ശിവരാത്രിദിനം സൂര്യോദയം മുതല്‍ പിറ്റേന്ന് സൂര്യോദയം വരെയാണു വ്രതാനുഷ്ഠാനം(ഉദയാദുദയാന്തം) .
ഭവാബ്ധിമഗ്നം ദീനം മാം സമുദ്ധര ഭവാര്‍ണ്ണവാത് കര്‍മ്മഗ്രാഹഗൃഹീതാംഗം ദാസോളഹം തവ ശങ്കര ഇന്ന് മഹാശിവരാത്രി. ഇന്ദുചൂഢനായി, ഇന്ദീവരദളലോചനനായി, ഇന്ദിരാപതിയാല്‍ സേവിക്കപ്പെടുന്നവനായി, സുന്ദരേശ്വരനായി, മന്ദാകിനിയെ ജടയില്‍ ധരിക്കുന്നവനായി, നന്ദികേശന്റെ പുറത്തേറിയവനായി, മന്ദസ്മിതം തൂകുന്ന മുഖാരവിന്ദത്തോടു കൂടിയവനായി വിളങ്ങുന്ന കന്ദര്‍പ്പനാശകനായ ശ്രീപരമേശ്വരനെപൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി മാഘസ്യഹ്യസിതേപക്ഷേ വിശിഷ്ടാസാതികീര്‍ത്തിതാ നിശീഥവ്യാപിനീ ഗ്രാഹ്യാ ഹത്യാകോടി വിനാശിനീ എന്ന ശിവപുരാണം കോടിരുദ്രസംഹിതയിലേയും മാഘഫാല്‍ഗുനയോര്‍മദ്ധ്യേ കൃഷ്ണാ യാ തു ചതുര്‍ദ്ദശീ കാമയുക്താ തു സുപോഷ്യാ കുര്വന് ജാഗരണം വ്രതീശിവരാത്രിവ്രതം കുര്‍വേ ചതുര്‍ദ്ദശ്യാമഭോജനം എന്ന അഗ്നിപുരാണത്തിലേയും മാഘേ കൃഷ്ണചതുര്‍ദ്ദശ്യാമാദിദേവോ മഹാനിശി ശിവലിംഗതയോദ്ഭൂതഃ കോടിസൂര്യസമപ്രഭഃ തത്കാലവ്യാപിനീ ഗ്രാഹ്യാ ശിവരാത്രിവ്രതേ തിഥിഃ അര്‍ദ്ധരാത്രാദധശ്ചോര്‍ദ്ധ്വം യുക്താ യച്ച ചതുര്‍ദ്ദശീ വ്യാപ്താ സാ ദൃശ്യതേ യസ്യാന്‍ തസ്യാം കുര്യാത് വ്രതം നരഃ എന്ന സ്കന്ദപുരാണം ഈശാനസംഹിതയിലേയും മാഘമാസസ്യ ശേഷേ യാ പ്രഥമേ ഫാല്‍ഗുനസ്യ ച കൃഷ്ണാ ചതുര്‍ദ്ദശീ സാ തു ശിവരാത്രിഃ പ്രകീര്‍ത്തിതാ എന്ന സ്കന്ദപുരാണം നാഗരഖണ്ഡത്തിലേയും ത്രയോദശ്യരതഗേ സൂര്യേ ചതസൃഷ്ട്വപി നാഡിഷു ഭൂതവിഷ്ടാ തു യാ തത്ര ശിവരാത്രി വ്രതം ചരേത് എന്ന വായുപുരാണത്തിലേയും പരാമര്‍ശങ്ങളനുസരിച്ച് മാഘ മാസത്തിന്റെ ഒടുവിലും ഫാല്‍ഗുനമാസം ആരംഭിക്കുന്നതിനു മുന്‍പും ഉള്ള കൃക്ഷ്ണപക്ഷത്തില്‍ അര്‍ദ്ധരാത്രിയില്‍ ചതുര്‍ദ്ദശീ തിഥി വരുന്ന ദിനമാണു ശിവരാത്രി എന്നു മനസ്സിലാക്കാം. ശിവപ്രിയ എന്നും ശിവചതുര്‍ദ്ദശി എന്നും മഹാശിവരാത്രി അറിയപ്പെടുന്നു ശിവപുരാണം കോടിരുദ്രസംഹിതയിലെ 37 മുതല്‍ 40 വരെയുള്ള അദ്ധ്യായങ്ങളില്‍ ശിവരാത്രി വ്രതത്തിന്റെ ആചരണത്തേക്കുറിച്ചും മഹിമയേക്കുറിച്ചും വിവരിച്ചിരിക്കുന്നു. ശിവപ്രീതികരവും ഭോഗമോക്ഷപ്രദവുമായ പത്ത് മുഖ്യശൈവവ്രതങ്ങളില്‍ സര്‍വശ്രേഷ്ഠമായതാണു ശിവരാത്രിവ്രതം. സോമവാരവ്രതം, അഷ്ടമി വ്രതം, പ്രദോഷവ്രതം, ചതുര്‍ദ്ദശിവ്രതം, ആര്‍ദ്രാവ്രതം തുടങ്ങിയവയാണു മുഖ്യ ശൈവവ്രതങ്ങള്‍.ഭോഗമോക്ഷങ്ങള്‍ ഇച്ഛിക്കുന്നവരെല്ലാം ശിവരാത്രിവ്രതം അനുഷ്ഠിക്കണം. മനുഷ്യര്‍ക്ക് ഹിതം നല്കുന്ന മറ്റൊരു വ്രതമില്ല. എല്ലാവര്ക്കും ഇത് ഉത്തമധര്‍മ്മസാധനയാണ്. നിഷ്ക്കാമനോ സകാമനോ ആയ എല്ലാ മനുഷ്യര്‍ക്കും; എല്ലാ വര്‍ണ്ണങ്ങള്‍ക്കും(ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രചണ്ഡാലര്‍ക്കും) എല്ലാ ആശ്രമികള്‍ക്കും(ബ്രഹ്മചര്യഗാര്‍ഹസ്ഥ്യവാനപ്രസ്ഥസന്ന്യാസ), സ്ത്രീകള്‍ക്കും, ബാലകര്‍ക്കും, ദാസദാസീ ജനങ്ങള്‍ക്കും ദേവതമാര്‍ക്കും എന്നല്ല ദേഹം ധരിച്ച എല്ലാ ജീവജാലങ്ങള്‍ക്കും ഈ വ്രതം ഹിതം നല്‍കുന്നതാണ്. കോടിക്കണ്‍ക്കിനുള്ള ഹത്യകളുടേയും പാപം ഇല്ലാതാക്കുന്നതാണു ശിവരാത്രി. ബുദ്ധിമാനായ മനുഷ്യന് പ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേറ്റ് ആനന്ദപൂര്‍വം സ്നാനം ചെയ്ത് നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. ആലസ്യത്തെ അടുത്തെത്താന്‍ ഒരു കാരണവശാലും അനുവദിക്കരുത്(ഊര്‍ജ്ജസ്വലനായിരിക്കണം എന്നര്‍ത്ഥം). തുടര്‍ന്ന് ശിവക്ഷേത്രത്തില്‍ പോയി ശിവലിംഗത്തെ വിധിപ്രകാരം പൂജിച്ച്(വന്ദിച്ച്) ശിവനെ നമസ്ക്കരിച്ച് ഉത്തമമായ രീതിയില്‍ വ്രത സങ്കല്‍പ്പം ചെയ്യുക. സങ്കല്‍പ്പമന്ത്രം ഇതാണ്. ദേവദേവ മഹാദേവ നീലകണ്ഠ നമോളസ്തുതേ കര്‍തുമിച്ഛാമ്യഹം ദേവ ശിവരാത്രിവ്രതം തവ തവ പ്രഭാവാദ്ദേവേശ നിര്വിഘ്നേന ഭവേദിതി കാമാദ്യാഃ ശത്രവോ മാം വൈ പീഡാം കുര്‍വന്തു നൈവ ഹി അല്ലയോ ദേവദേവനായ മഹാദേവാ, നീലകണ്ഠാ, അവിടുത്തേയ്ക്ക് നമസ്ക്കാരം. അങ്ങയെ ആരാധിക്കാനായി ശിവരാത്രിവ്രതം അനുഷ്ഠിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദേവേശ്വരാ, അങ്ങയുടെ പ്രഭാവത്താല്‍ ഈ വ്രതം യാതൊരു വിഘ്നവും കൂടാതെ പൂര്‍ണ്ണമാവട്ടെ. കാമാദികളായ ശത്രുക്കള്‍ എനിക്കു പീഡയുണ്ടാക്കാതിരിക്കട്ടെ.(വ്രത ദിവസം കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, അസൂയ, ഡംഭ് തുടങ്ങിയവയെല്ലാം അകറ്റി നിര്‍ത്താന്‍ സഹായിക്കണേ) ഇപ്രകാരം സങ്കല്‍പ്പം ചെയ്ത് പൂജാ സാമഗ്രികള്‍ ശേഖരിച്ച് ഉത്തമവും പ്രസിദ്ധവുമായ ശിവക്ഷേത്രത്തില്‍ രാത്രി സമയം ഉറക്കമൊഴിച്ച് ശിവ പൂജ ചെയ്തും, ശിവ പൂജ ദര്‍ശിച്ചും, നാമം ജപിച്ചും ഉറക്കമൊഴിക്കുക. ശിവരാത്രിയില്‍ ചെയ്യേണ്ട ശിവപൂജാക്രമം ശിവപുരാണത്തില്‍ വിസ്തരിച്ചു വര്‍ണ്ണിച്ചിരിക്കുന്നു. മണ്ണു കൊണ്ട് പാര്‍ത്ഥിവലിംഗം നിര്‍മ്മിച്ചു പൂജിക്കുന്നതിനുള്ള വിധിയാണത്. ശിവരാത്രിമാഹാത്മ്യം പാരായണം ചെയ്യുകയും ശ്രവിക്കുകയും ചെയ്യുക. രാത്രിയുടെ നാലു യാമങ്ങളിലും ശിവപൂജ ദര്‍ശിക്കുക. പ്രഭാതത്തില്‍ വീണ്ടും സ്നാനം ചെയ്ത് ശിവനെ പൂജിക്കുക. വ്രതം സമാപിപ്പിക്കുന്നതിനായി കൈകള്‍ കൂപ്പി തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് ഭഗവാനെ നമസ്കരിച്ച് ഇപ്രകാരം പ്രാര്‍ത്ഥിക്കുക. നിയമോ യോ മഹാദേവ കൃതശ്ചൈവ ത്വദാജ്ഞയാ വിസൃജ്യതേ മയാ സ്വാമിന് വ്രതം ജാതമനുത്തമം വ്രതേനാനേന ദേവേശ യഥാ ശക്തി കൃതേന ച സന്തുഷ്ടോ ഭവ ശര്‍വാദ്യ കൃപാം കുരു മമോപരി മഹാദേവാ, അങ്ങയുടെ ആജ്ഞയാല്‍ ഞാന്‍ ഏതൊരു വ്രതം അനുഷ്ഠിച്ചുവോ, ആ പരമവും ഉത്തമവുമായ വ്രതം പൂര്‍ണ്ണമായിരിക്കുന്നു. അതിനാല്‍ ഞാന്‍ ഇപ്പോള്‍ വ്രതത്തിന്റെ വിസര്‍ജ്ജനം നടത്തുന്നു. ദേവേശാ, ശര്വ്വാ, യഥാശക്തി(എന്റെ ശക്തിക്കനുസരിച്ച്) ചെയ്ത ഈ വ്രതത്തില്‍ സന്തുഷ്ടനായി അങ്ങ് എന്നില്‍ കൃപ ചൊരിഞ്ഞാലും ഇങ്ങനെ പ്രാര്‍ത്ഥിച്ച ശേഷം ശിവനു പുഷ്പാഞ്ജലി സമര്‍പ്പിച്ച് വിധിപ്രകാരം ദാനം ചെയ്യുക. തുടര്‍ന്ന് ശിവനെ നമസ്ക്കരിച്ച് വ്രതം അവസാനിപ്പിക്കുക. തന്റെ ശക്തിക്കനുസരിച്ച് ശിവഭക്തരായ ബ്രാഹ്മണര്‍ക്കും സന്ന്യാസിമാര്‍ക്കും ഭക്ഷണം നല്കി സന്തുഷ്ടരാക്കിയ ശേഷം വ്രതക്കാരന് ഭക്ഷണം കഴിക്കുക. ശിവരാത്രിയുടെ ഓരോ യാമത്തിലും ശിവലിംഗപൂജ ചെയ്യേണ്ട വിധവും ശിവപുരാണത്തില്‍ പറയുന്നുണ്ട്. ത്രയോദശി നാളില്‍ ഒരു നേരം ഭക്ഷണം കഴിച്ചും ചതുര്‍ദ്ദശി(ശിവരാത്രി) നാളില്‍ സമ്പൂര്‍ണ്ണ ഉപവാസം അനുഷ്ഠിച്ചും വേണം ശിവരാത്രി നോല്ക്കുവാന്. വ്രതം അവസാനിപ്പിക്കുമ്പോള്‍ ഭഗവാനോടു ഇപ്രകാരം പ്രാര്‍ത്ഥിക്കുക ദേവദേവ മഹാദേവ ശരണാഗതവത്സല വ്രതേനാനേന ദേവേശ കൃപാം കുരു മമോപരിമയാ ഭക്ത്യനുസാരേണ വ്രതമേതത് കൃതം ശിവ ന്യൂനം സമ്പൂര്‍ണ്ണതാം യാതു പ്രസാദാത്തവ ശങ്കരഅജ്ഞാനാദ്യദി വാ ജ്ഞാനാജ്ജപപൂജാദികം മയാ കൃതം തദസ്തു കൃപയാ സഫലം തവ ശങ്കര ദേവദേവാ, മഹാദേവാ, ശരണാഗതവത്സലാ, ദേവേശ്വരാ, ഈ വ്രതത്തില്‍ സന്തുഷ്ടനായി എന്നില്‍ അങ്ങ് കൃപ ചൊരിഞ്ഞാലും. ഞാന്‍ ഭക്തിയോടുകൂടി ഈ വ്രതം അനുഷ്ഠിച്ചിരിക്കുന്നു. ഇതില്‍ വന്നിട്ടുള്ള കുറവുകള്‍ അങ്ങയുടെ പ്രസാദത്താല്‍ സമ്പൂര്‍ണ്ണമാകട്ടെ. ശങ്കരാ, ഞാന്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത ജപപൂജാദികളെല്ലാം അങ്ങയുടെ കൃപയാല്‍ സഫലമായിത്തീരട്ടെ.പ്രാര്‍ത്ഥനയ്ക്കു ശേഷം പരമാത്മാവായ ശിവനു പുഷ്പാഞ്ജലി സമര്‍പ്പിച്ച് നമസ്ക്കരിക്കുക. ഇപ്രകാരം വ്രതമനുഷ്ഠിക്കുന്ന ഭക്തന്റെ വ്രതത്തിലെ ന്യൂനതകളെല്ലാം ക്ഷമിച്ച് ശ്രീപരമേശ്വരന് ധര്‍മ്മാര്‍ത്ഥകാമമോക്ഷാദികള്‍ നല്കി അനുഗ്രഹിക്കും. അഗ്നിമഹാപുരാണം 193ആം അദ്ധ്യായത്തില്‍ ശിവരാത്രിവ്രതത്തിന്റെ മഹിമയേക്കുറിച്ച് അഗ്നിദേവന് വസിഷ്ഠമഹര്‍ഷിക്കു പറഞ്ഞു കൊടുക്കുന്നതു കാണാം ശിവരാത്രിവ്രതം വക്ഷ്യേ ഭുക്തിമുക്തിപ്രദം ശൃണു മാഘഫാല്‍ഗുനയോര്‍മദ്ധ്യേ കൃഷ്ണാ യാ തു ചതുര്ദ്ദശീകാമയുക്താ തു സുപോഷ്യാ കുര്വന് ജാഗരണം വ്രതീ ശിവരാത്രിവ്രതം കുര്‍വേ ചതുര്‍ദ്ദശ്യാമഭോജനം രാത്രി ജാഗരണേനൈവ പൂജയാമി ശിവം വ്രതീ (അഗ്നിപുരാണം 193ആം അദ്ധ്യായം 1,2,3) അഗ്നിദേവന് പറഞ്ഞു: വസിഷ്ഠമഹര്‍ഷേ, ഭോഗവും മോക്ഷവും നല്കുന്ന ശിവരാത്രിവ്രതത്തേക്കുറിച്ചു ഞാന്‍ വര്‍ണ്ണിക്കാം. ഏകാഗ്രചിത്തനായി ഇതു ശ്രവിക്കുക. മാഘ ഫാല്‍ഗുന മാസങ്ങളുടെ മദ്ധ്യത്തില്‍ വരുന്ന കൃഷ്ണപക്ഷ ചതുര്‍ദ്ദശിയില്‍ മനുഷ്യര്‍ ഉപവാസമനുഷ്ഠിക്കണം വ്രതമനുഷ്ഠിക്കുന്നവര്‍ രാത്രിയില്‍ ജാഗരണം ചെയ്യണം(ഉറക്കമൊഴിക്കണം). അര്‍ദ്ധരാത്രിയില്‍ ശിവപൂജ ചെയ്യുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കണം. ആവാഹയാമ്യഹം ശംഭും ഭുക്തിമുക്തിപ്രദായകംനരകാര്ണ്ണവകോത്താര നാവം ശിവ നമോളസ്തുതേ നമഃ ശിവായ ശാന്തായ പ്രജാരാജ്യാദിദായിനേസൗഭാഗ്യാരോഗ്യവിദ്യാര്ത്ഥസ്വര്ക്ഷമോക്ഷപ്രദായിനേ ധര്‍മ്മം ദേഹി ധനം ദേഹി കാമഭോഗാദി ദേഹി മേഗുണകീര്ത്തിസുഖം ദേഹി സ്വര്‍ക്ഷം മോക്ഷം ച ദേഹി മേ (അഗ്നിപുരാണം 193ആം അദ്ധ്യായം 4,5,6) ഞാന്‍ ചതുര്‍ദ്ദശിയില്‍ ഭക്ഷണം പരിത്യജിച്ച് ശിവരാത്രിവ്രതം അനുഷ്ഠിക്കുന്നു. ഞാന്‍ വ്രതത്തോടുകൂടി രാത്രിയില്‍ ഉറക്കമൊഴിച്ച് ശിവപൂജചെയ്യുന്നു. ഭോഗവും മോക്ഷവും പ്രദാനം ചെയ്യുന്ന ശങ്കരനെ ഞാന്‍ ആവാഹനം ചെയ്യുന്നു. ശിവഭഗവാനേ, അവിടുന്ന് നരകസമുദ്രത്തില്‍ നിന്നും തരണം ചെയ്യിക്കുന്ന(രക്ഷിക്കുന്ന) നൗകയ്ക്കു(തോണിയ്ക്കു) സമനാണ്. അവിടുത്തേയ്ക്ക് നമസ്ക്കാരം. അവിടുന്ന് സൗഭാഗ്യം, ആരോഗ്യം, വിദ്യ, ധനം, സ്വര്‍ക്ഷപ്രാപ്തി എന്നിവയെല്ലാം നല്കുന്നവനാണ്. എനിക്ക് ധര്‍മ്മം നല്കിയാലും(എന്നെ ധര്‍മ്മനിഷ്ഠനാക്കിയാലും). ധനം നല്കിയാലും. കാമഭോഗാദികള്‍(സുഖജീവിതത്തിനായി ആഗ്രഹിക്കപ്പെടുന്നവയെല്ലാം) നല്കിയാലും. എന്നെ ഗുണവാനും, കീര്‍ത്തിമാനും, സുഖസമ്പന്നനുമാക്കിയാലും.സ്വര്‍ക്ഷവും മോക്ഷവും എനിക്കു പ്രദാനം ചെയ്താലും. സ്കന്ദമഹാപുരാണം ഈശാനസംഹിതയില്‍ ശിവരാത്രിമാഹാത്മ്യം വര്‍ണ്ണിക്കുന്ന ആറ് അദ്ധ്യായങ്ങള്‍ കാണാം. ശിവന് പാര്‍വതീ ദേവിക്കും പാര്‍വതി സുബ്രഹ്മണ്യനും സുബ്രഹ്മണ്യന് സൂതനും സൂതന്‍ മുനിമാര്‍ക്കും ശിവരാത്രിയുടെ മഹിമ പറഞ്ഞു കൊടുത്തു. ലോകത്തിന്റെ സൃഷ്ടിയും സംരക്ഷണവുമെല്ലാം നിര്‍വഹിക്കുന്നത് താനാണെന്നു ബ്രഹ്മാവും അതല്ല താനാണെന്നു വിഷ്ണുവും തമ്മില്‍ ഒരു കലഹം ഉണ്ടായി. കലഹം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയപ്പോള്‍ തേജോരൂപമായ ശിവലിംഗാകൃതി ധരിച്ച്ശിവന്‍ ഇരുവരുടേയും മുന്നില്‍ പ്രത്യക്ഷനായി. അഗ്നിസ്വരൂപമാര്‍ന്ന ശിവലിംഗത്തിന്റെ അഗ്രഭാഗം ആദ്യം കണ്ടുപിടിക്കുന്നവനാണു ശ്രേഷ്ഠന് എന്ന് അശരീരിയുണ്ടായി. അതനുസരിച്ച് ജ്യോതിര്‍ലിംഗത്തിന്റെ മേലറ്റം കണ്ടുപിടിക്കാന്‍ ഹംസരൂപത്തില്‍ ബ്രഹ്മാവ് മുകളിലേക്കും കീഴറ്റം കണ്ടുപിടിക്കാന്‍ വരാഹ രൂപത്തില്‍ വിഷ്ണു കീഴോട്ടും യാത്രയായി. അനേകം സംവത്സരങ്ങള്‍ സഞ്ചരിച്ചിട്ടും ലിംഗത്തിന്റെ അഗ്രം കാണാതെ ഇരുവരും നിരാശരായി മടങ്ങിയെത്തി. സമസ്തപ്രപഞ്ചത്തിന്റേയും ഈശ്വരന് ശിവനാണ് എന്ന് ബോദ്ധ്യപ്പെട്ട ബ്രഹ്മാവും വിഷ്ണുവും ശിവനെ സ്തുതിച്ചു. സൃഷ്ടാവും സംരക്ഷകനും തമ്മില്‍ കലഹിച്ചതു മൂലം ലോകത്തിനാകെയുണ്ടായ സന്താപം മാറുവാന്‍ ഇരുവരും മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശിനാളില്‍ രാത്രിയില്‍ ഉപവാസാദികളോടുകൂടി ശിവരാത്രി വ്രതം അനുഷ്ഠിക്കണമെന്നു മഹാദേവന് അരുളിച്ചെയ്തു. അതനുസരിച്ച് ബ്രഹ്മാവും വിഷ്ണുവും ശിവരാത്രിവ്രതമെടുത്ത് മഹാദേവനെ പൂജിച്ചു. വ്രതാനുഷ്ഠാനത്തിലൂടെ അവര്‍ പാപരഹിതരായി. ജ്യോതിര്‍ലിംഗരൂപത്തില്‍ പരമേശ്വരന് ബ്രഹ്മാവിന്റേയും വിഷ്ണുവിന്റേയും മുന്നില്‍ പ്രത്യക്ഷപ്പെട്ട ദിനമാണു ശിവരാത്രി (മാഘേ കൃഷ്ണചതുര്‍ദ്ദശ്യാമാദിദേവോ മഹാനിശിശിവലിംഗതയോദ്ഭൂതഃ കോടിസൂര്യസമപ്രഭഃ). ശിവരാത്രിവ്രതം നിഷ്ഠയോടെ അനുഷ്ഠിച്ചാല്‍ ആത്മജ്ഞാനം സിദ്ധിച്ച് ഭക്തന് ശിവപദവി നേടും എന്ന് ഭഗവാന് ബ്രഹ്മാവിനോടും വിഷ്ണുവിനോടും പറയുന്നു. ശിവരാത്രി വ്രതവിധി ഈശാനസംഹിതയില്‍ ഇപ്രകാരം നല്കിയിരിക്കുന്നു. സമസ്ത മഹാപാതകങ്ങളും അകറ്റുന്നതിനായി ദീനത കൂടാതെ ഉറക്കമൊഴിച്ചും ഉപവാസമനുഷ്ഠിച്ചും ശിവരാത്രിവ്രതം നോല്ക്കണം. ശിവരാത്രിദിനം സൂര്യോദയം മുതല്‍ പിറ്റേന്ന് സൂര്യോദയം വരെയാണു വ്രതാനുഷ്ഠാനം(ഉദയാദുദയാന്തം). നേര്‍മ്മ വരാതെ(കുറവുണ്ടാകാതെ) ഭക്തിയോടെ ഓരോ യാമം തോറും(ഏഴര നാഴികയാണു ഒരു യാമം) പൂര്‍ണ്ണമായ പൂജാവിധികളോടെ ശിവനെ പൂജിക്കണം. ഇപ്രകാരം 12 വര്‍ഷമോ 24 വര്‍ഷമോ ശിവരാത്രി വ്രതമനുഷ്ഠിച്ച് സര്‍വതും മഹാദേവനു സമര്‍പ്പിക്കുമ്പോഴാണു ശിവരാത്രിവ്രതത്തിന്റെ ഉദ്യാപനകര്‍മ്മം(സമാപനക്രിയ) അനുഷ്ഠിക്കേണ്ടത്. പിഴകളൊന്നും കൂടാതെ ഭക്തിവിശ്വാസസമന്വിതം ഈ വ്രതം നോറ്റാല്‍ ഭക്തര്‍ ശിവപദം പ്രാപിക്കും. അശ്വമേധാദി യാഗങ്ങള്‍ ചെയ്യുന്നതിലും പുണ്യം ഈ വ്രതത്തിലൂടെ സിദ്ധിക്കും. സുരാപാനം(മദ്യപാനം), ഭ്രൂണഹത്യ, വീരഹത്യ, ഗോഹത്യ, ചണ്ഡാലീഗമനം തുടങ്ങിയ പാപങ്ങള്‍ പോലും ശിവരാത്രി ദിനത്തിലെ അറിഞ്ഞോ അറിയാതെയോ ഉള്ള ശിവക്ഷേത്ര ദര്‍ശനത്താല്‍ നശിച്ചു പോകും. ഇതിനു ദൃഷ്ടാന്തമായി സുകുമാരന്‍ എന്ന ബ്രാഹ്മണന്റെ കഥ സ്കന്ദപുരാണം ഈശാനസംഹിതയില്‍ വര്‍ണ്ണിച്ചിട്ടുണ്ട്.ശിവരാത്രി വ്രതത്തിന്റെ പ്രഭാവത്താല്‍ പാപാത്മാവായ സുന്ദരസേനന്‍ എന്ന വ്യാധന്‍(വേടന്) പുണ്യം നേടിയവനായി ശിവപദം പൂകിയെന്ന് അഗ്നിമഹാപുരാണത്തില്‍ പറയുന്നു (ലുബ്ധകഃ പ്രാപ്തവാന്‍ പുണ്യം പാപീ സുന്ദരസേനകഃ 193:6). ശിവരാത്രി വ്രതത്തേക്കുറിച്ച് അജ്ഞനായിരുന്ന ഗുരുദ്രുഹന്‍ എന്ന വേടന് ശിവകൃപയാല്‍ മുക്തനായ കഥ ശിവപുരാണം കോടിരുദ്രസംഹിതയിലും വിധവയായ ബ്രാഹ്മണി ശിവപ്രീതിക്കു പാത്രമായ കഥ സ്കന്ദപുരാണം മാഹേശ്വരഖണ്ഡത്തിലും വര്‍ണ്ണിച്ചിട്ടുണ്ട്.
No comments:
Post a Comment