Wednesday, July 26, 2017

വിയോഗത്തിന്റെ വാട്ടം ദേവിയുടെ മുഖത്തുനിന്നു തൊട്ടെടുക്കാമെന്നു വായുപുത്രന് തോന്നി. വ്യസനസമുദ്രത്തില്‍ നിന്നുയര്‍ന്ന ഒരലപോലെ, കൃശയായ ദേവി. ഇടതൂര്‍ന്ന്, കാര്‍മേഘതുല്യം കറുത്തുമിരിക്കുന്ന കുന്തളഭാരവും താമരപ്പുവിതള്‍പോലുള്ള കണ്ണുകളും ദേവസൗന്ദര്യത്തിന്റെ അവയവപ്പൊലിമയും സ്വന്തമാക്കിയ ദേവി സുഖാര്‍ഹയായിട്ടും ദുഃഖമേറ്റിരിക്കുന്നത് കാണ്‍കേ, ഹനുമാന്റെ കണ്ണ് ഈറനായി. സുഖസന്ദായകമായ എല്ലാമുപേക്ഷിച്ച്, ഭര്‍ത്തൃസാമീപ്യം കൊതിച്ചുമാത്രം ആത്മാവിനെ ധരിച്ചുകൊണ്ടിരിക്കുന്ന ഈ ദേവിയോ, മൂന്നുലോകങ്ങളോ ഉല്‍ക്കര്‍ഷമേറിയതെന്നു ചിന്തിച്ചാല്‍, ത്രൈലോക്യം ദേവിയുടെ ലേശാംശത്തിനുപോലും തുല്യമല്ലല്ലോ….
രാജ്യം വാ ത്രിഷുലോകേഷു
സീതാ വാ ജനകാത്മകജാ
ത്രൈലോക്യരാജ്യം സകലം
സീതായാ നാപ്‌നുയാത് കലാം
‘സീതയെ വീണ്ടും വീണ്ടും വലംവച്ച് കൃതകൃത്യതയടയുകയാണ് വാല്മീകിയുടെ കാവ്യലക്ഷ്മി, അല്ലേ?’ മുത്തശ്ശിയുടെ വാക്കുകള്‍ ആര്‍ദ്രമായി.
മുത്തശ്ശന്‍ അതെ എന്നു തലകുലുക്കിക്കൊണ്ട് തുടര്‍ന്നു: ‘ബ്രാഹ്മമുഹൂര്‍ത്തമായി. ഷഡംഗവേദജ്ഞരും ശ്രേഷ്ഠയാഗാനുഷ്ഠാനക്കാരുമായ ബ്രഹ്മരാക്ഷസരുടെ മന്ദിരങ്ങളില്‍ നിന്നാവണം, വേദമന്ത്രോച്ചാരണത്തിന്റെ അലകള്‍ ആഞ്ജനേയന്റെ കാതിലെത്തി. ആ മുഹൂര്‍ത്തത്തില്‍ത്തന്നെയാണ് അഴകിയ രാവണന്റെ വരവ്. മേഘത്തിന് ചുറ്റും മിന്നല്‍പ്പിണരെന്നപോലെ, രാവണപത്‌നിമാര്‍ കൂടെയുണ്ട്. എല്ലാവരേയും വ്യക്തമായി കാണാന്‍വേണ്ടി വായുപുത്രന്‍ സ്വസ്ഥാനം വിട്ട്, താഴെയുള്ള ഒരു കൊമ്പിലേക്ക് ശബ്ദമുണ്ടാക്കാതെ ഇറങ്ങി; ഇടതൂര്‍ന്ന ഇലകളുടെ മറവില്‍ പതുങ്ങിയിരുന്നു. ഇപ്പോള്‍ വ്യക്തമായി കാണാം-ദേവിയുടെ അരികിലേയ്ക്കാണ് രാക്ഷസേന്ദ്രന്റെ വരവ്. അതുകണ്ട രാക്ഷസിമാര്‍ ഒന്നടങ്കം അപ്രത്യക്ഷരായി. ലങ്കേശ്വരന്‍ ദേവിയുടെ മുന്നില്‍ച്ചെന്നു നിന്നു. ആ രൂപം ഹനുമാന് വ്യക്തമായി കാണാം: മെയ്‌ക്കോപ്പെല്ലാം അണിഞ്ഞിട്ടുണ്ട്. മുന്നില്‍പ്പിടിച്ച വിളക്കുകളുടെ പ്രഭയില്‍ മുങ്ങിക്കുളിച്ചാണ് നില്‍പ്പ്.
‘രാവണന്റെ വരവിനു കാരണമായി അദ്ധ്യാത്മരാമായണത്തില്‍ ഒരു കഥയില്ലേ മുത്തശ്ശാ?’ ശരത്ത് ചോദിച്ചു.
‘ഉവ്വ്. രാവണന്‍ ഒരു സ്വപ്‌നം കണ്ടു എന്ന് അല്ലേ?’ മുത്തശ്ശന്‍ ഓര്‍ത്തെടുത്തു: ‘വാല്മീകി രാമായണത്തില്‍ ആ കഥയില്ല.’
‘അതുകൊണ്ടെന്താ? കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തുകൂടേ?’ മുത്തശ്ശി താല്‍പ്പര്യംകൊണ്ടു.
‘രാമന്റെ ദൂതുമായി ഒരു വാനരന്‍ ലങ്കയിലെത്തിയതായി രാവണന്‍ സ്വപ്‌നം കണ്ടുവത്രെ. ഇഷ്ടംപോലെ രൂപം മാറാന്‍ കഴിവുള്ള അവന്‍ അശോകവനിയിലെത്തിയിട്ടുണ്ട്. സ്വപ്‌നം സത്യമായിക്കൂടാ എന്നില്ലല്ലോ. ഏതായാലും വെളുപ്പിനെ തന്നെ അശോകവനിയിലെത്താം. അരുതാത്തതെല്ലാം സീതയോടു പറയാം. വാനരന്‍ അതുകേട്ട്, തിരികെ ചെന്ന്, എല്ലാം രാമനെ അറിയിക്കും. ഉടനെ രാമന്‍ ലങ്കയിലേക്ക് തിരിക്കുന്നു. അതാണ് സ്വപ്‌നം; അതിന്റെ പടിയാണ് രാവണന്‍ അശോകവനികയിലെത്തുന്നത്. രാഗവിവശനായി രാക്ഷസേന്ദ്രന്‍ ദേവിയോടു പറയുന്നു: ‘വിധാതാവിന്റെ സര്‍വകഴിവുകളും എടുത്തിട്ടാണ് ദേവിയെ സൃഷ്ടിച്ചിരിക്കുന്നത്. ഇതുപോലെ സൗന്ദര്യസാരങ്ങളെടുത്ത് മറ്റൊരു രൂപം സൃഷ്ടിക്കാനാവാതെ വെറുതെയിരിക്കയാണ് വിരിഞ്ചനിപ്പോല്‍. താരുണ്യവും സൗഭാഗ്യവും ഒത്തുചേര്‍ന്ന ഭവതിയെ നോക്കിയിട്ടും നോക്കിയിട്ടും എനിക്ക് മതിയാവുന്നില്ല.
‘മതി, മതി’ മുത്തശ്ശി പറഞ്ഞു: ‘രാവണന്റെ മനസ്സിലെന്താണെന്ന് ആര്‍ക്കാ അറിയാത്തത്?’

ജന്മഭൂമി

No comments: