Tuesday, January 15, 2019

*ശ്രീമദ് ഭാഗവതം32*

ഈ ധ്യാനം എന്ന് പറയണതേ എളുപ്പത്തിലൊന്നും വരില്ല്യ. ഒരു ലൈറ്റ് കൊളുത്തി വെച്ച് ഒരു ഇരുട്ട് മുറിയിൽ ഇരുന്നാലേ തലയ്ക്ക് കിറുക്ക് പിടിക്കും എന്നല്ലാതെ ധ്യാനം ഒന്നും വരില്ല്യ. ഉയർന്ന ആവിർഭാവത്തിൽ ഭഗവാന്റെ ഏതെങ്കിലും മൂർത്തി കാണണം. ഗുരുവായൂരപ്പനെ കാണേണ്ട രീതിയിൽ കാണുന്ന ഭക്തന്മാർ ആണെങ്കില് മെഡിറ്റേഷന്റെ ക്ലാസ്സ് ഒന്നും എടുത്ത് കൊടുക്കേണ്ട. ഒരു അമ്മയ്ക്ക് കുട്ടിയെ സ്നേഹിക്കാൻ ആരെങ്കിലും ക്ലാസ്സ് എടുത്ത് കൊടുക്കോ. ഭഗവാന്റെ ഉന്നത ആവിർഭാവത്തിലുള്ള ഏതെങ്കിലും ഒരു മൂർത്തിയെ അല്ലെങ്കിൽ അതേ നിലയിലുള്ള ഭഗവദ്സ്വരൂപികളായ മഹാത്മാക്കളെ ഒന്ന് കണ്ടിട്ടണ്ടെങ്കിൽ അവരുടെ ദൃഷ്ടി നമ്മുടെ മേലെ വീണിട്ടുണ്ടെങ്കിൽ അത് മാത്രം മതിയാകും.

രമണഭഗവാന്റെ പരമഭക്തനായ ഒരു മഹാത്മാവ് മുരുഗനാർസ്വാമി. മുപ്പതിനായിരം തമിഴ് പാട്ടുകൾ എഴുതീട്ടണ്ട് അദ്ദേഹം. ഒരു പത്ര റിപ്പോർട്ടർ ചോദിച്ചു. സ്വാമി അങ്ങ് എന്തു സാധന ചെയ്തു എന്തു ധ്യാനം ചെയ്തു. സാധനയോ  (ദേഷ്യം) എനിക്ക് കണ്ണടക്കാനേ എന്റെ ഗുരു സമയം തന്നിട്ടില്ല്യ. ഭഗവാന്റെ ഏതെങ്കിലും രൂപം മുമ്പില് കണ്ടിട്ടുണ്ടെങ്കിൽ ഏതെങ്കിലും ഭാവദർശനം മുമ്പില് ണ്ടായിട്ടുണ്ടെങ്കിൽ ഏതെങ്കിലും മഹാത്മാക്കളുടെ ദർശനം മുമ്പില് ണ്ടായിട്ടുണ്ടെങ്കിൽ അവർക്ക് ധ്യാനത്തിനെ കുറിച്ച് പറഞ്ഞൊന്നും കൊടുക്കേണ്ട. ആ ഒരു നോട്ടം ഒരു ദർശനം ഒരു ദൃഷ്ടി നമ്മുടെ മേലെ വീണാല് അത്   നമുക്ക് മറക്കാനേ പറ്റില്ല്യ. ജീവിതം മുഴുവൻ അതു മതി.

ഇവിടെ ഭീഷ്മര് മരിക്കാൻ കിടക്കുമ്പഴും പറയുന്നത് അതാണ്. കൃഷ്ണൻ എന്നെ ഒന്ന് നോക്കി. അതെങ്ങനെ നോക്കി. രഥം കൊണ്ട് വന്നു നിർത്തി. ആ ഇടുപ്പില് കൈ വച്ച് അങ്ങട് നിന്നു ഓരോരുത്തരെ ആയി നോക്കി.

ആ ദൃഷ്ടി,
പരസൈനിക ആയു: അഷ്ണാ ഹൃതവതി.
ഹൃദയത്തിനെ ഹരിച്ചു. .

ഭഗവാൻ നമ്മളെ ഹരിച്ചു കഴിഞ്ഞാൽ നമുക്ക് ധ്യാനം വരും. രാമകൃഷ്ണദേവന്റെ മുമ്പില് ഇരുന്ന് കുറേ ഭക്തന്മാര് കണ്ണടച്ച് ധ്യാനിക്കുമ്പോ രാമകൃഷ്ണദേവന്റെ ഒരു ഭക്തൻ ഗിരീഷ് ചന്ദ്രഘോഷ് അദ്ദേഹം അവിടെ ലഹള കൂട്ടുകായിരുന്നു. ധ്യാനിച്ചു കൊണ്ടിരുന്ന ഒരാൾ ചോദിച്ചു. എന്താ ഗിരീഷ് ലഹള കൂട്ടണേ. ഇവരൊക്കെ ധ്യാനിക്കുന്നത് കണ്ടില്ലേ. ഓ വല്യ മഠയന്മാര്, ഇരുന്ന് ധ്യാനം ചെയ്യണു. ഏത് മൂർത്തിയെ ധ്യാനിക്കുന്നുവോ ആ മൂർത്തി മുമ്പില് ഇരിക്കുമ്പോ നിങ്ങള് കണ്ണടച്ച് എന്തിനാ ഇരിക്കണത്. ഇപ്പൊ കണ്ണടച്ച് എന്താ ധ്യാനം ചെയ്യണത്. 

ദർശനത്തിന് ഒരു ഭാഗ്യം കിട്ടിയാൽ മറക്കാനേ വയ്യ. ഭഗവാൻ എന്റെ നേർക്ക് വന്നു നിന്നങ്ങനെ നോക്കി.

പരസൈനിക ആയു: അഷ്ണാ ഹൃതവതി

സ്നേഹത്തോടെ നോക്കല് ഉദാസീനത്തോടെ നോക്കല് എല്ലാറ്റിനേക്കാളും ബലം എന്തിനാ അറിയോ? ദേഷ്യത്തോടെ നോക്കല്.

സ്വനിഗമമപഹായ മത്പ്രതിജ്ഞാ-
മൃതഅധികർത്തും അവപ്ലതോ രഥസ്ഥ:
ധൃതരഥചരണോഽഭ്യയാച്ചലദ്ഗുർ-
ഹരിരിവ ഹന്തുമിഭം ഗതോത്തരീയ:

ഭീഷ്മർ അതിഭയങ്കരമായി യുദ്ധം ചെയ്തു. പാണ്ഡവസൈന്യം മുഴുവൻ നശിച്ചു പോകും എന്ന ഘട്ടം വന്നു. അർജുനന് മുത്തശ്ശൻ ന്നുള്ള ഭാവമേ വിട്ടു പോകണില്ല്യ. അർജുനൻ ഭീഷ്മരുടെ മുമ്പിൽ യുദ്ധം ചെയ്യില്ല്യ. ഭഗവാന് മതിയായി. അർജുനനോട് പറഞ്ഞു. തനിക്ക് പറഞ്ഞു തന്നാലും മനസ്സിലാവില്ല്യ. ഞാൻ ഇന്ന് കാണിച്ചു തരാം എന്ന് പറഞ്ഞു ഭഗവാൻ രഥചക്രം എടുത്ത് കൊണ്ട് തേർതട്ടിൽ നിന്ന് ചാടി. ചാടുമ്പോൾ ഭഗവാന്റെ ഉത്തരീയം പറന്ന് തേർതട്ടിൽ വീണു. സിംഹം ഒരു ആനയെ അടിക്കാനായിട്ട് ചാടി വരുന്നതുപോലെ ആ രൂപം അങ്ങനെ ഭീഷ്മരെ തന്നെ തുറിച്ചു നോക്കി കൊണ്ട് ഇപ്പൊ വധം ചെയ്യും എന്നുള്ള മട്ടില് വരുമ്പോ, ഭഗവാന്റെ കൃപ അങ്ങനെ ആണേ ഈ ജീവന്റെ മുമ്പിലേയ്ക്ക് വരിക. തന്നെ ഞാൻ ഇപ്പൊ വിഴുങ്ങും എന്നുള്ള മട്ടിലാ. ആ വരുന്ന വരവ് ഭീഷ്മര് അങ്ങനെ നോക്കി നിന്നു.  ഭീഷ്മർ പറഞ്ഞു. ഭഗവാനേ ഇതിനേക്കാളും എന്തു ഭാഗ്യം.

മത്പ്രതിജ്ഞാമൃതഅധികർത്തും അവപ്ലതോ രഥസ്ഥ:

അർജുനൻ കാല് കെട്ടി പിടിച്ചു. ഭഗവാനേ അരുത്. അവിടുന്ന് പ്രതിജ്ഞാലംഘനം ചെയ്യരുത്. ഭഗവാൻ പറഞ്ഞു. എനിക്ക് പ്രതിജ്ഞ ഒന്നും പ്രശ്നം ല്ല്യ. അത് ഈ ഭീഷ്മർക്കാണ്. അദ്ദേഹത്തിന്റെ പ്രതിജ്ഞ കാരണമാണ് യുദ്ധമേ നടക്കണത്. അർജുനൻ അപ്പോ കരഞ്ഞു വിളിച്ചു ഞാൻ യുദ്ധം ചെയ്യാം യുദ്ധം ചെയ്യാം എന്ന് പറഞ്ഞ്. അപ്പോ ഭഗവാൻ ഭീഷ്മരെ നോക്കി ഒന്ന് ചിരിച്ചിട്ട് പോയത്രേ. ഹേ ഭഗവാൻ, ആ ചിരി ഞാൻ എങ്ങനെ മറക്കും. ഇങ്ങനെ പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് പതുക്കെ പതുക്കെ മധുരഭാവത്തിലേക്ക് വന്നു ഭഗവാൻ.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi Prasad 

No comments: