Saturday, July 15, 2017

അജ്ഞാനമാണ് ബന്ധത്തിന്നും ദുഃഖത്തി ന്നും കാരണം. ജ്ഞാനംകൊണ്ടുമാത്രമേ അതു നിവര്‍ത്തിക്കയുള്ളു. നിരുപാധികവും, അദൈ്വതവുമായ ആത്മജ്ഞാനം പ്രകാശിക്കാന്‍ അനേകപ്രതിബന്ധങ്ങളുണ്ട്. അവയെ നീക്കി അദൈ്വതമായ പരമജ്ഞാനത്തെ പ്രകാശിപ്പിക്കാനുള്ള അനേക ഉപാധികളില്‍ അതിപ്രധാനമായ ഒന്നാണ് നിഷ്‌കളങ്കയായ ഭക്തി. എന്തെല്ലാം സാഹചര്യങ്ങള്‍ ഒത്തുചേര്‍ന്നാലും നിഷ്‌കളങ്കഭക്തി വളരാതെ ഒരാളില്‍ പരമജ്ഞാനം പ്രകാശിക്കുകയെന്നതു തുലോം വിരളമാണ്. ശാസ്ത്രപാണ്ഡിത്യം, ആത്മാനാത്മവിവേകം, ശരിയായ തത്ത്വശ്രവണം എന്നിവയൊക്കെ ജ്ഞാനപ്രകാശനത്തിന്ന് ഒഴിക്കാന്‍ പാടില്ലാത്ത ഉപാധികളാണ്. എന്നാല്‍ അവയൊക്കെയുണ്ടായാലും ഒരാളില്‍ പരമജ്ഞാനം പ്രകാശിച്ചുകൊള്ളണമെന്നില്ല. എന്തുകൊണ്ടെന്നാല്‍ പുണ്യവും ഈശ്വരാനുഗ്രഹവുംകൂടി അവയോടുകൂടിച്ചേരേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അവ രണ്ടുമാണ് അദൈ്വതപരമജ്ഞാനത്തെ പ്രകാശിപ്പിക്കുന്ന പ്രമുഖങ്ങളായ രണ്ടു ഉപാധികളെന്നു പറഞ്ഞാല്‍പ്പോലും തെറ്റില്ല. അവയാകട്ടെ ഭഗവല്‍ കാരുണ്യംകൊണ്ടുമാത്രം ഉണ്ടാകേണ്ടവയുമാണ്. ആ സ്ഥിതിക്കു ഭക്തിയുടെയും ഭജനത്തിന്റെയും സ്ഥാനം എത്ര വലുതാണെന്നു പറയാതെത്തന്നെ വ്യക്തമാവുന്നുണ്ടല്ലോ. ശരി, ജ്ഞാനസമ്പാദനത്തിന്ന് ഒഴിച്ചുവിടാന്‍ വയ്യാത്ത മുഖ്യോപാധിയാണ് ഭക്തിയെന്നിരിക്കട്ടെ; എന്നാല്‍ ജ്ഞാനം പ്രകാശിക്കുന്നതുവരെയല്ലേ ഭക്തിയുടെ ആവശ്യമുള്ളു; ജ്ഞാനിയായ ഒരാളെന്തിന് ഈശ്വരനെ ഭജിക്കുന്നു എന്നാണെങ്കില്‍ പറയാം. ശരിയായ ഈശ്വരജ്ഞാനമുണ്ടാവുമ്പോഴാണ് ഭക്തിയുടെ ഗൌരവവും ആവശ്യവുമൊരാള്‍ക്കറിയാന്‍ കഴിയുന്നത്. പരമാര്‍ത്ഥമായ ജ്ഞാനത്തിന്റെ അല്ലെങ്കില്‍ മുക്തിയുടെതന്നെ മറ്റൊരു സ്വരൂപം മാത്രമാണ് നിഷ്‌കളങ്കമായ ഈശ്വരപ്രേമമെന്നയാള്‍ക്കു ബോദ്ധ്യമാവുന്നു. പിന്നെയെങ്ങനെ അതിനെ വിട്ടുനില്‍ ക്കും? സാധാരണ ഒരാളുടെ ഭക്തിപോലെയല്ല ജ്ഞാനിയുടെ ഭക്തി. ഈശ്വരപ്രേമമാകുന്ന അമൃതസമുദ്രത്തില്‍ മുങ്ങിക്കിടന്നുകൊണ്ടാണ് ജ്ഞാനിയുടെ ഓരോ നിമിഷവും നീങ്ങുന്നത്. അകാരണമായി രോമാഞ്ചമോ, അശ്രുക്കളോ, കണ്ഠല്‍ഗദമോ ഒരു ജ്ഞാനിയില്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ എപ്പോഴും അനിര്‍വ്വാച്യപ്രേമാമൃതസരിത്തില്‍ മുങ്ങിമുഴുകി ഈശ്വരനെ സ്വയം അനുഭവിച്ചുകൊണ്ടിരിക്കയാണ് ജ്ഞാനി. സ്വാമി ജ്ഞാനാനന്ദ സരസ്വതി

No comments: