ശ്രീമദ് ഭാഗവതം 80*
ഇവിടെ ധ്രുവൻ ശംഖചക്രഗദാപാണിയായി, ചതുർഭുജമൂർത്തി ആയി ഭഗവാനെ ആരാധിച്ചു. മധുവനത്തിൽ ഭഗവാൻ മുമ്പിൽ ആവിർഭവിച്ചു. ധ്രുവന് ദർശനം കൊടുക്കാനല്ല. പിന്നെയോ,
ഭൃത്യദിദൃക്ഷയാ ഗത:
തന്റെ ഭൃത്യനെ ദർശിക്കണം എന്നുള്ള ആഗ്രഹത്തോടു കൂടെ ഭഗവാൻ വന്നു അത്രേ.
അല്ലാതെ ദർശനം കൊടുക്കാനല്ല. തന്റെ ഭക്തന്റെ ദർശനം ഭഗവാന് കിട്ടാനായിട്ട്. സാധാരണ ഭക്തന്മാർ ഭഗവാനെ ദർശിക്കും. ഭഗവാൻ ഭക്തനെ ദർശിക്കാ. രാമായണത്തിൽ വിഭീക്ഷണ ശരണാഗതി. ഭഗവാനെ നമസ്ക്കരിച്ചിരിക്കുമ്പോ ഭഗവാൻ അങ്ങനെ വിഭീക്ഷണനെ നോക്ക്വാ അത്രേ. ഭക്തനെ നോക്കുന്നത് വാത്മീകി പറയുന്നു, ലോചനാഭ്യാം പിബന്നിവ. കണ്ണ് കൊണ്ട് അങ്ങനെ കുടിക്കണതു പോലെ നോക്കി അത്രേ ഭഗവാൻ. ഇവിടെ ഭഗവാൻ ധ്രുവന്റെ മുമ്പിൽ ആവിർഭവിച്ചു.
സ വൈ ധിയാ യോഗവിപാകതീവ്രയാ
.ഹൃത് പത്മകോശേ സ്ഫുരിതം തഡിത്പ്രഭം
തിരോഹിതം സഹസൈവോപലക്ഷ്യ
ബഹി: സ്ഥിതം തദവസ്ഥം ദദർശ
ഭഗവാന്റെ ദിവ്യരൂപം ഏത് രൂപത്തിൽ ധ്യാനിച്ചു കൊണ്ട് ഇരിക്കുന്നുവോ, അത് ഉള്ളിൽ നിന്നും മാഞ്ഞു. തഡിത്പ്രഭം. അവിടെ ഒരു ഇടിമിന്നൽ പോലെ, സ്ഫുരിതം ഹൃദയത്തിൽ ഒരു സ്ഫുരണം ണ്ടായി. തന്റെ ഹൃദയത്തിൽ ധ്യാനിച്ച രൂപം തന്നെ ഇന്ദ്രിയങ്ങളിലൂടെ വിജൃംഭണമായി പുറമേക്ക് വന്നു നിന്നത്രേ.
തിരോഹിതം സഹസൈവോപലക്ഷ്യ. സൈവോപലക്ഷ്യ
ധിയാ യോഗവിപാകതീവ്രയാ
ചിത്തവൃത്തി ഒക്കെ നിരുദ്ധമായി ഒരേ ദിവ്യരൂപത്തിനെ ഹൃദയത്തിൽ കണ്ട് കൊണ്ടിരിക്കുന്നു.
ഹൃത് പത്മകോശേ സ്ഫുരിതം തഡിത്പ്രഭം.
ഹൃദയപത്മത്തിൽ ഭഗവാന്റെ ദിവ്യരൂപത്തിനെ കണ്ടു കൊണ്ട് ഇരിക്കുന്നത് പെട്ടെന്ന് അങ്ങ് തിരോഹിതം ആയി. ഹൃദയത്തിൽ തിരോധാനം ആയത് ഇന്ദ്രിയങ്ങളിലൂടെ പുറമേക്ക് ചാടി. നമ്മുടെ പ്രപഞ്ചമേ അങ്ങനെ ആണേ. ഉള്ളിലുള്ളത് പുറമേക്ക് സ്ഥൂലരൂപത്തിൽ നില്ക്കാണ്.
ബഹി:സ്ഥിതം തദവസ്ഥം ദദർശ
ധ്യാനിച്ച അതേ രൂപം പുറമേ നില്‍ക്കുന്നതായിട്ട് കണ്ടു. കണ്ടതോടെ അഗ്രേപശ്യാമി എന്ന് ഭട്ടതിരി പറഞ്ഞതുപോലെ മുമ്പില്‍ കാണുന്നു ഗുരുവായൂരപ്പനെ. അങ്ങനെ മുമ്പില്‍ കാണുമ്പോ,
തദ്ദർശനേനാഗതസാധ്വസ: ക്ഷിതാ:
അവന്ദതാംഗം വിനമയ്യ ദണ്ഡവത്
ദൃഗ്ഭ്യാം പ്രപശ്യൻ പ്രപിബന്നിവാർഭക:
ചുംബന്നിവാസ്യേന ഭുജൈരിവാശ്ലിഷൻ.
കെട്ടി പ്പിടിക്കണന്ന് തോന്നി അത്രേ. ചുംബിക്കണന്ന് തോന്നി.
നേത്രൈ ശ്രോത്രൈശ്ചപീത്വാ പരമരസസുഖാംബോധി പൂരേരമേതൻ
കണ്ണുകൊണ്ടും ചെവികൊണ്ടും ഒക്കെ കുടിക്കാ.
ഇന്ദ്രിയങ്ങളുടെ സ്വഭാവം ഒക്കെ മാറിപ്പോയി. ചെവി കൊണ്ട് ആരെങ്കിലും കുടിക്കോ. ഭാഗവതം കുടിക്കണ്ടല്ലോ. ഭഗവാനെ കാണുമ്പോ സർവ്വേന്ദ്രിയങ്ങളിലൂടെയും ആ ഭഗവദ് ഭാവാവേശം സ്തുതിക്കണം എന്ന് കുട്ടിക്ക് ആഗ്രഹം. എങ്ങനെ സ്തുതിക്കും? സ്തുതി അപ്പോ എഴുതി ണ്ടാക്കാൻ പറ്റോ. ഭഗവാനെ സ്തുതിക്കാ എന്നുള്ളത് നമ്മൾ വിചാരിച്ചാൽ നടക്കില്ല്യ. ഭഗവാൻ നമ്മളെ കൊണ്ട് സ്തുതിപ്പിക്കണം. ഭക്തന്മാരൊക്കെ പാടിയ കവിതകളൊക്കെ നോക്കിയാൽ നമ്മൾ വിചാരിക്കണ നിയമത്തിൽ കൂടിയൊന്നും പോവില്ല്യ.
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi Prasad
No comments:
Post a Comment