Thursday, June 21, 2018

''ഗുണമാഹാത്മ്യസക്തി രൂപാസക്തി പൂജാസക്തി സ്മരണാസക്തി ദാസ്യാസക്തി സഖ്യാസക്തി കാന്താസക്തി വാല്‍സല്യാസക്തി ആത്മനിവേദനാ
സക്തി തന്മതയാസക്തി പരമവിരഹാസക്തി രൂപാ
 ഏകധാളപി ഏകാദശധാഭവതി''-
ഭഗവത്ഗീതയിലെ വിവിധ ഭക്തി മാര്‍ഗങ്ങളെക്കുറിച്ച് ശ്രീനാരദമഹര്‍ഷി ഈ സൂത്രത്തില്‍ വിവരിക്കുന്നു.
ഭഗവത് മാഹാത്മ്യങ്ങള്‍ കീര്‍ത്തനം ചെയ്യുക, ഭഗവാന്റെ രൂപത്തിലും സൗന്ദര്യത്തിലും ആകൃഷ്ടനാവുക, ഭഗവാനെ നിരന്തരം പൂക്കുക, സദാഭഗവാനെത്തന്നെ സ്മരിക്കുക, ദാസ്യഭാവത്തില്‍ എല്ലായ്‌പ്പോഴും ഭഗവത്കാര്യങ്ങള്‍ ചെയ്യുക, ഭഗവാനുമായി സഖ്യഭാവത്തില്‍ പെരുമാറുക,  ഭഗവാനെ കാന്തനായി കരുതി സ്‌നേഹിക്കുക,കൊച്ചുകുഞ്ഞുങ്ങളൊടെന്നപോലെ വാല്‍സല്യപൂര്‍വം, ഭഗവാനെ ലാളിക്കുക, സ്വയം ഭഗവാനിലേക്കു സമര്‍പ്പിക്കുക, ഭഗവാനുമായി താദാത്മ്യം പ്രാപിക്കുക, ഭഗവാന്റെ വിരഹത്തെയോര്‍ത്ത് വിലപിക്കുക ഇങ്ങിനെ പതിനൊന്നു ഭക്തി മാര്‍ഗങ്ങളെക്കുറിച്ചാണ് ശ്രീനാരദന്‍ ഇൗ സൂത്രത്തില്‍ പ്രതിപാദിക്കുന്നത്.
ഭാഗവതത്തില്‍ പ്രഹ്‌ളാദന്‍ ഭക്തിക്ക് ഒന്‍പതു മാര്‍ഗങ്ങളാണ് പ്രതിപാദിച്ചിട്ടുള്ളത്. നാരദര്‍ അത് പതിനൊന്നാക്കി. ഭക്തപ്രഹ്‌ളാദന്‍ വിവരിക്കുന്ന ഒന്‍പത് മാര്‍ഗങ്ങള്‍.
''ശ്രവണം, കീര്‍ത്തനം വിഷ്‌ണോര്‍സ്മരണം പാദസേവനം അര്‍ച്ചനം വന്ദനം ദാസ്യം സഖ്യം ആത്മനിവേദനണം''- എന്നിവയാണ്.
പ്രഹ്‌ളാദന്‍ വിവരിച്ച ചില മാര്‍ഗങ്ങള്‍ ശ്രീനാരദരും ഇതില്‍ വിവരിക്കുന്നു. കീര്‍ത്തനം, സ്മരണം, അര്‍ചനം, പാദസേവനം, സഖ്യം ആത്മനിവേദനം എന്നിവ. നാരദര്‍ ഇതില്‍ ശ്രവണത്തിനു പ്രാധാന്യം കൊടുത്തു പറഞ്ഞിട്ടില്ല.
എന്നാല്‍ ഭക്തിമാര്‍ഗത്തിന് ഒന്‍പതോ പതിനൊന്നോ മാര്‍ഗങ്ങള്‍ മാത്രമല്ലെന്ന് നാരദര്‍ വ്യക്തമാക്കുന്നു. തന്റെ ശിഷ്യനായ പ്രഹ്‌ളാദന്‍ വിവരിച്ചതുപോലെ ഒന്‍പതു മാര്‍ഗങ്ങള്‍ മാത്രമാണെന്നും നാരദര്‍ അംഗീകരിക്കുന്നില്ല. 
ഓരോരുത്തരും ഓരോ മാര്‍ഗമാണ് ഇതിനായി അവലംബിക്കുക എന്നാണ് ശ്രീനാരദരുടെ അഭിപ്രായം. ഒരേ മാര്‍ഗത്തെത്തന്നെ പൂര്‍ണമായി ആരും അവലംബിക്കുന്നില്ല. എല്ലാവര്‍ക്കും അവരുടേതായ ഒരു പാതയുണ്ടാകും. ഇതെല്ലാം ശരിയുമാണ്. എന്നാല്‍ ഓരോ മാര്‍ഗത്തിന്റെയും വേഗവും വ്യത്യസ്തമാണ്. അതിനാല്‍ ലക്ഷ്യത്തിലെത്താനുള്ള സമയത്തില്‍ വ്യതിയാനം വരും. ഇതില്‍ വിവരിച്ച മാര്‍ഗങ്ങളില്‍ പലതും ഒരുമിച്ചുചേര്‍ത്തുള്ള ഒരു മാര്‍ഗമാണ് പലപ്പോഴും പലരും അവലംബിക്കുന്നത്.
 janmabhumi

No comments: