ലോകവാസന നിശ്ശേഷം ഒഴിഞ്ഞ് ആത്മസത്യം കണ്ടുണർന്നവർ ശേഷിക്കുന്ന ജീവിതകാലം പലരും പല രീതിയിലാണ് ജീവിച്ചു തീർക്കുന്നതെന്ന് പറയുന്നു. വെറും കുട്ടികളെപ്പോലെ ഭാവിച്ച് ജീവിക്കുന്നവർ; ഒന്നും അറിയാത്ത പൊട്ടനെ പോലെ കഴിയുന്നവർ, മറ്റുള്ളവർ എന്തു തന്നെ ചെയ്താലും ഒരു പ്രതികരണവുമില്ലാതെ ഒരു ജഡവസ്തുപോലെ ഇരിക്കുന്നവർ, ഇവരെ കണ്ടാൽ സാധാരണക്കാർക്ക് തിരിച്ചറിയാനേ സാധിച്ചു കൊള്ളണമെന്നില്ല. ഇങ്ങിനെയുള്ള സത്യദർശികളെ നാം അറിയാതെ പോലും അപഹസിക്കാനിടവരരുത്. ഇതിലൊന്നും പെടാതെ, സത്യസാക്ഷാത്ക്കാരത്തിലെത്തിയ ശേഷവും ലോക നിയമങ്ങളനുസരിച്ച് ജനങ്ങളുടെ ഇടയിൽ തന്നെ കഴിയുന്നവരെയും കാണാവുന്നതാണ്. ഇങ്ങിനെയുള്ള സത്യപുരുഷന്മാരാണ് സാധാരണക്കാരന്റെ സംശയങ്ങളകറ്റാനും ജ്ഞാന മാർഗ്ഗം ഉപദേശിക്കാനും നിയോഗിക്കപ്പെട്ടവർ. അവരെ സമീപിച്ച് എന്തൊക്കെയാണോ വേണ്ടത് അവയൊക്കെ ചോദിച്ചറിയേണ്ടതാണ്. ഇങ്ങിനെയുള്ള ജീവന്മുക്തന്മാരാണ് ജനങ്ങളുടെ ഇടയിൽ ഇറങ്ങി അവരുടെ ഭൗതികവും അദ്ധ്യാത്മികവുമായ ഉന്നതിക്കായി പ്രവർത്തിക്കുന്നവരായി നാം കാണുന്നവർ. അത്തരക്കാർ നിരവധി വിമർശനങ്ങൾക്കും വിധേയരാവുന്നതും അവർ അതിനോട് പലപ്പോഴും അതേ രീതിയിൽത്തന്നെ പ്രതികരിക്കുന്നതും ഒക്കെ നാം കാണുമെങ്കിലും അതൊന്നും തന്നെ അവരെ ഒരു നിലക്കും ബാധിക്കുകയും ഇല്ല.
ഗുരുകൃപയാൽ......
ശിവമയം
ഗുരുകൃപയാൽ......
ശിവമയം
No comments:
Post a Comment