Sunday, March 03, 2019

അനാദിയും അനന്തവുമാണ് ശിവന്‍. നൃത്തച്ചുവടുകള്‍ വയ്ക്കുന്ന ശിവന്റെ മുകളിലേക്ക് പിടിച്ചിരിക്കുന്ന വലതുകയ്യിലെ ഢമരുവിന് അനന്തതയുടെ ആകൃതിയാണ്.
ശബ്ദത്തേയുംആകാശത്തേയും പ്രതിനിധാനം ചെയ്യുന്ന അത്, പ്രപഞ്ചത്തിന്റെ വികാസത്തേയും തകര്‍ച്ചയേയുംസൂചിപ്പിക്കുന്നു. അനശ്വരതയിലേക്കെത്തുന്നത് നശ്വരമായശബ്ദത്തിലൂടെയാണ്. ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഇടതുകൈ പ്രപഞ്ചത്തിന്റെ ആദിമ ഊര്‍ജ്ജത്തെ പ്രതിനിധാനം ചെയ്യുന്നു. ആനന്ദം ഊര്‍ജ്ജത്തെ നിലനിര്‍ത്തുമ്പോള്‍ സുഖഭോഗങ്ങള്‍ അതിനെ കുറയ്ക്കുകയാണ് ചെയ്യുക. അഭയമുദ്രയോടുകൂടി താഴേക്കു പിടിച്ചിരിക്കുന്ന വലതുകൈ സംരക്ഷണവും ക്രമനിബദ്ധതയും ഉറപ്പുവരുത്തുന്നു. പാദങ്ങളിലേയ്ക്കു ചൂണ്ടുന്ന മറ്റേകൈയാകട്ടെ, അനന്തമായ സാദ്ധ്യതകളെയാണ് സൂചിപ്പിക്കുന്നത്. ശിവന്റെ പാദങ്ങള്‍ക്കുകീഴിലുള്ള അപസ്മാര എന്ന അസുരന്‍ അജ്ഞതയെ പ്രതിനിധാനം ചെയ്യുന്നു.
മാത്രമല്ല, ശരീരത്തിന്റെയും ജീവോര്‍ജ്ജത്തിന്റെയും മുകളിലുള്ള നിയന്ത്രണംവിട്ടുപോകുന്ന അപസ്മാരാവസ്ഥയെയാണ് അത് സൂചിപ്പിക്കുന്നത്. അജ്ഞതയുടെ ബന്ധനത്തില്‍നിന്ന്‌മോചനം നേടാന്‍ മനുഷ്യചേതനയ്ക്കു കഴിയുമ്പോള്‍ അതിന് ശരീരത്തിന്റേയും മനസ്സിന്റേയും മുകളില്‍ ആധിപത്യംലഭിക്കുന്നു. അപ്പോഴാണ് ജീവിതത്തില്‍ ആനന്ദനടനം ആരംഭിക്കുന്നത്. പ്രപഞ്ചത്തില്‍ നടക്കുന്ന സൃഷ്ടിസംഹാരങ്ങളുടെ ചാക്രികതയാണ് ആനന്ദതാണ്ഡവം പ്രതിനിധാനം ചെയ്യുന്നത്. ഈ ലോകം വീണ്ടും വീണ്ടും ഉയരുകയും താഴുകയും ചെയ്യുന്ന ഊര്‍ജ്ജമല്ലാതെമറ്റൊന്നുമല്ല. തമിഴ്‌നാട്ടിലെ ചിദംബരം ക്ഷേത്രം നടരാജന്റെ അതീന്ദ്രീയാവസ്ഥയുടെ മനോഹരമായ ആവിഷ്‌ക്കാരമാണ്. ഇവിടെ 'ചിത്' എന്നാല്‍ ചേതനയെന്നും, 'അംബരം' എന്നാല്‍ പ്രകാശമാനമായ ആകാശമെന്നുമാണ്അര്‍ത്ഥം.
ശിവന്റെ അനന്തനൃത്തം സംഭവിച്ചത് ഭൂമിയിലല്ല. ആ നൃത്തം ശാശ്വതമായ തുടര്‍ച്ചയാണ്.അതിന് അവസാനമില്ല. ചിദംബരം ക്ഷേത്രത്തിലെ മേല്‍ക്കൂരയിലുള്ള 21600 സ്വര്‍ണ്ണ ഓടുകള്‍ ഒരു മനുഷ്യന്‍ ഒരു ദിവസം എത്ര ശ്വാസം എടുക്കും എന്നത് സൂചിപ്പിക്കുന്നു. ''സര്‍വ്വം ശിവമയം ജഗത്'' - ശിവന്റെ പ്രകാശനമാണ് ഈ പ്രപഞ്ചം മുഴുവന്‍ എന്ന് പുരാണങ്ങളില്‍ പറയുന്നു. ഭൗതികതയില്‍നിന്ന് ഉയര്‍ന്ന് അനന്തവും നിഷ്‌കളങ്കവും ആനന്ദകരവുമായ ശിവതത്ത്വത്തിന്റെ പരമപ്രഭാവത്തില്‍ മുങ്ങാന്‍ പറ്റുന്ന ഏറ്റവും ശ്രേഷ്ഠമായസമയമാണ് ശിവരാത്രി. ബാഹ്യമായി നിരവധി ചടങ്ങുകളും പൂജകളും ശിവാരാധനയില്‍ ഉണ്ടെങ്കിലും, ശിവന് നല്‍കാവുന്ന ഏറ്റവും മനോഹരമായ പൂക്കളാണ്ജ്ഞാനം, സമചിത്തത, ശാന്തി എന്നിവ. നമ്മളില്‍ത്തന്നെയുള്ള ശിവതത്വത്തെ ആഘോഷിക്കുന്നതാണ് ശരിയായ ശിവരാത്രി.

No comments: