Tuesday, February 19, 2019

വാഗ്ദേവികളാൽ പറയപ്പെട്ടിട്ടുള്ളതും രഹസ്യങ്ങളിൽ വച്ച് അതിരഹസ്യമെന്ന് പ്രസിദ്ധമായിട്ടുള്ളതും ശാക്തേയസംപ്രദായത്തിൽ പരമപ്രധാനമായിട്ടുള്ളതുമാണ് ശ്രീലളിതാസഹസ്രനാമം. പൂജനീയരായ ശ്രീഭാസ്കര റായർ, ശ്രീ ഭട്ടനാരായണൻ, ബ്രഹ്മശ്രീ സുബ്രഹ്മണ്യ അയ്യർ, ശ്രീ കണ്ടിയൂർ മഹാദേവശാസ്ത്രികൾ തുടങ്ങിയ മഹാരഥന്മാർ ശ്രീലളിതാസഹസ്രനാമത്തിന് വ്യാഖ്യാനം രചിച്ചിട്ടുണ്ട്. എങ്കിലും ശാസ്ത്രസമ്മതമായും ശ്രുതിയുക്തിപ്രാമാണ്യത്തോടും പൂർവാപര യുക്തിയോടും കൂടി ഒരു വ്യാഖ്യാനം ലഭ്യമായിട്ടില്ല. ഈ അവസരത്തിൽ ശ്രീലളിതാപരമേശ്വരിയുടെ ഇച്ഛയാലും കാരുണ്യത്താലും ഹൃദയരഞ്ജിനീ എന്ന പേരോടു കൂടിയ ഒരു വ്യാഖ്യാനം രചിക്കുവാനുള്ള നിയോഗം ഞങ്ങളിൽ എത്തിച്ചേര്ന്നു. ജഗദീശ്വരിയുടെ കൃപയാൽ രഹസ്യങ്ങളിൽ അതിരഹസ്യമായ ഈ സഹസ്രനാമത്തിന് നിലവിലുള്ള വ്യാഖ്യാനങ്ങളിൽ നിന്നും ഭിന്നമായതും ശാസ്ത്രസമ്മതവുമായ ഒരു വ്യാഖ്യാനം ഏകദേശം ഒന്നരവര്ഷത്തെ സ്വാധ്യായത്തിനുശേഷം പൂര്ത്തീകരിക്കപ്പെട്ടിരിക്കുന്നു.
ലളിതാസഹസ്രനാമത്തിലെ രഹസ്യമെന്ത് എന്ന ചോദ്യത്തിനുത്തരം തരുവാൻ സാക്ഷാത് ജഗദംബികയ്ക് മാത്രമേ കഴിയുകയുള്ളു. സകലശാസ്ത്രപാരംഗതനായ ഇന്ദ്രനുപോലും ജ്ഞാനസമ്പാദനത്തിന് ഉമാഹൈമവതീ സ്വരൂപിണിയായ ദേവിയുടെ കൃപ ആവശ്യമായി വന്നു. അതുപോലെ തന്നെ ഹൃദയരഞ്ജിനീ വ്യാഖ്യാനത്തിലൂടെ വെളിവാക്കപ്പെടുന്ന നാമരഹസ്യങ്ങൾ ജഗദീശ്വരി ഞങ്ങളിലൂടെ പ്രത്യക്ഷമാക്കി എന്നുമാത്രമേയുള്ളു. ദേവീകൃപ കൂടാതെ ഈ തത്ത്വത്തെ ബോധിക്കുവാൻ ആര്ക്കും കഴിയുകയില്ല എന്ന് ഞങ്ങളുടെ സ്വാനുഭവത്തിലൂടെ തന്നെ വ്യക്തമായതാണ്.
ശ്രീലളിതാസഹസ്രനാമം പൊതുവെ ഒരു താന്ത്രികസ്തോത്രഗ്രന്ഥമായാണ് അറിയപ്പെടുന്നത്. എന്നാൽ ഹൃദയരഞ്ജനീ വ്യാഖ്യാനത്തിന്റെ വെളിച്ചത്തിൽ ഇത് കേവലമൊരു സ്തോത്രഗ്രന്ഥം മാത്രമല്ല എന്നും ആത്മസാക്ഷാത്കാരത്തിന് പന്ഥാവായിരിക്കുന്ന സാക്ഷാത് ബ്രഹ്മവിദ്യ തന്നെയെന്നും ഈയുള്ളവര്ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഈ ഗ്രന്ഥത്തിലെ മുഖ്യമായ പ്രതിപാദ്യവിഷയം അഖണ്ഡപരിപൂര്ണ സച്ചിദാനന്ദസ്വരൂപിണിയായ ശ്രീലളിതാപരമേശ്വരിയെ സ്വന്തം സ്വരൂപമായി സാക്ഷാത്കരിക്കാനുള്ള ബ്രഹ്മവിദ്യയാകുന്നു. ദേവി നാമരൂപദേശകാലങ്ങള്ക്ക് അതീതയായി നിത്യശുദ്ധബുദ്ധമുക്തവും നിരതിശയവുമായ ബ്രഹ്മാനന്ദസ്വരൂപം തന്നെയെന്ന് ശാസ്ത്രം കൊണ്ടും ശ്രുതികൊണ്ടും ഈ വ്യാഖ്യാനം അടിവരയിട്ടു പറയുന്നു. അജ്ഞാനമാകുന്ന അന്ധകാരത്തിൽ പെട്ടിരിക്കുന്ന ജീവൻ, ജ്ഞാന ഭക്തി ധ്യാന ഭാവനാ ഗമ്യങ്ങളാൽ പരമപദത്തെ പ്രാപിക്കാനുള്ള മാര്ഗം ഈ സ്തോത്രം മുന്നോട്ടു വയ്ക്കുന്നു. വാഗ്ദേവികളാൽ രചിയ്ക്കപ്പെട്ടതുകൊണ്ട് തന്നെ സഹസ്രനാമം വ്യാകരണാദി ശാസ്ത്രങ്ങളുടെ പ്രൌഢിയോടു കൂടി അത്യപൂർവമായ ശബ്ദപ്രയോഗങ്ങളാൽ സമ്പൂര്ണമായിരിക്കുന്നു. അതിനാൽ തന്നെ ഗ്രന്ഥവ്യാഖ്യാനത്തിൽ വ്യാകരണാദി ശാസ്ത്രങ്ങളെ കൂടുതലായി ആശ്രയിച്ചിരിക്കുന്നു. സഹസ്രനാമത്തിന്റെ രഹസ്യങ്ങൾ ഒളിച്ചുവച്ചിരിക്കുന്നതും ഈ ഭാഷാചാതുര്യത്തിൽ തന്നെയാണ്. സർവേശ്വരിയുടെ കൃപയാൽ ഓരോ നാമങ്ങളുടേയും അര്ഥതലങ്ങൾ ഞങ്ങളാൽ കഴിയും വിധം അനാവരണം ചെയ്യുവാൻ ശ്രമിച്ചിട്ടുണ്ട്.
ഈ ഗ്രന്ഥം ജഗത്തിന്റെ മിഥ്യാത്വത്തെ ഊന്നിപ്പറയുന്നതും, ലളിതാപരമേശ്വരിയുടെ ലീല മാത്രമാണ് വിവര്ത്തിക്കപ്പെട്ടതായ ഈ ജഗത്തെന്ന് വെളിപ്പെടുത്തുന്ന അദ്വൈതചിന്താപദ്ധതിരൂപവുമായ ബ്രഹ്മസൂത്രം തന്നെയാണ്. ലഭ്യമായ ബ്രഹ്മാണ്ഡപുരാണങ്ങളിലൊന്നിൽതന്നെയും ലളിതാസഹസ്രനാമം കാണപ്പെടുന്നില്ല എന്നതുകൊണ്ടും അനേകം ബ്രഹ്മസൂത്രങ്ങളുടെ സാധുത്വത്തെ ഗീതാവചനം കൊണ്ട് ആചാര്യൻ വ്യക്തിമാക്കിയിട്ടുള്ളതിനാലും പ്രതിപാദ്യവിഷയം ബ്രഹ്മവിദ്യയായതിനാലും ശ്രീലളിതാസഹസ്രനാമം ശാക്തേയ സംപ്രദായത്തിലെ ഒരു ബ്രഹ്മസൂത്രമാണെന്ന നിഗമനത്തിലാണ് ഞങ്ങളെത്തിച്ചേര്ന്നിട്ടുള്ളത്. അതിനാൽ തന്നെ സൂത്രലക്ഷണവും വ്യാഖ്യാനപദ്ധതിയും ശാസ്ത്രസമ്മതമായി തന്നെ അവലംബിക്കുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
ബ്രഹ്മവിദ്യ തന്നെയായ ശ്രീലളിതാസഹസ്രനാമത്തിൽ അനേകം വിദ്യകളും സംപ്രദായങ്ങളും രഹസ്യമായി നാമങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. യാതൊന്നിനെ അറിഞ്ഞാൽ എല്ലാമറിയുന്നുവോ അങ്ങിനെയുള്ള ആ ബ്രഹ്മതത്ത്വത്തെ പ്രകാശിപ്പിക്കുന്നതായ ഉപനിഷത്തുക്കൾ തന്നെയാണ് ഇതിലെ പ്രധാന വിഷയം. ബ്രഹ്മതത്ത്വം, ബ്രഹ്മലക്ഷണം, അവസ്ഥാത്രയവിവേചനം, ജഗന്മിഥ്യാ തത്ത്വം, പഞ്ചകോശവിവേകം, ജീവേശ്വരൈക്യം, മഹാവാക്യസാരം, ശ്രുതിസാരമഹാവാക്യതത്ത്വം തുടങ്ങി ഉപനിഷത്തുക്കൾ പറയുന്നതായ പരമാത്മതത്ത്വത്തെ ദേവിയുടെ നാമങ്ങളിലൂടെ വാഗ്ദേവികൾ അവതരിപ്പിച്ചിരിക്കുന്നു. ഋഗ്, യജുസ്, സാമം, അഥർവം എന്നീ നാലു വേദങ്ങളും ശിക്ഷാ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നീ വേദാംഗങ്ങളും ചേരുന്നതായ അപരാ വിദ്യയും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഇതുകൂടാതെ വിവര്ത്തവാദം, ഉപനിഷത്തിലെ സൃഷ്ടിപ്രക്രിയകൾ, പ്രാണസങ്കല്പം, പ്രാണാഗ്നിഹോത്രം, പ്രാണരൂപമായ യജ്ഞം, സാമവേദപരികല്പിതമായ പ്രണവോപാസന, ഗായത്ര്യുപാസന, പഞ്ചാഗ്നിവിദ്യ, ജീവന്റെ ഉത്ക്രമണവും ഉത്തരായന ദക്ഷിണായന മാര്ഗ്ഗങ്ങളും, വാരുണീ വിദ്യ, മധുവിദ്യ, ശ്രവണ മനന നിദിധ്യാസനങ്ങൾ തുടങ്ങി വേദാന്തദര്ശനത്തിലെ അതിപ്രധാനവും ശ്രേഷ്ഠവുമായ ഉപാസനാപദ്ധതികൾ ഈ നാമങ്ങളിൽ രഹസ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഇതിനു പുറമേ യോഗദര്ശനത്തിലേയും സിദ്ധപരമ്പരയിലേയും അപൂർവമായ വിദ്യകളേയും ഈ നാമങ്ങളിൽ ക്രോഡീകരിച്ചിരിക്കുന്നു. പതഞ്ജലിയുടെ അഷ്ടാംഗയോഗം, ഷഡ്ചക്രനിരൂപണം അനുസരിച്ചുള്ള യോഗപദ്ധതി, കുണ്ഡലിനീ തത്ത്വം, നാഡീതത്ത്വം, സരസ്വതീ ചാലനാദികൾ, സിദ്ധപരമ്പരയിലെ അതിശ്രേഷ്ഠ മുദ്രയെന്നറിയപ്പെടുന്ന ഖേചരീ വിദ്യ, സിദ്ധവിദ്യ തുടങ്ങിയ അതിരഹസ്യയോഗവിദ്യകൾ ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ സമയം, കൌളം, മിശ്രം എന്നീ താന്ത്രികാചാരങ്ങൾ പഞ്ചമകാരസാധനയുടെ യഥാര്ഥ താത്ത്വികാര്ഥത്തെ സമന്വയിപ്പിച്ചുകൊണ്ട് ഈ നാമങ്ങളിൽ ഉള്പ്പെടുത്തിയിരിക്കുന്നു. ഗീതം, വാദ്യം, നൃത്യം എന്നീ ത്രയങ്ങളായി അറിയപ്പെടുന്ന സംഗീതോപാസന, നാദാനുസന്ധാനം, പ്രണവോപാസന എന്നിവയും ഈ ഗ്രന്ഥത്തിൽ വിഷയമായിട്ടുണ്ട്. ഉപനിഷത്തുക്കൾ, ഭഗവത്ഗീത, വേദാന്തസൂത്രം, എന്നീ പ്രസ്ഥാനത്രയത്തിൽ പ്രതിപാദിച്ചിട്ടുള്ള മുഖ്യമായ വിഷയങ്ങളെല്ലാം തന്നെ ലളിതാസഹസ്രനാമത്തിലും രഹസ്യാത്മകമായി ക്രോഡീകരിച്ചിട്ടുണ്ട്. ഈ തത്ത്വങ്ങളെയെല്ലാം ഈ ചെറിയ കാലയളവുകൊണ്ട് ദേവീ കൃപയാൽ മാത്രമാണ് എഴുതുവാൻ സാധിച്ചിട്ടുള്ളത്. തുടക്കക്കാരെന്ന നിലയിൽ കുറവുകളും പോരായ്മകളും ഈ വ്യാഖ്യാനത്തിൽ ഉണ്ടാകാം. ഗുരുസ്ഥാനീയവരായവർ ആ കുറവുകളെ പരിശോധിച്ച് പരിഹരിക്കുമെന്നു വിശ്വസിക്കുന്നു. തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ സദയം ക്ഷമിച്ച് അതു തിരുത്തി തരണമെന്ന് എല്ലാ ദേവീഭക്തരോടും വിനീതമായി അഭ്യര്ഥിക്കുന്നു. 

No comments: