ഗത്തിലും കര്‍മമമാര്‍ഗത്തിലും ജ്ഞാനമാര്‍ഗത്തിലും തെറ്റുകള്‍ പറ്റാനുള്ള സാധ്യതകളും അഹങ്കാരാഗമനത്തിനുള്ള സാധ്യതകളുമുണ്ട്.
പ്രേമരൂപയായ ഭക്തിയില്‍ അഹങ്കാരാഗമനമുണ്ടായാല്‍ പ്രേമസ്വരൂപനായ ഭഗവാന്‍ തന്നെ തത്‌ദ്ദോഷത്തെ നീക്കം ചെയ്യും. കുട്ടികള്‍ ചെയ്യുന്ന അപരാധങ്ങളെ വാത്സല്യനിധികളായ മാതാപിതാക്കള്‍ ക്ഷമിക്കുന്നതുപോലെ. എന്നാല്‍ ധൃതരാഷ്ട്രരുടെ പോലെ അവരുടെ ചെയ്തികളെ മുഴുവന്‍ അംഗീകരിച്ചുകൊണ്ടല്ല, മറിച്ച് അതാതവസരങ്ങളിലെല്ലാം ആവശ്യമായ തിരുത്തലുകള്‍ വരുത്തിക്കൊണ്ട്. ആ തിരുത്തലുകള്‍ വരുത്തുന്നത് ഒരുപക്ഷേ നമ്മള്‍പോലും അറിയില്ല.
ഒരു ഗുരു ശിഷ്യനോട് പരിസരത്തുള്ള രണ്ടു കുട്ടകളില്‍ ഒന്നെടുത്ത് അതില്‍ നദിയില്‍നിന്നും വെള്ളമെടുത്തുകൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു. വെള്ളവുംകൊണ്ട് നദി കയറിവന്നപ്പോഴേക്കും വെള്ളം മുഴുവന്‍ കുട്ടയിലെ ദ്വാരങ്ങളിലൂടെ ഒലിച്ചുപോയി. ശിഷ്യന്‍ വിവരം ഗുരുവിനോടു പറഞ്ഞപ്പോള്‍ ആവര്‍ത്തിക്കാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ പലവട്ടം ചെയ്തിട്ടും കുട്ടയിലെ വെള്ളം ചോര്‍ന്നുകൊണ്ടേയിരുന്നു. വീണ്ടും വിവരം ഗുരുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എത്ര പ്രാവശ്യം വെള്ളമെടുത്താലും പ്രയോജനമില്ലെന്നാണ് ശിഷ്യന്റെ വ്യക്തമാക്കല്‍.
ഗുരു ആ കുട്ടയെ അവിടെ ശേഷിച്ചിരുന്ന മറ്റു കുട്ടയുമായി താരതമ്യപ്പെടുത്തി ചൂണ്ടിക്കാട്ടി. പല പ്രാവശ്യം വെള്ളമെടുത്തുകൊണ്ടുവന്ന കുട്ടയിലെ അഴുക്കെല്ലാം പോയിരിക്കുന്നു. പ്രയോജനമുണ്ടായില്ല എന്ന് എങ്ങനെ പറയാനാവും എന്നു ചോദിച്ചപ്പോഴാണ് ശിഷ്യന്‍ അക്കാര്യം ശ്രദ്ധിക്കുന്നതുതന്നെ. അറിയാതെ തന്നെ അതിലെ അഴുക്കെല്ലാം പോയിരിക്കുന്നു. ഇതുപോലെയാണ് പരമപ്രേമരൂപയായ ഭക്തിയിലെ തിരുത്തലുകള്‍.
എന്നാല്‍ കര്‍മ്മമാര്‍ഗത്തില്‍ പോരായ്മകളും തെറ്റുകളും ഏറെ സംഭവിക്കാമെന്ന് ഭാഗവതത്തില്‍ പ്രാചീന ബര്‍ഹിസ്സിന്റെ കഥയിലൂടെ വ്യക്തമാക്കിത്തരുന്നുണ്ട്. പ്രാചീന ബര്‍ഹിസ്സിന് യാഗാദികര്‍മ്മങ്ങളിലുള്ള ശ്രദ്ധകൊണ്ട് കര്‍മ്മലക്ഷ്യം മറന്നു. ബലികൊടുത്ത മൃഗങ്ങള്‍ ശത്രുതാഭാവത്തിലേക്കെത്തിയത് നാരദര്‍ ചൂണ്ടിക്കാട്ടുംവരെ പ്രാചീന ബര്‍ഹിസ്സ് ശ്രദ്ധിച്ചിരുന്നില്ല.ജ്ഞാനയോഗത്തിലും അഹങ്കാര സാധ്യതയുണ്ട്. ശങ്കരാചാര്യസ്വാമികളെ ചണ്ഡാളരൂപത്തില്‍ വന്ന ശിവശങ്കരന് തിരുത്തേണ്ടി വന്നില്ലേ?


ജന്മഭൂമി: 

No comments: