Thursday, July 20, 2017

പിന്മാറ്റങ്ങളും കീഴടങ്ങലുകളും തോല്‍വിതന്നെയാകണമെന്നില്ല. ചിലപ്പോള്‍ അത് ഒരു കുതിച്ചു ചാട്ടത്തിനുള്ള ശക്തി സംഭരിക്കാനുള്ള ഉപാധിയായിരിക്കാം. അത് യുദ്ധതന്ത്രങ്ങളുടെ ഭാഗവുമാണ്. അതു തിരിച്ചറിയാന്‍ ഒരു സമര്‍ഥനുമാത്രമാണ് സാധ്യമാവുക. ചില ഘട്ടങ്ങളില്‍ ഈ പിന്മാറ്റം ശോഭനവുമായിരിക്കാം.
ഇത്തരത്തില്‍ കീഴടങ്ങാനും പിന്മാറാനും പ്രത്യേകം കഴിവും അവശ്യമാണ്. കലിംഗംചേദി തുടങ്ങിയ വിവിധ രാജ്യങ്ങളിലെ സൈന്യത്തിനെ ഒപ്പം നിര്‍ത്തി ജരാസന്ധന്റെ സേന മഥുരയെ വളഞ്ഞപ്പോഴെല്ലാം സമര്‍ഥമായിനേരിട്ട് ശ്രീകൃഷ്ണ ബലരാമന്മാര്‍ അവരെ തോല്‍പ്പിച്ചു. ജരാസന്ധന്റെ നേതൃത്വത്തില്‍ വന്ന 23 അക്ഷൗഹിണിപ്പടയെ വീതം 17 തവണ മഥുരതോല്‍പ്പിച്ചു നശിപ്പിച്ചു. 18-ാം തവണ മഗധയുദ്ധത്തിനു വരുന്നതിനുമുമ്പായിത്തന്നെ ശ്രീകൃഷ്ണന്‍ സമുദ്രത്തില്‍ വിശ്വകര്‍മാവിന്റെ സഹായത്തോടെ ഒരു ദ്വീപു സൃഷ്ടിച്ച് ദ്വാരകാപുരിനിര്‍മിച്ചു. മഥുരാവാസികളെ ദ്വാരകയില്‍ താമസിപ്പിച്ച് സംരക്ഷിച്ചു.
ശ്രീകൃഷ്ണന്‍ മഥുരയില്‍ നിന്നും പേടിച്ചോടി എന്ന് ജരാസന്ധന്‍ വ്യാഖ്യാനിച്ചു. എന്നാല്‍ ദ്വാരകയുടെ സംരക്ഷണച്ചുമതല ബലരാമനെ ഏല്‍പിച്ച് ശ്രീകൃഷ്ണന്‍ മഥുരയിലേക്കുതന്നെ വന്നു. അതുകൊണ്ടുതന്നെ ഇത് ഒളിച്ചോട്ടമല്ലെന്ന് വ്യക്തം. ഇതിനിടെ അനേകം അക്ഷൗണിയുമായി മഥുരയിലെത്തിയ കാലയവനന്‍ ശ്രീകൃഷ്ണനെ ആക്രമിക്കാന്‍ ഭാവിച്ച് പുറകെ കൂടി. പേടിച്ചോടുന്നതുപോലെ കള്ളനാട്യവുമായി ശ്രീകൃഷ്ണന്‍ ഓടി. പുറകെ കാലയവനനും കാലയവനന്‍ പിടികൂടി എന്നു തോന്നുന്ന ഘട്ടം വരെ തൊട്ടുപിന്നാലെ കാലയവനനും പാഞ്ഞു.
ഇതിനിടെ കാലയവനന്‍ ശ്രീകൃഷ്ണന്‍ പരിഹസിച്ചു. ” പലായനം യദുകുലേ ജാതസ്യ തവ നോചിതം” ഈ ഒളിച്ചോട്ടം യദുകുലത്തില്‍ ജനിച്ച നിനക്ക് ഒട്ടും ചേര്‍ന്നതല്ല.
ഇതുകേട്ടിട്ടും ഭഗവാന്‍ ഓട്ടം നിര്‍ത്തിയില്ല. ഒടുവില്‍ ഭഗവാന്‍ ഓടി ഒരു ഗുഹയില്‍ പ്രവേശിച്ചു. തോട്ടുപിന്നാലെ കാലയവനനും.
ഗുഹയില്‍ കടന്ന കാലയവനന്‍ കണ്ടത് ഒരാള്‍ കിടന്നുറങ്ങുന്നതാണ്. തന്നില്‍ നിന്നും ഓടിരക്ഷപ്പെട്ട കൃഷ്ണനാണ് ഇതെന്ന ധാരണയില്‍ അയാളെ ചവുട്ടിയുണര്‍ത്തുകയാണ് കാലയവനന്‍ ചെയ്തത്. എന്നാല്‍ അനേകം ദേവാസുരയുദ്ധങ്ങളില്‍ ദേവന്മാര്‍ക്കുവേണ്ടി സൈന്യത്തെ നയിച്ചുപോരാടിയ മുചുകുന്ദനായിരുന്നു അത്.
കുറേക്കാലം യുദ്ധംചെയ്ത് ക്ഷീണിച്ച മുചുകുന്ദനും ദേവന്മാരുടെ പ്രസാദത്തിനര്‍ഹനായപ്പോള്‍ മറ്റൊന്നും ആവശ്യപ്പെട്ടില്ല. ”നിദ്രാമേവ തതോ വപ്രേ” എനിക്ക് വരമായി ഇപ്പോള്‍ നിദ്രമാത്രം മതി. ദീര്‍ഘമായി ഒന്നുറങ്ങണം. ആരും ഉറക്കത്തില്‍ ശല്യപ്പെടുത്തരുത്. ”യഃകശ്ചിന്മമ നിദ്രായാ ഭംഗം കുര്യാത് സുരോത്തമഃ സഹി ഭസ്മീഭവേദാശു” എന്നദ്ദേഹം ആവശ്യപ്പെട്ടു. എന്റെ നിദ്രക്കു ഭംഗം വരുത്തുന്നവന്‍ ഉടന്‍ ഭസ്മമായിത്തീരണം എല്ലാം പറഞ്ഞപോലെ എന്ന് ദേവന്മാര്‍ അനുഗ്രഹിച്ചു.
ആ മുചുകുന്ദനെയാണ് ഇപ്പോള്‍ കാലയവനന്‍ തട്ടിയുണര്‍ത്തിയത്. കണ്ണുതുറന്നുനോക്കിയ മുചുകുന്ദന്‍ കാലയവനനെ കണ്ടമാത്രയില്‍ കാലയവനന്‍ ഭസ്മായി. തുടര്‍ന്നുമാത്രമാണ് ഭഗവാന്‍ ശ്രീകൃഷ്ണനെ മുചുകുന്ദന്‍ കണ്ടത്. കണ്ടമാത്രയില്‍ വന്ദിക്കാനാണ് തോന്നിയത്. അത്ര പ്രകാശമാണ് ആ ഗുഹയില്‍ പെട്ടെന്ന് പരന്നത്. ” ഗൃഹാധ്വാതം പ്രദീപഃ പ്രഭയാ യഥാ” ദീപം ജ്വലിപ്പിച്ചപോലെ ഗുഹമുഴുവന്‍ പ്രഭപരന്നപ്പോള്‍ ആര്‍ക്കും നമസ്‌കരിക്കാന്‍ തോന്നുന്ന അങ്ങാരാണെന്നന്വോഷിച്ചു. താന്‍ മാണ്ഡാതാവിന്റെ മകന്‍ മുചുകുന്ദനാണെന്ന് ആദ്യം പരിചയപ്പെടുത്തിയശേഷം ഭഗവാനോട് ചോദിച്ചു. അങ്ങയുടെ പേരും വംശവുമെല്ലാം പറഞ്ഞ് എനിക്കു പരിചയപ്പെടുത്തിത്തന്നാലും.
ശ്രീകൃഷ്ണന്‍ പറഞ്ഞു എന്റെ പേരെന്തൊക്കെയെന്ന് എനിക്കുതന്നെയറിയില്ല. ആയിരക്കണക്കിനു പേരുകള്‍ എനിക്കുണ്ട്.
”ജന്മകര്‍മാദിധാനാനി സന്തിമേങ്ഗ, സഹസ്രശഃ
ന ശക്യന്തേളനു സംഖ്യാതുമനന്തത്വാന്മയാപി ഹി”
എങ്കിലും അങ്ങുചോദിച്ചതുകൊണ്ടുഞാന്‍ ഇപ്പോള്‍ എന്തെങ്കിലും മറുപടിനല്‍കണമല്ലോ. ബ്രഹ്മാദികളുടെ അപേക്ഷകണക്കിലെടുത്ത് ഭൂമിഭാരം തീര്‍ക്കാന്‍ യദുകുലത്തില്‍ വാസുദേവസുതനായി അവതരിച്ച വാസുദേവനാണ്.
മുചുകുന്ദന് എല്ലാം മനസ്സിലായി. ഭഗവാന്‍ നാരായണന്‍, പണ്ട് ഗര്‍ഗമഹര്‍ഷി പറഞ്ഞിട്ടുണ്ട്. ഭഗവാനെ നമസ്‌കരിച്ച് മുചുകുന്ദന്‍ ബദരിയിലേക്കുപോയി. ഭഗവല്‍നാമത്തില്‍ മുഴുകിക്കഴിഞ്ഞു.
ശ്രീകൃഷ്ണന്‍, കാലയവനന്റെ അന്ത്യത്തിനുശേഷം യവന സൈന്യത്തെയും നിഗ്രഹിച്ച് വിജയ ചിഹ്നമായി അവരുടെ ആഭരണാദികളും കരസ്ഥമാക്കി മടങ്ങുമ്പോഴാണ് ജരാസന്ധസൈന്യം വീണ്ടും ആക്രമിച്ചത്. പേടിച്ചവനെപ്പോലെ ഓടി ശ്രീകൃഷ്ണന്‍ പ്രവര്‍ഷണ പര്‍വത്തില്‍ മറഞ്ഞു. ജരാസന്ധന്‍ പര്‍വതത്തിന് തീയിട്ട് ജയഘോഷത്തോടെ മടങ്ങി.
തന്നില്‍ നിന്നും ഓടിരക്ഷപ്പെട്ട കൃഷ്ണനാണ് ഇതെന്ന ധാരണയില്‍ അയാളെ ചവുട്ടിയുണര്‍ത്തുകയാണ് കാലയവനന്‍ ചെയ്തത്. എന്നാല്‍ അനേകം ദേവാസുരയുദ്ധങ്ങളില്‍ ദേവന്മാര്‍ക്കുവേണ്ടി സൈന്യത്തെ നയിച്ചുപോരാടിയ മുചുകുന്ദനായിരുന്നു അത്.


ജന്മഭൂ

No comments: