അന്ത: ശക്തി; ബഹിർ ശിവ :
വല്ലാതെ കുഴപ്പിച്ച ഒരു ചിത്രമാണ് ഇത്. വല്ലാതെ കുഴപ്പിച്ച ഒരു ചിന്തയും. മൂന്ന് നാല് ദിവസം മുമ്പ് വളരെ യാദൃശ്ചികമായി, ഇതിലെ യുക്തി തേടി ദിലീപേട്ടൻ Dileep Vazhunnavar അയച്ച് തന്നതാണ് ഈ ചിത്രം. അതിന്റെ യുക്തി തേടി കുറേ അലഞ്ഞു. യുക്തിഭദ്രമായ ഒരു തീർപ്പ് കിട്ടാതെ വന്നപ്പോൾ, ചിന്തകൾ വല്ലാതെ കാട്കയറി. ചിന്തകൾ കാട്കയറിയാൽ, ചിന്തകൾക്ക് ചൂട് പിടിച്ചാൽ തീപിടിക്കും. വന്യമായ കരുത്തോടെ ആളിപ്പടരുമത്. അതണയണമെങ്കിൽ പിന്നെ ചിന്തകളെ തണുപ്പിക്കുന്ന ഒരു തീർപ്പിലേക്കെത്തണം. പക്ഷേ എങ്ങിനെ..? പലർക്കും ഈ ചിത്രം അയച്ച് കൊടുത്ത് അതിന്റെ യുക്തി തേടി. പക്ഷേ യുക്തിസഹമായ ഒരു മറുപടി എവിടെയും കിട്ടിയില്ല. നമ്മുടെ തന്നെ സംശയ ഗ്രസ്ഥമായ മനസ്, ഉയർന്ന ബോധസ്വരൂപത്തോട് നിരന്തരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ തീർച്ചയായും അവിടെ സംക്ഷിപ്തമായ ഉത്തരങ്ങൾ ഉണ്ടാകും എന്നാണല്ലോ പറയുക. ഇൻ ട്യൂഷൻസ് അഥവാ ഉൾക്കാഴ്ചകളിൽ ഇതിനൊരു ഉത്തരം ഉണ്ടാകുമെന്ന ഉറപ്പോടെ എന്നിലെ സംശയഗ്രസ്ഥമായ മനസ് ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരുന്നു.
ചിന്ത അങ്ങിനെ കത്തിപ്പടരുന്നതിനിടെയാണ് FB സുഹൃത്തായ ശ്രീ സതീഷ് Satheesh Peringavil ആ ചിന്തകൾക്ക് ഒരു തുടർച്ചയെ തന്നത്. വെട്ടവും വെളിച്ചവും തമ്മിലുള്ള വ്യത്യാസമെന്തെന്നതാണ് അദ്ദേഹത്തിന്റെ ചോദ്യം. ആ ചോദ്യമെത്തിയപ്പോൾ ആദ്യത്തെ ചിന്തയെ തൽക്കാലത്തെക്ക് വിട്ട്, വെട്ടവും വെളിച്ചവും എന്തെന്ന് തേടി. ഒരു വസ്തുവിന്നെ നമ്മൾ കണ്ടു, അല്ലങ്കിൽ എന്തോ ഒന്ന് നമ്മൾ കേട്ടു . ആ കണ്ടതിനെയും കേട്ടതിനെയും കാണാനും കേൾക്കാനും സഹായിക്കുന്ന ഒന്ന് നമ്മളിൽ തന്നെ ഉണ്ട് അത്. വെളിപ്പെടുത്തുന്നത് എന്തോ അതാണ് വെളിച്ചം. ഉള്ളിലെ വെളിച്ചമാണ് നമ്മെ നയിക്കുന്നത്. ആ വെളിച്ചത്തെ കാണാൻ സാധ്യമല്ല. സൂര്യനെന്ന ഊർജ്ജ സ്രോതസും, പ്രകാശ സ്രോതസും പോലെ. എന്നാൽ ആ പ്രകാശം അനുഭവതലത്തിൽ എത്തുമ്പോൾ അത് വെട്ടം. അത് വെട്ടമാണ് എന്ന് നമുക്ക് അറിയുന്നത് നമ്മളിലെ വെളിച്ചം കൊണ്ടും. സൗരോർജ്ജം കൊണ്ട് ബൾബ് കത്തുന്നത് പോലെ.
ഈ ചിന്ത പരാസംവിത് എന്ന, പ്രപഞ്ചത്തിന്റെ ഏറ്റവും അടിസ്ഥാന ചിന്തയിലേക്കാണ് എത്തിച്ചത്. പരാസംവിത് എന്നാൽ ശിവനും ശക്തിയും ചേർന്നിരിക്കുന്ന അവസ്ഥ. ഒന്നിൽ നിന്ന് ഒന്നിനെ വേർതിരിക്കാനാകാത്ത വിധം ഒരേ സത്തയായി ശിവശക്തി സംയോഗം പൂർത്തിയാകുന്ന അവസ്ഥ. കറന്നെടുത്ത പാലിൽ ജലാംശത്തെയും പാലിന്റെ മൂലകങ്ങളെയും വേർതിരിച്ചാൽ അത് രണ്ടും രണ്ട് വസ്തുക്കൾ ആകുന്നത് പോലെ, ആ ഘടകങ്ങൾ ചേർന്നിരിക്കുമ്പോൾ മാത്രം പാൽ ആകുന്നത് പോലെ, ശിവനും ശക്തിയും ചേർന്നിരിക്കുന്ന അവസ്ഥ. ശിവൻ തന്നെ ശക്തി, ശക്തി തന്നെ ശിവൻ. പക്ഷേ അനുഭവമണ്ഡലത്തിൽ ശിവൻ ശിവനായും, ശക്തി ശക്തിയായും വേറിട്ട രൂപം കൈവരിക്കുന്നു. അല്ലാത്തപക്ഷം ശിവനില്ല, ശക്തിയുമില്ല. ശിവശക്തി മാത്രം.
ശിവനും ശക്തിയും വന്നപ്പോൾ വെട്ടവും വെളിച്ചവും വിട്ട് ചിന്തകൾ വീണ്ടും ഈ ചിത്രത്തിലേക്ക് ചംക്രമണം ചെയ്തു. ശിവനും ശക്തിയും ചേർന്നിരിക്കുന്നതിനെ ഒരു ചിത്രകാരന്റെ ഭാവനയിൽ ഇവ്വിധം ചിത്രീകരിച്ചതാകാം എന്ന തീർപ്പിലേക്ക് എത്തുമ്പോൾ ഇതേക്കുറിച്ച് ഗുരുതുല്യനായ ശ്രീ Krishna Kumar ന്റെ മറുപടിയെത്തി. അത് ഇങ്ങിനെയായിരുന്നു. "ശരിക്കും എന്നെ സംബന്ധിച്ചിടത്തോളം ഇതു വളരെ വ്യക്തമായ ശിവശക്തി യോഗം തന്നെയായി തോന്നുന്നു.. ശിവലിംഗ പ്രകൃതി പഠിപ്പിക്കുമ്പോള് ഗുരുനാഥൻ പറഞ്ഞിരുന്നു.. യഥാര്ഥത്തില് ശിവലിംഗം ഒരു സ്ത്രീ യോനിയില് പ്രവേശിച്ച രീതിയിലാണ് എന്ന്. സ്ത്രീയുടെ ഹൃദയാന്തർഭാഗത്ത് നിന്ന് താഴേക്ക് നോക്കിയാൽ എന്താണോ അതാണ് ശിവലിംഗ പ്രകൃതി. കാരണം പ്രകൃതി തന്നെയാണ് സ്ത്രീയായി സ്ഥിതിചെയ്യുന്നത്. അപ്പോള് യഥാര്ഥത്തില് സ്ത്രീ കാണപ്പെടുന്നില്ലായെന്നു മാത്രമേയുള്ളു. ഇവിടെയും പുരുഷന്റെ മുകളില് (മടിയിൽ) ഇരിക്കണ സ്ത്രീയെ സങ്കല്പിച്ചാല് അതു കൃത്യമായി തോന്നുന്നുണ്ട്. ഈ ചിത്രത്തിൽ അരക്കെട്ടിന് താഴെ നോക്കുക. മടിയിൽ ഒരു ഉടുക്ക് കാണുന്നതു കൊണ്ടും, താഴെ ഭാഗം സ്ത്രീ സ്വരൂപത്തേക്കാള് പുരുഷ പ്രകൃതിയായി തോന്നുന്നതു കൊണ്ടും അതു പുരുഷ ലിംഗത്തിനു മുകളില് ഇരിക്കണ സ്ത്രീ തന്നെയായി ചിന്തിക്കാവുന്നതേയുള്ളു."
സമഗ്രമാണ് ഈ മറുപടി. ക്ഷേത്ര തന്ത്രത്തിൽ പ്രതിഷ്ഠാ സമയത്ത് പീഠത്തെ പ്രകൃത്യാത്മകമായും, ലിംഗത്തെ പുരുഷാത്മകവുമായാണ് പ്രതിഷ്ഠിക്കുന്നത്. കൽപ്പാന്തകാലത്തോളം പ്രകൃതി പുരുഷ സംയോഗത്തോടെ ചൈതന്യവത്തായി ഇരിക്കണമെന്ന പ്രാർത്ഥനയോടെയാണ് പ്രതിഷ്ഠിക്കുന്നത്. ഈ പ്രകൃതിയെ ശക്തിയാണെന്നു നാം പറയുമ്പോഴും നാം നമ്മളേയും അതുപോലെ കാണുന്ന ശിവലിംഗത്തേയും പുരുഷനാണെന്നു പറയും. നാമുള്പ്പെടുന്നതെല്ലാം കാണുന്നതെല്ലാം പുരുഷനാണ്, എന്നാൽ എല്ലാം ശക്തിയുമാണ്. ഇനി ഈ ചിത്രം നോക്കു. ചിത്രകാരന്റെ ഭാവനയുടെ തലത്തിൽ, ശിവന്റെ മടിയിലിരിക്കുന്ന അഥവാ ശിവശക്തി സംയോഗത്തെ ചിന്തിക്കു. ചിത്രത്തിന്റെ അർത്ഥം കൂടുതൽ തെളിയുന്നില്ലേ..
ഈ ശിവരാത്രി നാളിൽ ചിന്തകൾ ഇങ്ങിനെയാണ്. ശിവനേയും ശക്തിയേയും വിഭിന്നമായിട്ടല്ല, ശിവനേയും ശക്തിയേയും ദ്വൈതമല്ലാത്ത ഏകസത്തയായി, പരാസംവിത്ത് ആയി കാണുകയാണ്. . ചിന്തകൾ അങ്ങിനെ ശിവമയമാകട്ടെ, ശക്തിമയമാകട്ടെ..
Pudayoor Jayanarayanan
No comments:
Post a Comment