Thursday, June 07, 2018

സംശയമൊന്നുമില്ല. നമ്മളും പാലാഴിമഥനം ആരംഭിക്കേണ്ടിയിരിക്കുന്നു. ഈ പാലാഴിമഥനം എന്നത്‌ നമ്മുടെ ജീവിതം തന്നെയാണ്‌. ഭൂമിയില്‍ ജനിച്ച നാം അനുഷ്ഠിക്കുന്ന കര്‍മങ്ങള്‍ തന്നെയാണ്‌ യഥാര്‍ത്ഥ പാലാഴിമഥനം. പൂരാണത്തില്‍ അത്‌ കാവ്യഭാഷയില്‍ അവതരിപ്പിച്ചു എന്നുമാത്രം. കര്‍മങ്ങളില്‍ നിന്ന്‌ ഫലങ്ങളുണ്ടാകുന്നു. പാലാഴിമഥനകാലത്ത്‌ പല വസ്തുക്കളും ഉയര്‍ന്നുവന്നു എന്ന്‌ പറയുന്നതിന്റെ സൂചന അതാണ്‌. അപ്പോള്‍ നമ്മുടെ ജീവിതമാകുന്ന, കര്‍മാനുഷ്ഠാനമാകുന്ന, പാലാഴി മഥനത്തിലൂടെ വേണം അമൃത്‌ കണ്ടെത്താന്‍. ഈ ലോകത്ത്‌ ജീവിക്കാനും കര്‍മം ചെയ്യാനും ഉള്ള യഥാര്‍ത്ഥമായ അറിവും ജ്ഞാനവും ബോധവും നമുക്ക്‌ ഉണ്ടെങ്കില്‍ മാത്രമേ അമൃത്‌ കണ്ടെത്താനും അത്‌ ഭൂജിച്ച്‌ അമരത്ത്വം നേടാനും സാധിക്കുകയുള്ളൂ.
ഇതില്‍നിന്നും എന്ത്‌ മനസ്സിലാക്കണം? ഈ ലോകത്ത്‌ എങ്ങനെ ജീവിക്കണം, എങ്ങനെ കര്‍മം ചെയ്യണം എന്ന ശരിയായ അറിവ്‌ ഉള്ളവര്‍ക്ക്‌ മാത്രമേ ജരാനരകള്‍ ബാധിച്ച ജീവിതത്തെ അതിക്രമിച്ച്‌ മരണത്തിന്റെ അപ്പുറത്തുള്ള ദിവ്യജീവിതത്തെ കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാത്തവര്‍ കര്‍മത്തിലും അതിന്റെ ഫലങ്ങളിലും കടകംതിരിഞ്ഞ്‌ എല്ലാ കാലത്തും നരകയാതനകള്‍ക്ക്‌ ഇരയായിത്തീരും.
- തഥാതന്‍

No comments: