Thursday, June 21, 2018

ഛാന്ദോഗ്യോപനിഷത്ത് 60 / സ്വാമി അഭയാനന്ദ

സ്മരണത്തെ ബ്രഹ്മമായി ഉപാസിക്കണമെന്ന് കേട്ട നാരദന്‍ അതിനേക്കാള്‍ കേമമായി എന്തെങ്കിലുമുïോ എന്ന് ചോദിച്ചു. ഉണ്ട് എന്ന് സനത് കുമാരന്‍ പറഞ്ഞു. എന്നാല്‍ എനിക്ക് അത് പറഞ്ഞ് തരൂ എന്ന്  നാരദന്‍ ആവശ്യപ്പെട്ടു.
ആശാ വാവ സ്മരാദ് ഭൂയസ്യാശേദ്ധോ വൈ സ്മരോ മന്ത്രാനധീതേ, കര്‍മ്മാണി കുരുതേ, പുത്രാംശ്ച പശൂംശ്ചേച്ഛത, ഇമം ച ലോകമമും ചേച്ഛത, ആശാമുപാസ്സ്വേതി.
ആശ സ്മരണത്തേക്കാള്‍ കേമമാണ്. ആശ എന്നാല്‍ ആഗ്രഹം. ആശകൊണ്ട് വലുതായിത്തീരുന്ന സ്മരണകളാല്‍ ഒരാള്‍ മന്ത്രങ്ങളും മറ്റും പഠിക്കുന്നു... കര്‍മ്മങ്ങള്‍ ചെയ്യുന്നു. പുത്രന്മാരേയും പശുക്കളേയും ആഗ്രഹിക്കുന്നു. ഈ ലോകത്തേയും പരലോകത്തേയും  ആഗ്രഹിക്കുന്നു. അതിനാല്‍ ആശയെ ഉപാസിക്കൂ....
മനസ്സിലെ ആഗ്രഹം മൂലമാണ് ഓരോ കാര്യവും ഓര്‍മ്മിക്കുന്നത്. അതുകൊണ്ട് ഓര്‍മ്മയേക്കാള്‍ ഉത്കൃഷ്ടമാണ് ആഗ്രഹം. ഫലത്തിലെ ആഗ്രഹം മന്ത്രം പഠിക്കാനും കര്‍മ്മങ്ങള്‍ ചെയ്യാനും ആളുകളെ പ്രേരിപ്പിക്കുന്നു. സുഖം നേടാനായി മക്കള്‍ സമ്പത്ത് എന്നിവയെ ആഗ്രഹിക്കുന്നു. ഇവിടെയും പരലോകത്തും സുഖത്തിനായുള്ള കാര്യങ്ങള്‍ ആഗ്രഹിച്ച് ചെയ്യുന്നു.  ഇക്കാരണങ്ങളാലാണ് ആഗ്രഹത്തെ ബ്രഹ്മമായി ഉപാസിക്കാന്‍ ഉപദേശിച്ചത്.
സ യ ആശാം ബ്രഹ്മേത്യുപാസ്ത ആശയാസ്യ സര്‍വ്വേ കാമാ: സമൃധ്യന്ത്യ മോഘാ ഹാസ്യാശിഷോ ഭവന്തി,യാവദാശായാ ഗതം തത്രാസ്യ യഥാ കാമ ചാരോ ഭവതി, യ ആശാം ബ്രഹ്മേത്യുപാസ്‌തേ....
ആശയെ ബ്രഹ്മമായി ഉപാസിക്കുന്നയാള്‍ക്ക് എല്ലാ ആഗ്രഹങ്ങളും ആശയാല്‍ സമൃദ്ധങ്ങളാകും. അയാളുടെ എല്ലാ പ്രാര്‍ത്ഥനകളും സഫലമാകും. ആശയ്ക്ക്  വിഷയമായവയില്‍ ഇഷ്ടം പോലെ സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമുണ്ടാകും. ഇതു കേട്ട നാരദന്‍ ആശയേക്കാള്‍ കേമമായി എന്തെങ്കിലുമുണ്ടോ എന്നു ചോദിച്ചു. തീര്‍ച്ചയായും ഉണ്ട് എന്ന് സനത് കുമാരന്‍ പറഞ്ഞു. എന്നാല്‍ അത് പറഞ്ഞ് തരണമെന്ന് നാരദന്‍ ആവശ്യപ്പെട്ടു.
പ്രാണോ വാവ ആശായാ ഭൂയാന്‍, യഥാവാ അരാനാഭൗ സമര്‍പ്പിതാ ഏവമസ്മിന്‍ പ്രാണേ സര്‍വ്വം സമര്‍പ്പിതം, പ്രാണ : പ്രാണേന യാതി പ്രാണ: പ്രാണം ദദാതി , പ്രാണായ ദദാതി ,പ്രാണോ ഹ പിതാ, പ്രാണോ മാതാ പ്രാണോ ഭ്രാതാ, പ്രാണ: സ്വസാ പ്രാണ ആചാര്യ: പ്രാണോ ബ്രാഹ്മണ :
പ്രാണന്‍ ആശയേക്കാള്‍ ശ്രേഷ്ഠമാണ്. ഒരു ചക്രത്തിന്റെ ആരക്കാലുകള്‍ അതിന്റെ നടുക്കുള്ള നാഭിയോട് ചേര്‍ത്തിരിക്കുന്നതു പോലെ എല്ലാം പ്രാണനില്‍  സമര്‍പ്പിച്ചിരിക്കുന്നു. പ്രാണന്‍ പ്രാണനെ കൊണ്ട് സഞ്ചരിക്കുന്നു. പ്രാണന്‍ പ്രാണനെ ദാനം ചെയ്യുന്നു. പ്രാണനായിക്കൊണ്ട് ദാനം ചെയ്യുന്നു. പ്രാണന്‍ അച്ഛനാകുന്നു. പ്രാണന്‍ അമ്മയാകുന്നു. പ്രാണന്‍ സഹോദരനാകുന്നു. പ്രാണന്‍ സഹോദരിയാകുന്നു. പ്രാണന്‍ ആചാര്യനാകുന്നു. പ്രാണന്‍ ബ്രാഹ്മണനാകുന്നു.
നാമം മുതല്‍ ആശ വരെ ഒന്നിന് മുകളില്‍ ഒന്ന് കേമമായതിനെപ്പറ്റി ക്രമത്തില്‍ ഇതുവരെ വിവരിച്ചു. ആശയേക്കാള്‍ കേമമായതും ലോകത്തിനെല്ലാം ആധാരവും അടിസ്ഥാനവുമായ പ്രാണനെയാണ് ഇവിടെ പറയുന്നത്. ഈ ലോകത്തെ സകലതും പ്രാണനോട് ബന്ധപ്പെട്ടിരിക്കുന്നു. ചക്രത്തിന്റെ നടുവില്‍ ആരക്കാലുകള്‍ ബന്ധിച്ചിരിക്കുന്നതു പോലെയാണിത്.
 നമ്മുടെ ഉള്ളില്‍ ശ്വാസമായും പ്രാണ വൃത്തികളായും പുറമെ വായുവായും നിലകൊള്ളുന്നത് പ്രാണനാണ്: ഹിരണ്യഗര്‍ഭനെന്നും പ്രാണനെ വിളിക്കാം. ശരീരത്തില്‍ ജീവന്‍ നിലനില്‍ക്കുന്നത് പ്രാണ സഹായത്താലാണ്. പ്രാണന്‍ പോയാല്‍ ജീവനും പോയി. പ്രാണനെ ഈശ്വരന്‍ സൃഷ്ടിച്ചതു തന്നെ ഈ വിധത്തിലാണ് .
പ്രാണന്‍ ഒന്നിനും കീഴിലല്ല, സ്വന്തം ശക്തിയാലാണ് പ്രവര്‍ത്തിക്കുന്നത്. ക്രിയ, കാരകം, ഫലം എന്നീ ഭേദങ്ങള്‍ പ്രാണനില്‍ തന്നെയായതുകൊïാണ് പ്രാണനായി കൊടുക്കുന്നുവെന്ന് പറഞ്ഞത്. പ്രാണനില്‍ ഉള്‍പ്പെടാത്തതായി യാതൊന്നുമില്ല.അതിനാല്‍ അച്ഛന്‍, അമ്മ, സഹോദരന്‍ , സഹോദരി, ആചാര്യന്‍, ബ്രാഹ്മണന്‍ തുടങ്ങി എല്ലാപേരുകളും പ്രാണന്‍ തന്നെയാണ്.

No comments: