ഒരാളുടെ കണ്ണുകള്‍ മറച്ച് അയാളെക്കൊണ്ട് കടിയെറുമ്പുകള് നിറഞ്ഞ ഒരു സ്ഥലത്ത് കൊണ്ടു നിര്‍ത്തിയിട്ട് ആ ഉറുമ്പുകളെയും അതിന്റെ കടിയേറ്റ ആളിനെയും ഉപദ്രവിച്ചുകൊണ്ട് സന്തോഷിക്കുന്നത് തിന്മയാണ്! നടന്നുപോകുന്ന വഴിയില്‍ ഉറുമ്പിന് കൂട്ടത്തെ കണ്ടാല്‍ പുറകേ വരുന്നയാളോട് ശ്രദ്ധിച്ച് പോകൂ എന്നു പറഞ്ഞ് ഇരു ജീവികളെയും സംരക്ഷിക്കുന്നതാണ് നന്മ! അതാണ് പരിപാലനം! പരിശുദ്ധിയില്‍ നിന്നാണ് ഇങ്ങനെ നേരും നന്മയും ഉണ്ടാകുന്നത്. ഭരണതലത്തില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും ഈ നേരും നന്മയും വിശ്വാസ്യതയും ആണ്! അത് നഷ്ടപ്പെട്ടാല്‍ പിന്നെ ജനഹൃദയങ്ങളില്‍ സ്ഥാനം ഇല്ല! ഭരണം ഒഴിഞ്ഞതിനു തുല്യമാണത്!
പരിശുദ്ധി നഷ്ടപ്പെട്ടവരുടെ കീഴില്‍ കഴിയുന്ന ജനതയ്ക്കു ഒരിക്കലും സ്വസ്ഥത ലഭിക്കില്ല! നന്മയും തിന്മയും രണ്ടുരീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. നന്മ എപ്പോഴും ശരിയായ വഴിയിലും തിന്മ എപ്പോഴും തെറ്റായ വഴിയിലും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ശബരിമലയില്‍ നടന്ന ചതിപ്രയോഗവും 'തിന്മയുടെ മാര്‍ഗ്ഗ'മാണ്. ചതിച്ചത് ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയെ അല്ല. സന്ന്യാസധര്മ്മത്തില് അധിഷ്ഠിതമായ ഒരാചാരാനുഷ്ഠാനപദ്ധതിയെയാണ്! ധര്മ്മമാര്ഗ്ഗത്തെയാണ്! കോടതിയോ യുക്തിവാദിയോ സാധാരണക്കാരോ സയന്റിസ്റ്റുകളോ സ്ത്രീകളോ പുരുഷന്മാരോ ബുദ്ധിജീവികളോ അല്ല ഹൈന്ദവധര്‍മ്മവും അതിന്റെ വ്രതാനുഷ്ഠാനപദ്ധതിയും തീരുമാനിച്ചത്!
നോക്കൂ പ്രത്യക്ഷമായി അഴിമതിക്കും അക്രമത്തിനും അടിച്ചമര്‍ത്തലിനും പീഡനത്തിനും വഴിയൊരുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്!!! ഒരു ഭരണകൂടത്തിന്റെ ഏറ്റവും വലിയ കഴിവുകേടും കുറ്റവുമാണ് നാട്ടില്‍ കലാപവും വിഭാഗീയതയും സൃഷ്ടിക്കുന്നു എന്നത്! 'വിനാശകാലേ വിപരീത ബുദ്ധി' എന്നപോലെ സര്‍വ്വനാശമാണ് ഫലം! ഭരണപക്ഷം എന്താണ് ചെയ്യുന്നതെന്നു സൂക്ഷ്മമായി പരിശോധിച്ചു നോക്കൂ.
''കൊല്ലുന്നതിനേക്കാള്‍ പാപം കൊല്ലാന്‍ പ്രേരിപ്പിക്കുന്നതാണ്.''- എന്നാണ് ശ്രീനാരായണഗുരുസ്വാമികള്‍ പറയുന്നത്. സത്യധര്‍മ്മങ്ങളെ പാലിക്കേണ്ടവര്‍ തന്നെ കാപട്യത്തിനും അക്രമങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കും അഴിമതിക്കും കാവല്‍ നിന്നാല്‍ ആരാണ് യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്യുന്നത്? ആരാണ് സംരക്ഷിക്കേണ്ടത്? 'യഥാ രാജാ തഥാ പ്രജാ' എന്ന സ്ഥിതി! രാജാവ് കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുകയും പ്രജകള്‍ ആത്മവിശ്വാസത്തോടെ കുറ്റം ചെയ്യുകയും ചെയ്യുന്ന അവസ്ഥ വന്നു! ഇതിനെയാണ് അരാജകത്വം എന്നു പറയുന്നത്! ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതും അതാണ്!
അതിന് ഏറ്റവും വലിയ ഉദാഹരണം- സ്വന്തം പ്രസ്ഥാനത്തിനകത്ത് ഒരു സ്ത്രീപീഡനം നടന്നാല്‍ പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ വാങ്ങികൊടുക്കാന്‍ കഴിയണം. അല്ലാത്ത പക്ഷം അതേ കുറ്റം ചെയ്യുന്ന എല്ലാപേര്‍ക്കും രക്ഷപ്പെടാനുള്ള ഒരു പഴുത് നിയമത്തില്‍ സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുക! കുറ്റകൃത്യങ്ങള്‍ നിയമത്തിനു മുന്നില്‍ വരാതെ സംഘടനാതലത്തില്‍ ഒതുക്കിതീര്‍ക്കാനുള്ള പഴുത് സൃഷ്ടിക്കുകയാണുണ്ടായത്! നിയമത്തെയും പ്രജകളെയും സംരക്ഷിക്കുന്നവരുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു രക്ഷാസാദ്ധ്യത സൃഷ്ടിക്കപ്പെട്ടുകൂടാത്തതാണ്! വേണ്ടുന്നിടത്ത് നിയമം പ്രയോഗിക്കാതിരിക്കുകയും വേണ്ടാത്തിടത്ത് അത് പ്രയോഗിക്കാന്‍ ബലം പ്രയോഗിക്കുകയും ചെയ്യുന്നു! അനീതി എന്നത് ഇതാണ്! ധാര്‍മ്മികതയോ നൈതികതയോ രണ്ടും നഷ്ടപ്പെടുന്ന അവസ്ഥ!
ഒരാള്‍ നിരീശ്വരവാദിയോ ഈശ്വരവിശ്വാസിയോ ആയിരിക്കട്ടെ. ഒരാള്‍ കമ്മ്യൂണിസ്റ്റോ കോണ്‍ഗ്രസോ ബി.ജെ.പി.യോ ആയിരിക്കട്ടെ. ഒരാള്‍ ക്രിസ്ത്യനോ ഹിന്ദുവോ ഇസ്ലാമോ ആയിരിക്കട്ടെ. എന്നാല്‍ ഭരണാധികാരം ഏറ്റാല്‍ നാം അറിഞ്ഞിരിക്കേണ്ട ഒരു സാമാന്യതത്ത്വം ഉണ്ട്. എല്ലാപേരുടെയും വിശ്വാസപ്രമാണങ്ങളെ ആദരിക്കേണ്ടതുണ്ട്, സ്വയം എന്തു വിശ്വാസപ്രമാണമാണോ ഉള്ളത് അതിനെ അടിച്ചേല്‍പ്പിക്കുവാന്‍ പാടില്ല എന്ന തത്ത്വം പാലിക്കേണ്ടതുണ്ട്! അതും ഉണ്ടാകുന്നില്ല!
ഈ പോസ്റ്റില്‍ പ്രതികരിക്കുന്നവരോട് ഒരു കാര്യം പ്രത്യേകം പറയുന്നു. ഞാന്‍ കോണ്‍ഗ്രസോ ബി.ജി.പി.യോ കമ്മ്യൂണിസ്റ്റോ അല്ല. 'മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതി' എന്നു പറയുന്നതു പോലെതന്നെ, പാര്‍ട്ടി ഏതായാലും നല്ല മനുഷ്യനാണോ എന്നു മാത്രമേ പൊതുജനം നോക്കേണ്ടതുള്ളു. ഭരണതലത്തിലെ കഴിവുകേടും സ്വാര്‍ത്ഥതയും കൊണ്ട് സംഭവിക്കുന്ന ഈ അരാജകത്വത്തിന് എന്താണ് പരിഹാരം? ഈ തിന്മകളെ മുഴുവന്‍ പുറത്തു കൊണ്ടു വന്നു ജനങ്ങളെ ബോധിപ്പിക്കുന്നു എന്നതുതന്നെ പരിഹാരം ആണ്. ..krishnakumar kp
No comments:
Post a Comment