Monday, March 04, 2019

"ഓം"കാരം .
 ജഗത്തിനെ മുഴുവന്‍ അടക്കിക്കാണിക്കുവാന്‍ ഓംകാരം മാത്രമേ സമര്‍ത്ഥമാകുന്നുള്ളു. അതിനു തുല്യം വേറെ ഒരു വാക്കുമില്ല എന്നാണ്. സ്‌ഫോടം സര്‍വ്വവാക്കുകളുടെയും ഉപാദാനമാണെങ്കിലും പൂര്‍ണ്ണരൂപം പ്രാപിച്ച ഒരു പ്രത്യേകപദമല്ല. ഒരു പദത്തെ മറ്റൊരു പദത്തില്‍നിന്നു വ്യത്യാസപ്പെടുത്തുന്ന സര്‍വ്വവിശേഷതകളെയും നീക്കിക്കളഞ്ഞാല്‍ എന്തു ശേഷിക്കുമോ അതാണ് സ്‌ഫോടം, അതുകൊണ്ടത്രേ സ്‌ഫോടത്തെ നാദബ്രഹ്മം എന്നു പറയുന്നത്. അങ്ങനെ നിര്‍വ്വിശേഷമായ സ്‌ഫോടത്തിന്റെ സംജ്ഞയായി ഒരു വാക്കുണ്ടായാല്‍ അത് അതിന്റെ വിശേഷതകളെക്കൊണ്ട് സ്‌ഫോടത്തെ പരിച്ഛേദിക്കും, അതിനെ സ്‌ഫോടമല്ലാതാക്കും. അപ്പോള്‍ അതിനെ എത്രയും കുറച്ചുമാത്രം പരിച്ഛേദിച്ച് അതിന്റെ സ്വഭാവത്തെ എത്രയും അടുത്തു പ്രകാശിപ്പിക്കുന്ന സംജ്ഞയേതോ അതായിരിക്കും അതിന് ഉത്തമമായ സംജ്ഞ. അത് ഓം എന്നതാകുന്നു, അതു മാത്രം. എന്തുകൊണ്ടെന്നാല്‍, ഓം എന്നു കൂട്ടിച്ചേര്‍ത്തുച്ചരിക്കപ്പെടുന്ന അ, ഉ, മ് എന്ന മൂന്നക്ഷരങ്ങള്‍, നമുക്കുച്ചരിപ്പാന്‍ കഴിയുന്ന സര്‍വ്വശബ്ദങ്ങള്‍ക്കും ഏറ്റവും സാമാന്യമായ ചിഹ്‌നമാകുന്നു. എല്ലാ ശബ്ദങ്ങളിലുംവെച്ച് വിശേഷത നന്നെ ചുരുങ്ങിയത് അകാരമാകുന്നു. അതുകൊണ്ടാണ്, ഗീതയില്‍ അക്ഷരാണാം അകാരോƒസ്മി എന്ന് ശ്രീകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. ശബ്‌ദോഛാരണങ്ങളെല്ലാം വായില്‍ നാവിന്റെ കടയ്ക്കല്‍നിന്നു തുടങ്ങി ചുണ്ടുവരെയുള്ള ഏതെങ്കിലും സ്ഥാനത്തുനിന്നാണല്ലോ ഉണ്ടാകുന്നത്. (ആദിയില്‍) കണ്ംത്തില്‍ നിന്ന് ഉണ്ടാവുന്നത് ‘അ’കാരം. അന്ത്യത്തില്‍ ഓഷ്ഠത്തില്‍നിന്നുണ്ടാവുന്നത് ‘മ’കാരം. ‘ഉ’കാരമാകട്ടെ, ജിഹ്വാമൂലത്തില്‍നിന്നാരംഭിച്ച് ഓഷ്ഠങ്ങളിലവസാനിക്കുന്ന ശബ്ദപ്രയത്‌നം മുമ്പോട്ട് ഉരുണ്ടുപോകുന്നതിനെ (മദ്ധ്യത്തെ) കുറിക്കുന്നു. (ഇങ്ങനെ ആദിമദ്ധ്യാന്തങ്ങളായ അ-ഉ-മകാരങ്ങള്‍ സന്ധിച്ചിട്ടുള്ള) ഓംകാരം ശരിയായുച്ചരിച്ചാല്‍ അതു സര്‍വ്വശബ്‌ദോച്ചാരണകാര്യങ്ങളെയും അടക്കിക്കാണിക്കും. മറ്റൊരു വാക്കിനും ഇതു സാദ്ധ്യമല്ല. അതുകൊണ്ട് അതുതന്നെയാണ് സ്‌ഫോടത്തിനു ഏറ്റവും യോജിച്ച സംജ്ഞ. ഓംകാരത്തിന്റെ സാക്ഷാല്‍ അര്‍ത്ഥം സ്‌ഫോടം. ശബ്ദാര്‍ത്ഥങ്ങള്‍ അവിഭാജ്യങ്ങളാകകൊണ്ട് സ്‌ഫോടവും ഓംകാരവും അവിഭാജ്യമായി ഒന്ന്. സ്‌ഫോടമാകട്ടെ ദൃശ്യജഗത്തിന്റെ സൂക്ഷ്മതരഭാഗമായതുകൊണ്ട് ഈശ്വരനോട് ഏറ്റവുമടുത്തതും വാസ്തവത്തില്‍ ചിച്ഛക്തിയുടെ പ്രഥമപ്രകാശവുമത്രേ. അങ്ങനെ ഓംകാരം ഈശ്വരന്റെയും ശരിയായ സംജ്ഞയാകുന്നു. ‘ഏകംമാത്ര’മായ അഖണ്ഡസച്ചിദാനന്ദബ്രഹ്മത്തെപ്പറ്റി ചിന്തിപ്പാന്‍ അപൂര്‍ണ്ണരായ മനുഷ്യര്‍ക്കു സാദ്ധ്യമാകുന്നത് അതിന്റെ ചില പ്രത്യേകഭാവങ്ങളില്‍ക്കൂടെയും പ്രത്യേകഗുണങ്ങളോടുകൂടിയും മാത്രമായിരിക്കുന്നതുപോലെ, ഈശ്വരശരീരമാകുന്ന ജഗത്തിനെപ്പറ്റി ചിന്തിക്കുന്നതും ചിന്തകന്റെ മനോഗതിക്കനുസരിച്ചായിരിക്കണം.  swami vivakanandan

No comments: