ശ്രീരാമകൃഷ്ണവചനാമൃതം
ശ്രീരാമകൃഷ്ണന്‍:- (ഭക്തന്മാരോട്) കടുവാ കപ്കപ്പെന്ന് മൃഗങ്ങളെ മിഴുങ്ങുന്നതുപോലെ അനുരാഗവ്യാഘ്രം കാമക്രോധാദികളാകുന്ന സര്‍വ്വരിപുക്കളേയും തിന്നൊടുക്കുന്നു. ഒരിക്കല്‍ ഈശ്വരനോട് അനുരാഗം ഉണ്ടായിക്കഴിഞ്ഞാല്‍ കാമക്രോധാദികള്‍ പിന്നെ നിലനില്ക്കില്ല. ഗോപികള്‍ക്ക് ഈ അവസ്ഥ ഉണ്ടായിരുന്നു - കൃഷ്ണനില്‍ അനുരാഗം.
'ആനുരാഗാഞ്ജനം' എന്നൊന്നുണ്ട്. രാധ പറഞ്ഞു: 'സഖീ, നാലുദിക്കും കൃഷ്ണമയമായിക്കാണുന്നു ഞാന്‍' അവര്‍ പറഞ്ഞു: 'സഖീ, നീ കണ്ണില്‍ അനുരാഗാഞ്ജനം എഴുതിയിരിക്കുന്നു; അതാണ് അങ്ങനെ കാണുന്നത്.'
തവളയുടെ തല ചുട്ടു മഷിയുണ്ടാക്കി കണ്ണിലെഴുതിയാല്‍ ചുറ്റും സര്‍പ്പമയമായ് തോന്നും എന്നു പറയപ്പെടുന്നു.
സദാ കാമിനീകീഞ്ചനങ്ങളില്‍ മാത്രം കഴിഞ്ഞുകൂടുന്നവര്‍, ഒരിക്കലെങ്കിലും ഈശ്വരനെക്കുറിച്ചു ചിന്തിക്കാത്തവര്‍ - അവര്‍ ബദ്ധജീവന്മാരാകുന്നു. അവരെക്കൊണ്ട് മഹത്തായ കാര്യങ്ങളെന്തെങ്കിലും സാധിക്കുമോ? കാക്ക കൊത്തിയ മാമ്പഴംപോലെയാണവര്‍. അത് അമ്പലത്തില്‍ നിവേദിക്കാന്‍ കൊള്ളില്ല; മനുഷ്യര്‍ക്കും അതു തിന്നാന്‍ മടിയാണ്.
ബദ്ധജീവന്മാര്‍, സംസാരജീവന്മാര്‍, പട്ടുനൂല്പ്പുഴുക്കളെപ്പോലെയാ ണ്. വേണമെന്നുവച്ചാല്‍ കൂടു പൊട്ടിച്ചു പുറത്തുവരാന്‍ സാധിക്കും. പക്ഷേ തന്നെത്താന്‍ പണിതുണ്ടാക്കിയ കൂട് ഉപേക്ഷിച്ചു പോരാന്‍ ഇഷ്ടമില്ല. ഒടുക്കം അതില്‍ക്കിടന്നു ചാകുന്നു.
മുക്തജീവന്മാര്‍ കാമിനീകാഞ്ചനങ്ങളുടെ അധീനത്തിലല്ല. ചില പട്ടുപുഴുക്കള്‍, അവര്‍ പണിപ്പെട്ടുണ്ടാക്കിയ കൂടു പൊട്ടിച്ച് പുറത്തുപോരുന്നു. പക്ഷേ അവ ഒന്നോ രണ്ടോ.
മായ മോഹിപ്പിക്കുന്നു. ഒന്നോ രണ്ടോ പേര്‍ക്കു ജ്ഞാനമുണ്ടാകുന്നു. അവര്‍ മായാമോഹത്തില്‍ മുഗ്ദ്ധരാകുന്നില്ല. കാമിനീകാഞ്ചനങ്ങളുടെ പിടിയില്‍ പെടുന്നില്ല. ഈറ്റില്ലത്തില്‍ പൊടികള്‍ സൂക്ഷിക്കുന്ന കലത്തിന്റെ കഷ്ണം കാലില്‍ കെട്ടിയാല്‍ കണ്‍കെട്ടുകാരന്റെ ഡാം ഡാം ശബ്ദംകൊണ്ട് മയങ്ങിപ്പോവില്ല. കണ്‍കെട്ടുകാരന്‍ ചെയ്യുന്നതെന്താണെന്ന് ശരിക്കും കാണാന്‍ കഴിയും.
സാധനാസിദ്ധന്മാര്‍, കൃപാസിദ്ധന്മാര്‍ എന്ന് രണ്ടു തരം സിദ്ധന്മാരുണ്ട്. ചിലര്‍ വളരെ കഷ്ടപ്പെട്ട് വയലില്‍ വെള്ളം തേകുന്നു; തേകിയാലേ കൃഷി ചെയ്യാനൊക്കൂ. ചിലര്‍ക്ക് വെള്ളം തേകേണ്ട ആവശ്യമില്ല. മഴകൊണ്ട് വേണ്ട വെള്ളം കിട്ടുന്നു. കഷ്ടപ്പെട്ട് വെള്ളം കോരേണ്ടതില്ല. ഈ മായയുടെ കൈയില്‍നിന്നും ഒഴിഞ്ഞുമാറണമെന്നുണ്ടെങ്കില്‍ കഷ്ടപ്പെട്ടു സാധനയനുഷ്ഠിക്കണം. കൃപാസിദ്ധര്‍ക്കു കഷ്ടപ്പെടേണ്ടതായിട്ടില്ല. അവര്‍ പക്ഷേ കുറവാണ്. പിന്നെ നിത്യസിദ്ധന്മാരുണ്ട്. അവര്‍ക്ക് ഓരോ ജന്മത്തിലും ജന്മനാതന്നെ ജ്ഞാനവും ചൈതന്യവും ഉണ്ട്. മുഖം അടഞ്ഞുകിടക്കുന്ന ഉറവപോലെയാണവര്‍. മേസ്ത്രി അതുമിതും നീക്കുന്നതിനിടയ്ക്ക് ഉറവ തുറന്നുകൊടുക്കുന്നു; ഝര്‍ഝറേന്ന് വെള്ളം പുറത്തുവരുന്നു. നിത്യലിദ്ധന്മാരുടെ പ്രഥമാനുരാഗം കാണുമ്പോള്‍ ആളുകള്‍ അമ്പരന്നു പോകുന്നു. അവര്‍ പറയുന്നു: 'ഇത്ര ഭക്തിയും വൈരാഗ്യവും പ്രേമവും എവിടെയായിരുന്നു?'
ശ്രീരാമകൃഷ്ണവചനാമൃതം ഭാഗം ഒന്ന്, പുറം -209-210
No comments:
Post a Comment