Friday, July 28, 2017

രാമോ വിഗ്രഹവാന്‍ ധര്‍മ്മ: എന്ന ആര്‍ഷ വാക്യം വ്യക്തമായൊരു സന്ദേശം നമുക്ക് നല്‍കുന്നുണ്ട്. ധര്‍മ്മത്തിന്റെ ആള്‍രൂപമാണ് ശ്രീരാമന്‍. ചില രാമകര്‍മ്മങ്ങള്‍ വിവാദങ്ങളായി ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അവയില്‍ ചിലതാണ് ബാലിവധം, ശംബൂകവധം, സീതാപരിത്യാഗം തുടങ്ങിയവ. രാമായണത്തെ കേവലം ഉപരിപ്ലവമായ വായനയിലൂടെ മാത്രം വിലയിരുത്താതെ ദാര്‍ശനികവും രാജനൈതികവുമായ പരിപ്രേക്ഷ്യങ്ങളുടെ സമവായത്തില്‍  കാണുകയാണെങ്കില്‍ മേല്‍ സൂചിപ്പിച്ച വിവാദങ്ങള്‍ക്ക് ഉത്തരം ലഭിക്കും.
സസൂക്ഷ്മം പരിശോധിച്ചാല്‍ രാമായണത്തില്‍ വാല്മീകി മഹര്‍ഷിതന്നെ ഇതിന്നുത്തരം തന്നിട്ടുണ്ട്. ചിലപ്പോള്‍ വരികള്‍ക്കിടയിലുള്ള വായന ആവശ്യമായി വന്നേക്കുമെന്നു മാത്രം. ഉദാഹരണത്തിനു ബാലിവധം തന്നെയടുക്കാം. അതിശക്തനും എന്നാല്‍ അധര്‍മ്മിയുമായിരുന്നു ബാലി. സ്വന്തം പുത്രിയേപ്പോലെ പരിഗണിക്കേണ്ട അനുജഭാര്യയെ തട്ടിയെടുത്ത് സ്വന്തമാക്കിവച്ചിരിക്കുന്ന അധര്‍മ്മി. സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവന്‍. ഇനി ഒളിയമ്പെയ്ത് കൊന്നതെന്തിന്? രാമാവതാരം മനുഷ്യരൂപത്തില്‍. അതിനാല്‍ മാനുഷിക പരമിതികള്‍ സ്വാഭാവികം. അവതാരോദ്ദേശ്യമോ? ധര്‍മ്മസംസ്ഥാപനം.
യുദ്ധനീതിയിലാണെങ്കില്‍ ഒളിയുദ്ധം അനുവദനീയവും. വാസ്തവത്തില്‍ രാമബാണമേറ്റ് മരണാസന്നനായിക്കിടക്കുമ്പോള്‍ ബാലിതന്നെ രാമനോട,് രാമന്‍ അവലംബിച്ച മാര്‍ഗത്തെപ്പറ്റി വിമര്‍ശനാത്മകമായി വാദിക്കുന്നുണ്ട്. രാമന്‍ അതിനു മറുപടിയും നല്‍കി ബാലിയെ തൃപ്തിപ്പെടുത്തുന്ന രംഗം രാമായണത്തില്‍ത്തന്നെ ലഭ്യമാണ്. ഈ വിധത്തില്‍ത്തന്നെ സീതാപരിത്യാഗവും നോക്കിക്കാണേണ്ടതാണ്. ‘യഥാ രാജാ തഥാ പ്രജാ’ എന്നാണല്ലോ ചൊല്ല്. രാമായണം, ശ്രദ്ധയോടെ വായിക്കുന്ന ഒരാള്‍ക്ക് ഈ വിഷയത്തില്‍ (സീതാപരിത്യാഗം) ഒരു സംഗതി മനസിലാക്കാം. ശ്രീരാമന് സീതാദേവിയുടെ പാതിവ്രത്യത്തെപ്പറ്റി യാതൊരുവിധ സംശയവുമുണ്ടായിരുന്നില്ല. എന്നാല്‍ പ്രജാസംരക്ഷണം ജീവിതവ്രതമാക്കിയ രാമന്‍ കേവലം ബാഹ്യമായുള്ള, ഭൗതികമായുള്ള സംരക്ഷണപ്രക്രിയയില്‍ മാത്രം ഒതുങ്ങി നിന്നില്ല. ധര്‍മ്മസംരക്ഷണത്തിന്നായിരുന്നു മുന്‍തൂക്കം. രാജാവിനെക്കുറിച്ചുള്ള ഒരപവാദം – അത് തികച്ചും അടിസ്ഥാനരഹിതമാണെങ്കില്‍ക്കൂടി – ജനമാനസത്തില്‍ കടന്നുകയറികഴിഞ്ഞാല്‍  അതു സൃഷ്ടിക്കുന്ന അനുരണനങ്ങള്‍ ദൂരവ്യാപകമായിരിക്കും.
അധികാരസ്ഥാനത്തിരിക്കുന്നവരുടെ ജീവിതവും പ്രവര്‍ത്തനവും സംശയാതീതമായിരുന്നാല്‍ മാത്രമേ ഭരണീയരായ ജനങ്ങളെ അത് ധാര്‍മ്മികമായി സ്വാധീനിക്കൂ. ധാര്‍മ്മിക സ്വാധീനമാണ് ജനങ്ങളെ ധര്‍മ്മനിരതരാക്കാനുള്ള മുഖേ്യാപാധി. ശ്രീരാമന്റെ കാര്യത്തില്‍, സ്വയം മഹാത്യാഗങ്ങള്‍ സഹിച്ചും ധര്‍മ്മത്തിന്റെ മുന്നേറല്‍ ഉറപ്പു വരുത്തുകയാണുണ്ടായത്. ഒരു പക്ഷേ, ഇന്നത്തെ സ്ത്രീപക്ഷ സ്വാതന്ത്ര്യവാദികള്‍ക്ക് ഈ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലായിരിക്കാം. ഭൗതികതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അതിപ്രസരമുള്ള ഇക്കാലത്ത് ഈ വിയോജിപ്പില്‍ അതിശയിക്കാനില്ല.
ഭാഗികവും പരിമിതവും സങ്കുചിതവുമായ ഒരു നിലപാടാണിത്. എന്നാല്‍ ശ്രീരാമനാകട്ടെ, സംഗതികളെ അവയുടെ സമഗ്രതയില്‍ കണ്ട്, തന്റെ വൈയക്തിക തൃപ്തിക്കും സന്തോഷത്തിനും മുന്‍തൂക്കം നല്‍കാതെ, ധര്‍മ്മത്തിന്റെയും അതിന്റെ ദൂരവ്യാപക ഗുണഫലങ്ങളെയും വിലയിരുത്തി, അതിന്റെ അഭാവത്തില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ മുന്നില്‍ക്കണ്ട്, സ്വന്തം താല്‍പര്യങ്ങളെ ത്യജിച്ച്, ധര്‍മസംസ്ഥാപനമെന്ന തന്റെ ദൗത്യം നിര്‍വഹിക്കുകയാണ് ചെയ്തത്.


ജന്മഭൂമി: http://www.janmabhumidaily.com/news678422#ixzz4oAHsi3fE

No comments: