Friday, July 28, 2017

ഒരു രോഗവും മരണവും ഉണര്‍ത്തുന്ന ചിന്തയും ദര്‍ശനവും ഒരു പക്ഷേ ജീവിതത്തെക്കാള്‍ വലുതും മരണത്തെക്കാള്‍ മനോഹരവുമാകാം. ചിലര്‍ വെറുതെ അങ്ങു ജീവിച്ചുപോകുകയും മരിച്ചുതീരുകയുമാണ് ചെയ്യുന്നത്.എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും അത് അങ്ങനെ വെറുതെ ഒറ്റ നിമിഷത്തില്‍ തീര്‍ന്നുപോകുന്ന വിഷയമേ അല്ല. അവരെ അത് നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. അവര്‍ അതില്‍ തന്നെ ജീവിച്ചുവെന്നുവരാം.
അങ്ങനെ ജീവിക്കുമ്പോള്‍ അവരുടെ ജീവിതത്തിനുശേഷവും നിലനില്‍ക്കുന്ന ദാര്‍ശനികമായ പുസ്തകമായിത്തീരാംഅത്. അങ്ങനെ രോഗത്തെക്കുറിച്ചും മരണത്തെക്കുറിച്ചും അതുവഴി ജീവിതത്തെക്കുറിച്ചുമുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച് മരണത്തെ ജാഗ്രതയോടെ നേരിടാനും ജീവിതത്തിനു കരുതലുണ്ടാക്കാനുംപോന്ന നോവലാണ് കോറി ടെയ്‌ലറുടെ ഡൈയ്ങ് എ മെമെയ്ര്‍. മാരക ക്യാന്‍സര്‍ ബാധിച്ചു കഴിഞ്ഞ ജൂലൈയില്‍ മരിക്കും മുന്‍പ് അവരെഴുതിയ ഈ നോവല്‍ ശ്വാസം അടക്കിപ്പിടിച്ചേ വായിക്കാനാവൂ എന്നാണ് നിരൂപകരുടേയും മറ്റും വിലയിരുത്തല്‍.
ആസ്‌ട്രേലിയന്‍ എഴുത്തുകാരിയാണ്.കോറി ടെയ്‌ലറുടെ അതിശക്തമായ ഭാഷയുടെ മനോഹാരിതയില്‍ ,ഉടനെ മരണം ഉണ്ടാകും എന്ന തന്റെ തിരിച്ചറിവില്‍നിന്നുമുള്ള അനുഭവത്തിന്റെ ചൂടും ചൂരുമാണ് വായനക്കാരെ സ്പര്‍ശിക്കുന്നത്. ജീവിതത്തോടുള്ള കോറിയുടെ ഇടപെടലും മാതാപിതാക്കളുടെ ജീവിതത്തേയും മരണത്തേയും കുറിച്ചുള്ള ഓര്‍മ്മകളും അവരെ മരണം അടുത്തുവരുമ്പോള്‍ അതിനെ നേരിടാനുള്ള ശക്തി എങ്ങനെ ആവാഹിക്കാനായി എന്ന് വിളിച്ചു പറയുകകൂടിയാണ് നോവലിലൂടെ എഴുത്തുകാരി ചെയ്യുന്നത്. സ്വന്തം ജീവിതം മാരകരോഗത്താല്‍ വേദന തിന്നു തീര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ലോകത്തിന് ജീവിതത്തിനും മരണത്തിനുമായി ഒരു ഗൈഡ് തന്റെ നോവലിലൂടെ നല്‍കുകയാണ് അവര്‍.
ഒരു നോവലിലെ ഭാവനാല്‍മകമായ കഥ അല്ലെങ്കില്‍ ഇതിവൃത്തം അതെഴുതുന്നയാളുടെ സ്വന്തം ജീവിതം തന്നെയെന്ന അപൂര്‍വതകൂടിയുണ്ട് ഈ രചനയ്ക്ക്. നോവല്‍ വായിച്ചുകൊണ്ട് കടന്നുപോകുമ്പോള്‍ ഒപ്പം അതെഴുതിയ എഴുത്തുകാരിയുടെ കഥകൂടിയാണ് വായിച്ചുപോകുന്നത്.
ഇതിനു മുന്‍പ് രണ്ടു നോവലുകള്‍ കോറി ടെയ്‌ലര്‍ എഴുതിയിട്ടുണ്ട്,മി ആന്റ് മിസ്റ്റര്‍ ബുക്കര്‍, മൈ ബ്യൂട്ടിഫുള്‍ എനിമി. രണ്ടും വായനക്കാരുടെ ഇഷ്ട ഭോജ്യമായിരുന്നു. മൂന്നാമത്തേതും അവസാനത്തേതുമാണ് ഡൈയ്ങ് എ മെമെയ്ര്‍. 2005ലാണ് എല്ലാം മാറിയത്. കോറിയുടെ 50ാം പിറന്നാളിന് ഏതാനും ദിവസം മുന്‍പ്. അവരുടെ കാലില്‍നിന്നും കറുത്ത ഒരുകല ഡോക്ടര്‍മാര്‍ മാറ്റിയപ്പോള്‍ തുടങ്ങിയത്.
മരണം കാത്തുകിടക്കുന്നത് ജീവിതത്തിലെ ഒരു ധ്യാനംപോലെയാണെന്നു ഈ നോവല്‍ വായിക്കുമ്പോള്‍ തോന്നാം. മരണത്തെക്കാള്‍ നല്ലതായി മറ്റൊന്നില്ലെന്ന് എഴുത്തുകാരി പറയുന്നു. അതു വിശ്വാസത്തിനപ്പുറമുള്ള ദുഖം കൂടിയാണെന്നു സൂചിപ്പിക്കുന്നു. നഷ്ടങ്ങളെക്കുറിച്ച് കനപ്പോടെ ഇതില്‍ സ്പര്‍ശമുണ്ട്. തന്റെ ഭര്‍ത്താവും മക്കളും നഷ്ടമാകുന്നതിനെക്കുറിച്ച് എഴുത്തുകാരി വേദനിക്കുന്നു. ഞാന്‍ മരിക്കുമ്പോള്‍ എനിക്കു നിന്നെ കൂടുതല്‍ നഷ്ടമാവും എന്ന ഹാരോള്‍ഡ് പിന്ററുടെ വാചകം അവര്‍ ഉദ്ധരിക്കുന്നുണ്ട്.


ജന്മഭൂമി: http://www.janmabhumidaily.com/news678413#ixzz4oAIea5lf

No comments: