മാറ്റമില്ലാത്തതായും എപ്പോഴും ഉള്ളതെന്നതുമായ പൊരുളേതോ അതു സത്യമെന്ന മുഖവുരയോടുകൂടിയാണ് ഒരു ജിജ്ഞാസു അന്വേഷണമാരംഭിക്കുന്നത്. എന്നിട്ട് മാറ്റമുള്ളതെന്ന കാരണത്താല്‍ അവന്‍ ഈ ലോകത്തെ മിഥ്യയെന്നു തള്ളുന്നു. സത്യം ഇതല്ല, ഇതല്ല, എന്ന് ഒരോന്നിനെയും നിരാകരിച്ച് നിരാകരിച്ച് ഒടുവില്‍ തള്ളാനരുതാത്ത തന്നെത്തന്നെ കാണുന്നു. ഉള്ളതു താനേകന്‍, തനിക്കന്യമായൊന്നുമില്ല എന്നും ബോധിക്കുന്നു. മുന്‍പ് തന്നാല്‍ നിരാകരിക്കപ്പെട്ടവയും തനിക്കന്യമല്ലെന്നു തെളിയുന്നു.
ബ്രഹ്മവും തന്നിലിരിക്കുന്നു എന്ന തന്റെ സാക്ഷാല്‍ക്കാര നിലയില്‍ ഈ ലോകവും (മിഥ്യയല്ല) സത്യമെന്നായിത്തീരുന്നു. അനുഭവത്തില്‍ പെടുന്നത് ഏകം സത്ത്(ഉള്ളത്), അതിനന്യമെന്ന് തള്ളിപ്പറയാനൊന്നുപോലുമില്ല. തള്ളിപ്പറയപ്പെട്ടതും സത്യമായ ഏകവസ്തുവിന്റെ അംശമാണെന്നു കാണാം. അധിഷ്ഠാനജ്ഞാനം കൂടാതെ നാമരൂപാദി വിഷയങ്ങളെ സത്യമെന്നു കരുതുന്നത് അറിവില്ലായ്മയാണ്.
No comments:
Post a Comment