കുടുംബജീവിതത്തിന്റെ വിജയമാണ് സമൂഹത്തിന്റെ കെട്ടുറപ്പിന് ആധാരം. അസാധാരണമായ ഈ വിജയമാണ് ഭാരതത്തിന്റെ നാളിതുവരെയുള്ള പ്രയാണത്തില്‍ ഏറ്റവും ശോഭനമായി നിലകൊള്ളുന്നതും, വേദങ്ങളില്‍നിന്നാണ് വിജയകരമായ കുടുംബജീവിതത്തിന്റെ ഈ സൂത്രവാക്യങ്ങള്‍ ഭാരതീയര്‍ കേട്ടുപഠിച്ചതും. ലോകത്ത് എമ്പാടുമുള്ള മാനവസംസ്‌കൃതികള്‍ക്കെല്ലാം മുന്‍പില്‍ അത്യദ്ഭുതമായ ദീപസ്തംഭമായി അത് പരിലസിക്കുകയും ചെയ്യുന്നു.
കുടുംബജീവിതം വിജയകരമാക്കുന്നതിന് അഥര്‍വവേദം നല്‍കുന്ന അസാധാരണവും അത്യധികം ലളിതവുമായ ചില സൂത്രവാക്യങ്ങള്‍ നമുക്കൊന്നു പരിചയപ്പെടാം.
സഹൃദയം സാംമനസ്യമ്, അവിദ്വേഷം കൃണോമി വഃ.
അന്യോ അന്യമഭി ഹര്യത വത്സം ജാതമിവാഘ്‌ന്യാ.
(അഥര്‍വവേദം 3.30.1)
ശബ്ദാര്‍ഥം ഇങ്ങനെയാണ്: (സഹൃദയമ് =) സഹൃദയത അഥവാ പ്രേമഭാവം, (സാംമനസ്യമ് =) ഏകചിത്തത അഥവാ ശുഭവിചാരങ്ങളാല്‍ യുക്തമാകുന്ന മനസ്സ്, (അവിദ്വേഷമ്=) ദ്വേഷമില്ലായ്മ, (വഃ =) നിങ്ങള്‍ക്കായി, (കൃണോമി=) ഞാന്‍ ചെയ്യുന്നു, (ജാതമ്=) പിറന്നുവീഴുന്ന (വത്സമ് =) കന്നുകുട്ടിയോട് (അഘ്‌ന്യാ ഇവ =) ഏതുപോ
ലെയാണോ അമ്മപ്പശുക്കള്‍, അതുപോലെ (അന്യഃ അന്യമ്) = പരസ്പരം, (അഭിഹര്യത =) സ്‌നേഹിച്ചാലും.
അര്‍ഥമിങ്ങനെ സ്വരൂപിച്ചെഴുതാം: ''പരമാത്മാവായ ഞാന്‍ (ഈശ്വരന്‍) സഹൃദയത, സാംമനസ്യം അഥവാ ശുഭവിചാരയുക്തമായ മനസ്സ്, ദ്വേഷമില്ലായ്മ എന്നിവ നിങ്ങള്‍ക്കായി ഉണ്ടാക്കിയിരിക്കുന്നു. നവജാതമായ പശുക്കുട്ടിയെ അമ്മപ്പശു എത്രമാത്രം തീവ്രമായാണോ പ്രേമിക്കുന്നത്, അതേപോലെ നിങ്ങളും പരസ്പരം സ്‌നേഹിച്ചാലും.
എന്തൊരു ഉദാത്തമായ ഭാഷയിലാണ് വേദം സരളമായി കുടുംബജീവിതത്തിന്റെ വിജയസൂത്രം പറഞ്ഞുതരുന്നത്! നാല് വിജയസൂത്രങ്ങള്‍ ഇവിടെ നമുക്ക് കാണാം. അവ കുടുംബജീവിതത്തില്‍ അനുശീലിച്ചാല്‍ വീടൊരു സ്വര്‍ഗമാകുമെന്ന കാര്യം നിസ്സന്ദേഹം പറയാം. സൂത്രങ്ങള്‍ കാണൂ:
1. ഹൃദയ-ഐക്യം
2. മനപ്പൊരുത്തം
3. ദ്വേഷരഹിതമായ അവസ്ഥ
4. പരസ്പരപ്രേമം.
ഹൃദയത്തിന്റെയും മനസ്സിന്റെയും ഏകതയാണ് ഏതൊരു കുടുംബജീവിതത്തിന്റെയും അടിത്തറ. ആ അടിത്തറ ശക്തമാകണമെങ്കില്‍ ദ്വേഷമെന്ന കറ ഒട്ടുമേ ഉണ്ടാകരുത്. ദ്വേഷഭാവത്തെ തീര്‍ത്തും പരിത്യജിക്കുകതന്നെ വേണം.
ലക്ഷ്യം ഒന്നാണെങ്കില്‍പോലും പല കൂട്ടായ്മയിലും പരസ്പരദ്വേഷവും കലഹവും ഈര്‍ഷ്യയും മനോമാലിന്യവും വന്നുചേരാറുണ്ട്. അതോടെ ആ കൂട്ടായ്മയുടെ ചൈതന്യം അസ്തമിക്കുകയും ചെയ്യും. ലക്ഷ്യം എന്നന്നേക്കുമായി ശൂന്യതയില്‍ ലയിക്കുകയും ചെയ്യും. അതിനാല്‍ കുടുംബജീവിതത്തില്‍ അത്തരത്തിലുള്ള വികാരവൈകല്യങ്ങളെ പോറ്റിവളര്‍ത്താതിരിക്കാന്‍ നാം ശ്രമിച്ചുകൊണ്ടേയിരിക്കണം. ഈദൃശമായ ദുര്‍വിചാരങ്ങളുടെ ദുര്‍മനസ്സ് കാണാന്‍ ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ മാത്രം മതി.
വികലമായ ആശയക്കുഴപ്പങ്ങള്‍ കുടുംബത്തില്‍നിന്ന് ഉച്ചാടനം ചെയ്ത് പരസ്പരം പ്രേമാമൃതം ഉണ്ണാന്‍ നമുക്കു കഴിയണം. സഹാനുഭൂതി എന്ന വിശിഷ്ടഗുണത്തെ പോറ്റിവളര്‍ത്താന്‍ നമുക്ക് കഴിയണം. നമ്മുടെ കുടുംബങ്ങളിലെ പ്രേമത്തെ തിരിച്ചറിയാന്‍ വേദം നിര്‍ദേശിച്ച ഉദാഹരണം എത്ര സരളമാണ്! കന്നുകുട്ടിയും അമ്മപ്പശുവും തമ്മിലുള്ള ബന്ധമാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. മനുഷ്യനെ ഉദാഹരണമാക്കിയതേ ഇല്ല. കാരണം, മനുഷ്യന്‍ വളര്‍ന്നുവലുതാകുമ്പോള്‍ സ്വാര്‍ഥികളായിത്തീരുന്നതു നമുക്കു കാണാം. എന്നാല്‍ പശുപക്ഷികളില്‍ അത്തരത്തിലുള്ള സ്വാര്‍ഥതയുടെ ലവലേശം കാണാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം പിറന്നകുഞ്ഞിനെ ഉപേക്ഷിച്ച അച്ഛനമ്മമാരുടെ കഥ പത്രത്തില്‍ നാം വായിച്ചതാണ്. എന്നാല്‍ നൈസര്‍ഗികമായി ഏതൊരു അമ്മയിലും കുഞ്ഞിലും പ്രകൃതി നിറച്ചുവെച്ചിരിക്കുന്ന പ്രേമമെന്ന നിറകുംഭത്തെ നമുക്ക് കാണാന്‍ കഴിയുന്നില്ല. എന്നാല്‍ നിങ്ങള്‍ കണ്ടിട്ടില്ലെ, പിറന്നുവീണ കന്നുകുട്ടിയുടെ അടുത്തെങ്ങാനും ഏതെങ്കിലും അപരിചിതന്‍ വന്നാല്‍ അമ്മപ്പശു മുക്രയിടുന്നത്? എന്തുകൊണ്ടാണിത്? ആ അമ്മപ്പശുവില്‍ കന്നുകുട്ടിയോടുള്ള അതിശയകരമായ പ്രേമമുണ്ട്. അതാണ് ആ അമ്മയിലെ ചേതോവികാരം. കുഞ്ഞിനുവേണ്ടി പ്രാ
ണന്‍ നല്‍കാന്‍പോലും തയ്യാറാകുന്ന അമ്മയെ നമുക്ക് ഈ മൃഗങ്ങളില്‍ കാണാം. ഇത്തരത്തില്‍, നമ്മുടെ വീടുകളിലും, പരസ്പരപ്രേമപാശത്താല്‍ ബന്ധിതരായി നാം മാറണമെന്ന് വേദം ഉപദേശിക്കുന്നു. മഹത്തായ ആ വേദോപദേശം ചെവിക്കൊണ്ട അനേകം ഋഷിമാര്‍ തങ്ങളുടെ കുടുംബജീവിതം ഉത്തമമാതൃകയാക്കി നമ്മുടെ മുന്‍പില്‍ കാട്ടിത്തന്നിട്ടുണ്ട്. ആ മനോജ്ഞസുന്ദരമായ കുടുംബജീവിതം നമുക്കും കൈവരിക്കാന്‍ കഴിയട്ടെ.
ആചാര്യശ്രീ രാജേഷ്
No comments:
Post a Comment