Monday, July 10, 2017

ഇന്നലെ ഗുരുപൂര്‍ണിമാദിനമായിരുന്നു. ഹിന്ദുമതത്തിലും ബുദ്ധമതത്തിലും ജൈനമതത്തിലുമെല്ലാം ഒരുപോലെ കടന്നുവരുന്ന വിശേഷദിവസമാണിത്. ലോകത്തിനു മുന്‍പില്‍ ഭാരതത്തിനു ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്ന അത്യുദാത്തമായ ഗുരുസങ്കല്‍പ്പത്തിന്റെ പ്രതീകമാണീ ഗുരുപൂര്‍ണിമ.
എന്താണ് യഥാര്‍ത്ഥത്തില്‍ ഗുരുത്വമെന്നു പലരും ചോദിക്കാറുണ്ട്. ഇന്നു നമ്മുടെ കേരളത്തില്‍ തീര്‍ത്തും ഇല്ലാതായ ഒന്നാണ് ഇതെന്നു മാത്രം ഒറ്റ വാക്കില്‍ നിര്‍വചിക്കാവുന്നതാണ് ഈ ഗുരുത്വം. നമ്മില്‍ പലരും പറയാറുണ്ട് ‘മാതാ പിതാ ഗുരു ദൈവം’ എന്നിങ്ങനെ. അതായത് അച്ഛനും അമ്മയും ഗുരുവും ദൈവതുല്യരാണെന്ന്. ‘മാതൃമാന്‍ പിതൃമാന്‍ ആചാര്യവാന്‍ പുരുഷോ വേദ’ എന്ന് ശതപഥബ്രാഹ്മണത്തില്‍ പറയുന്നു. അമ്മയെ, അച്ഛനെ, ആചാര്യനെ ആദരിക്കുന്നവനാണ് പുരുഷനെന്നു സാരം. അപ്പോള്‍ വൈദികകാലംതൊട്ടേ സാധനയുടെ ലോകത്ത് നമ്മെ കൈപിടിച്ചുയര്‍ത്തുന്ന ഗുരുവിനെ സ്വന്തം അച്ഛനെപ്പോലെ, അമ്മയെപ്പോലെ,
ദൈവത്തെപ്പോലെ കണ്ടിരുന്നുവെന്നര്‍ഥം. അച്ഛനും അമ്മയും ചേര്‍ന്നാണ് നമുക്ക് ജന്മം നല്‍കുന്നത്. അങ്ങനെ നാം പിറന്നുവീഴുമ്പോള്‍ ശൂദ്രരായി ജനിക്കുന്നു. ‘ജന്മനാ ജായതേ ശൂദ്രഃ’ എന്ന പ്രസ്താവത്തിന്റെ അര്‍ഥമിതാണ്. ജന്മനാ എല്ലാവരും ശൂദ്രരാണ്. എന്നാല്‍ പിന്നീട് ആചാര്യഗര്‍ഭത്തില്‍ പുനര്‍ജനിക്കുന്നതോടെ നാം ദ്വിജന്മാരായി മാറുന്നു. ‘ദ്വിജന്‍’ എന്നാല്‍ രണ്ടാമതു ജന്മം ലഭിച്ചവനെന്നര്‍ത്ഥം. ഇങ്ങനെ രണ്ടാം ജന്മം നല്‍കുന്നതു കാരണം ആചാര്യനെ മൃത്യു അഥവാ മരണം എന്നു അഥര്‍വവേദത്തില്‍ വിളിച്ചതായി കാണാം.
‘ആചാര്യന്‍ ഉപനയിക്കപ്പെട്ട ബ്രഹ്മചാരിയെ തന്റെ വിദ്യാശരീരത്തില്‍ ഗര്‍ഭരൂപത്തില്‍ സ്ഥാപിക്കുന്നു’ എന്ന് അഥര്‍വവേദത്തിലെ പ്രസിദ്ധമായ ബ്രഹ്മചര്യസൂക്തത്തില്‍ പറയുന്നു. മാതൃഗര്‍ഭത്തില്‍ പൊക്കിള്‍ക്കൊടി വഴിയാണ് നമുക്ക് ഭക്ഷണം ലഭിക്കുന്നത്. അത് നമ്മുടെ സ്ഥൂലവും സൂക്ഷ്മവുമായ വളര്‍ച്ചയ്ക്ക് ഹേതുവാകുന്നു. ആചാര്യഗര്‍ഭത്തില്‍ ‘ഉപനയനം’ അഥവാ പൂണൂല്‍ ഇടല്‍ ചടങ്ങ് നടക്കുന്നു. ‘നയനം’ എന്നതിന് ‘നയിക്കല്‍’ എന്നും ‘കണ്ണ്’ എന്നും അര്‍ഥമുണ്ട്. നയിക്കപ്പെടുന്നത് കണ്ണുകൊണ്ടാണ്. ഗുരുനാഥന്‍ ശിഷ്യനെ
അന്തര്‍നേത്രങ്ങള്‍കൊണ്ട് മുന്നോട്ടു നയിക്കുന്നു. അപ്പോള്‍ ആ കണ്ണ് ഗുരുനാഥന്റേതാണ്. അപ്പോള്‍ നമ്മുടേതാകട്ടെ ‘ഉപകണ്ണുകളാകും’. ഈ ഉപകണ്ണുകള്‍ ലഭിക്കുന്നത് ‘ഉപനയന’വും. ഗര്‍ഭത്തിലുള്ള കുഞ്ഞിന് അമ്മ എപ്രകാരമാണോ ഭക്ഷണത്തെ നല്ലവണ്ണം സംസ്‌കരിച്ചശേഷം നല്‍കുന്നത്, അതേപോലെ കാഴ്ചപ്പാടുകളെ തന്റെ തപസ്സിനാല്‍ പചിച്ചശേഷം അത് വേദാനുകൂലമാണോ എന്ന് നിര്‍ണയിച്ചശേഷമാണ് ഗുരു തന്റെ ഗര്‍ഭത്തിലിരിക്കുന്ന ശിഷ്യനായി അത് നല്‍കുന്നത്. ഇതുതന്നെയാണ് ഉപനയനം.
ഉപനയനത്തിന്റെ പ്രതീകമായ പൂണുനൂലിന് മൂന്നിഴകള്‍ കാണാം. ഇഡ, പിംഗള, സുഷുമ്‌ന എന്നീ മൂന്നു നാഡികള്‍ സംഗമിക്കുന്ന ത്രിവേണീസംഗമം നമ്മുടെ പൂണുനൂലാണ് പ്രത്യക്ഷത്തില്‍. പരോക്ഷത്തിലാകട്ടെ ഗായത്രീ മന്ത്രത്തിലെ മൂന്നു വ്യാഹൃതികളായ ഭൂഃ, ഭുവഃ, സ്വഃ എന്നിവയാണ് പൂണുനൂലിലെ മൂന്നിഴകള്‍. മന്ത്രദീക്ഷ എന്നതിലൂടെ ഗുരുനാഥന്‍ നല്‍കുന്നത് ഇഡ, പിംഗള, സുഷുമ്‌ന എന്നീ മൂന്ന് നാഡികളുടെ പ്രതീകമായ യജ്ഞോപവീതവും ഗുരുമന്ത്രമെന്ന ഗായത്രീ ദീക്ഷയുമാണ്.
ഇങ്ങനെ നോക്കുമ്പോള്‍ ശിഷ്യന് ഗുരുനാഥന്‍ അച്ഛന്‍ തന്നെയാണ്, അമ്മ തന്നെയാണ്. ഈശ്വരന്‍ തന്നെയാണ്. അഥവാ ഈശ്വരനിലെ അഗ്നിതത്ത്വവും ഇന്ദ്രതത്ത്വവും വരുണതത്ത്വവുമെല്ലാം ശിഷ്യന് പ്രത്യക്ഷമാകുന്നത് തന്റെ ഗുരുവിലൂടെയാണ്. ഗുരു നമ്മെ ജ്ഞാനം നല്‍കി ബലവാനാക്കുന്നു, പ്രാപ്തനാക്കുന്നു. കാരണം സാധാരണ മനുഷ്യനായി മാറാനാണ് ആദ്യമായി വേദത്തിന്റെ ആഹ്വാനം. ‘മനുര്‍ഭവ’ എന്നാണ് ആ പ്രസ്താവം.
പിന്നീട് ‘ദിവ്യഗുണശാലികളായ മനുഷ്യരാവുക’ എന്നര്‍ഥം വരുന്ന ‘ജനയാ ദൈവ്യം ജനമ്’ എന്ന പ്രസ്താവംകൂടി കടന്നുവരുന്നു. സാധാരണമനുഷ്യനാകാത്ത ഒരാള്‍ക്ക് ഒരിക്കലും ദിവ്യഗുണശാലിയായ മനുഷ്യനാവാന്‍ കഴിയില്ല. ദിവ്യഗുണങ്ങള്‍ നാം സമാര്‍ജ്ജിക്കുന്നതെപ്പോഴാണ്? നമ്മുടെ മനസ്സിലെ രാഗദ്വേഷങ്ങളും കന്മഷങ്ങളും ഇല്ലാതാക്കി, മന്ത്രസാധന ആരംഭിക്കുമ്പോഴാണ്. മന്ത്രസാധന ആരംഭിക്കാന്‍ നമുക്ക് ഒരു ഗുരുനാഥന്റെ ആവശ്യമുണ്ട്. അപ്പോള്‍ നമ്മുടെ ആദ്യ ഗുരുനാഥന്‍ ആരാണ്? പതഞ്ജലി മഹര്‍ഷി പറയുന്നു, കാലംകൊണ്ട് വ്യവച്ഛേദിക്കാന്‍ കഴിയാത്ത പരമഗുരു ഈശ്വരനാണെന്ന്.
നമ്മുടെ ‘ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ’ എന്ന നീണ്ട ശ്രേണിയുടെ ആദ്യ അറ്റം ഈശ്വരനാണ്. ആ ഈശ്വരന്‍ നല്‍കിയ ദീക്ഷ എന്താണ്? വേദമന്ത്രങ്ങളാണ് ആ ദീക്ഷ. അപ്പോള്‍ ജ്ഞാനവാരിധിയായ ഈശ്വരന്‍ നമ്മുടെ ആദിഗുരുക്കന്മാരായ ഋഷിമാര്‍ക്ക് നല്‍കിയ മന്ത്രദീക്ഷയാണ് വേദങ്ങള്‍.
ഇങ്ങനെയുള്ള ആചാര്യന്മാരെ അഥവാ ഗുരുക്കന്മാരെ നാം എങ്ങനെയാണ് ആദരിച്ചിരുന്നതെന്ന് ഇന്നു പലര്‍ക്കുമറിയില്ല. ഗുരുവിനെ തന്റെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള ഒരു ഉപാധി മാത്രമായിട്ടല്ല മറിച്ച് സ്വന്തം പിതാവിന്റെ സ്ഥാനത്താണ് അക്കാലത്ത് കണ്ടിരുന്നത്. പ്രാചീനകാലത്തെ നമ്മുടെ ഗുരുക്കന്മാരുടെ സ്വാധീനം നമ്മുടെ ജീനുകളില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
ഗുരു നല്‍കുന്ന ഉപദേശം ഋഷിയുടെ സന്ദേശമാണ്. അവര്‍ ഛന്ദോബദ്ധമായി അടുക്കിവെച്ച മന്ത്രം ഗുരു നമുക്കായി പകര്‍ന്നു തരുക മാത്രമാണ് ചെയ്യുന്നത്. അന്യഥാ അനാവശ്യ പദാവലികളുടെ കൂട്ടായ്മയല്ല മന്ത്രങ്ങള്‍. അനിതരസാധാരണമായ ശക്തിവിശേഷങ്ങള്‍ കുടികൊള്ളുന്ന മന്ത്രം ഗുരുവിന്റെ അനുഗ്രഹംകൂടി ഉണ്ടാകുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ പുഷ്പവാടി കണക്കെ ആനന്ദകുസുമങ്ങള്‍ വിടര്‍ത്തുമെന്ന് തീര്‍ച്ച.


ജന്മഭൂമി

No comments: