ഹിന്ദുവിന്റെ നിത്യ ആചരണങ്ങള്‍
എന്തിനാണ് നാം ആചരണങ്ങള്‍ ചെയ്യുന്നത്? ഹിന്ദുക്കള്‍ക്ക് വ്യക്തമായ ആചരണപദ്ധതികള്‍ ഉണ്ടോ? ഋഷിമാര്‍ പറയുന്നത് ‘ആചാരഹീനോ ന പുനന്തി വേദാഃ” എന്നാണ്. വേദം പഠിച്ചവനെങ്കില്‍ക്കൂടി ആചരണം ചെയ്യുന്നില്ലെങ്കില്‍ അവന്‍ ഒന്നിനും കൊള്ളില്ല. ആചരണങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം. എന്ത് ആചരണങ്ങള്‍ ആണ് നാം ചെയ്യേണ്ടത്? എവിടെ തുടങ്ങണം? നമ്മള്‍ നിത്യവും ചെയ്യേണ്ട അഞ്ച് കര്‍മങ്ങളെ പഞ്ചമഹായജ്ഞങ്ങള്‍ എന്നാണ് പ്രാചീന ശാസ്ത്രങ്ങള്‍ വിളിക്കുന്നത്. ബ്രഹ്മയജ്ഞം (സന്ധ്യാവന്ദനം), ദേവയജ്ഞം (അഗ്നിഹോത്രം), ബലിവൈശ്വദേവയജ്ഞം (ഭൂതബലി), പിതൃയജ്ഞം, അതിഥിയജ്ഞം എന്നിവയാണീ പഞ്ചമഹായജ്ഞങ്ങള്‍.അവയില്‍ ആദ്യത്തേത് ബ്രഹ്മയജ്ഞം അഥവാ സന്ധ്യാവന്ദനം ആണ്.
എല്ലാവരും ദിവസവും മുടങ്ങാതെ നിര്‍ബന്ധമായും ചെയ്യേണ്ടതാണിത്. ശ്രീകൃഷ്ണന്‍ പോലും ഇത് ആചരിച്ചിട്ടുണ്ട്. ഹസ്തിനപുരിയിലേക്ക് ദൂതിനുപോകുമ്പോള്‍ സന്ധ്യാവന്ദനം ചെയ്യാനായി രഥം നിര്‍ത്താന്‍ തന്റെ തേരാളിയോട് ശ്രീകൃഷ്ണന്‍ പറഞ്ഞതായി മഹാഭാരതം ഉദ്യോഗപര്‍വത്തില്‍ കാണാം. അതേപോലെ ശ്രീരാമനും ലക്ഷ്മണനുമെല്ലാം സന്ധ്യാവന്ദനം ചെയ്തതായി വാല്മീകി രാമായണത്തില്‍ പരാമര്‍ശമുണ്ട്. ഈ അവതാരപുരുഷന്മാരെല്ലാം ദിവസവും രണ്ട് നേരവും സന്ധ്യാവന്ദനം ചെയ്തിരുന്നു.എന്താണ് ഇത് ചെയ്തതുകൊണ്ടുള്ള ഗുണം? ആളുകള്‍ അവരുടെ ഹൃദയങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍ തുറക്കുന്നില്ല. എന്തിന്, തങ്ങളുടെ മാതാപിതാക്കളോടും ജീവിതപങ്കാളിയോട് പോലും മാനസിക വിഷമങ്ങള്‍ പങ്കുവെയ്ക്കുന്നില്ല. നമ്മുടെ ഹൃദയത്തില്‍ കുടികൊള്ളുന്ന ഈശ്വരനോട് സംവദിക്കാന്‍ പരിധികളോ അതിരുകളോ ഒന്നുംതന്നെ ഇല്ല. എന്നാല്‍ ഇതിന്ന് സമയം കണ്ടെത്താന്‍ കഴിയണം.ആത്മശക്തിയുള്ളവന് മാത്രമേ മനസ്സിനെ നിയന്ത്രിക്കാനാകൂ.
ആത്മശക്തി ആര്‍ജിക്കാനും മാനസിക പ്രശ്‌നങ്ങളും സമ്മര്‍ദ്ദങ്ങളും ഒഴിവാക്കുന്നതിനും ഭാരതത്തിലെ ഋഷിമാര്‍ക്ക് കൃത്യമായ പദ്ധതികള്‍ ഉണ്ടായിരുന്നു. അതാണ് സന്ധ്യാവന്ദനം. ജീവാത്മാവും പരമാത്മാവും ഒരുമിച്ചുചേരുക എന്നും സന്ധ്യയ്ക്ക് അര്‍ഥമുണ്ട്. പ്രാണായാമം, ഗായത്രീധ്യാനം എന്നിവയെല്ലാം ബ്രഹ്മയജ്ഞമെന്ന സന്ധ്യാവന്ദനത്തിന്റെ ഭാഗമാണ്. ഇവയെല്ലാം ഒരു ഗുരുവിന്റെ കീഴില്‍ അഭ്യസിക്കേണ്ടതുമാണ്. രാവിലത്തെയും വൈകുന്നേരത്തെയും സന്ധ്യയില്‍ ചെയ്യേണ്ടുന്ന ബ്രഹ്മയജ്ഞത്തിന് 15 മിനിറ്റ് സമയം മാത്രമാണ് ആവശ്യമുള്ളത്.രണ്ടാമത്തെ യജ്ഞം അഗ്നിഹോത്രം അഥവാ ദേവയജ്ഞം ആണ്.
വേദമന്ത്രങ്ങള്‍ ചൊല്ലി ഇതും രണ്ടുനേരം ചെയ്യണം. ഇതിന്നും 15 മിനിറ്റ് മാത്രമാണ് വേണ്ടിവരിക. ഇത് ഹോമകുണ്ഡത്തില്‍ അഗ്‌നി ജ്വലിപ്പിച്ച് വേദമന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് നെയ്യും ആരോഗ്യവര്‍ദ്ധകമായ ദ്രവ്യങ്ങളും ഹോമിക്കുന്ന ക്രിയയാണ്. പ്രകൃതിയില്‍ ദൃശ്യവും അദൃശ്യവുമായ വിശേഷശക്തികളായ ഒട്ടേറെ ദേവതകളുണ്ട്. അഗ്നിഹോത്രത്തിലൂടെ അവ പ്രസാദിക്കുന്നുവെന്ന് ഋഷിമാര്‍ അഭിപ്രായപ്പെടുന്നു.ഹോമം രോഗങ്ങളെ അകറ്റുമെന്ന് ആയുര്‍വേദാചാര്യനായ ചരകന്‍ പറയുന്നുണ്ട്. ഒരു കാലത്ത് ഭാരതത്തില്‍ എല്ലാവീട്ടിലും രണ്ടു നേരം അഗ്‌നിഹോത്രമനുഷ്ഠിക്കപ്പെട്ടിരുന്നു. അഗ്‌നിഹോത്രം ചെയ്യാത്ത വീടുകള്‍ ശ്മശാനതുല്യമാണെന്നാണ് ചാണക്യന്‍ പറയുന്നത്.
വേദാന്തകേസരിയായ ശ്രീമദ് ശങ്കരാചാര്യരും അഗ്‌നിഹോത്രം മുടങ്ങാതെ അനുഷ്ഠിക്കാന്‍ ഉപദേശിക്കുന്നു. ശ്രീകൃഷ്ണനും ശ്രീരാമനുമെല്ലാം അഗ്നിഹോത്രം ചെയ്തിരുന്നതായി ഇതിഹാസങ്ങളില്‍ വായിക്കാം.മൂന്നാമത്തെ യജ്ഞം പിതൃയജ്ഞമാണ്. മാതാപിതാക്കളേയും ആചാര്യനേയും ശുശ്രൂഷിക്കുക എന്നതാണ് പിതൃയജ്ഞം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഞാന്‍ പല സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോള്‍ കണ്ടുമുട്ടുന്ന മാതാപിതാക്കള്‍; അവരുടെ മക്കള്‍ തങ്ങളെ ശ്രദ്ധിക്കുന്നേയില്ല എന്ന് പറഞ്ഞ് കരയുകയാണ്. മാതാപിതാക്കള്‍ അവരുടെ സന്താനങ്ങളുടെ മതിയായ ശുശ്രൂഷയും ശ്രദ്ധയും ഇല്ലാതെ എവിടെയോ കിടന്ന് മരണമടയുന്നു.
ജീവിച്ചിരിക്കുമ്പോള്‍ അവരെ ശ്രദ്ധയോടെ പരിപാലിക്കുന്നതാണ് ശ്രാദ്ധം. അവര്‍ക്കുവേണ്ടി ഭക്ഷണവും വസ്ത്രവും മരുന്നുകളും മറ്റും നല്‍കി അവരെ തൃപ്തിപ്പെടുത്തുന്നത് തര്‍പ്പണം. വേദസംസ്‌കാരത്തിലേക്ക് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ കൊണ്ടുവരുമ്പോള്‍ മാത്രമാണ് ഈയൊരു സംസ്‌കാരം അവരില്‍ ഉണ്ടാവുക.
ജന്മഭൂമി
No comments:
Post a Comment