*അമൃതവചനം*
*കോധമാണു നമ്മുടെ ഏറ്റവും വലിയ ശത്രു*
*ക്രോധത്തെജയിക്കുക*
ഇന്ന് ലോകത്ത് കാണുന്നയുദ്ധങ്ങളുടെയും ഭീകരാക്രമണങ്ങളുടെയുമെല്ലാം മൂലകാരണം വ്യക്തിമനസ്സിലെ വിദ്വേഷമാണ്. ക്രോധമെന്നത് അന്ധകാരം പോലെയാണ്. ഇരുട്ടുള്ള ഒരു മുറിയിലൂടെ നടക്കുവാന്‍ ശ്രമിച്ചാല്‍ നാം ഏതെങ്കിലും വസ്തുവില്‍ തട്ടിത്തടഞ്ഞു വീഴും. വിലപിടിച്ച വസ്തുക്കള്‍ കേടായെന്നും വരാം. ആ നഷ്ടങ്ങളെക്കുറിച്ചു നാം മനസ്സിലാക്കുന്നത് വീണ്ടും വെളിച്ചം വരുമ്പോള്‍ മാത്രമാണ്. ഇതുപോലെ ക്രോധം വരുമ്പോള്‍ നമുക്കു ചുറ്റും ഇരുട്ടാണ്. നാം എന്താണു പറയുന്നതെന്നോ എന്താണു ചെയ്യുന്നതെന്നോ നമുക്കു ബോധമില്ല. പിന്നീടു ദേഷ്യം അടങ്ങുമ്പോഴാണു നമ്മള് തെറ്റു മനസ്സിലാക്കുന്നത്. അപ്പോഴേക്കും വളരെ വൈകിപ്പോയിരിക്കും. അതിനാല്‍ നിസ്സാര കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുന്നതു നമ്മുടെ ശീലമായിത്തീരാന് ഒരിക്കലും അനുവദിക്കരുത്. ദുശ്ശീലങ്ങള്‍ മാര്‍ദ്ദവമേറിയ മെത്തപോലെയാണ്. അതില്‍ കിടക്കാന്‍ സുഖമാണ്. അതില്‍ നിന്ന് എഴുനേല്ക്കാനാണു പ്രയാസം. ക്രോധം നമ്മുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും, ദഹനത്തെയും ഉറക്കത്തെയും തകരാറിലാക്കും. അത് ഓര്‍മ്മയെ മന്ദീഭവിപ്പിക്കും. ബുദ്ധിയുടെ പ്രവര്‍ത്തനവും വികലമാക്കും. എല്ലാ രോഗങ്ങളുടെയും വിളഭൂമിയാണ് ക്രോധം. ഒരു തരം പാമ്പുണ്ട്. അതിനുക്രോധം വരുമ്പോള്‍ സ്വയം കടിക്കും. ദ്വേഷിക്കുമ്പോള്‍ നമ്മളും ചെയ്യുന്നത് ഇതു തന്നെയാണ്. മറ്റുള്ളവരേക്കാള്‍ നമ്മുടെ ദേഷ്യം നമുക്കു തന്നെയാണ് ദോഷം ചെയ്യുന്നത്. തനിക്ക് താമസിക്കാന്‍ ഇടം തരുന്നയാളിനെത്തന്നെ കൊല്ലുന്ന നന്ദിയില്ലാത്ത ജീവിയെപ്പോലെയാണ് ദേഷ്യം. മനസ്സില്‍ വിദ്വേഷം പുലര്‍ത്തുന്നത് സ്വയം വിഷം കഴിച്ച് ശത്രു മരിക്കുമെന്നു പ്രതീക്ഷിക്കുന്നതുപോലെയാണ്. രണ്ടു ചെറുപ്പക്കാര്‍ ചേര്‍ന്ന് ബിസ്സിനസ്സ് നടത്തുകയായിരുന്നു. അതില്‍ ഒരാളെ അയാളുടെ പങ്കാളി കള്ളക്കേസ്സില് കുടുക്കി. പോലീസ് അയാളെ അറസ്റ്റ് ചെയ്തു. കീഴ്ക്കോടതി അയാളെ ജയില്‍ശിക്ഷയ്ക്കു വിധിച്ചു. അതിന്‍പ്രകാരം കുറച്ചു നാള് ജയിലില്‍ കിടന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതിയില്‍ അയാള്‍ നിരപരാധിയാണെന്നു തെളിഞ്ഞു. അയാള്‍ ജയിലില്‍ നിന്നും മോചിതനായി. എന്നാല്‍ വീട്ടിലെത്തിയിട്ടും അയാളുടെ മനസ്സില്‍ ശത്രുവിനോടുള്ള വിദ്വേഷം നിറഞ്ഞിരിക്കുകയായിരുന്നു. അയാള്‍ അച്ഛനോട് പറഞ്ഞു, ”എന്റെ പങ്കാളിയെ ഒരു പാഠംപഠിപ്പിക്കുന്നതുവരെ ഞാന്‍ വിശ്രമിക്കില്ല. അവനെ സ്വസ്ഥതയോടെ കഴിയാന്‍ ഞാന്‍ അനുവദിക്കില്ല.” ഇതുകേട്ട് അച്ഛന് പറഞ്ഞു, ”പൊന്നുമോനെ, ഞാന്‍ കരുതി നീ ജയിലില്‍ നിന്നും മോചിതനായി എന്ന്. പക്ഷെ നീ ഇപ്പോഴും ജയിലില്‍ തന്നെയാണ്.” മനസ്സില്‍ വിദ്വേഷം നിറഞ്ഞിരിക്കുമ്പോള്‍ നമ്മള് ജയിലിനുള്ളില്‍ കഴിയുന്നതിനു തുല്യമാണ്. അങ്ങനെയുള്ള വ്യക്തിക്ക് ഒരിക്കലും മനഃശാന്തി കിട്ടില്ല. അയാളുടെ മനസ്സ് ദേഷ്യത്തിന്റെയും പ്രതികാരത്തിന്റെയും ചിന്തകളുടെ തടവറയിലായിരിക്കും. നമ്മളോട് ആരെങ്കിലും ദേഷ്യപ്പെട്ടാലുടനെ നമ്മളും തിരിച്ചു ദേഷ്യപ്പെടുകയാണെങ്കില്‍, അത് അയാളുടെ കൈയിലെ വ്രണം നമ്മള് കുത്തിപ്പൊട്ടിക്കുന്നതുപോലെയാ ണ്. അതിന്റെ ഫലമായി പഴുപ്പു നമ്മുടെ ദേഹത്തും വീഴുന്നു. നമ്മുടെ മനസ്സും വ്രണിതമാകുന്നു. രണ്ടുപേരുടെയും സ്ഥിതി വഷളാകുന്നു. നമ്മള് തിരിച്ചു ദേഷ്യപ്പെടുമ്പോള്‍ സംഘര്‍ഷവും അസ്വസ്ഥതയും ശക്തമാകുന്നു. അതേസമയം നമ്മള് ക്ഷമിക്കുകയാണെങ്കില്‍, അതു കൈയിലെ വ്രണം മരുന്നുവെച്ചു പൊറുപ്പിക്കുന്നതുപോലെയാണ്. അതു ഇരുവര്‍ക്കും ഗുണകരമായിത്തീരുന്നു. മക്കളേ, അതിനാല്‍ ക്ഷമിച്ചും, സ്നേഹിച്ചും ജീവിക്കുക. ഇതൊക്കെ പ്രയാസമുള്ളതായി തോന്നാമെങ്കിലും ശ്രമിച്ചാല്‍ തീര്‍ത്തും വിജയിക്കും. എന്നാല്‍ എങ്ങനെയും ദേഷ്യത്തെ അടക്കിപ്പിടിക്കണമെന്ന് പറയുന്നില്ല. അങ്ങനെ ചെയ്യുന്നതുകൊണ്ടുമാത്രം പ്രശ്നം തീരുകയില്ല. സെപ്റ്റിക്കായ മുറിവിന്റെ മീതെ വെറുതെ ബാന്‍ഡേജ് കെട്ടുന്നതുപോലെയാണത്. മുറിവ് ഒന്നുകൂടി പഴുക്കുകയേ ഉള്ളൂ. മറ്റെയാളുടെ ഭാഗത്ത് ന്യായമുണ്ടോ എന്നും തന്റെ ഭാഗത്ത് തെറ്റുണ്ടോ എന്നും നമ്മള് ആലോചിക്കണം. രണ്ടുകൂട്ടരുടെയും സാഹചര്യങ്ങള്‍ കണക്കിലെടുക്കണം. ആത്മപരിശോധന ചെയ്യുമ്പോള്‍ മറ്റെയാളോട് ഉദാരതയും തന്നോടു കര്ക്കശതയുമാണ് വേണ്ടത്. മറിച്ചാവരുത്. ആവശ്യമെങ്കില്‍ പ്രതികരിക്കാം. പക്ഷെ അപ്പോഴും ആത്മനിയന്ത്രണം കൈവിടരുത്. മുറിവുണങ്ങണമെങ്കില്‍ ആദ്യം പഴുപ്പെല്ലാം കളഞ്ഞ് മുറിവ് വൃത്തിയാക്കണം. പിന്നീട് മരുന്ന് പുരട്ടണം. അതുപോലെ ദേഷ്യം വരുമ്പോല്‍ അതിന്റെ കാരണങ്ങളെക്കുറിച്ചും അതുകൊണ്ടുണ്ടാവുന്ന ദോഷത്തെക്കുറിച്ചും വിവേചിച്ചറിഞ്ഞ് മനസ്സിലെ അഴുക്കിനെ കളയണം. അതിനുശേഷം സ്നേഹവും ക്ഷമയുമാകുന്ന മരുന്ന് വച്ച് അതിനെ ഉണക്കുവാന്‍ ശ്രമിക്കണം. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഇന്ന് ഞാന്‍ ആരോടും കോപിക്കുകയില്ല എന്നൊരു വ്രതം എടുക്കാന്‍ മക്കള്‍ നോക്കണം. പെട്ടെന്ന് വിജയിക്കാന്‍ സാധിച്ചെന്നു വരില്ല. എന്നാല്‍ പത്തുപ്രാവശ്യം കോപിച്ചിരുന്നത് ഒമ്പതാക്കി
കുറയ്ക്കാന്‍ കഴിഞ്ഞെന്നിരിക്കും. അത്രയും നമ്മള് ജയിച്ചില്ലേ. കോപിക്കുകയില്ലെന്ന് നിശ്ചയിച്ച ദിവസം ദേഷ്യപ്പെടാന്‍ ഇടയായാല്‍ അതിനു പ്രായശ്ചിത്തമായി ഒരു നാണയമോ ഒരു പിടി അരിയോ പാവങ്ങള്‍ക്കു കൊടുക്കാനായി മാറ്റിവയ്ക്കണം. ദേഷ്യം മാറുമ്പോള്‍ എതിരാളിയോടു ക്ഷമചോദിക്കാനും നമ്മള് തയ്യാറാകണം. ക്രോധമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. ക്രോധത്തെ ഇല്ലാതാക്കുന്നത് എല്ലാ ശത്രുക്കളേയും ഒരേസമയം ഇല്ലാതാക്കുന്നതിനു തുല്യമാണ്. ക്രോധത്തെ ജയിച്ചവര്‍ക്കു എല്ലാവരും മിത്രങ്ങള്‍ തന്നെ.
*അമ്മ*
No comments:
Post a Comment