Thursday, July 20, 2017

രാക്ഷസേശ്വരന്റെ അരമനയ്ക്കു ചുറ്റും കാവല്‍ ഭടന്മാര്‍. ശൂലം, മുള്‍ത്തടി, തോമാരം തുടങ്ങിയ നിശിതായുധങ്ങളേന്തിയ ഭടന്മാര്‍ ഇലയനങ്ങുന്നതിനുപോലും കാതോര്‍ത്ത് ജാഗ്രത പൂണ്ടു നില്‍ക്കുന്നു. ഈ അരമനയ്ക്കകത്താവുമോ ദേവിയെ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്നത്?
‘വായുപുത്രന്‍ അന്വേഷണം തുടര്‍ന്നു, അല്ലേ?’ മുത്തശ്ശി ആരാഞ്ഞു.
‘ഉവ്വ്. മഹാഭവനത്തിന്റെ പൂമുഖത്ത് പുഷ്പകം കണ്ടു. ഈ വാഹനത്തിലായിരിക്കും ദേവിയെ കൊണ്ടുവന്നിരിക്കുകയെന്നു വായുപുത്രന്‍ മനസ്സില്‍ കണ്ടു. പതുങ്ങി വിമാനത്തിനകത്തു കടന്നു-ദേവിയെ എങ്ങാനും ഒളിപ്പിച്ചു വെച്ചിരിക്കുന്നോ എന്നറിയാന്‍. അനര്‍ഘങ്ങളായ രത്‌നങ്ങള്‍ പതിച്ചതാണ് വിമാനത്തിന്റെ അകം. എല്ലായിടത്തും നോക്കി. ഇല്ല. പുഷ്പകവിമാനത്തില്‍ ദേവിയില്ല… ആഞ്ജനേയന്‍ പുറത്തുകടന്നു.
‘എന്നിട്ടോ?’ ശ്രീലക്ഷ്മി തിരക്കി.
‘നേരെ അന്തഃപുരത്തിലേയ്ക്ക് പതുങ്ങിയെത്തി. പത്‌നിമാരായ രാക്ഷസികളും ഭുജബലത്താല്‍ പിടിച്ചുകൊണ്ടുവരപ്പെട്ട രാജാംഗനകളുമെല്ലാം അവിടെ വസിക്കുന്നു. എല്ലാവരും ഭക്ഷണശാലയിലാണ്. അന്നപാനാദി ഭക്ഷണപദാര്‍ത്ഥങ്ങളുടെ മണം വായുപുത്രന്റെ മൂക്കിലെത്തി. മദ്യത്തിന്റെ ലഹരിയേല്‍പ്പിക്കുന്ന മണവുമുണ്ട്. ദേവിയെ ഭക്ഷണശാലയില്‍ നോക്കണ്ടേ? വായുപുത്രന്‍ മാത്രനേരം ശങ്കിച്ചുനിന്നു. രാക്ഷസികള്‍ നിര്‍ബന്ധിച്ചു ദേവിയെ അവിടേയ്ക്കു കൊണ്ടുപോയിട്ടുണ്ടെങ്കിലോ?’
‘നോക്കാന്‍ തന്നെ തീരുമാനിച്ചു, അല്ലേ?’ മുത്തശ്ശി ആരാഞ്ഞു.
‘പിന്നില്ലേ?’ മുത്തശ്ശന്‍ തുടര്‍ന്നു: ‘അവിടെച്ചെന്നപ്പോള്‍ എന്താണ് കണ്ടത്? ബോധമറ്റു കിടക്കുന്ന ഒട്ടേറെ തരുണീമണികള്‍. പലരും അര്‍ധനഗ്നരാണ്. പരസ്പരാലിംഗനം ചെയ്തുകിടക്കുന്നവരുണ്ട്.
അടുത്തുകിടക്കുന്നവളുടെ വസ്ത്രം വലിച്ചെടുത്ത് അതു പുതച്ചു കിടക്കുന്നവരുണ്ട്. വസ്ത്രം നഷ്ടപ്പെട്ടവര്‍ക്ക് അംഗവസ്ത്രമല്ലാതെ മറ്റൊന്നും നാണം മറയ്ക്കാനില്ല; അവരതൊന്നുമറിയാതെ ബോധമറ്റുകിടക്കുകയല്ലേ? എല്ലാവരേയും വായുപുത്രന്‍ ശ്രദ്ധിച്ചു.
‘പരദാരങ്ങളെ അവരുടെ ഉറക്കറയില്‍ രഹസ്യമായി കടന്നുചെന്നു കാണുകയായിരുന്നില്ലേ വായുപുത്രന്‍?’ മുത്തശ്ശി തിരക്കി.
അല്ലാതെ നിവൃത്തിയില്ലായിരുന്നു. വായുപുത്രന്‍ മനസ്സില്‍ പറഞ്ഞു: അന്തഃപുരത്തിലെ ഒരുവിധം എല്ലാ സ്ത്രീകളെയും താന്‍ കണ്ടു. പക്ഷേ, ഏതൊരാളെ കാണാനാണ് താനിത്ര വ്യഗ്രതപ്പെടുന്നത്: ആ ആളെമാത്രം കാണാനായില്ല… അരുതാത്തയിടങ്ങളിലും ചെല്ലേണ്ടിവന്നു. സ്ത്രീകളെ സ്ത്രീകളുടെ ഇടയിലല്ലേ തിരയാനാവൂ? ദേവിയെ തിരയുകയാണ് തന്റെ ദൗത്യം. താന്‍ ആ ദൗത്യം നിര്‍വഹിച്ചു.
മനോഹി ഹേതുഃ സര്‍വേഷാം
ഇന്ദ്രിയാണാം പ്രവര്‍ത്തതേ
ശുഭാശുഭ സ്വവസ്ഥാസു
തച്ചമേ സുവ്യവസ്ഥിതം…
തനിക്ക് ധര്‍മ്മലോപമേറ്റിട്ടില്ലെന്ന് ഹനുമാന്‍ ചിന്തിച്ചുറപ്പിക്കുകയാണ്. ഈ ഉറപ്പാണ് അത്രയധികം പ്രലോഭനകരമായ സാഹചര്യത്തില്‍പ്പോലും മനസ്സിനെ ഇളക്കാതിരുന്നത്. ഉളിതേച്ചു മൂര്‍ച്ച കൂട്ടുന്നത് സമയം കളയലാണെന്ന് ഒരു തച്ചനും കരുതാറില്ല. തച്ചന് ഉളിപോലെയാണ് സാധകന് മനസ്സ്. അതെപ്പോഴും മൂര്‍ച്ച വയ്പ്പിച്ചുകൊണ്ടിരിക്കണം.
‘എന്നിട്ടുമെന്തേ, ലക്ഷ്യം കാണാനാവുന്നില്ലല്ലോ’- മുത്തശ്ശിയുടെ ശബ്ദം നിരാശ പൂണ്ടു.
‘പാവം ഹനുമാന്‍. അതോര്‍ത്തു ഏറെ ദുഃഖിച്ചു’ മുത്തശ്ശന്റെ വാക്കുകളില്‍ ആ ദുഃഖം വെളിപ്പെട്ടിരുന്നു.


ജന്മഭൂമി:

No comments: