Sunday, July 23, 2017

രാമകൃഷ്ണമഠത്തിന്റെ പ്രഥമാധ്യക്ഷനായിരുന്ന ബ്രഹ്മാനന്ദസ്വാമികള്‍ ശാരദാദേവിയുടെ അടുക്കല്‍ ചെല്ലുമ്പോള്‍ വിറയ്ക്കുകയും കേവലം ഒരു ബാലനെപ്പോലെ പെരുമാറുകയും ചെയ്തിരുന്നു. ശ്രീരാമകൃഷ്ണന്റെ മാനസപുത്രനായി വിശേഷിപ്പിക്കുന്ന ബ്രഹ്മാനന്ദസ്വാമികളാദി ശിഷ്യരുടെ ഭാവം ഗുരുപത്‌നിയോടുള്ള ഭാവപ്രകടനമായിരുന്നില്ല. അവര്‍ ശാരദാദേവിയെ യഥാര്‍ത്ഥത്തില്‍ ജഗദംബികയായി കരുതിപ്പോന്നു. ചില സന്ദര്‍ഭങ്ങളില്‍ ആ വിധത്തില്‍ ആരാധിക്കുകയും ചെയ്യാറുണ്ടായിരുന്നു. ബ്രഹ്മാനന്ദസ്വാമികള്‍ ഒരു ദുര്‍ഗാപൂജാവേളയില്‍ ശാരദാദേവിയെ പുഷ്പങ്ങള്‍കൊണ്ട് ജഗത്ജനനിയെ അര്‍ച്ചിക്കുന്നതുപോലെ പൂജിച്ചു.
ഇങ്ങനെയുള്ള മഹാപുരുഷന്മാരുടെ പൂജ സ്വീകരിക്കുമ്പോഴും ജയരാമവാടിയില്‍ പാടുപെട്ടു പണിയെടുക്കുമ്പോഴുംഅമ്മ ഒരേയൊരു സരളസ്വഭാവത്തില്‍ വര്‍ത്തിച്ചുവെന്നതാണ് ആശ്ചര്യം. ഒരു ഭക്ത ഒരിക്കല്‍ പറഞ്ഞു, ”അമ്മയുടെ മഹത്വം എത്ര അത്ഭുതാവഹം! അനേകായിരം ആളുകള്‍ അവരെ വാസ്തവത്തില്‍ പൂജിക്കുമ്പോഴും തന്നോടു കാണിക്കുന്ന ഈ ആരാധനയൊന്നും അവരിലൊരു താല്‍പര്യവും ഉണ്ടാക്കിയില്ല. ഇതൊരു മനുഷ്യന് സാധ്യമല്ല. ഇതുതന്നെ അമ്മയുടെ മഹത്വത്തിന് മതിയായ തെളിവ്”.
1898 നവംബര്‍ മാസത്തിലാണ് ശാരദാദേവി ആദ്യമായി ബേലൂര്‍മഠത്തില്‍ കാലൂന്നിയത്. അന്ന് അവിടെ കാളീപൂജ നടന്നിരുന്നു. ദേവിയുടെ ആദ്യത്തെ പാദസ്പര്‍ശം നടന്ന ദിവസം ദേവി തന്നെ അവിടെ അടിച്ചു വൃത്തിയാക്കുകയും ഒരു മുറി വൃത്തിയാക്കി താന്‍ പൂജിച്ചിരുന്ന ഗുരുദേവന്റെ ഛായാചിത്രം അതില്‍വച്ചു പൂജിക്കുകയും ചെയ്തു. അന്നവിടെ പൂജാഗൃഹമൊന്നും പണിതീര്‍ന്നിട്ടുണ്ടായിരുന്നില്ല. എങ്കിലും ദേവി സന്തുഷ്ടയായിരുന്നു. തന്റെ സന്താനങ്ങള്‍ക്ക് കയറിക്കിടക്കാന്‍ പാര്‍പ്പിടത്തിനും ആഹാരത്തിനു വേണ്ട വകയ്ക്കും ദേവി ഗുരുദേവനോട് പ്രാര്‍ത്ഥിച്ചിരുന്നുവല്ലോ. ദേവിയുടെ പ്രാര്‍ത്ഥന സഫലമായ സുദിനമായിരുന്നു അന്ന്.
ബേലൂര്‍മഠത്തില്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന പുതിയ കെട്ടിടങ്ങള്‍ 1898 ഡിസംബറില്‍ പണിതീര്‍ന്നു. 1898 ഡിസംബര്‍ 9-ാം തീയതി വിവേകാനന്ദസ്വാമികള്‍ ഭഗവാന്‍ ശ്രീരാമകൃഷ്ണപരമഹംസരുടെ ഭൗതികാവശിഷ്ടങ്ങള്‍ തന്നത്താന്‍ ശിരസില്‍ ചുമന്നുകൊണ്ട് ബേലൂര്‍മഠത്തിലേക്ക് കൊണ്ടുവരികയും അവിടെ അവ സ്ഥാപിച്ച് ഹോമവും പൂജയും കഴിക്കുകയും ചെയ്തു. പുതുവര്‍ഷാംരംഭത്തില്‍ത്തന്നെ (1899 ജനുവരി 1) സന്ന്യാസിമാര്‍ ഈ പുതിയ മഠത്തിലേയ്ക്ക് താമസം മാറ്റി.
സ്വാമിജിയുടെ നേതൃത്വത്തില്‍ (1901 ഒക്‌ടോബര്‍ മാസത്തില്‍) ബേലൂര്‍മഠത്തില്‍വച്ച് ദുര്‍ഗാപൂജ വളരെ ആഡംബരമായി ആഘോഷിക്കപ്പെട്ടു. ശാരദാദേവിയുടെ പേരില്‍ നടത്തപ്പെട്ട ഈ പൂജാഘോഷത്തില്‍ അഞ്ചുദിവസവും ദേവി സന്നിഹിതയായിരുന്നു. അത് ബേലൂര്‍ മഠത്തിന്റെ ചരിത്രത്തിലെ പ്രധാന സംഭവമായി ഇന്നും കരുതുന്നു.


ജന്മഭൂമി

No comments: