ഈശ്വരന്‍ വിരാജിച്ചരുളുന്നത് നമ്മുടെ ഉള്ളില്‍ത്തന്നെയാണ്.ആ സാന്നിദ്ധ്യം അറിയണം. ആത്മാവില്‍ സകലശക്തികളുമുണ്ട്്. പക്ഷേ, അവയെ ഉദ്ദീപിപ്പിക്കണം. അതിനുള്ള മാര്‍ഗ്ഗം മനോനിയന്ത്രണമാണ്. മനുഷ്യന്‍ അവന്റെ മനോവീര്യത്തെ സുഖഭോഗങ്ങള്‍ക്കുവേണ്ടി പാഴാക്കുന്നു. മനസ്സിന് ബഹിര്‍മുഖതയും സുഖഭോഗാസക്തിയും ഉള്ളിടത്തോളം കാലം നിങ്ങള്‍ക്ക് സന്മാര്‍ഗ്ഗശക്തിയോ ആത്മപ്രഭാവമോ പ്രകടമാക്കാന്‍ സാധ്യമല്ല. അന്യന്റെ പറമ്പില്‍ രഹസ്യമായി കടന്നു ചെല്ലുന്ന പശുവിന് പൊതിരെ തല്ലു കിട്ടും. അതിന്റെ രക്ഷയെ തന്നെ കരുതി അതിനെ ഒരു കുറ്റിയില്‍ തളച്ച് പരിമിതമായ വിഹാരസ്വാതന്ത്ര്യം മാത്രമേ അനുവദിക്കാവൂ. നിങ്ങളുടെ മനസ്സിന്റെ കാര്യവും അങ്ങിനെ തന്നെ. അതിനെ നിയന്ത്രിച്ചില്ലെങ്കില്‍ വിഷയങ്ങളായ മേച്ചില്‍ പറമ്പുകളിലേക്ക് യഥേഷ്ടം കയറിച്ചെല്ലും. അപ്പോള്‍ പ്രകൃതിയില്‍നിന്നുള്ള പ്രഹരങ്ങള്‍ ഏല്‍ക്കും. മനസ്സിനെ ഈശ്വരന്റെ നാമരൂപങ്ങളില്‍ തളച്ചിടുക. ചിന്നിച്ചിതറിക്കിടക്കുന്ന മനോരശ്മികളെ ഒരു കേന്ദ്രത്തില്‍ -ഭ്രൂമധ്യത്തില്‍- ഏകാഗ്രമാക്കുക. അങ്ങിനെ നിങ്ങള്‍ക്ക് ഏകാഗ്രത വളര്‍ത്താന്‍ കവിയും. ഏകാഗ്രമായ മനസ്സാണ് ശക്തിയാര്‍ജ്ജിക്കുന്നത്. ശക്തിയാര്‍ജ്ജിച്ച മനസ്സിനു മാത്രമേ ലൗകികമോ,ആദ്ധ്യാത്മികമോ,ധ്യാനപരമോ ആയ ഏതു വ്യാപാരത്തിലും വിജയം വരിക്കാന്‍ കഴിയൂ.
No comments:
Post a Comment