ജാതിപാര്‍ക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും
നാവുകൂടാതെ ജാതന്മാരാകിയ
മൂകരയെങ്ങൊഴിച്ചുള്ള മാനുഷര്‍
എണ്ണമറ്റ തിരുനാമമുള്ളതില്‍
ഒന്നുമാത്രമൊരിക്കലൊരുദിനം
സ്വസ്ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്‌നത്തില്‍ താനറിയാതെയെങ്കിലും
മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും
മറ്റൊരുത്തര്‍ക്കുവേണ്ടിയെന്നാകിലും
ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും
അതുമല്ലൊരു നേരമൊരുദിനം
ചെവികൊണ്ടിതു കേട്ടുവെന്നാകിലും
ജന്മസാഫല്യമപ്പൊഴേ വന്നുപോയ്
ബ്രഹ്മസായുജം കിട്ടീടുമെന്നല്ലോ
ശ്രീധരാചാര്യര്‍ താനും പറഞ്ഞിതു
ബാദരായണന്‍ താനുമരുള്‍ ചെയ്തു
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
വേദങ്ങള്‍ പഠിക്കുന്ന ശ്രേഷ്ഠനായ വൈദിക ബ്രാഹ്മണനാവട്ടെ, ചണ്ഡാലകുലത്തില്‍ പിറന്നവനാവട്ടെ, സംസാരശേഷിയുള്ള ആരായാലും ദിവസത്തില്‍ ഒരിക്കലെങ്കിലും ഉണര്‍ന്നിരിക്കുമ്പോഴോ സ്വപ്‌നത്തിലോ താനറിയാതെയെങ്കിലും ഈശ്വരനാമമുരുവിട്ടാല്‍ അതിന് ഫലമുണ്ടാവും, തീര്‍ച്ച. വിഷ്ണുവിനും ദേവിക്കും പരമശിവനുമൊക്കെ സഹസ്രനാമങ്ങളുണ്ടല്ലോ. ആ തിരുനാമങ്ങളില്‍ ഒന്നെങ്കിലും, ഭക്തിപൂവര്‍മോ, പരിഹാസത്തോടെയോ, അവനവനുവേണ്ടിയോ, അന്യനുവേണ്ടിയോ, ജപി
ക്കുകയോ കേള്‍ക്കുകയോ ചെയ്താല്‍ പോലും ജന്മസാഫല്യം കൈവരുമെന്ന് ശ്രീധരാചാര്യര്‍ പറഞ്ഞിട്ടുണ്ടല്ലോ. ഭാഗവതത്തിന് വ്യാഖ്യാനം രചിച്ചിട്ടുള്ള പണ്ഡിതാഗ്രേസരനായിരുന്നു ശ്രീധരാചാര്യര്‍. ഭാഗവതകര്‍ത്താവും വേദങ്ങളെ ക്രോഡീകരിച്ച മഹാമുനിയുമായ ബാദരായണന്‍ (വേദവ്യാസന്‍) പറഞ്ഞുതന്നതും മറ്റൊന്നല്ല. ഭഗവദ്ഗീതയും ഉദ്‌ഘോഷിച്ചിട്ടുണ്ട് നാമസങ്കീര്‍ത്തനത്തിന്റെ മഹത്വത്തെപ്പറ്റി.
ഈശ്വരനാമം ജപിക്കുന്നതില്‍നിന്ന് ആരെയും വിലക്കിയിട്ടില്ല. മുജ്ജന്മപാപങ്ങളുടെ ഫലമായി ചണ്ഡാലകുലത്തില്‍ പിറന്ന, കുഷ്ഠരോഗിയും അന്ധയുമായ ഒരു സ്ത്രീ, ശിവരാത്രി നാളില്‍ 'ശിവ ശിവ!' എന്ന് ജപിച്ചതിന്റെ ഫലമായി അവര്‍ക്ക് മോക്ഷം കിട്ടിയ കഥ ശിവപുരാണത്തിലുണ്ട്. അത്രയ്ക്ക് മഹത്തരമാണ് ഈശ്വരനാമോച്ചാരണം എന്ന് കവി ആവര്‍ത്തിച്ച് പറയുന്നു.
No comments:
Post a Comment