Sunday, April 28, 2019

ന്യായങ്ങള്‍

മർക്കടഗർദ്ദഭന്യായം.
കുരങ്ങച്ചൻറെ കല്യാണത്തിന്
കഴുതച്ചാരുടെ പാട്ടുകച്ചേരി.
കഴുത കുരങ്ങൻറെ സൌന്ദര്യം വാഴ്ത്തുന്നു,കുരങ്ങൻ കഴുതയുടെ ശബ്ദസൌകുമാര്യം പ്രകീർത്തിക്കുന്നു.
അഹോ രൂപം!
അഹോ സ്വരം!
ഇത്തരം പരസ്പരപ്രശംസയെ സൂചിപ്പിക്കുന്ന പ്രയോഗമാണ്
അജവൃകന്യായം
അജത്തെയും വൃകത്തെയും സംബന്ധിക്കുന്നത്.
ആട്ടിൻകുട്ടിയുടെയും ചെന്നായയുടെയും കഥ അടിസ്ഥാനം.
സ്വന്തം കാര്യം സ്ഥാപിക്കാൻ ഉന്നയിക്കുന്ന ദുരുക്തി
3 .അജശുനകന്യായം
ആടിനെ പട്ടിയാക്കുന്ന ഏർപ്പാട്. കുറെപ്പേരൊത്തുപറഞ്ഞ് ഒന്നിനെ മറ്റൊന്നായി സമർഥിക്കുക. പലരൊന്നിച്ചാൽ തെറ്റിദ്ധരിപ്പിക്കാൻ എളുപ്പമാണെന്ന് സാരം.
അജാഗളസ്തനന്യായം
അജാ,- പെണ്ണാട്.
ഗളസ്തനം,-കഴുത്തിലെ മുല
ആടിൻറെ കഴുത്തിൽ മുല പോലെ കാണുന്ന തൊങ്ങൽ മുലയല്ല. പ്രയോജനരഹിതമായ ഒരലങ്കാരം മാത്രം.
ധർമാർഥകാമമോക്ഷങ്ങളിൽ ഒന്നെങ്കിലും അറിയാത്തവൻറെ ജന്മം ആടിൻറെ കഴുത്തിലെ മുല പോലെ അർഥശൂന്യമെന്ന് നീതിസാരം.
"
ധർമാർഥകാമമോക്ഷാണാം
തസ്യൈകോfപി ന വിദ്യതേ
അജാഗളസ്തനസ്യൈവ
തസ്യ ജന്മം നിരർഥകം
അജാതപുത്രനാമകരണന്യായം.‍‍
ജനിച്ചിട്ടില്ലാത്ത കുട്ടിക്കു പേരിടുമ്പോലുളള മൂഢപ്രവൃത്തി
അന്ധചടകന്യായം
കുരുടനെയും ചടക( കുരീൽ)  പക്ഷിയെയും സംബന്ധിച്ച ന്യായം. 
കുരുടൻ ഒരിക്കൽ എങ്ങനെയോ ഒരു ചടകത്തെ പിടിച്ചു. തികച്ചും യാദൃച്ഛികം.
ചക്കച വീണ് മുയൽ ചത്തെന്നു പറയും പോലെ.
7 .അന്ധഗജന്യായം
കുരുടൻ ആനയെക്കണ്ടതു പോലെവ്യക്തമായ അന്വേഷണമില്ലാതെ കാര്യങ്ങൾ ഗ്രഹിക്കുക.
8. അന്ധഗോലാംഗുലന്യായം.
ലാംഗുലം - വാൽ
കുരുടൻ പശുവിൻറെ വാല് അവലംബമാക്കി വഴി കണ്ടുപിടി്ക്കുന്നതരം മൌഢ്യ
ത്തെ കാണിക്കുന്നു.
അന്ധവർത്തകീയന്യായം.
കുരുടൻറെ കൈയിൽ യാദൃച്ഛികമായി ഒരു കാടപ്പക്ഷി വന്നു ചേർന്നു.
എന്തെന്നറിയാതെ ഭയന്ന്
അതിനെ വിട്ടുകളഞ്ഞു. ഇതാണ് അന്ധവർത്തകീയന്യായം. ( മാല്യം മൂർധാവിലിട്ടാൽ തലകുടയും പാമ്പിതെന്നോതിയന്ധൻ-ശാകുന്തളം)
10 അദ്രിമൂഷികപ്രസവന്യായം.
മല എലിയെ പ്രസവിച്ചെന്നു പറയും പോലെ.
വലിയകാര്യം പ്രതീക്ഷിച്ചിട്ട് വളരെ നിസ്സാരമായകാര്യം സംഭവിക്കുക.
മലപോലെ വന്നുഎലിപോലെ പോയി.
11 അന്ധാനുഗതാന്ധന്യായം
അന്ധനെ അനുഗമിക്കുന്ന അന്ധനെ സംബന്ധിക്കുന്ന ന്യായം.
മൂഡൻറെ പുറകെപോയി ആപത്തിൽ ചാടുക.
12 .അന്ധപംഗുന്യായം
അന്ധനും പംഗു( മുടന്തൻ)വും സഹകരിച്ചു യാത്രചെയ്ത് നിശ്ചിതസ്ഥാനത്തെത്തിയെന്നു കഥ.നടക്കാൻ കഴിവുളള അന്ധൻ മുടന്തനെ തോളിലേറ്റി ലക്ഷ്യസ്ഥാനത്തു നിർവിഘ്നമെത്തുന്നു. വ്യത്യസ്തമായ കഴിവുളളവർ പരസ്പരം സഹകരിച്ചു പ്രവർത്തിച്ചു വിജയം വരിക്കുന്നതിനെ കുറിക്കുന്നിടത്ത് ഈ ന്യായത്തിനു പ്രയോഗം
13 അരണ്യരോദനന്യായം
വനരോദനം. നിഷ്പ്രയോജനമായ സങ്കടനിവേദനം. ആവലാതി ചെവിക്കൊളളാൻ ആരുമില്ലാത്ത അവസ്ഥ.
14.അരുന്ധതീദർശനന്യായം
വസിഷ്ഠപത്നിയാണ് പതിവ്രതയായ അരുന്ധതി. സാമാന്യദൃക്കുകൾക്ക് അദൃശ്യയായ അരുന്ധതിയെ കണ്ടെത്തുക ശ്രമസാധ്യമാണ്. ആദ്യം സപ്തർഷിമണ്ഡലം കണ്ടുപിടിക്കണം. പിന്നെ വസിഷ്ഠൻറെ സ്ഥാനം. ശേഷം,വസിഷ്ഠപാർശ്വത്തിൽ ഒരു ബിന്ദുപോലെ അരുന്ധതിയെ.
എളുപ്പം ഗ്രഹിക്കാവുന്ന കാര്യങ്ങളുടെ സാഹായ്യത്തൊടെ സമീപവർത്തികളായ സൂക്ഷ്മ വസ്തുക്കളെ മനസ്സിലാക്കുന്ന രീതി. സ്ഥൂലത്തിൽനിന്നു സൂക്ഷ്മത്തിലേക്കുപോകുന്ന സമ്പ്രദായം
15 .അർധജരതീയന്യായം
ജരതീയ..വൃദ്ധ.
ഒരു ചീത്തവസ്തുവിൻറെ ഏതാനും ഭാഗം സ്വീകരിക്കയും ബാക്കി തിരസ്കരിക്കയും ചെയ്യുന്നിടത്ത് ഈ ന്യായത്തിൻറെ പ്രവൃത്തി.
16 .അശോകവനികാന്യായം
സമാനഗുണമുളള പലതിൽനിന്ന് ഒന്നു സ്വീകരിക്കുന്നത്. വ്യക്തിതാത്പര്യത്തിനപ്പുറമൊന്നുമില്ല.
17 .അസിധാരാവലേഹനന്യായം.
അസി..വാൾ .  അസിധാര..വാൾത്തല
അവലേഹനം..നക്കൽ
വാൾത്തലപ്പ് നക്കുന്നതുപോലെ ദുഷ്കരമായ സാഹസകൃത്യം
18.അഹിനിർമ്മോകന്യായം
അഹി..പാമ്പ്
നിർമോകം..പടം പൊഴിക്കൽ
പാമ്പ് പടം പൊഴിക്കുന്നതുപോലെ ത്യജിക്കാവുന്നതിനെ ത്യജിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നു സമർഥിക്കുന്നതിന് .
19 .അഹിമൂഷികന്യായം
അഹി(പാമ്പ്) മൂഷികനെയും സംബന്ധിച്  ന്യായം.
ഇര മോഹിച്ചു പാമ്പാട്ടിയുടെ കൂട കരണ്ടുതുരന്ന എലിയെ കൂടയിലുണ്ടായിരുന്ന പാമ്പ് ഇരയാക്കി.
കരണ്ടാനിരമോഹിച്ചി-
ട്ടഹിമഞ്ജുഷ മൂഷികൻ
ഭക്ഷിച്ചാനഹിയെത്തന്നെ
തൽക്ഷണാലഹിയും പുനഃ
അഹിമഞ്ജുഷ..പാമ്പിൻകൂട
20 കുന്തകുംഭന്യായം
കുന്തം പോയാൽ കുടത്തുലും തേടണം എന്ന പഴമൊഴിയാണ് ഈന്യായത്തനടിസ്ഥാനം. ഏതവസ്ഥയിലും അതിസൂക്ഷ്മപരിശോധന ആവശ്യമാണ് എന്നോർമ്മപ്പെടുത്തുന്ന ന്യായം.
21 കൂപഖാനകന്യായം
കൂപം ഖാനനം ചെയ്യുന്നവ (കിണർവെട്ടുകാര)നെ സംബന്ധിച്ച ന്യായം.
കിണർ വെട്ടുമ്പോൾ ശരീരത്തിൽ പറ്റുന്ന ചളി,ചേറ് മുതലായവ ആ കിണറ്റിലെ വെള്ളംകൊണ്ടുതന്നെ കഴുകിക്കളയാൻ പറ്റുമല്ലോ. ഒരു സത്പ്രവൃത്തി ചെയ്യുമ്പോൾ ആദ്യഘട്ടത്തിലുണ്ടാകുന്ന പ്രയാസങ്ങൾ ആ പുണ്യകർമ്മത്തിൻറെ പരിണതിയിൽ സ്വഭാവികമായും ഇല്ലാതായിത്തീരുന്നു. ഇതു വെളിപ്പെടുത്തുന്നതാണ് ഈ ന്യായം.
22 .കുങ്കുമഗർദ്ദഭന്യായം
കുങ്കുമത്തിൻറെ വിലയും മഹിമയുമറിയാത്ത കഴുത അതു ചുമക്കുന്നു. കൈയിലിരിക്കുന്ന വസ്തുവിൻറെ പൊരുളറിയാതെ അതും പേറി നടക്കുന്ന ആളുകളെ കുറിക്കുന്നിടത്ത് ഈ ന്യായത്തിന് പ്രസക്തി.
23 . കുഞ്ജരശൌചന്യായം
കുഞ്ജരശൌചംആനക്കുളി.
ആനക്കാരൻ ആനയെ എത്ര ഭംഗിയായി കുളിപ്പിച്ചാലും തരം കിട്ടുമ്പോൾ അത് മണ്ണു വാരിയിട്ടു വൃത്തികേടാക്കും.
മത്തേഭം പാംസുസ്നാനംകൊണ്ടല്ലോ  സന്തോഷിപ്പൂ
നിത്യവും സ്വച്ഛജലംതന്നിലേ കുളിച്ചാലും"
ഇത്തരം സന്ദർങ്ങളിൻ ഈ ന്യായത്തിനു പ്രവൃത്തി.
24 .കരതലാമലകന്യായം
കരതലത്തിലെ ആമലക(നെല്ലിക്ക) ത്തെ സംബന്ധിക്കുന്ന ന്യയം. ഉള്ളങ്കൈയിലെ നെല്ലിക്ക പോലെ അനുഭവത്തിൻറെ പ്രത്യക്ഷവത്തായ പാരമാർഥികത വ്യക്തമാക്കുന്നു.
25 .കാകതാലീയന്യായം
താലീയം— പനങ്കായ
കാക്ക പനങ്കുലയിൽ വന്നിരുന്നതും പനങ്കായ താഴെ വീണതും ഒപ്പം സംഭവിച്ചു. രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല. കാര്യകാരണബന്ധം ആരോപിച്ചിരിക്കയാണ്. രണ്ടു
കാര്യങ്ങള്‍  ഒരേ സമയത്തു യാദൃച്ഛികമായി സംഭവിക്കുന്നിടത്തു ഘടിപ്പിക്കാവുന്ന ന്യായം.
26 . കപോതമിഥുനന്യായം
ഇണപ്രാവുകളെപ്പോലെ ആദർശദാമ്പത്യത്തെ സൂചിപ്പിക്കുന്നു.
27 . കരകങ്കണന്യായം
കങ്കണംകൈവള
കരം എന്ന പദം സന്ദർഭത്തിൽ ആവർത്തനമല്ലേ എന്ന് ആദ്യം തോന്നാമെങ്കിലും,ഗുണകരമാണെന്ന ചിന്ത പിന്നീടുണ്ടാകും.
പ്രഥമചിന്തിൽ പുനരുക്തി ഉണ്ടെന്നു തോന്നുക,സൂക്ഷ്മചിന്തയിൽ അതില്ലെന്നു മനസ്സിലാകുക.
ഈ സന്ദർഭത്തിൽ ഈ ന്യായം പ്രവർത്തിക്കുന്നു.
28 കശ്ചിത്കാന്താന്യായം/
      
കാചിൽകാന്താന്യായം
കാളിദാസൻറെമേഘസന്ദേശത്തിലെ ഒരു ശ്ലോകം ആരംഭിക്കുന്നത് 
കശ്ചിത് കാന്താവിരഹഗുരുണഃ
എന്നാണ്. കാളിദാസൻറെ വിമർശകർ അദ്ദേഹത്തെ തിരുത്തി. കശ്ചിത് കാന്താ എന്നല്ല കാചിൽ കാന്താ എന്നാവണമെന്നായിരുന്നു അവരുടെ പക്ഷം. കശ്ചിൽ പുല്ലിംഗമാണ്കാന്ത സ്ത്രീലിംഗമാകയാൽ സ്ത്രീലിംഗമായ കാചിൽ
തന്നെ വേണ്ടിയിരുന്നു എന്ന വിമർശകപക്ഷത്തിനു കാളിദാസൻ കൊടുത്ത മറുപടി,"ഇത് കാളിദാസൻറെ മേഘസന്ദേശംനിങ്ങൾ്ക്കു നിങ്ങളുടേതായ മറ്റൊരു മേഘസന്ദേശമെഴുതാമല്ലൊ. അതിൽ ഇപ്പറഞ്ഞഭേദഗതിയുമാകാം" എന്നാണ്. കാന്താ വിരഹഗുരുണഃ കശ്ചിൽ യക്ഷഃ എന്നാണ് കാളിദാസൻറെ അന്വയം. അവിടെ ലിംഗവ്യവസ്ഥ ശരിയാണ്. വിമർശകരുടെ തിരുത്ത് അന്വയത്തിനു വഴങ്ങില്ല. ശരിയെന്ന് ഉത്തമബോധ്യമുള്ളിടത്തു തിരുത്തലിനെ കൂസാതെനില്ക്കുമ്പോൾ ഈ ന്യായം പ്രവർത്തിക്കും
29 കണ്ഠചാമീകരന്യായം
കഴുത്തിലെ ചാമീകരം (സ്വർണമാല.)
സ്വന്തം മേന്മ സ്വയമറിയാതെ
മറ്റുള്ളവർ പറഞ്ഞുമാത്രമറിയുക
.30 .ആമ്രവനന്യായം
ആമ്രവനം..മാന്തോപ്പ്
ധാരാളം വൃക്ഷങ്ങളുളള വനത്തിൽ മാവുകൾ എണ്ണത്തിൽ ഏറെയുണ്ടെങ്കിൽ ആമ്രവനമെന്നാവും അതിനെ വിളിക്കുക. എണ്ണത്തിലും ഗുണത്തിലും ആധിക്യമുള്ള വസ്തുവിനു പ്രാധാന്യമുളള വ്യവഹാരരീതിയിൽനിന്നാണ് ഈ ന്യായത്തിൻറെ പിറവി.
31 ഇന്ധനവഹ്നിന്യായം
വിറകിട്ടുകൊടുത്ത് അഗ്നിയെ തൃപ്തിപ്പെടുത്താനാവില്ല.എത്ര കൊടുത്താലും മതിയാവാത്ത ഈ ശീലത്തെ ആസ്പദമാക്കിയാണ് ഈ ന്യായം.
(
എത്ര കിട്ടിയാലും മതിയാകാത്തവനാകയാൽ അഗ്നിക്ക് അനലൻ എന്നും പേരു വന്നു. അലം..മതി)
32.അജസൃ(ശൃ)ഗാലന്യായം
ആടുകൾ തമ്മിൽ പൊരുതുമ്പോൾ ഒഴുകുന്ന രക്തം കുടിക്കാൻ തക്കംപാർത്തിരുന്ന കുറുക്കന് പറ്റിയ അമളി. 
ഇത്തവണ ആടുകളുടെ ഇടി
നടുവിൽപ്പെട്ട കുറുക്കനു പറ്റി
  (
സൃഗാലം/ ശൃഗാലം- കുറുക്കൻ)
33 . അശ്മലോഷ്ടന്യായം
അശ്ം..പാറലോഷ്ടം..മൺകട്ട.
മൺകട്ടയ്ക്കു പഞ്ഞിയെക്കാൾ കനമുണ്ടെങ്കിലും കല്ലിനെക്കാൾ കനക്കുറവു തോന്നും. ഇരാൾ തന്നെക്കാൾ താണവനെന്നു തോന്നുന്നവനോടു താരതമ്യം ചെയ്യുമ്പോൾ ഉന്നതനായി കരുതാമെങ്കിലും ഉയർന്നവനോടൊത്തുനോക്കുമ്പോൾ നിസ്സാരനായി പരിഗണിക്കണം.
പ്രബലനായ ശത്രുവിനോട് അങ്ങോട്ടുചെന്നെതിർക്കുന്നതും ശത്രു ഇങ്ങോട്ടുവന്നാക്രമിക്കുന്നതും ദുർബലന് ഒരുപോലെ ആപത്കരമാണല്ലൊ.പാറയിൽ മൺകട്ട പതിച്ചാലും മറിച്ചായാലും ക്ഷീണം മൺകട്ടയ്ക്കുതന്നെ.
മുളളുവന്നിലയിൽ വീണാലും ഇല ചെന്നു മുളളിൽ വീണാലും നഷ്ടം ഇലയ്ക്കുതന്നെ.
34. ഗഗനരോമന്ഥന്യായം
രോമന്ഥം— അയവിറക്കൽ
മൃഗങ്ങൾ ആകാശത്തുനോക്കി അയിവിറക്കുന്നതുകൊണ്ട് ആ മൃഗത്തനോ ആകാശത്തിനോ യാതൊരു പ്രയോജനവുമില്ല. നരർഥകവ്യാപാരത്തെപ്പറ്റി പറയേണ്ടിവരുമ്പോൾ ഈ ന്യായത്തിനുപയോഗം.
35 .കൂർമ്മാംഗന്യായം
കൂർമ്മംആമ.
ആമ സ്വന്തം ശരീരാവയവങ്ങൾ യഥേഷ്ടം അകത്തേക്കു വലിക്കുകയും പുറത്തേക്കു നീട്ടുകയും ചെയ്യാറുണ്ടല്ലോ. ഇന്ദ്രിയങ്ങളെ
വിഷയങ്ങളിൽനിന്നും യഥേഷ്ടം പ്രതിനിവർത്തിക്കുന്നതിനെ ഈ ന്യായംകൊണ്ടു വ്യവഹരിക്കാറുണ്ട്
36. കൃകലാസന്യായം
കൃകലാസംഓന്ത്. സാഹചര്യത്തിനനുസരിച്ച് നിറം മാറുന്നത് ഓന്തിൻറെ സ്വഭാവമാണല്ലോ. അവസരത്തിനൊത്ത് അഭിപ്രായം മാറുന്ന പ്രകൃതക്കാരെ കുറിക്കാൻ ഈ ന്യായം ഉതകും
37 .കൂപമണ്ഡൂകന്യായം
കൂപം— കിണർമണ്ഡൂകം— തവള.
