Sunday, July 30, 2017

തീര്‍ത്ഥപുണ്യം - 12
രചിച്ച ധര്‍മമൂല്യങ്ങള്‍ ഭാഗവതവാക്യങ്ങളില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്
ഈശ്വരസമം ഭര്‍ത്താവിനെ കരുതുന്ന സ്ത്രീഹൃദയം എത്ര പവിത്രവും വിശാലവുമാണെന്നോ! എങ്ങോ മറഞ്ഞുകിടക്കുന്ന ഈശ്വരനേക്കാള്‍, അടുത്തുകഴിയുന്ന ഭര്‍ത്താവിനോട് അതേ ഈശ്വരഭാവം പ്രയോഗിയ്ക്കുമ്പോള്‍, പുരുഷന്നില്ലാത്ത ആന്തരപവിത്രതയും വിശാലതയും സ്ത്രീവ്യക്തിത്വത്തില്‍ ഉദിയ്ക്കുന്നതു സ്വാഭാവികമാണ്. ഇതില്‍നിന്നുവേണം വീട്ടിലെ എല്ലാസംഗതികളും പുഷ്പിച്ചു ഫലി്ക്കാന്‍. അങ്ങനെയാണ് സ്ത്രീ ശിശുജന്മത്തിനുള്ള നിസ്തുലപങ്കു വഹിയ്ക്കുന്നത്.
പണ്ടുണ്ടായിരുന്ന ശുചീകരണക്രമങ്ങളാണ് അടി്ക്കല്‍, തുടയ്ക്കല്‍, മെഴുകല്‍, കഴുകല്‍ എന്നുതുടങ്ങിയവ. ഇവയുടെ രൂപഭാവങ്ങള്‍ക്കു മാറ്റമുണ്ടാകാമെങ്കിലും അന്നും ഇന്നും ഉദ്ദേശം ഒന്നുതന്നെ. നിത്യോപയോഗം കൊണ്ടുണ്ടാകുന്ന മാലിന്യങ്ങള്‍ നീക്കി, സ്വന്തം ദേഹത്തെപ്പോലെ ദേഹാധിവാസത്തിനുള്ള ഗൃഹത്തേയും വെടുപ്പാക്കി അണിഞ്ഞലങ്കരിച്ചുവെയ്ക്കുകയെന്ന അടിസ്ഥാനകൃത്യം സ്ത്രീകളിലാണ്.
സത്യം പ്രിയമായി പറയുക, വിനയപൂര്‍വം പെരുമാറുക, ശുശ്രൂഷാഭാവം വിടരുത്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടണം, ആശയും ആര്‍ത്തിയും കാണിച്ചു ഭര്‍ത്താവിനെ കുവൃത്തികള്‍ക്കു പ്രേരിപ്പിച്ചുപോകരുത്. വരുമാനത്തിനനുസരിച്ച ജീവിത രീതിയേ ഒരുക്കാവൂ, ആശിക്കാവൂ. സൗമ്യതയാകണം ഭൂഷണം.
ഭര്‍ത്താവ് ദുര്‍നടപടിക്കാരനായിക്കൂടാഇങ്ങനെയൊക്കെയായി ശുശ്രൂഷിയ്ക്കുന്നതാരെയോ ആ ആള്‍ ദുര്‍നടപടിക്കാരനാവരുതെന്നും ധര്‍മശാസ്ത്രം വ്യക്തമാക്കുന്നു. പാതിവ്രത്യവും ശുശ്രൂഷയും ഭാര്യയില്‍നിന്നും അഭിലഷിയ്ക്കുന്ന പുരുഷന്മാര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണിത്. ഭര്‍ത്താവ് ഒരിയ്ക്കലും അനഭിമതനാകരുത്. ഭര്‍തൃചാരിത്ര്യമില്ലാതെവന്നാല്‍ ഭാര്യയുടെ സേവനത്തിനുള്ള അര്‍ഹതയും അസ്തമിക്കുന്നു. ഭാര്യയുടെ മുമ്പില്‍ വിലകുറഞ്ഞവന്നു പിന്നെയെന്തുണ്ടായാലും പൊള്ളയേ ആകൂ.
ഇങ്ങനെ വീടും വീട്ടുബന്ധങ്ങളും ഭദ്രമായാല്‍, വ്യാസദേവന്‍ പറയുന്നു, മഹാലക്ഷ്മിയെപ്പോലെ വിഷ്ണുലോകം കൈവരാനുള്ള അര്‍ഹത സ്ത്രീകള്‍ക്കു ലഭിയ്ക്കുമത്രെ. ജീവിച്ചിരിയ്ക്കുന്നതുവരെ ഐഹികസുഖം, തദനന്തരം വിഷ്ണുലോകസൗഖ്യവും. ഇതിനുമീതെ എന്താണ് അഭിലഷിക്കാനുള്ളത്?
അന്ത്യജര്‍ക്കുള്ള കര്‍മ്മവ്യവസ്ഥ
ഇതോടെ അഞ്ചു വിഭാഗക്കാര്‍ക്കുള്ള ധര്‍മരീതികള്‍ പ്രതിപാദിച്ചുകഴിഞ്ഞു.
വ്യാസദേവന്‍ തുടരുന്നു: സമാജത്തില്‍ വിവിധഭാഗക്കാര്‍ക്കുവേണ്ടി വ്യവസ്ഥചെയ്തിട്ടുള്ള ഈ കര്‍മ്മരീതികള്‍ അനുസരി്ക്കുന്നവരാണ് ബഹുഭൂരിഭാഗം ജനങ്ങളും; എന്നാല്‍ വ്യക്തിഗതമായ പ്രത്യേകതകള്‍ക്കു വിധേയമായി ചിലരെല്ലാം ഈ വ്യവസ്ഥകള്‍ ലംഘിച്ചു പെരുമാറിയെന്നുവരാം. അവര്‍ സമാജത്തിന്റെ ദൃഷ്ടിയില്‍ അപവാദമായിരിക്കും.
ഇത്തരം അപവാദത്തിനു ശക്തമായ രൂപംനല്കുന്നതാണ് വിവാഹവും, തദനന്തരമുള്ള സന്താനപ്രാപ്തിയും. ഓരോരുത്തരും അവരവരുടെ വിഭാഗങ്ങളിലുള്ളവരെയാണ് വിവാഹം കഴിയ്ക്കുക. ചിലപ്പോള്‍ അങ്ങനെയല്ലാതെ വരാം. അത്തരം ക്രമവിരുദ്ധതയെ രണ്ടായി തിരിയ്ക്കാം.
ബ്രാഹ്മണയുവാവിനു ബ്രാഹ്മണേതരയുവതിയുമായി നടക്കുന്ന വിവാഹം; ബ്രാഹ്മണേതരയുവാവ് ബ്രാഹ്മണയുവതിയെ വേള്‍ക്കുന്നതും. ഇതുപോലെതന്നെ മറ്റു വര്‍ണക്കാരുടേയും സ്ഥിതി. ആദ്യത്തേത് അനുലോമവും രണ്ടാമത്തേതു പ്രതിലോമവുമാണ്. അനുലോമം വര്‍ജ്യമല്ല; പ്രതിലോമം വര്‍ജ്യംതന്നെ.
പ്രതിലോമക്കാര്‍ നാലുവര്‍ണങ്ങള്‍ക്കു പുറത്തുനില്ക്കുന്നവരത്രെ. അതിലുണ്ടാകുന്ന സന്തതികള്‍ക്കും വല്ല തൊഴിലും കണ്ടെത്തേണ്ടിവരും. അതു ജനങ്ങള്‍ക്കാവശ്യവുമാകാം. അതുകൊണ്ട് ആ തൊഴില്‍ഫലങ്ങള്‍ അവര്‍ കൈപ്പറ്റിയെന്നു വരാം. പക്ഷേ സമാജത്തില്‍ അന്യഥാ അവര്‍ക്ക് അംഗീകാരം ലഭിച്ചെന്നുവരില്ല.
അലക്കുകാര്‍, തോല്‍ത്തൊഴില്‍ചെയ്യുന്ന കൊല്ലന്മാര്‍, നെയ്ത്തുകാര്‍, പാമ്പാട്ടികള്‍, നട്ടുവന്മാര്‍, വേടന്മാര്‍, ഇവരൊക്കെ ഇങ്ങനെയുള്ളവരാണ്. ഇവരെ അന്ത്യജരെന്നു പറയുന്നു.
ചണ്ഡാളന്‍, പുല്ക്കസന്‍, മാതംഗന്‍ എന്നിങ്ങനെയുള്ളവര്‍ അന്തേവസായികളാണ്.
ഇവര്‍ക്കൊക്കെ എന്താണ് കര്‍മ്മവ്യവസ്ഥ? ഓരോരുത്തരും അനുഷ്ഠിച്ചുപോന്നിട്ടുള്ള കര്‍മ്മമെന്തായാലും അതു പിന്‍ഗാമികളും തുടരുകയെന്നതാണ് ശാസ്ത്രസമ്മതമായ രീതി.
പക്ഷേ അതില്‍ കൊള്ള, കൊല മുതലായവ ഉണ്ടാകരുത്. പാപകര്‍മ്മങ്ങളെന്തുംതന്നെ ഇതിന്റെ പേരില്‍ അംഗീകരിച്ചുകൂടാ.


ജന്മഭൂമി: 

No comments: