യോഗകൊണ്ട് ശരീരത്തിന്റെ ആരേഗ്യം നിലനില്‍ക്കും എന്നത് നിത്യാനുഭവമാണ്. ശരീരം അവഗണിക്കപ്പെട്ടുകൂടാത്ത ഘടകം തന്നെയാണ്. ശരീരമാഭ്യം ഖലു ധര്‍മസാധനം എന്നാണ് ചൊല്ല്. ധര്‍മം ചെയ്യാനുള്ള ഉപകരണമാണ് ശരീരം. മനസ്സിനെ ഉന്നത തലങ്ങളിലേക്ക് നയിക്കാന്‍ ശരീരം സ്വസ്ഥവും ശാന്തവുമായിരിക്കണം.
ശരീരം സ്വസ്ഥമാവണമെങ്കില്‍ മനസ്സു സ്വസ്ഥമാവണം. നല്ല ഭക്ഷണവും ശാസ്ത്രീയമായ വ്യായാമവും ശരിയായ വിശ്രമവുമാണ് ശരീരപാലനത്തിന്റെ മുഖ്യഘടകങ്ങള്‍. യോഗ ഇവ മൂന്നിലും ശ്രദ്ധിക്കുന്നു. അതിലൂടെ മനസ്സും ശാന്തമാവുന്നു.
ലഘുത്വമാരോഗ്യമലോലുപത്വം
വര്‍ണപ്രസാദം സ്വരസൗഷ്ഠവം ച
ഗന്ധ: ശുഭോ മൂത്രപുരീഷമല്‍പം
യോഗ പ്രവത്തിം പ്രഥമാം വദന്തി(ശ്വേതാശ്വതര ഉപനിഷത്ത്-2.13)
ശരീരത്തിന്റെ ഘനം കുറയുക, രോഗമില്ലാതിരിക്കുക, മനസ്സിളകാതിരിക്കുക, ശബ്ദകാന്തി, ശബ്ദ ഭംഗി, സുഗന്ധം, മലമൂത്രങ്ങളുടെ അളവുകുറയല്‍, ഇവയാണ് യോഗയുടെ ആദ്യ ഫലങ്ങള്‍.
വപു: ക്രശത്വം വദനേ പ്രസന്നതാ
നാദസ്ഫുടത്വം നയനേ സുനിര്‍മലേ
അരോഗതാ ബിന്ദുജയോ ളഗ്നിദീപനം
നാസീവിശുദ്ധി: ഹഠയോഗ ലക്ഷണം( ഹഠയോഗ പ്രദീപിക-2.78)
ശരീരം മെലിയുക, മുഖംപ്രസന്നമാവുക, ശബ്ദം സ്ഫുടമാവുക, കണ്ണുകള്‍ തെളിയുക, ആരോഗ്യം, സ്ഖലനമില്ലാതിരിക്കുക, വിശപ്പുണ്ടാവുക, നാഡികള്‍ ശുദ്ധമാവുക, ഇവയൊക്കെയാണ് ഹഠയോഗത്തിന്റെ ലക്ഷണം.
ശരീരത്തെ ബാധിക്കുന്ന 70 ശതമാനത്തിലേറെ രോഗങ്ങളും സൈക്കോ സോമാറ്റിക് രോഗങ്ങളായാണ് പറയപ്പെടുന്നത്. ഷുഗറും കാന്‍സറും ഒക്കെ ഇതില്‍ പെടും. സൈക്കോ എന്നാല്‍ മനസ്സും സോമ എന്നാല്‍ ശരീരവും ആണ്. മനസ്സില്‍ ആരംഭിച്ച് ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നവയാണ് കൂടുതല്‍ രോഗങ്ങളും എന്നര്‍ത്ഥം.
മനസ്സ് ചഞ്ചലവും അസ്ഥിരവുമാണെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല. സമൂഹത്തില്‍ ജീവിക്കുമ്പോള്‍, ചുറ്റുപാടുമായി ഇടപെടുമ്പോള്‍ മനസ്സ് ക്ഷുബ്ധമാവാന്‍ സാധ്യതയുണ്ട്. നിയന്ത്രണമില്ലാത്ത മനസ്സിന്റെ ലക്ഷണമാണിത്. അങ്ങനെ മനസ്സുക്ഷോഭിക്കുമ്പോള്‍ അത് ശരീരത്തിനുള്ള പ്രാണവ്യവസ്ഥയെ തകരാറിലാക്കും. ദഹനത്തെ ബാധിക്കും, രക്തചംക്രമണത്തെ ബാധിക്കും, നാഡികളെ ബാധിക്കും, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. പ്രാണന്റെ ചലനത്തിന്റെ താളം തെറ്റുമെന്നര്‍ഥം. മനസ്സിന്റെ ചഞ്ചലതയെ, ക്ഷോഭത്തെ ആധിയെന്നാണ് വസിഷ്ഠ മുനി വിളിക്കുന്നത്. പ്രാണന്റെ താളപ്പിഴയാല്‍ ശരീരത്തില്‍ അസ്വസ്ഥതകള്‍ വന്നുചേരുന്നു. അവയെ വ്യാധിയെന്നും വിളിക്കുന്നു.
മനസ്സ് ശരിയായ വഴിവിട്ട് ( പ്രകൃതം മാര്‍ഗമുത്‌സൃജ്യ) അമ്പേറ്റ മാന്‍പേടയെപ്പോലെ (ശരാര്‍ത്തോ ഹരിണോയ ഥാ) വഴി കാണാതുഴലുമ്പോോള്‍ പ്രാണന്‍ അസന്തുലിതമാവുകയും (അസമേ വഹതി പ്രാണേ) നാഡികള്‍ കുമാര്‍ഗത്തില്‍ ചലിക്കുകയും ചെയ്യും. രാജാവ് നേരേയല്ലെങ്കില്‍ ജനങ്ങളുടെ ജീവിതം താറുമാറാകുന്നതുപോലെ ന്നെ് യോഗവാസിഷ്ഠം-അസമൃക് സംസ്ഥിതേ ഭൂപേ തഥാ വര്‍ണാശ്രമക്രമഃ അപ്പോള്‍ ദഹന പ്രക്രിയ താളംതെറ്റി ആഹാരം ദുഷ്ടമായി ദഹിക്കുകയോ, ദഹിക്കാതിരിക്കുകയോ, അമിതമായി ദഹിക്കുകയോ ചെയ്യും- കുജീര്‍ണത്വം അജീര്‍ണത്വം അതിജീര്‍ണത്വമേവവാ. ഇങ്ങനെ അത് രോഗമായി (വ്യാധി) ഭവിക്കും- ഏവം ആധേര്‍ ഭവേര്‍വ്യാധി:
ചുരുക്കത്തില്‍ ശാന്തമായ മനസ്സ് രോഗശാന്തിക്കുള്ള സ്വാസ്ഥ്യത്തിനുള്ള മുന്നുപാധിയാണെന്നര്‍ഥം. മറ്റൊരുകാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്, മനസ്സ്, കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം (ഷഡ്‌രിപുക്കള്‍) മുതലായവയാല്‍ കീഴടക്കപ്പെടുമ്പോള്‍ മനസ്സിന് വേഗത കൂടും; അസ്വസ്ഥമാവും. അതായത് മനസ്സിലൂടെ കടന്നുപോവുന്ന ചിന്തകളുടെ എണ്ണം കൂടും, ആവര്‍ത്തിച്ചുവരും-ഇതുതന്നെയാണ് പിരിമുറുക്കം. സമ്മര്‍ദ്ദം എന്നൊക്കെ പറയുന്നത് അത്ഭുതകരമായ ഒരു കണ്ടെത്തല്‍ എന്താണെന്നാല്‍ മനസ്സിന്റെ ഈ വേഗത പ്രാണനെബാധിക്കും എന്നതാണ്. പ്രാണന്റെ പ്രത്യക്ഷപ്രകടീകരണമാണ് ശ്വാസോച്ഛ്വാസം. അതിനെയും ഈ വേഗത ബാധിക്കും. വേഗത കൂടിയാല്‍ ശ്വാസത്തിന്റെ എണ്ണം കൂടും.
ശരീരത്തിന്റെ ഊഷ്മാവ്, രക്തസമ്മര്‍ദം, നാഡീസ്പന്ദനം, ശ്വാസത്തിന്റെ എണ്ണം എന്നീ നാലെണ്ണമാണ് മനുഷ്യന്റെ ആരോഗ്യത്തിന്റെ സ്ഥിതിനിര്‍ണയിക്കുന്ന മാനദണ്ഡങ്ങള്‍. മിനിട്ടില്‍ 12-15 ആണ് സാധാാരണ ശ്വാസത്തിന്റെ എണ്ണം. ദേഷ്യം വരുമ്പോള്‍ ശ്രദ്ധിച്ചാല്‍ മതി. ദേഷ്യം കൂടുന്തോറും ശ്വാസത്തിന്റെ വേഗതകൂട്ടും. ശ്വാസം മുട്ടുമ്പോള്‍ ദേഷ്യം പൂര്‍ണമായെന്നും മനസ്സിലാക്കാം. ഇത് തിരിച്ചും പ്രയോഗിക്കാം. ശ്വാസത്തിന്റെ എണ്ണം, വേഗത കൂടുമ്പാള്‍ മനസ്സ് അസ്വസ്ഥമായിരിക്കും. അപ്പോള്‍ ശ്വാസം സാവധാനത്തിലാകും, സ്വസ്ഥമാവും. മനസ്സിനെ ശാന്തമാക്കാന്‍ നമ്മുടെ കാരണവന്മാര്‍ ഈ ശാസ്ത്രീയ സത്യം മനസ്സിലാക്കിയതില്‍ നിന്നാണ് പ്രാണായാമം എന്ന ആശയം വന്നത്. വേറെയും വിഷയങ്ങള്‍ ഉണ്ടെങ്കിലും സാമാന്യമായി ഇങ്ങനെ എടുക്കാം. ആയാമം എന്നാല്‍ വലിച്ചുനീട്ടുക എന്നര്‍ഥമുണ്ട് ശ്വാസത്തെ നീളമുള്ളതാക്കുക അതായത് വേഗതക്കുറയ്ക്കുക. ദീര്‍ഘവും താളത്തിലുള്ളതുമായ ശ്വാസം ആരോഗ്യത്തിന്റെ, സ്വാസ്ഥ്യത്തിന്റെ ലക്ഷണമാണ്.
മനസ്സിന്റെയും പ്രാണന്റെയും വേഗത, അഥവാ അവതാളമാണ് ശരീരത്തില്‍ രോഗമായി പ്രത്യക്ഷപ്പെടുന്നത്. രോഗമായിത്തീര്‍ന്നാല്‍ ചികിത്സവേണം. എന്നാല്‍ മനസ്സിലും പ്രാണനിലുമുള്ള താളപ്പിഴ, അവ ശരീരത്തിലേക്ക് സംക്രമിക്കുന്നതിന് മുന്‍പ് പരിഹരിക്കാന്‍ കഴിഞ്ഞാല്‍ രോഗം വരാതിരിക്കും. ഇതുതന്നെയാണ് ലൗകിക ജീവിതത്തിലൂടെ നേടേണ്ടത്. യമം, നിയമം എന്നിവ അഷ്ടാംഗയോഗത്തില്‍ പെടും. അഹിംസ, സത്യം, അസ്‌തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവ യമങ്ങളും, ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വര പ്രണിധാനം എന്നിവ നിയമങ്ങളും ആണ്. ഇവ ജീവിതത്തില്‍ കൊണ്ടുവന്നാല്‍ മനസ്സുസ്വസ്ഥമാവും. ആസനം, പ്രാണായാമം, പ്രത്യാഹാരം എന്നിവയാണ് മറ്റു ബാഹ്യനിയന്ത്രണോപാധികള്‍, ബഹിരംഗങ്ങള്‍. ഇവയൊക്കെ താളത്തിലാക്കിയശേഷം ധാരണ, ധ്യാനം, സമാധി എന്നിവയിലേക്കു കടക്കണം. ഇവയുടെ മുഴുവന്‍ വിവരണം ഈ ലേഖനത്തിന്റെ പരിധിയില്‍ വരില്ല. പക്ഷെ മനുഷ്യന്റെ സമഗ്രഹമായ വികസനത്തിന് പൂര്‍ണമായ സ്വാസ്ഥ്യസമ്പാദനത്തിന് യോഗ ഒരു ഉത്തമമായ ഉപായമാണെന്നു മാത്രം പറഞ്ഞുവെക്കാം.
കൈതപ്രം വാസുദേവന്‍ നമ്പൂതിരി
(പതഞ്ജലിയോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റ
No comments:
Post a Comment