ചെറിയ കിണറ്റിനകത്തുള്ള തവള  ലോകം മുഴുവൻ താനനുഭവിക്കുന്ന ഈ ഭൂമികയാണെന്നു കരുതുന്നു. ലോകപരിചയം വേണ്ടത്രയില്ലാതെഅതു ആവശ്യത്തിലധികമുണ്ടെന്നു ഭാവിക്കുന്ന വിഡ്ഢികളെക്കുറിക്കാൻ ഈ ന്യായം ഉപയോഗിക്കുന്നു.
38 .കൂപയന്ത്രഘടികാന്യായം
കൂപയന്ത്രത്തിൽ ഘടിപ്പിച്ചിട്ടുള്ള തൊട്ടികളിൽ ചിലത് ശൂന്യമായിട്ടു താഴേക്കു പോകുന്നുചിലതു നിറഞ്ഞു മേല്പോട്ടുയരുന്നു. ജീവിതത്തിലെ ഉച്ചനീചത്വങ്ങളെ കുറിക്കുന്നു.
കൂപയന്ത്രം— തുലായന്ത്രം
ഘടിക— ചെറിയ കുടം
39 ഘട്ടകുടീപ്രഭാതന്യായം
ഘട്ടകുടിചുങ്കസ്ഥലം
ചുങ്കം കൊടുക്കാതിരിക്കാൻ വേറെ വഴി പോയെങ്കിലും പ്രഭാതമായപ്പൊൾ വണ്ടിക്കാരൻ ഘട്ടകുടിയിൽത്തന്നെ കറങ്ങിത്തിരിഞ്ഞെത്തുന്നു.
ഒഴിവാക്കാനാഗ്രഹിക്കുന്നതുതന്നെ ഒടുവിൽ സംഭവിക്കുന്നു എന്നു പറയുന്നിടത്ത് ഈ ന്യായം.
40 .ഘുണാക്ഷരന്യായം
ഘുണംപുഴു
പുഴുവിൻറെ അക്ഷരനിർമാണകല അടിസ്ഥാനം. പഴു ഇഴയുമ്പോൾ യദൃച്ഛയാ ചില അക്ഷരങ്ങളുടെ രൂപം മണ്ണിൽ പതിഞ്ഞേക്കാം.തികച്ചും യാദൃച്ഛികമായി നടക്കുന്ന സംഭവമെന്നു സാരം.( കുഴിയാനയിഴഞ്ഞക്ഷരമാവും പോലെ,എന്ന ചൊല്ല് ഓർക്കുക)
41. ചർവിതചർവണന്യായം
ചർവിതം— ചവച്ചത്
ചർവണം— ചവയ്ക്കൽ
ചവച്ചതുതന്നെ വീണ്ടും ചവയ്ക്കുക. വരസമായ ആവർത്തനപ്രക്രിയയെ സൂചിപ്പിക്കുന്നു.
പിഷ്ടപേഷണന്യായം)പിഴിഞ്ഞതു വീണ്ടും പിഴിയുക)
ലീഡാലീഡന്യായം( നക്കിയതു വീണ്ടും നക്കുക) ഇവ സമാനങ്ങളാണ്.
42. ഛത്രിന്യായം
ഒരു സംഘത്തിൽ ഭൂരിപക്ഷം പേർക്കും കുടയുണ്ടെങ്കിൽകുടയില്ലാത്തവർ സംഘത്തിലുണ്ടെന്നകാര്യം വിസ്മരിച്ച് കുടക്കാരുടെ സംഘം എന്നു വ്യവഹരിക്കുന്നപോലുളള സന്ദർഭങ്ങളിൽ ഈ ന്യായത്തിനു പ്രസക്തി.
 43 .ചാലിനീന്യായം
ചാലിനിമുറം
അരി മുതലായ ധാന്യങ്ങൾ മുറത്തിലിട്ടു ചേറുമ്പോൾ ഒരിടത്തുള്ളതു മറ്റൊരുടത്തും മറിച്ചും നീങ്ങുന്നതുപോലെ എങ്ങോട്ടും മാറാം എന്നർഥം വരുന്ന ന്യായം. കുറിയും
ഉറിയും നെറിയുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും മാറുന്ന രീതി ഈ ന്യായം സൂചിപ്പിക്കുന്നു.
44. ജംബൂകദ്രാക്ഷാഫലന്യായം
കുറുക്കൻറെയും മുന്തിരിപ്പഴത്തിൻറെയും കഥ അടിസ്ഥാനമാക്കിയുള്ള ന്യായം. ആശിച്ച വസ്തു ആയാസപ്പെട്ടിട്ടും അധീനതയിൽ വരാതിരിക്കുമ്പോൾ ആശാഭംഗവും ആക്ഷേപവും ഉണ്ടാകുന്നിടത്ത് ഈ ന്യായം വ്യാപരിക്കുന്നു.
45. തിലതണ്ഡുലന്യായം
തലവും(എള്ളും) തണ്ഡുലവും( അരിയും) കൂടിക്കലർന്നാൽ പെട്ടെന്ന് തിരിച്ചറിയാം. ഘടകപദാർഥങ്ങളുടെ തിരിച്ചറിയാവുന്ന മേളനത്തെപ്പറ്റി പറയുന്നതിനുപകരിക്കുന്നു
46. ദഗ്ധപത്രന്യായം.
ദഗ്ധപത്രം— കരിഞ്ഞില
ഇല കത്തക്കരിഞ്ഞാലും ഇലയുടെ ആകൃതിയിൽത്തന്നെ കരി നിലനില്ക്കും. എന്നാൽ ഇല എന്നല്ല,കരി എന്നാണ് അപ്പോൾ വ്യവഹാരം. ആകാരം മാറുന്നില്ലെങ്കിലും ഗുണത്തിൽ വ്യത്യാസം വരുന്നു 
എന്നു പറയുവാനാണ് ഈ ന്യായം ഉപയോഗിക്കുക.
47.ഗരുഡമക്ഷികാന്യായം
ഗരുഡൻ പറക്കുന്നുഈച്ചയും പറക്കുന്ന. രണ്ടു കൂട്ടരും ചേയ്യുന്നത് ഒരേ വ്യാപാരമാണ്
പക്ഷേ,പറക്കൽ ഏകരൂപമല്ല.
ദൂരത്തിലും ഉയരത്തിലും വ്യത്യാസമുണ്ട്..ചെയ്യുന്നത് ഒരേ പ്രവൃത്തിയാണെങ്കിലും ഗുണാനുപാതത്തിൽ വ്യത്യാസമുണ്ട്. ഇവിടെ ഈ ന്യായം.
  48 .ബകബന്ധനന്യായം
ബകത്തെ ബന്ധിപ്പിക്കുന്നതിനെപ്പറ്റി പറയുന്ന കഥ. കൊക്കിൻറെ തലയിൽ വെണ്ണ വച്ച്വെണ്ണ ഉരുകി കണ്ണിൽ വീണ്കണ്ണുകാണാതെവരുമ്പോൾ പിടിക്കാമെന്ന വിചാരം.
49 .നൃപനാപീതപുത്രന്യായം.
നാപീതൻ- ക്ഷുരകൻ
ഒരു രാജാവ് തൻറെ ക്ഷുരകനോട് നാട്ടിൽ ഏറ്റവും അഴകുള്ള ഒരു കുട്ടിയെ കണ്ടുപിടിക്കുവാൻ ആ ശ്യപ്പെട്ടു.. ഏറെ അന്വേഷണത്തിനൊടുവിൽ നാപിതൻ സ്വന്തം മകനെത്തന്നെ രാജസന്നിധിയിലെത്തിച്ചു. കാക്കയ്ക്കും തൻകുഞ്ഞു പൊൻകുഞ്ഞുതന്നെ എന്നു ന്യായം.
50. പങ്കപ്രക്ഷാളനന്യായം
പങ്കം- (ച) ചെളിപ്രക്ഷാളനം- കഴുകിക്കളയൽ.
ചെളിപറ്റി കഴുകിക്കളയുന്നതിനെക്കാൾ ചെളി ദേഹത്തു പറ്റാതെ സൂക്ഷിക്കുന്നതാണ് ഉത്തമം എന്ന് ഓർമ്മപ്പെടുത്തുന്ന ന്യായം.
51.പല്ലവഗ്രാഹിതന്യായം
തളിരില മാത്രം സ്വീകരിക്കുന്നതിനെ അവലംബിച്ചുള്ളതാണ് ഈ ന്യായം. ഉപരിപ്ലവബുദ്ധിത്വം സൂചിപ്പിക്കുന്നു. നിസ്സാരമായ അറിവോടുകൂടി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെ കുറിക്കുന്നു
52. നളബാഹുകന്യായം
നളനും ബാഹുകനും ഒരാൾതന്നെയാണല്ലൊ. ഒരാൾതന്നെ യഥാർഥ രൂപത്തിലും പ്രച്ഛന്നരൂപത്തിലും രണ്ടു വ്യക്തിത്വം പ്രകടിപ്പിക്കുക.
53.പാടീരപന്നഗന്യായം
പാടീരം- ചന്ദനം
പന്നഗം- പാമ്പ്
പാമ്പ് അടുത്തുണ്ടെങ്കിൽ ചന്ദനമരമായാലും അപ്രാപ്യമാകും. അതുപോലെസത്തുക്കളൊടു ദുഷ്ടന്മാർ കൂട്ടുചേരുമെന്നും അപ്പോൾ സജ്ജനങ്ങളും മറ്റുള്ളവർക്കു പ്രയോജനരഹിതമാകുമെന്നും ന്യായം.
54 .പാനകരസന്യായം.
കാവ്യശാസ്ത്രസംബന്ധിയായ ഒരു ന്യായമാണ്,ഇത്. വിഭാവാദികളും സ്ഥായിയും തമ്മിലുള്ള ഏകദേശബന്ധം സൂചിപ്പിക്കുന്ന ഉദാഹരണത്തിൽനിന്നാണ്   ഈ ന്യായത്തിൻറെ പിറവി. നെയ്യും അരിയും ശർക്കരയും പാലും ഏലക്കായും മറ്റും ശരിയായ അനുപാതത്തിൽ വിദഗ്ധനായ പാചകൻ കൂട്ടിയിണക്കി പായസം ഉണ്ടാക്കുമ്പൊൾ ഓരോ പദാർഥത്തിൻറെയും പ്രത്യേകമായ സ്വാദിൽനിന്നു വ്യത്യസ്തമായും എന്നാൽ വിശിഷ്ടവുമായ ഒരു സ്വാദുണ്ടാകുന്നു. ഇതാണ് പാനകരസന്യായം. കാവ്യാനുഭൂതിയും ഇതുപൊലെ പല ഘടകങ്ങളുടെയും സമഞ്ജസമായ മേളനം കൊണ്ടുണ്ടാകുന്നതാണ്
55 .പിഷ്ടപേഷണന്യായം
പൊടിച്ചതുതന്നെ വീണ്ടും പൊടുക്കുക എന്ന അനാവശ്യമായ ആവർത്തനത്തെ സൂചിപ്പിക്കുന്ന ന്യായം.
ചർവിതചർവണന്യായംപോലെ.
56 .ധൃതരാഷ്ട്രാലിംഗനന്യായം
വിരോധം മനസ്സിൽ വച്ച് സ്നേഹം നടിക്കുക. ഭീമസേനനെ ആലിംഗനം ചെയ്യാൻ ധൃതരാഷ്ട്രർ കാണിച്ച കൌശലം സൂചിതം
57. ദേഹലീന്യായം
ദേഹലി- ഉമ്മരപ്പടി
ഉമ്മരപ്പടിയിൽ കൊളുത്തിവയ്ക്കുന്ന വിളക്ക് ഇരുഭാഗത്തും വെളിച്ചം നല്കും. ഒരു വസ്തു ഏകകാലത്ത് രണ്ടാവശ്യത്തിനു പറ്റുന്നതാണെങ്കിൽ അവിടെ ഈ ന്യായത്തിനു പ്രസക്തി.
58. ദശമന്യായം.
പത്തു പേരുളള ഒരു സംഘത്തിലെ ഒരാൾ സംഘത്തെ എണ്ണിനോക്കിയാൽ(തന്നെ വിട്ട് എണ്ണുന്നതിനാൽ) ഒൻപതെണ്ണമേ കാണൂ. അതു പൊലെ യാഥാർഥ്യമറിയാതെപിന്നീട് അബദ്ധം ബോധ്യമാകുന്ന രീതിയെ കുറിക്കുന്ന ന്യായം.
59.ദണ്ഡാപൂപികന്യായം / ദണ്ഡാപൂപന്യായം
ദണ്ഡം-വടി
ആപൂപം/ആപൂപിക-അപ്പം
അപ്പം കോർത്തുവച്ചിരുന്ന കമ്പ് എലി ഭക്ഷിച്ചാൽ പിന്നെ അപ്പത്തിൻറെ അവസ്ഥ പറയാനുണ്ടോ?അപ്പക്കോലെലി ഭക്ഷിച്ചാ-
ലപ്പത്തിൻകഥയെന്തുതാൻ!
'
കൈമുതികന്യായം'തന്നെ.
അർഥാപത്തി.
60.ഘടദീപികാന്യായം.
കുടത്തിലെ വിളക്ക്.കുടത്തിനുള്ളിൽ കത്തിച്ചു വയ്ക്കുന്ന വെളിച്ചം പുറത്തേക്കു പ്രസരിക്കുന്നില്ല. കുടം മുഴുവൻ നിറഞ്ഞുനില്ക്കയും ചെയ്യും. കഴിവുകൾ വെണ്ടത്ര പുറത്തുവിടാതെ തന്നിൽത്തന്നെ ഒതുക്കുന്ന വ്യക്തികളെ കുറിക്കാൻ ഈ ന്യായം ഉപകരിക്കും
61.ഗഡ്ഢരികാപ്രവാഹന്യായം

ഗഡ്ഡരികആട്ടിൻപറ്റം.
മുമ്പേ പോകുന്ന ആടിനെ അനുകരിച്ചുപ്രവർത്തിക്കുകയാണ് ആട്ടിൻകൂട്ടത്തിൻറെ സ്വഭാവം.ഇതു സംബന്ധിച്ച ന്യായമാണ് ഇത്.
62.ബകാണ്ഡപ്രത്യാശാന്യായം
ഒരക്കലും സാധ്യമാകാനിടയില്ലത്തകാര്യത്തിൽ ആശ കൈവിടാതെ യത്നിക്കുക എന്ന അർഥത്തിൽ പ്രയോഗിക്കുന്ന ന്യായം.
മുട്ടാടിൻറെ പിന്നാലെ,അതിൻറെ വൃഷണം കൊഴിഞ്ഞു വീഴുന്നതും പ്രതീക്ഷിച്ചു നടക്കുന്ന കൊക്കിനെ സംബന്ധിക്കുന്ന കഥ.
63.ബളിശാമിഷന്യായം
ബളിശം- ചൂണ്ട,ആമിഷം- മാംസം.
ഇരയിട്ടു മീൻപിടിക്കുക. കൌശലമുപയോഗിച്ചു വശപ്പെടുത്തി ആപത്തിൽ ചാടിക്കുക എന്ന അർഥത്തിൽ പ്രയോഗം 
64.മണികാഞ്ചനന്യായം
മണി-രത്നം,കാഞ്ചനം-സ്വർണം. രത്നവും സ്വർണവും മേളിക്കുമ്പോൾ ഉണ്ടാകുന്ന ചാരുത. സമാനഗുണസമ്പന്നതയുടെ വൈശിഷ്ട്യം വ്യഞ്ജിപ്പിക്കുന്ന ന്യായം.
65.മധ്യമണിന്യായം
മാലയുടെ നടുവിലുള്ള രത്നം ഇരുവശത്തുമുള്ള പാതികൾക്ക് ഒരുപോലെ യോജിക്കുമല്ലോ. ഒരു വസ്തു/ വ്യക്തി ഒരേ സമയം തന്നോടു സഹകരിക്കുന്ന മറ്റുഗ വസ്തുക്കൾ/ വ്യക്തികൾക്കും പ്രയോജനപ്പെടുന്നിടത്ത് ഈ ന്യായം പ്രവർത്തിക്കും;ദേഹലീന്യായംപോലെ
.66.മധുകരീന്യായം
മധുകരം-വണ്ട്. വണ്ട് പൂക്കൾ തോറും അലഞ്ഞുനടന്ന് തേൻ ശേഖരിക്കുന്നു. പലെടത്തുനിന്നും അല്പാല്പമായി സമ്പാദിച്ച് സ്വരുക്കൂട്ടുന്നതിനെ സൂചിപ്പിക്കുന്നു ഈ ന്യായം. മധുമക്ഷികന്യായം എന്നും വിളിക്കും.
67.മണിശാണന്യായം
ചാണക്കല്ലിലുരച്ച രത്നം ശോഷണാവസ്ഥയിലും ഏറെ ശോഭിക്കും. താത്കാലികമായുള്ള ക്ലേശങ്ങൾ വകവയ്ക്കേണ്ടതില്ലെന്നും അവ ആത്യന്തികമായി മാഹാത്മ്യഹേതുവായിത്തന്നെ തീരുമെന്നും ന്യായം.
68.മർക്കടമുഷ്ടിന്യായം
കരങ്ങിൻറെ കടുംപിടുത്തം. പിടിച്ച പിടിയുടെ മുറുക്കം എന്തു വന്നാലും അയക്കാതെയിരിക്കുക.
ദുശ്ശാഠ്യവും നിർബന്ധബുദ്ധിയും സൂചിപ്പിക്കുന്ന പ്രയോഗം.
69.മരുമരീചികന്യായം.
ഇല്ലാത്തത് ഉണ്ടെന്നു തോന്നിപ്പിക്കുന്നതിനു പുറമേ അതിനു പുറകെ അലഞ്ഞ് നിരാശത വർദ്ധിക്കുന്നിടത്തു പ്രയോഗം
70.മയൂരാണ്ഡന്യായം
മയിൽമുട്ടയിൽ പീലിക്കോലുകളോടും ശില്പാങ്കുരങ്ങളോടും കൂടിയ മയിൽക്കുഞ്ഞിനെ നിഗൂഹനം ചെയ്തിരിക്കുന്നു. സൂക്ഷ്മത്തിൽ സ്ഥൂലത്തെ അടക്കംചെയ്തിരിക്കുന്നു എന്നു പറയേണ്ടിടത്ത് ഈ ന്യായം പ്രവർത്തിക്കുന്നു.
71.മർക്കടസുരാപാനന്യായം.
കുരങ്ങിൻറെ കള്ളുകുടി. സ്വതേ ചപലനായ വ്യക്തിക്ക് ചാപല്യം വർദ്ധിക്കുകയും മതിബ്ഭ്രമം വരുത്തുകയും ചെയ്യുന്ന കൂട്ടായ്മയുണ്ടാകുക.
72.മർക്കടകിശോരന്യായം
തള്ളക്കുരങ്ങ് തലകുത്തി മറിഞ്ഞാലും കുട്ടിക്കുരങ്ങ്  തള്ളയിലുള്ള പിടി വിടില്ല. യജമാനഭൃത്യബന്ധത്തിലെ ആശ്രിതഭാവം കാണിക്കുന്ന ന്യായം. ദാസൻ യജമാനനെ മുറുകെപ്പിടിക്കുന്നു
73.മാർജ്ജാരകിശോരന്യായം
മർക്കടകിശോരന്യായത്തിനു നേർവിപരീതമാണിത്. പൂച്ച അതിൻറെ കുട്ടിയെ കടിച്ചെടുത്തുകൊണ്ടു പോകുമ്പോൾ കുഞ്ഞിനു വേദനിക്കുമെന്നു തോന്നുമെങ്കിലും വാസ്തവം അങ്ങനെയല്ല.
യജമാനൻ ദാസനെ നേരിട്ടു സംരക്ഷിക്കുന്നിടത്ത് മാർജ്ജാരകിശോരന്യായം
74.മാർജ്ജാരമൂഷികന്യായം
പൂച്ച എലിയെ പിടിച്ചുകഴിഞ്ഞാൽ അതിനെ ഏറനേരമിട്ടു തട്ടിക്കളിച്ചുകൊണ്ടിരിക്കുംഎലി തീരെ അവശതയിലെത്തിക്കഴിഞ്ഞേ ഭക്ഷിക്കൂ. ഇത്തരം ക്രൂരവിനോദങ്ങൾക്ക് ഇണങ്ങുന്നതാണ് ഈ ന്യായം.
75.മാർജ്ജാരശൃംഗാരന്യായം
ആൺപൂച്ചയുടെയും പെൺപൂച്ചയുടെയും സ്നേഹപ്രകടനത്തിലെ വൈരുദ്ധ്യമാണ് ഈ ന്യായത്തിനു വിഷയം. തല്ലും കടിയും മാന്തലും കോലാഹലവും ഒക്കെ ബഹുജനങ്ങളെപ്പറ്റിക്കാനുള്ള അടവാണെന്നു തോന്നിപ്പിക്കുന്നിടത്താണ് ഈ ന്യായത്തിനു പ്രസക്തി.
76.യാചിതമണ്ഡനന്യായം
യാചിതമണ്ഡനം- ഇരന്നുവാങ്ങിയ ആഭരണം. യഥാർത്ഥത്തിൽ ഇല്ലാത്തത് ഉണ്ടെന്നു പറയുന്നിടത്തും ഭാവിക്കുന്നിടത്തുമാണ് ഈ ന്യായത്തിൻ്റെ പ്രയുക്തി.
77.രജ്ജുസർപ്പന്യായം
കയറു കണ്ടു പാമ്പാണെന്നു തെറ്റിദ്ധരിക്കുക. ഭ്രമം നിമിത്തമുള്ള ഭയം/ അജ്ഞാനംമൂലമുള്ള തെറ്റിദ്ധാരണ.
78.രഥചക്രന്യായം
ചാക്രികഗതി. കറങ്ങിത്തിരിഞ്ഞ്  തുടങ്ങിയിടത്തുതന്നെ വീണ്ടും വന്നു നില്ക്കുക
79.രാമബാണന്യായം
ഒരിക്കലും നിഷ്ഫലമാകാത്ത ശക്തിയും വേഗതയുമുള്ളതാണ് രാമബാണംലക്ഷ്യവേധിയാണത്. ശക്തവും ക്ഷിപ്രസാദ്ധ്യവുമായ കർമ്മങ്ങളെപ്പറ്റി പറയേണ്ടിടത്ത് ഈ ന്യായം ഉപകരിക്കും
80.ലൂതാതന്തുന്യായം
എട്ടുകാലി തൻ്റെ ഉള്ളിൽനിന്നുതന്നെ നൂൽ ഉണ്ടാക്കുന്നു,താൻതന്നെ വലകെട്ടുന്നു. സ്വയാശ്രയത്വം വ്യക്തമാക്കുന്ന ന്യായം.
81.ലീഢാലീഢന്യായം
നക്കിയതു വീണ്ടും നക്കുക.ചർവിതചർവണം(62),പിഷ്ടപേഷണം(78) ഇവ സമാനസ്വഭാവമുള്ള ന്യായങ്ങളാണ്. 
82.വജ്രകുക്കുടന്യായം
കോഴിക്കു വൈരക്കല്ലു കിട്ടിയാലെന്ത്,കിട്ടിയില്ലെങ്കിലെന്ത്കോഴി ചികഞ്ഞ് ആഹാരം തിന്നുകൊണ്ടിരിക്കുമ്പോൾ കുപ്പയിൽ കിടന്ന വൈരക്കല്ലും ചികഞ്ഞുതള്ളി.കൈയിൽ അനർഘവസ്തു കിട്ടിയാലും അതിൻ്റെ മഹത്ത്വമറിയാത്തവൻ ഗൌനിച്ചെന്നുവരില്ല. ഇത്തരം സന്ദർഭങ്ങളിലാണ് ഈ ന്യായത്തിനു പ്രസക്തി.
83.വനരോദനന്യായം
നിഷ്ഫലപ്രവൃത്തി എന്ന അർഥത്തിലാണ് വനരോദനമെന്നു സാധാരണ പ്രയോഗിക്കാരുള്ളത്. അ(ആ)രണ്യരോദനന്യായം എന്നും പറയാറുണ്ട്
84.വഹ്നികോടരന്യായം
വഹ്നി-അഗ്നികോടരം- മരപ്പൊത്ത്. മരപ്പൊത്തിൽ തീ പെട്ടാല്‍  അത് മരത്തെത്തന്നെ ദഹിപ്പിക്കും. ഉള്ളിൽ തെല്ലെങ്കിലും അഹങ്കാരം ഉണ്ടെങ്കിൽ അത് വിനാശകാരണമാണെന്ന് ന്യായം.
85.വാതദീപന്യായം.
കാറ്റത്തു വച്ച ദീപം ഒന്നുകിൽ അണയും അല്ലെങ്കിൽ ജ്വാല പതറും. ചിന്ത ഏകാഗ്രമാകണമെങ്കിൽ തദനുസൃതമായ സാഹചര്യം ഉണ്ടാവണമെന്നു സാരം.
86.വായസമൈഥുനന്യായം
ഗോപ്യഗോപനവ്യഗ്രതയെ സുചിപ്പിക്കുന്ന ന്യായമാണിത്. മറ്റു തിര്യക്കുകളെ അപേക്ഷിച്ച്    ഗൂഢരതിയിൽ കാക്ക ഏറെ ശ്രദ്ധവയ്ക്കുന്നുണ്ട്.
വായസം-കാക്ക)
87.വിപിനചന്ദ്രികാന്യായം
കാട്ടിൽ നിലാവു പൊഴിഞ്ഞിട്ട് ആർക്ക്,എന്തു ഗുണം?വീഴുന്ന നിലാവ് ആരും അനുഭവിക്കാതെ പാഴാകുന്നു എന്നപോലുള്ള സന്ദർഭങ്ങളിൽ പ്രയോഗിക്കാം.
88.വിഷൌഷധന്യായം
വഷം ചിലപ്പോൾ ഔഷധമായെന്നു വരാം. ചില നിന്ദ്യവസ്തുക്കൾ ചില സന്ദർഭങ്ങളിൽ ഗുണഭൂയിഷ്ഠങ്ങളായിത്തീരാം എന്നു പറയേണ്ടുന്നിടത്ത് ഈ ന്യായത്തിനു പ്രവൃത്തി.
89.വീചീതരംഗന്യായം
ചെറിയ തിര വീചി.  തിരമാല തരംഗം. വീചി അതിനടുത്തുള്ളതിനെത്തള്ളി വലിയ തിരമാലയുണ്ടാക്കുന്നു. ഒന്നു മറ്റൊന്നിനു കാരണമായി ഫലപ്രാപ്തിയിലെത്തുന്നു എന്നു പറയേണ്ടിവരുമ്പോൾ ഈ ന്യായം പ്രയോഗിക്കാം.
90.ക്ഷീരമാർജ്ജാരന്യായം.
ആരും ഒന്നും അറിയുന്നില്ല എന്ന മിഥ്യാധാരണയിൽ ഓരോന്നു കാട്ടിക്കൂട്ടുക. പൂച്ച കണ്ണടച്ചു പാലുകുടിക്കുന്നതു ദൃഷ്ടാന്തം
91.കൃപണകൃപാണന്യായം.
കൃപണൻ- പിശുക്കൻ/ ദുഷ്ടൻ
കൃപാണം- വാള്/ കത്തി
കൃപണകൃപാണങ്ങൾക്ക് ആകാരത്തിൽ മാത്രമേ വ്യത്യാസമുള്ളു. ആകാരം ശ്ലിഷ്ടപ്രയോഗമാണ്
ആകൃതി എന്നും ദീർഘിച്ച അകാരം( ആ)എന്നും. ആകാരം മാറിയാൽ രണ്ടും സമം.
92.ഹംസവൃത്തിന്യായം
ഗുണദോഷസങ്കലിതമായ ഒന്നിൽനിന്ന് ഗുണത്തെമാത്രം വേർതിരിച്ചു സ്വീകരിക്കുന്നിടത്ത് ഈ ന്യായം പ്രവർത്തിക്കുന്നു.
പാലും വെള്ളവും ചേർന്ന മിശ്രിതത്തിൽനിന്ന് അരയന്നം പാല് മാത്രം വേർതിരിച്ച് പാനംചെയ്യുന്ന കഥയാണ് ഈ ന്യായത്തിന് ആസ്പദം.
93.സ്ഥാലീപുലാകന്യായം
സ്ഥാലി  — പാത്രം/ കലം
പുലാകം— ചോറ്.
പാത്രത്തിലെ ചോറ് വെന്തിട്ടുണ്ടോ എന്നറിയാൻ എല്ലാ വറ്റും പരിശോധിക്കേണ്ടതില്ലല്ലോ. ഒന്നോ രണ്ടോ എണ്ണം പരിശോധിച്ച് എല്ലാത്തിൻ്റെയും വേവു നിശ്ചയിക്കന്ന സമ്പ്രദായത്തിൽനിന്നു രൂപപ്പെട്ടതാണ് ഈ ന്യായം. തീരെച്ചെറിയ ന്യൂനപക്ഷത്തെ വിലയിരുത്തി അതിനെ സാമാന്യവത്കരിക്കുക!
94.സുന്ദോപസുന്ദന്യായം
സുന്ദനെയും ഉപസുന്ദനെയും സംബന്ധിക്കുന്ന ന്യായം. മഹാഭാരതം ആദിപർവത്തിലെ ഒരു കഥയാണ് ഈ ന്യായത്തിനടിസ്ഥാനം. സഹോദരഭാവേന വർത്തിക്കേണ്ട രണ്ടു തുല്യബലശാലികൾ പരസ്പരം കലഹിക്കുന്നിടത്ത് ഈ ന്യായം. അന്യോന്യനാശ്യനാശകഭാവംവധ്യഘാതകഭാവം എന്നൊക്കെപ്പറയാം
95.സൂകരപ്രസവന്യായം
പന്നി തുരുതുരാ ദുർഭഗസന്തതികളെ പ്രസവിക്കുന്നു;ആന ഏറക്കാലത്തെ കാത്തിരുപ്പിനുശേഷം മഹീപാലലാളനീയമായ ആനക്കുട്ടിയ്ക്കു ജന്മം നല്കുന്നു. അനേകം കൊച്ചുകാര്യങ്ങൾ ദിവസേന ചെയ്യുന്നതിനെക്കാൾസമയമെടുത്തായാലും ഒരുത്കൃഷ്ടകാര്യം ചെയ്യുന്നതാണ് നല്ലത് എന്നു ന്യായം
96.സർപ്പനകുലന്യായം
ആജന്മശത്രുത്വത്തെപ്പറ്റി പറയേണ്ടിടത്ത് ചേരുംകീരിയും പാമ്പും പോലെ
97. ശുനഃപുച്ഛന്യായം
നായയുടെ വാലാണ് വിഷയം. ഇതിന് രണ്ടു ഭാഷ്യമുണ്ട്.
നായയുടെ വാല് എത്ര കാലം കുഴലിൽ കിടന്നാലും വളവു നിവരില്ല- എത്ര ശ്രമിച്ചാലും ചിലരെ നേർവഴിക്കു നയിക്കാൻ സാധിക്കില്ല- എന്ന് ഒരു ഭാഷ്യം.
മറ്റൊന്ന് നായയ്ക്ക് വാലുകൊണ്ടു കാര്യമായ പ്രയോജനമില്ല- വിദ്യാവിഹീനന് ജീവിതം പോലെ.
ശുനഃപുച്ഛമിവ വ്യർഥം
ജീവനം വിദ്യയാ വിനാ" 
(
പട്ടിയുടെ വാല് മറയ്ക്കേണ്ടിടം മറയ്ക്കാനോ ഈച്ചയെ ആട്ടാനോ ഉപകരിക്കില്ലല്ലോ)
98 . സൃഗാലവേദാന്തന്യായം
ചെന്നായയുടെ വേദാന്തം.
കുടിലതന്ത്രത്തോടുകൂടിയ
ജ്ഞാനോപദേശം. ദുഷ്ട വിചാരത്തോടെ നടത്തുന്ന
തത്ത്വജ്ഞാനപ്രസംഗത്തെപ്പറ്റി പറയുമ്പോൾ ഈ ന്യായം പറയാം.
99.സൂചീകടാഹന്യായം
കടാഹം— വലിയ ചെപ്പുക്കുടം/  വാർപ്പ്
  (
കിടാരം). സൂചിയും കിടാരവും നിർമ്മിക്കേണ്ടി വരുമ്പോൾ ആദ്യം സൂചിപിന്നെ കിടാരം ഇതായിരിക്കും സാധാരണ പൂർവാപരക്രമം. എളുപ്പമെളുപ്പമുള്ള പ്രവൃത്തികൾക്ക് മുൻപിൻ ക്രമം ദിക്ഷിക്കുന്ന സമ്പ്രദായത്തെ സൂചിപ്പിക്കുന്ന ന്യായം.
100.ശുക്തിരജതന്യായം
മുത്തുച്ചിപ്പിയെ വെള്ളിയെന്നു ഭ്രമിക്കുന്നതുപോലുള്ള സന്ദർഭങ്ങളിൽ പ്രയോഗിക്കാം. രജ്ജുസർപ്പന്യായത്തിൽ തരറ്റിദ്ധാരണമൂലം ഭയമുളവാകുന്നുണ്ട്,ഇവിടെ അങ്ങനെയില്ല.

101.ശാർദ്ദൂലലാംഗുലന്യായം
പുലിവാലുപിടക്കൽതന്നെ.
ധർമ്മസങ്കടത്തിൽപ്പെടുക. സാഹസപ്രവൃത്തി കാണിച്ചു മോചനത്തിനു നിവൃത്തിയില്ലാതെ വിഷമിക്കുന്ന കാര്യം പറയേണ്ടി വരുമ്പോൾ ഈ ന്യായം ഉപകരിക്കും.
harithamalayalam

No comments: