Sunday, April 28, 2019

പരാവിദ്യ, അപരാവിദ്യ.
*************************
യാതൊന്നുവഴി ഈ ലോകത്തിലേയും പരലോകത്തിലേയും ഭോഗങ്ങളുടേയും അവയുടെ പ്രാപ്തിക്കള്ള സാധനകളുടേയും ജ്ഞാനം ലഭ്യമാകുന്നുവോ, യാതൊന്നില്‍ ഭോഗങ്ങളുടെ സ്ഥിതി, ഭോഗങ്ങളെ അനുഭവിക്കുന്നതിനുള്ള പ്രകാരങ്ങള്‍, ഭോഗവസ്തുക്കളുടെ രചന, അവയെ ഉപലബ്ധമാക്കുന്നതിനുള്ള പലവിധസാധനകള്‍ എല്ലാം അടങ്ങിയിരിക്കുന്നുവോ അത് അപരവിദ്യയാകുന്നു.

ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം ഈ നാലു വേദങ്ങളില്‍ നാനാ വിധത്തിലുള്ള യാഗവിദ്യകളും അവയുടെ ഫലങ്ങളും വിസ്താരപൂര്‍വ്വം വര്‍ണ്ണിച്ചിരിക്കുന്നു. ജഗത്തിലെ എല്ലാ വസ്തുക്കളുടേയും വിഷയങ്ങളുടേയും വര്‍ണ്ണനം വേദങ്ങളില്‍ നല്ലതുപോലെ ചെയ്തിരിക്കുന്നു. ഇക്കാലത്ത് വേദത്തിന്റെ എല്ലാ ശാഖകളും ലഭ്യമാകുന്നില്ല. അതില്‍ വര്‍ണ്ണിച്ചിട്ടുള്ള വിവിധ വിജ്ഞാനകരങ്ങളായ കാര്യങ്ങളെ അറിയാവുന്നവരും ഇല്ലെന്നുള്ളതു ശരിയാകുന്നു. 

വേദങ്ങളുടെ പാദങ്ങള്‍ അതായത് ശരിയായ ഉച്ചരിക്കുന്നതിനുള്ള വിധികളെ സംബന്ധിച്ച ഉപദേശങ്ങള്‍ ''ശിക്ഷ'' ആകുന്നു. യജ്ഞം, യാഗം മുതലായവയുടെ വിധികള്‍ പറയപ്പെട്ടിരിക്കുന്ന വിഭാഗത്തെ 'കല്പം' എന്നു പറയുന്നു. 

വൈദികവും ലൗകികവും ആയ ശബ്ദങ്ങളുടെ അനുശാസനത്തിന്റെ - പ്രകൃതിപ്രത്യയ വിഭാഗപൂര്‍വ്വമായുള്ള ശബ്ദസാധനയുടെ - പ്രക്രിയ. ശബ്ദാര്‍ത്ഥ ബോധങ്ങളുടെ പ്രകാരം പ്രയോഗം മുതലായവയുടെ നിയമങ്ങള്‍ സംബന്ധിച്ച ഉപദേശങ്ങളുടെ നാമം 'വ്യാകരണം' എന്നാകുന്നു. വൈദികശബ്ദകോശങ്ങളില്‍ ഇന്ന പദം ഇന്ന വസ്തുവിനെ സൂചിപ്പിക്കുന്നു എന്ന സംഗതി കാരണസഹിതം പറയപ്പെട്ടിരിക്കുന്നതു 'നിരുക്തം' എന്ന വിഭാഗത്തിലാണ്. 

വൈദികഛന്ദസ്സുകളുടെ ജാതിയും ഭേദവും പറയുന്ന വിദ്യയെ 'ചന്ദസ്' എന്നു പറയുന്നു. ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും സ്ഥിതിഗതികളും അവയോടു നമ്മുക്കുള്ള ബന്ധങ്ങളും എന്താകുന്നു എന്നും മറ്റും വിവരിക്കുന്ന വിദ്യയെ 'ജ്യോതിഷ' മെന്നു പറയുന്നു. ഇപ്രകാരം നാലു വേദങ്ങളും ആറു വേദാംഗങ്ങളും - ഈ പത്തിന്റെയും നാമം 'അപരാ'വിദ്യ എന്നാകുന്നു. 

യാതൊന്നുവഴിയായ പരബ്രഹ്മ അവിനാശി പരമാത്മാവിന്റെ തത്വജ്ഞാനം ഉണ്ടാകുന്നുവോ അത് 'പരാ' വിദ്യയാകുന്നു. അതിന്റെ വര്‍ണ്ണനകലും വേദങ്ങളില്‍ തന്നെയുണ്ട്. അതിനാല്‍ അത്രയും അംശത്തെ വിട്ടിട്ട് ബാക്കി എല്ലാ വേദങ്ങളും വേദാംഗങ്ങളും അപരാവിദ്യയില്‍ അടങ്ങിയിരിക്കുന്നതായി കരുതണം..
abraham mukkath

No comments: