പ്രയത്‌നം കൂടാതെ ജീവിതത്തില്‍ വിജയം കണ്ടെത്തുവാന്‍ കഴിയില്ല. പ്രയത്‌നം ചെയ്യുവാന്‍ തയ്യാറാകാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞുകൊണ്ടിരിക്കുക അതു് അലസതയുടെ ലക്ഷണമാണു്.
എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറയുന്നുണ്ടു്. എങ്കിലും, അവര്‍ക്കതില്‍ പൂര്‍ണ്ണസമര്‍പ്പണം കാണാറില്ല.
പ്രയത്‌നിക്കേണ്ട സന്ദര്‍ഭങ്ങളില്‍ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളുമെന്നു പറയും; എന്നാല്‍ വിശക്കുമ്പോള്‍ എവിടെയെങ്കിലും ചെന്നു മോഷ്ടിച്ചായാലും വേണ്ടില്ല, വയറു നിറയ്ക്കാന്‍ നോക്കും.
ആ സമയത്തു് ഈശ്വരന്‍ കൊണ്ടുത്തരട്ടേ എന്നു ചിന്തിച്ചു ക്ഷമയോടെ കാത്തിരിക്കാറില്ല. വിശപ്പിൻ്റെ മുന്നിലും സ്വന്തം കാര്യങ്ങളുടെ മുന്നിലും ഈശ്വരനിലുള്ള സമര്‍പ്പണം വാക്കുകളില്‍ മാത്രമാണു്.
നമ്മുടെ എല്ലാ കാര്യങ്ങളിലും ഈശ്വരനു പ്രത്യേക ശ്രദ്ധയുണ്ടു്. ഇതിൻ്റെ അര്‍ത്ഥം കര്‍മ്മം ചെയ്യേണ്ട അവസരങ്ങളില്‍ കൈയും കെട്ടി വെറുതെയിരുന്നാല്‍ ഫലം കിട്ടുമെന്നല്ല.
നമുക്കു് ആയുസ്സും ആരോഗ്യവും ബുദ്ധിയും ഈശ്വരന്‍ നല്കിയിരിക്കുന്നതു മടിയന്മാരായിരുന്നു ജീവിതം പാഴാക്കുവാനല്ല. അവിടുത്തെ നിര്‍ദ്ദേശമനുസരിച്ചു പ്രയത്‌നിക്കുവാന്‍ തയ്യാറാകണം.
തീകൊണ്ടു പുരയും കത്തിക്കാം, ആഹാരവും പാകം ചെയ്യാം. അതുപോലെ ഈശ്വരന്‍ തന്നിരിക്കുന്ന ഈ ഉപാധികളെ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ ഗുണത്തിനുപകരം ദോഷമായിരിക്കും ഫലം.
പ്രയത്‌നിക്കേണ്ട സമയത്തു്, പ്രയത്‌നിക്കേണ്ട രീതിയില്‍ ഈശ്വരാര്‍പ്പണമായി പ്രയത്‌നിക്കുക. എങ്കില്‍ മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളൂ.
ഒരിക്കല്‍ ഒരു ശിഷ്യന്‍ ഭിക്ഷയ്ക്കുപോയി വൈകുന്നതുവരെ നടന്നിട്ടും യാതൊന്നും കിട്ടിയില്ല. രാത്രി വിശന്നു തളര്‍ന്നു ഗുരുവിൻ്റെ അടുത്തെത്തി. ഭിക്ഷയൊന്നും ലഭിക്കാത്തതില്‍ ഈശ്വരനോടു ദേഷ്യമായി.
വളരെ ഗൗരവത്തില്‍ ഗുരുവിനോടു പറഞ്ഞു ”ഇനി ഞാന്‍ ഈശ്വരനെ ആശ്രയിച്ചു ജീവിക്കാന്‍ തയ്യാറല്ല. അങ്ങു പറയാറുണ്ടു്, ഈശ്വരനെ ആശ്രയിച്ചാല്‍ നമുക്കു വേണ്ടതെല്ലാം ലഭിക്കുമെന്നു്. ഒരു നേരത്തെ ഭക്ഷണംകൂടി തരാന്‍ കഴിയാത്ത ഈശ്വരനെ ഞാന്‍ എന്തിനു് ആശ്രയിക്കണം? ഈശ്വരനെ വിശ്വസിച്ചതു തന്നെ തെറ്റായിപ്പോയി.”
ഗുരു പറഞ്ഞു ”നിനക്കു ഞാന്‍ ഒരു ലക്ഷം രൂപ തരാം. നിൻ്റെ കണ്ണു് എനിക്കു തരുമോ”?
ശിഷ്യന്‍ പറഞ്ഞു, ”കണ്ണു പോയാല്‍ എൻ്റെ കാഴ്ചശക്തി നഷ്ടമാകില്ലേ? എത്ര വലിയ തുക തന്നാലും ആരെങ്കിലും കണ്ണു വിലയ്ക്കു കൊടുക്കുമോ?
”എങ്കില്‍ കണ്ണു വേണ്ട, നിൻ്റെ നാക്കു തരുമോ?”
”നാക്കു തന്നാല്‍ ഞാന്‍ എങ്ങനെ സംസാരിക്കും?”
”എങ്കില്‍ നിൻ്റെ കൈ തരുമോ? അതു പറ്റിയില്ലെങ്കില്‍ കാലു തന്നാല്‍ മതി. ഒരു ലക്ഷം രൂപ തരാം.”
”രൂപയെക്കാള്‍ വിലയുള്ളതാണു ശരീരം. അതു നഷ്ടപ്പെടുത്തുവാന്‍ ആരെങ്കിലും തയ്യാറാകുമോ?”
ശിഷ്യൻ്റെ മനോഭാവം അറിഞ്ഞ ഗുരു പറഞ്ഞു ”നിൻ്റെ ഈ ശരീരം എത്രയോ ലക്ഷം രൂപ വിലയുള്ളതാണു്.
ഇതു നിനക്കു ഈശ്വരന്‍ തന്നതു യാതൊരു പ്രതിഫലവും പറ്റാതെയാണെന്നോര്‍ക്കണം. എന്നിട്ടും നീ ഈശ്വരനെ കുറ്റം പറയുന്നു. വിലമതിക്കാനാവാത്ത ഈ ശരീരം നിനക്കു ഈശ്വരന്‍ നല്കിയിരിക്കുന്നതു മടി പിടിച്ചിരിക്കുവാനല്ല;
ശ്രദ്ധാപൂര്‍വ്വം കര്‍മ്മം ചെയ്തു ജീവിക്കുവാനാണു്.
No comments:
Post a Comment