അന്തര്യാമിയും ബ്രഹ്മം
Wednesday 20 March 2019 4:58 am IST
അദൃശ്യത്വാധികരണം
ആറാമത്തെ അധികരണമായ ഇതില്‍ മൂന്ന് സൂത്രങ്ങളാണ് ഉള്ളത്. അദൃശ്യമായി കുടികൊള്ളുന്നത് പരമാത്മാവാണ് എന്ന് സ്ഥാപിക്കുകയാണ് ഇവിടെ.
സൂത്രം- അദൃശ്യത്വാദി ഗുണകോ ധര്‍മ്മോക്തേഃ
അദൃശ്യത്വം മുതലായ ഗുണങ്ങളോട് കൂടിയത് പരബ്രഹ്മം തന്നെയാണ്. കാരണം അതിന്റെ ധര്‍മങ്ങളെ പറഞ്ഞിട്ടുള്ളതിനാലാണ്.
മുണ്ഡകോപനിഷത്തില്‍ അംഗിരസ്സു മഹര്‍ഷി ശൗനകന് പരാവിദ്യയെപ്പറ്റി പറഞ്ഞു കൊടുക്കുന്ന മന്ത്രത്തില്‍
'യത്തദദ്രേശ്യമഗ്രാഹ്യമഗോത്രമവര്‍ണ്ണ-
ചക്ഷുഃശ്രോത്രം തദപാണിപാദം
നിത്യം വിഭും സര്‍വ്വഗതം സുസൂക്ഷ്മം
തദവ്യയം യദ്ഭൂതയോനിം പരിപശ്യന്തി ധീരാഃ
എന്ന് പറയുന്നുണ്ട്.
ജ്ഞാനേന്ദ്രിയങ്ങള്‍ക്കും കര്‍മേന്ദ്രിയങ്ങള്‍ക്കും ഗ്രഹിക്കാന്‍ കഴിയാത്തതും മൂലമായി യാതൊന്നുമില്ലാത്തതും വര്‍ണം മുതലായ ലക്ഷണങ്ങളൊന്നുമില്ലാത്തതും കണ്ണ്, കാത് മുതലായ ജ്ഞാനേന്ദ്രിയങ്ങളും കയ്യ്, കാല് മുതലായ കര്‍മ്മേന്ദ്രിയങ്ങളുമില്ലാത്തതുമാണത്. ശാശ്വതവും വിവിധ രൂപത്തില്‍ പ്രകാശിക്കുന്നതും സര്‍വ്വവ്യാപിയും വളരെ സൂക്ഷ്മവും നാശമില്ലാത്തതും എല്ലാ ഭൂതങ്ങളുടേയും ഉത്പത്തി സ്ഥാനവുമായ ആ സത്യ വസ്തുവിനെ വിവേകികള്‍ അറിയുന്നു. അതിന് സഹായിക്കുന്നതാണ് പരാവിദ്യ.
അദൃശ്യത്വം മുതലായ ഗുണങ്ങളോട് കൂടി ഏത് സത്യവസ്തുവിനെയാണ് ഇവിടെ ഭൂതയോനിയായി അഥവാ ജഗത്തിന്റെ കാരണമായി പറഞ്ഞിട്ടുള്ളത് എന്നാണ് സംശയം.പൂര്‍വ്വ പക്ഷം പറയുന്നു അത് പ്രധാനമാണെന്ന്.
സാംഖ്യ സിദ്ധാന്തപ്രകാരം പ്രകൃതി അഥവാ പ്രധാനമാണ് എല്ലാ സൃഷ്ടിയ്ക്കും കാരണം. ഇനി പ്രധാനം ജഡമാണ് എന്ന് പറഞ്ഞാലും തങ്ങളുടെ വാദം ശരിയെന്ന് ഇവര്‍ പറയുന്നു. എട്ട്കാലിയില്‍ നിന്ന് നൂലും വലയുമുണ്ടായി പിന്നെ അതില്‍ തന്നെ ലയിക്കുന്നതു പോലെയാണ്, അചേതനമായ ഭൂമിയില്‍ നിന്ന് വൃക്ഷലതാദികള്‍ ഉണ്ടാകുന്നതും മനുഷ്യ ശരീരത്തില്‍ നിന്ന് മുടിയും രോമങ്ങളും ഉണ്ടാകുന്നതും പോലെയാണ്, പ്രധാനത്തില്‍ എല്ലാ ജീവജാലങ്ങളും ഉണ്ടാകുന്നത്. അദൃശ്യം മുതലായ ഗുണങ്ങള്‍ പ്രധാനത്തിനുണ്ട്.ജീവനാണ് എല്ലാറ്റിനും കാരണമെന്നതാണ് അടുത്ത വാദം. ജീവന്‍ ചെയുന്ന ധര്‍മ, അധര്‍മങ്ങളെ ആശ്രയിച്ചാണ് ഭൂതങ്ങളുടെ ഉദ്ഭവം.
എന്നാല്‍ ഈ രണ്ടു വാദത്തേയും നിഷേധിക്കുകയാണ് ഈ സൂത്രം. അദൃശ്യത്വം മുതലായ ഗുണങ്ങളോട് കൂടിയ പരമാത്മാവ് തന്നെയാണ് ഭൂതയോനി. പരമാത്മാവിന്റെ ധര്‍മ്മങ്ങളെയാണ് പിന്നീട് പറയുന്നത് എന്നത് തന്നെ കാരണം.
മാണ്ഡൂക്യത്തില്‍ 'യഃസര്‍വ്വജ്ഞഃസര്‍വ്വ വിത് യസ്യ ജ്ഞാനമയം തപഃ'
എന്ന് പറയുന്നു. സാമാന്യ രൂപത്തിലും വിശേഷരൂപത്തിലും എല്ലാം അറിയുന്നവനും ജ്ഞാനമാകുന്ന തപസ്സോട് കൂടിയവനുമായ അക്ഷരബ്രഹ്മമാണ് ഭൂതയോനി എന്നറിയണം.
അചേതനമായ പ്രധാനത്തിനോ പരിമിതികളില്‍പ്പെട്ട് കിടക്കുന്ന ജീവാത്മാവിനോ സര്‍വ്വജ്ഞത്വമോ സര്‍വ്വവിത്ത്വം മുതലായ ഗുണങ്ങള്‍ ഉണ്ടാവുകയില്ല. ഇത്തരത്തില്‍ ശ്രുതിയില്‍ പറഞ്ഞിരിക്കുന്നത് പരമാത്മാവായ അക്ഷരബ്രഹ്മത്തെ തന്നെയാണ്.
അദൃശ്യത്വാദി ലക്ഷണങ്ങളെ കൊണ്ടും ധര്‍മനിര്‍ദ്ദേശങ്ങളെ കൊണ്ടും ബ്രഹ്മത്തെ തന്നെയാണ് പറഞ്ഞത് എന്ന് ഉറപ്പിക്കാം. അതിനാല്‍ അദൃശ്യത്വം മുതലായ ഗുണങ്ങളുള്ള ആ ബ്രഹ്മം തന്നെയാണ് അന്തര്യാമിയായിരിക്കുന്നത്.
No comments:
Post a Comment