Thursday, June 07, 2018

ആര്‍ത്തവകാലത്ത് ദൈവം പോലും ഞങ്ങളെ മാറ്റി നിര്‍ത്തുന്നു എന്ന് പരാതി പറഞ്ഞ് ബഹളമുണ്ടാക്കുന്ന സ്ത്രീ ജനങ്ങളോട് ഒന്ന് പറഞ്ഞോട്ടെ........ ?
നിങ്ങള്‍ നിങ്ങളുടെ ആര്‍ത്തവ രഹസ്യം എന്തിനീ നാട് മുഴുവന്‍ ചെണ്ട കൊട്ടി അറിയിക്കണം ... ഒരമ്പലത്തിലും സ്ത്രീകള്‍ക്കിത് ആര്‍ത്തവ കാലമാണോന്ന് കണ്ട് പിടിക്കണ ഒരു യന്ത്രവും ആരും സ്ഥാപിച്ചിട്ടില്ല . അതുകൊണ്ട് തന്നെ നിങ്ങള്‍ പറയാതെ ഒരാളും ഇതൊട്ട് അറിയാനും പോകുന്നില്ല .
അതുകൊണ്ട് നിങ്ങള്‍ ധൈര്യമായി അമ്പലത്തിലേക്ക് പോവുക. എന്നിട്ട് എന്താണ് അവിടെ സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം...
ഒന്നും സംഭവിക്കില്ല..... നിങ്ങളെ കണ്ട് ദൈവം ഇറങ്ങിയോടാനും പോവുന്നില്ല .. ശപിച്ച് ഭസ്മമാക്കാനും പോവുന്നില്ല ... അല്ലെങ്കിലും മൂപ്പര്‍ക്കവിടെ ഇരുന്ന് സ്ത്രീകളുടെ ആര്‍ത്തവം നോക്കലോ പുരുഷന്‍റെ ശുദ്ധി നോക്കലോ അല്ലല്ലോ പണി..
എന്നിട്ടും പിന്നെന്തിനാണ് സമൂഹം ഈ സമയത്ത് ഞങ്ങളെ ഇങ്ങനെ പരസ്യമായി മാറ്റി നിര്‍ത്തുന്നത് എന്ന് നിങ്ങള്‍ അമര്‍ഷത്തോടെ ചോദിച്ചാല്‍ ഒന്നേ പറയാനുള്ളൂ , ഹേ സഹോദരീ അത് നിങ്ങളോടുള്ള ഈ സമൂഹത്തിന്‍റെ സ്നേഹമാണ് , ബഹുമാനമാണ് എന്ന് ....!
അതെ... സഹോദരീ , സ്നേഹമാണ് നിങ്ങളോട് , ബഹുമാനമാണ് നിങ്ങളോട് .
അതുകൊണ്ടാണ് പുരാണ കാലം മുതലേ നിങ്ങള്‍ക്കുണ്ടാവുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി സമൂഹം സ്നേഹത്തോടെ , കരുതലോടെ നിങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ വീടുകളില്‍ 'വിശ്രമം ' അനുവദിച്ചത് .
അതുകൊണ്ടാണ് പതിവില്‍ കൂടുതല്‍ ചൂടുള്ള ശരീരവുമായി അസ്വസ്ഥതയോടെ ഇരിക്കുന്ന നിങ്ങള്‍ക്ക് ഈ സമയത്ത് വീട്ടിലുള്ള മറ്റുള്ളവരുടെ ശല്ല്യം ഉണ്ടാവാതിരിക്കാന്‍ നിങ്ങളെ ഒറ്റക്ക് ഒരു മുറിയിലേക്ക് മാറ്റിയിരുത്തിയതും , പ്രത്യേകം പാത്രങ്ങളില്‍ ഭക്ഷണം തന്നതും , പ്രത്യേകം പായയില്‍ നിങ്ങളോട് കിടന്നുറങ്ങാന്‍ പറഞ്ഞതും ...
നിങ്ങളീ സമയത്ത് തുളസി തൊട്ടാല്‍ അത് വാടി പോകുമെന്നും , ഓഷധ സസ്യങ്ങളില്‍ നിങ്ങളുടെ സ്പര്‍ശനം ദോഷമായി ബാധിക്കുന്നുണ്ടെന്നും പട്ടു നൂല്‍പ്പുഴു നിങ്ങളുടെ സ്പര്‍ശനമേറ്റാല്‍ ചത്തു പോവുമെന്നും , നിങ്ങളുടെ ശരീരത്തില്‍ ദോഷകരമായ പല എനര്‍ജികളും ഈ സമയം ഉണ്ടാകുന്നുണ്ട് എന്നും ചില പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് വിശ്വസിക്കാമെങ്കില്‍ വിശ്വസിക്കാം . അല്ലെങ്കില്‍ തള്ളി കളയാം . ഇത്തരം ശാസ്ത്രീയ കണ്ടെത്തലുകളേക്കാള്‍ മുകളിലാണ് സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ . ആ യാഥാര്‍ത്ഥ്യങ്ങളുടെ ആകെ തുക നിങ്ങളോടുള്ള സ്നേഹമാണ് , ബഹുമാനമാണ് ..
അല്ലാതെ ഈ സമയത്ത് നിങ്ങളെ നികൃഷ്ട ജീവികളായി ഒരിക്കലും ആരും കണ്ടിട്ടില്ല .. എവിടെയും നിങ്ങള്‍ക്ക് ആരും ഭ്രഷ്ട് കല്പിച്ചിട്ടുമില്ല .
അല്ലെങ്കിലും ഇങ്ങനെ അസ്വസ്ഥതയോടെ ഇരിക്കുന്ന നിങ്ങള്‍ക്ക് ഒരമ്പലത്തില്‍ പോയാല്‍ എങ്ങനെയാണ് സമാധാനത്തോടെ , സംതൃപ്തിയോടെ , ഏകാഗ്രതയോടെ ഈശ്വരനെ ഭജിക്കാന്‍ കഴിയുക .
അല്ലെങ്കില്‍ ഈ വെള്ളിയാഴ്ച്ച ഗുരുതി ദര്‍പ്പണം നടത്താന്‍ എന്‍റെ അടുത്ത് നിര്‍ബന്ധമായും വരണമെന്നും , വന്നില്ലെങ്കില്‍ ഞാന്‍ ശപിക്കുമെന്നും കാവിലമ്മ നിങ്ങളോടാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ....?
അങ്ങനെ ഏതെങ്കിലും കാവിലമ്മ പറഞ്ഞിട്ടുണ്ടെങ്കില്‍ ഈ ആര്‍ത്തവ സമയത്ത് നിങ്ങളിങ്ങനെ ധൃതിപിടിച്ച് ഓടുന്നതിനെ കുറ്റം പറയാന്‍ പറ്റില്ല ...
അതല്ല ഇനി ഈ ശനിയാഴ്ച്ച നിര്‍ബന്ധമായും വാകചാര്‍ത്ത് തൊഴാന്‍ അമ്പലത്തില്‍ വരണമെന്നും , വന്നില്ലെങ്കില്‍ മാംഗല്ല്യം ഞാന്‍ നടത്തില്ലാന്നും ശ്രീകൃഷ്ണന്‍ നിങ്ങളോടാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ...?
ഇനി അങ്ങനെ വല്ലതും ശ്രീകൃഷ്ണന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങളീ ആര്‍ത്തവ സമയത്ത് ധൃതി പിടിച്ച് അമ്പലത്തിലേക്ക് ഓടുന്നതിനെ കുറ്റം പറയാന്‍ പറ്റില്ല ..
പക്ഷെ ഒരു വേദപുസ്തകത്തിലും ഇന്ന ദിവസം നിര്‍ബന്ധമായും എന്നെ ഭജിക്കാന്‍ വരണമെന്ന് ഒരു ദൈവവും പറഞ്ഞതായി ഞാന്‍ എവിടെയും കേട്ടിട്ടില്ല .
ഒരു വേദപുസ്തകത്തിലും ആര്‍ത്തവ സമയത്ത് സ്ത്രീകളെ ഇങ്ങനെ മാറ്റി നിര്‍ത്തണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നുമില്ല .
കാരണം സര്‍വ്വചരാചരങ്ങളിലും കുടി കൊള്ളുന്ന ദൈവത്തിനെന്ത് ആണും പെണ്ണും .
എങ്കിലും യഥാര്‍ത്ഥ ഭക്തിയാണ് ക്ഷേത്ര ദര്‍ശനം കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഏതൊരാണും പെണ്ണും ക്ഷേത്ര ദര്‍ശനത്തിന് മുന്‍പ് ചില ശുദ്ധികള്‍ പാലിക്കണം . മനശുദ്ധിയും ശരീര ശുദ്ധിയും ആചാര ശുദ്ധിയും വാക് ശുദ്ധിയും കര്‍മ്മ ശുദ്ധിയുമാണ് ക്ഷേത്ര ദര്‍ശനത്തിനായി പാലിക്കേണ്ട അഞ്ച് ശുദ്ധികള്‍ .
ഈ ശുദ്ധി പാലിച്ച് അമ്പല നടയിലേക്ക് വലതു കാല്‍ വച്ച് കയറി ഏകാഗ്രതയോടെ ഈശ്വരനെ ഭജിക്കുന്ന ഏതൊരു ഭക്തനും കിട്ടുന്ന അനുഭൂതി വളരെ വലുതായിരിക്കും . അവന്‍റെ ചിന്തയിലും പ്രവൃത്തിയിലും ആ ചൈതന്യം ഉണ്ടാവുകയും ചെയ്യും . അതാണല്ലോ ഈശ്വര ദര്‍ശനം കൊണ്ട് നമ്മളുദ്ദേശിക്കുന്നതും ..
അതല്ലാതെ തലവേദനയും ക്ഷീണവും അസ്വസ്ഥതയും , ശരീരം വൃത്തിയല്ലെന്നുള്ള തോന്നലും കൊണ്ട് അമ്പലത്തില്‍ ചെന്നിട്ട് എന്ത് കിട്ടാനാ... വെറുതെ സമയം കളയാന്നല്ലാണ്ട് .
ഇനി അതല്ല ഈ ദിവസങ്ങളില്‍ ഈശ്വരനെ ഭജിച്ചേ മതിയാവൂ എന്നാണെങ്കില്‍ വീട്ടിലിരുന്ന് ഭജിച്ചാ പോരേ.. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമില്ലേ ഈശ്വരന്‍...
ഒന്നുകില്‍ അഞ്ച് ശുദ്ധിയുമായി ക്ഷേത്രത്തിന്‍റെ ആചാരമനുസരിച്ച് പോവുക . അതിന് കഴിയാത്ത സമയം വീട്ടിലിരുന്ന് ഭജിക്കുക .
ഇനി ഇതൊന്നുമല്ല , ഒരു പിക്നിക്കാണ് ക്ഷേത്ര ദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ ആര്‍ത്തവ സമയത്ത് ആരോടും പറയാതെ നിങ്ങള്‍ ക്ഷേത്രങ്ങളിലേക്ക് പോവുക . ആരും അറിയില്ല ,
നിങ്ങളുടെ മനസ്സാക്ഷിയല്ലാതെ....... !
Kadappadu : guru paramparayodu

No comments: