Tuesday, February 05, 2019

ബ്രഹ്മസൂത്രത്തിലെ ആദ്യത്തെ അധികരണത്തിന്റെ പേര് ജിജ്ഞാസ അധികരണം എന്നാണ്. ബ്രഹ്മം അറിയാനുള്ള അതിയായ ആഗ്രഹത്തെ കുറിക്കുന്നതാണ്. ഈ അധികരണത്തില്‍ ഒരൊറ്റ സൂത്രം മാത്രമേ ഉള്ളൂ.
സൂത്രം - അഥാതോ ബ്രഹ്മജിജ്ഞാസാഅതിനു ശേഷം അതു ഹേതുവായി ബ്രഹ്മത്തെ അറിയാനുള്ള ആഗ്രഹം ഉണ്ടാകമെന്നാണ് ഈ സൂത്രവാക്യത്തിന്റെ അര്‍ത്ഥം.
മൂന്ന് വാക്കുകളാണ് ഈ സൂത്രത്തിലുള്ളത് അഥ, അത:, ബ്രഹ്മജിജ്ഞാസാ.'അഥ' എന്ന വാക്കിന് അനന്തരം, പിന്നീട്, അതിന് ശേഷം, അടുത്തതായി എന്നിങ്ങനെയൊക്കെയാണ് അര്‍ത്ഥം.
അതിന് ശേഷം എന്നാല്‍ വേദത്തില്‍ പറഞ്ഞതായ കര്‍മ്മകാണ്ഡവും ഉപാസനാകാണ്ഡവും പഠിച്ചതിന് ശേഷമെന്ന്. അവയൊന്നും നിത്യവും നിരതിശയവുമായ സുഖത്തെ നേടാന്‍ പോരായെന്ന് മനസ്സിലാക്കിയ ശേഷം
അതിന് ശേഷം എന്നതിന് അധികാരം അഥവാ യോഗ്യത നേടിയതിന് ശേഷം എന്നാണ് മറ്റൊരു പ്രധാന അര്‍ത്ഥം. ഇവിടെ ബ്രഹ്മജ്ഞാനം നേടാനുള്ള അധികാരമായ സാധനചതുഷ്ടയസമ്പത്തി നേടിക്കഴിഞ്ഞ് എന്നറിയണം.
വിവേകം, വൈരാഗ്യം, ശമാദിഷട്ക സമ്പത്തി, മുമുക്ഷുത്വം എന്നിവയാണ് സാധന ചതുഷ്ടയ സമ്പത്തുകള്‍. നിത്യവും അനിത്യവുമായ വസ്തുക്കളെ വേര്‍തിരിച്ചറിയുന്നതിനെയാണ് വിവേകം അഥവാ നിത്യാനിത്യ വസ്തുവിവേകം എന്ന് പറയുന്നത്. ലോകത്തിലെ എല്ലാ വസ്തുക്കളും അനിത്യമാണെന്നും ബ്രഹ്മം മാത്രമാണ് നിത്യമായതെന്നുമുള്ള തിരിച്ചറിവാണിത്.
ഈ ലോകത്തിലും പരലോകത്തിലും (സ്വര്‍ല്ലോകത്തിലും ) ഉള്ള സുഖഭോഗങ്ങളിലെല്ലാം വിരക്തിയുണ്ടാവുന്നതാണ് വിരാഗം അഥവാ വൈരാഗ്യം. സുഖഭോഗങ്ങളെല്ലാം അനിത്യമാണെന്നറിയുമ്പോഴാണ് അവയില്‍ താല്പര്യം കുറയുകയും വിരക്തിയുണ്ടാവുകയും ചെയ്യുന്നത്. ഇവിടെ കര്‍മ്മങ്ങളെ കൊണ്ടും സ്വര്‍ഗ്ഗത്തില്‍ കര്‍മ്മഫലത്തെ കൊണ്ടും കിട്ടുന്നതെല്ലാം അനിത്യമാണെന്ന് മനസ്സിലായാല്‍ വിരക്തിയുണ്ടാകും.
ശമം, ദമം, ഉപരതി, തിതിക്ഷ, ശ്രദ്ധ,സമാധാനം എന്നിവയാണ് ശമാദിഷട്ക സമ്പത്തുകള്‍.
മനസ്സിനെ അടക്കുന്നതാണ് ശമം. ഇന്ദ്രിയ നിയന്ത്രണമാണ് ദമം. സ്വധര്‍മ്മത്തെ വേണ്ടപോലെ ചെയ്യലാണ് ഉപരതി. ഉപരമം എന്നും പറയാറുണ്ട്. ശമ, ദമങ്ങളെ തുടര്‍ന്ന് സുഖഭോഗങ്ങളില്‍ നിന്ന് പിന്‍വലിയുന്ന അവസ്ഥയാണിത്.
സുഖം - ദുഃഖം, ചൂട് - തണുപ്പ് തുടങ്ങിയ വിരുദ്ധ ദ്വന്ദ്വങ്ങളെ പഴിക്കാതെ സഹിക്കാനുള്ള കഴിവാണ് തിതിക്ഷ. അനുകൂലവും പ്രതികൂലവുമായി മാറി മാറി വരുന്ന ഇവയെ പ്രാകാതെ സഹിക്കുക തന്നെ വേണം.
ശാസ്ത്രങ്ങളിലും ഗുരു വാക്യങ്ങളിലുമുള്ള അടിയുറച്ച വിശ്വാസമാണ് ശ്രദ്ധ.മനസ്സിന്റെ അഥവാ ചിത്തത്തിന്റെ ഏകാഗ്രതയാണ് സമാധാനം. ഈ ആറെണ്ണവും വേദാന്ത വിദ്യാര്‍ഥിക്ക് വേണം.
സാധന ചതുഷ്ടയത്തിലെ നാലാമത്തേതാണ് മുമുക്ഷുത്വം. എനിക്ക് മോക്ഷം വേണമെന്ന അതിയായ, തീവ്രമായ ആഗ്രഹമാണ് മുമുക്ഷുത്വം. ജനന മരണ രൂപമാകുന്ന സംസാരത്തില്‍ നിന്നാണ് നമുക്ക് മോചനം നേടേണ്ടത്.
ബ്രഹ്മത്തെ അറിയാനുള്ള ആഗ്രഹം വേണ്ടവിധത്തിലാവണമെങ്കില്‍ സാധന ചതുഷ്ടയ സമ്പന്നന്‍മാരായ അധികാരികളായിരിക്കണം. ഈ ഗുണങ്ങള്‍ ഉണ്ടെങ്കില്‍ കര്‍മ്മകാണ്ഡമോ ഉപാസനാ കാണ്ഡമോ വേണമെന്നില്ല. അവയില്ലാതെ തന്നെ ബ്രഹ്മജിജ്ഞാസയുണ്ടാകും.
അതിനാല്‍ സാധന ചതുഷ്ടയ സമ്പന്നന്‍മാരായവരെയാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്ന് പറയേണ്ടി വരും. പ്രത്യേകിച്ചും ആധുനിക കാലത്ത് കര്‍മ്മകാണ്ഡത്തേയും ഉപാസനാ കാണ്ഡത്തെയും നല്ലപോലെ ചെയ്യുന്നവര്‍ വളരെ കുറഞ്ഞതുകൊണ്ട്. അതേസമയം സാധനാചതുഷ്ടയ സമ്പത്തിനെ നേടുന്നവരില്‍ പലരും ഈ ഗണത്തില്‍ പെടാത്തതും ഇതിന് കാരണമായി കണക്കാക്കാം.

No comments: