Tuesday, July 18, 2017

ക്ഷീര സാഗരം കടഞ്ഞുകിട്ടിയ അമൃതിനു വേണ്ടി ദേവന്മാരും അസുരന്മാരും മത്സരിച്ചപ്പോള്‍ അമൃതില്‍ നിന്നും താഴേക്കു വീണ ഒരുതുള്ളി അമൃതാണ് നെല്ലിക്കയായി മാറിയത് എന്നാണ്് ഐതിഹ്യം. അങ്ങനെ അമൃതിന്റെ ഭാഗമായ നെല്ലിക്ക മനുഷ്യരിലെ ഒട്ടുമിക്ക അസുഖങ്ങളുടെ പ്രതിവിധിയായും സൗന്ദര്യസംരക്ഷണത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്നു.
രണ്ടുതരം നെല്ലികള്‍ കണ്ടുവരുന്നു. നാട്ടില്‍ നട്ടുവളര്‍ത്തുന്ന നാട്ടുനെല്ലിയും വനത്തില്‍ വളരുന്ന കാട്ടുനെല്ലിയും. കാട്ടുനെല്ലിക്ക വളരെ ചെറുതായിരിക്കും. എല്ലാ രസങ്ങളും (പുളി, മധുരം കയ്പ്, എരിവ്) അടങ്ങിയിരിക്കുന്നു. പച്ചനെല്ലിക്കയില്‍ 80 ശതമാനം ജലമാണ്. നെല്ലിക്കയില്‍ ധാരാളം ജീവകങ്ങള്‍ അടങ്ങിയിരിക്കുന്നു.
ഓറഞ്ച് നീരില്‍ ഉള്ളതിനേക്കാള്‍ ഏതാണ്ട് 20 മടങ്ങ് ജീവകം സി നെല്ലിക്കാനീരില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയില്‍ ടാനിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ നെല്ലിക്ക വേവിച്ചാലോ ഉണങ്ങിയാലോ അതിലുള്ള ജീവകങ്ങള്‍ നഷ്ടപ്പെടുന്നില്ല.
ഇരുമ്പ്, കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, ടാനിക് അമ്ലംഗാലിക് അമ്ലം, എല്ലാജിക് അമ്ലം, ചെബുളിനിക് അമ്ലം, ജീവകം എ, ബി, സി തുടങ്ങി അനേകം മൂലകങ്ങളും അമ്ലങ്ങളും ജീവകങ്ങളും നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു.
ശീതഗുണ സ്വഭാവമുളള നെല്ലിക്ക ആയുര്‍വ്വേദ ഔഷധങ്ങളിലെ പ്രധാന ചേരുവയാണ്. മഷി, ചായം, ഷാമ്പൂ എന്നിവ ഉണ്ടാക്കാനും നെല്ലിക്ക ഉപയോഗിക്കുന്നു എന്നുമറിയുക. നെല്ലിയുടെ തടി വെള്ളത്തില്‍ ദീര്‍ഘനാള്‍ കേടുകൂടാതെ കിടക്കും. വിഷകാരികളായ വസ്തുക്കളെ പ്രതിരോധിക്കാന്‍ പ്രത്യേകകഴിവുണ്ട് നെല്ലിക്കക്ക്. അതു കൊണ്ടാണ് കിണറുകളിലെ അടിത്തട്ടില്‍ നെല്ലിപ്പലക സ്ഥാപിക്കുന്നത്.
നെല്ലിക്കയിലെ ജീവകം സി രക്തത്തിലെ ട്രൈഗ്‌ളിസറൈഡ്, കൊളസ്‌ട്രോള്‍ എന്നീ കൊഴുപ്പുകളുടെ അളവ് കുറയ്ക്കുന്നു. സ്ഥിരമായി നെല്ലിക്ക ഉപയോഗിക്കുന്നവരുടെ ദഹന പ്രക്രിയ സുഗമമാകും. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറംതള്ളി കരളിനെ സംരക്ഷിക്കുന്നു. ശ്വാസകോശ സംരക്ഷണത്തിനും ആസ്തമയ്ക്കും ഉത്തമാണ്.ധാതുപുഷ്ടിക്കും ശുക്ലവര്‍ദ്ധനവിനും ഉത്തമമായ നെല്ലിക്കയിലടങ്ങിയിരിക്കുന്ന പോളിഫീനോള്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. പ്രമേഹചികിത്സയില്‍ വളരെ പ്രാധാന്യമാണ് നെല്ലിക്കയ്ക്കുള്ളത്. നെല്ലിക്കാനീര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നു.
നെല്ലിക്കാനീരും മഞ്ഞള്‍പ്പൊടിയും സമം ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത് പ്രമേഹശമനത്തിനു നല്ലതാണ്. ഓര്‍മശക്തി കൂട്ടുന്നതിനു വളരെ നല്ലതാണ് നെല്ലിക്ക. ഓര്‍മശക്തി നശിക്കുന്ന അള്‍ഷിമേര്‍സ് രോഗം ബാധിച്ചവര്‍ക്ക് നെല്ലിക്ക ഉപയോഗിക്കുന്നത് ആശ്വാസകരമാണ്. മലബന്ധം ഒഴിവാക്കുന്നതിനും നല്ല ശോധനക്കും ഉത്തമമാണ് നെല്ലിക്ക.
പുരാതനകാലം മുതല്‍ക്കെ നെല്ലിക്കയുടെ രസായന (rejuvenation) ഗുണത്തെപ്പറ്റി ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. നെല്ലിക്കയുടെ നിരോക്‌സീകരണ ശക്തി (antioxidant) രക്തത്തിലെ സ്വതന്ത്രമായ മൂലധാതുക്കളെ (free radicals) നീക്കം ചെയ്യുന്നു. നെല്ലിക്കയുടെ ഉപയോഗം ത്വക്കിലെ കൊല്ലാജെന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനം കൂട്ടുകയും ഇവയുടെ നാശത്തിനു തടയിടുകയും ചെയ്യുന്നു.
നെല്ലിക്കയിലെ കൊളാജെനാണ് ത്വക്കിന് അയവും ശക്തിയും നല്‍കി യുവത്വം നിലനിര്‍ത്തുന്നത്. അങ്ങനെ മനുഷ്യരിലെ ഒട്ടുമിക്ക അവയവങ്ങളേയും സംരക്ഷിച്ച് യുവത്വവും നിലനിര്‍ത്തുന്ന നെല്ലിക്ക തികച്ചും ഒരു രസായന സഹായി തന്നെ.
സൗന്ദര്യം സ്വന്തമാക്കാന്‍
നെല്ലിക്കയിലുള്ള വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ഇടതൂര്‍ന്ന കറുത്ത മുടിയിഴകള്‍ സ്വന്തമാക്കാന്‍ സഹായിക്കും. ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കില്‍ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ്. ഇതിലുള്ള ആന്റി ഓക്‌സിഡേറ്റീവ് ഘടകങ്ങള്‍ ചര്‍മകാന്തി വര്‍ധിപ്പിക്കുകയും പ്രായമായകുന്നതിന്റെ ലക്ഷണങ്ങള്‍ അകറ്റുകയും ചെയ്യും.

ജന്മഭൂമി



No comments: