Tuesday, January 15, 2019

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-83

രാമനും സീതയും ലക്ഷ്മണനുമാകുന്ന സംഘം കുറേ ദൂരം നടന്നു. ' തള് തള്' എന്ന ശബ്ദം കേട്ട് ദൂരേയ്ക്ക് നോക്കി. ഒരു വശം കറുത്ത ജലം കുതിച്ച് വരുന്നു ഒരു വശത്ത് ശുഭ്ര വർണത്തിൽ ജലം വരുന്നു. അത് ഗംഗയും യമുനയുമായി സംഗമിക്കുന്ന പ്രയാഗമാണ്. യമുന ഗംഗയിൽ വന്ന് ചേരുമ്പോൾ ഉള്ള അലയുടെ ശബ്ദം. പ്രയാഗ ദേശത്തെ നോക്കി
എത്ര ഭാഗീരതീം ഗംഗാം
യമുനാഭി പ്രവർത്തതേ
ജഗ് മുസ്തം ദേശ മുദ്ധിഷ്യ
ദിഗാഹ്യ സുമഹത് വനം
കാശിക്കടുത്തുള്ള കൊടും കാട്. നിബിഡമായ വന പ്രദേശം. ഇപ്പോഴൊന്നും അത്ര കാണാൻ സാധിക്കുന്നില്ല അത്തരം വനങ്ങൾ. നിറയെ പ്ലാശ് അഥവാ ചമത വൃക്ഷങ്ങൾ, ഇലന്ത പഴങ്ങൾ കായ്ച്ച് നിൽക്കുന്നു, നിറയെ മാമ്പഴം പിന്നെ ഒട്ടനേകം അപൂർവ്വമായ പഴങ്ങളും കുലച്ചു നിൽക്കുന്നു. കാട്ടിൽ മാത്രമുണ്ടാകുന്ന കാനന ഫലങ്ങൾ ഔഷധികൾ ഇതെല്ലാം രാമൻ സീതയ്ക്ക് കാണിച്ചു കൊടുത്തു കൊണ്ട് പോവുകയാണ്.

 വനത്തിനുള്ളിൽ പോകെ പോകെ ലൗകിക ദുഃഖങ്ങളൊക്കെ മങ്ങി തുടങ്ങി. നിബിഡവനത്തിലൂടെ യാത്ര ചെയ്ത് അവർ ഭരദ്വാജന്റെ ആശ്രമത്തിലെത്തി. രാമൻ വരുന്നത് മുൻകൂട്ടി അറിഞ്ഞിരുന്നു ഭരദ്വാജർ.

രാമനെ സ്വാഗതം ചെയ്യാൻ ശിഷ്യരുമൊത്ത് പുറത്തേയ്ക്ക് വന്നു ഭരദ്വാജർ. മഹർഷിയെ കണ്ടാൽ
സപ് പ്രപിഷ്യ മഹാത്മാനം
ഋഷിം ശിഷ്യ ഗണെഹി വൃതം
സംശിതവ്രതം ഏകാഗ്രം
തപസാ ലബ്ദ ചക്ഷുഷം
ഹുതാഗ്നിഹോത്രം ദൃഷ്ട്വവ
മഹാഭാഗ ഹൃദാജ്ഞലിഹി
രാമ സൗമിത്രിണാസാർദ്ദം
സീതയാ ച അഭ്യവാതയത്
തപസ്സിനാൽ സുവർണ്ണ വർണ്ണത്താൽ ജ്വലിക്കുന്ന ദേഹം. യാതൊരു ചാപല്യവുമില്ലാത്ത ദൃഷ്ടി. തപസ്സിനാൽ ഉൾകണ്ണ് തുറന്നിരിക്കുന്നു എന്ന് കണ്ടാലേ അറിയും. അഗ്നിഹോത്രം ചെയ്ത് അഗ്നി പോലെ ജ്വലിച്ചു നിൽക്കുന്നു.

രാമൻ ലക്ഷ്മണനും സീതയോടും കൂടി സാഷ്ടാംഗം വീണ് നമസ്കരിച്ചു. ഞങ്ങൾ ദശരഥ പുത്രൻമാരെന്ന് പരിചയപ്പെടുത്തി.ഭരദ്വാജ മഹർഷി ചിരിച്ചു എത്ര നാളായി നിന്നെ കാത്തിരിക്കുന്നു. വനവാസത്തിനയച്ച കഥയെല്ലാം ഞാൻ അറിഞ്ഞിരിക്കുന്നു. ഈ ആശ്രമത്തിൽ കഴിയാം അതിനു വേണ്ട സൗകര്യങ്ങൾ ചെയ്തു തരാം.

രാമൻ പറഞ്ഞു ഞാൻ ഇവിടെ കഴിഞ്ഞാൽ എന്നെ കാണാൻ ജനങ്ങൾ വന്നു കൊണ്ടിരിക്കും. ആശ്രമത്തിലെ ശാന്തി നശിക്കും. അതിനാൽ ഇവിടെനിന്ന് അല്പം ദൂരത്ത് ഏകാന്തമായൊരിടം എനിക്കങ്ങ് കാട്ടി തരണം.

ഇവിടെ നിന്ന് ഒരു ദശക്രോഷം അകലെ പോയാൽ ഒരു പർവ്വതമുണ്ട്. അവിടെ വലിയ മഹർഷിമാർ തപസ്സു ചെയ്യുന്നുണ്ട്. അടുത്ത് തന്നെ നദിയുണ്ട്. കുരങ്ങും, കരടിയും, പുലിയുമെല്ലാമുള്ള ഇടമാണ്. ചിത്രകൂടം എന്നാണ് സ്ഥലത്തിന്റെ പേര്. ചിത്രകൂടം സാമാന്യമായി മനസ്സിന് സമാധാനം നല്കുന്ന ഒരിടമാണ്.

Nochurji 🙏🙏

No comments: