Thursday, June 07, 2018

ജീവന്റെ മാര്‍ഗം തുറന്നുതന്ന ആചാര്യനെ അവിശ്വസിക്കുകയും തെറ്റിദ്ധരിക്കുകയും ചെയ്യുന്നവരില്‍നിന്ന്‌ ആചാര്യനിലൂടെ വന്നുചേര്‍ന്ന സാന്നിദ്ധ്യം അപ്രത്യക്ഷമായിപ്പോകുന്നു. അതോടെ സത്യവുമായുള്ള ജീവന്റെ ബന്ധം മറയ്ക്കപ്പെടുന്നു. സ്വപ്രയത്നത്തിലൂടെ മാത്രം അടഞ്ഞുപോയ മാര്‍ഗം തുറക്കാന്‍ ഏതൊരാള്‍ക്കും സാധ്യമല്ല. അത്തരത്തിലുള്ളവര്‍ക്ക്‌ രക്ഷപ്പെടണമെങ്കില്‍ വീണ്ടും ആചാര്യന്‍തന്നെ കനിയണം. ചിലപ്പോള്‍ എത്രയോ ജന്മങ്ങള്‍ കഴിഞ്ഞതിന്‌ ശേഷമായിരിക്കും അതിനുള്ള സാഹചര്യം വന്നെത്തുക. മനുഷ്യരെ പരമപദത്തിലേക്ക്‌ ഉയര്‍ത്താന്‍ വരുന്ന ആചാര്യന്മാരുടേയും ധര്‍മപുരുഷന്മാരുടെയും കാര്യമാണ്‌ ഇവിടെ പറഞ്ഞിട്ടുള്ളത്‌. അതേസമയം ആചാര്യവേഷം ധരിച്ച്‌ കാപട്യം കാണിക്കുന്ന എത്രയോ പേര്‍ ഉണ്ടെന്ന വസ്തുതയും നാം വിസ്മരിക്കരുത്‌. നമ്മുടെ മനസ്‌ ശുദ്ധവും നിഷ്കളങ്കവും ആണെങ്കില്‍ ആചാര്യനെ സംബന്ധിച്ചുള്ള തിരിച്ചറിവ്‌ നമുക്ക്‌ ഉണ്ടാകും. ഒരുപക്ഷേ നാം തെറ്റായ സ്ഥലങ്ങളില്‍ എത്തിപ്പെട്ടാലും അത്‌ തിരിച്ചറിയാനുള്ള സന്ദര്‍ഭങ്ങള്‍ കാലംതന്നെ ഒരുക്കിത്തരും. നമ്മുടെ സങ്കല്‍പ്പങ്ങള്‍തന്നെയാണ്‌ നാളെ ജീവിത യാഥാര്‍ത്ഥ്യങ്ങളായിത്തീരുന്നത്‌. നാം വിതച്ചത്‌ നാംതന്നെ കൊയ്യുകയാണ്‌. നമ്മുടെ ഉള്ളില്‍ ഉദിക്കുന്ന ശ്രേഷ്ഠവും പവിത്രവുമായ സങ്കല്‍പ്പങ്ങള്‍ പ്രപഞ്ചശക്തികള്‍ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുകതന്നെ ചെയ്യും...janmabhumi

No comments: