Sunday, April 28, 2019

❉അടിയന്തിരങ്ങള്‍

വേഗത്തില്‍ നിര്‍വഹിക്കേണ്ടകാര്യങ്ങള്‍, മുടക്കാന്‍ പാടില്ലാത്ത കര്‍മങ്ങള്‍ എന്നിങ്ങനെ നിഘണ്ടുക്കളില്‍ അര്‍ഥം നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും സാധാരണ പ്രയോഗത്തില്‍ 'സദ്യവട്ടങ്ങളോടുകൂടിയ ഗാര്‍ഹികാഘോഷങ്ങള്‍' എന്ന അര്‍ഥമാണ് ഈ പദത്തിനുള്ളത്.

അടിയന്തിരങ്ങളും ഉത്സവങ്ങളും. ഓരോരോ രാഷ്ട്രത്തിനും ജനസമുദായത്തിനും മതവിഭാഗത്തിനും വര്‍ഗത്തിനും ഗോത്രത്തിനും പ്രദേശത്തിനും എല്ലാം അതതിന്റേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ഇവ പലപ്പോഴും പരമ്പരാഗതവുമാണ്. വിവിധകര്‍മങ്ങളുടെ ഒരു അംഗീകൃതക്രമം ഏതൊരു അടിയന്തിരത്തിനും ഉണ്ടായിരിക്കും. അടിയന്തിരങ്ങളുടെ അടിസ്ഥാനതത്ത്വങ്ങളെ അപഗ്രഥിച്ച് വര്‍ഗീകരിക്കുക എന്നത് സാമൂഹികമാനവവിജ്ഞാനീയത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന പ്രക്രിയയാണ്.

അടിയന്തിരങ്ങള്‍ മതപരമോ സാമൂഹികമോ ആകാം. രണ്ടായാലും അവ പ്രധാനമായും വ്യക്തികളെ സംബന്ധിക്കുന്നവയാണ്. ഇന്നു സര്‍വസാധാരണമായ പല ഗാര്‍ഹിക സംഭവങ്ങളും അടിയന്തിരങ്ങളായി ആഘോഷിക്കാറുണ്ട്. ഇക്കൂട്ടത്തില്‍ പെട്ടതാണ് ജനനം, ഉപനയനം, ആര്‍ത്തവം, വിവാഹം, മരണം തുടങ്ങി മനുഷ്യജീവിതത്തില്‍ കടന്നുപോകേണ്ട വിവിധഘട്ടങ്ങളോടു ബന്ധപ്പെട്ട അടിയന്തിരങ്ങള്‍. ക്ഷേത്രോത്സവങ്ങള്‍, പെരുന്നാളുകള്‍, മതപരമായ ചടങ്ങുകള്‍ എന്നീ സാമൂഹികാഘോഷങ്ങള്‍, സ്വാതന്ത്ര്യദിനം, റിപ്പബ്ളിക്ദിനം തുടങ്ങിയ ദേശീയാഘോഷങ്ങള്‍, രാഷ്ട്രനായകന്‍മാരുടെയും സമുദായനേതാക്കളുടെയും ജനന മരണദിനവാര്‍ഷികങ്ങള്‍, വിശിഷ്ടവ്യക്തികളുടെ ജയന്തികള്‍, സ്ഥാപനങ്ങളുടെയും സമൂഹങ്ങളുടെയും സംഘടനകളുടെയും അതിപ്രധാനസംഭവങ്ങളുടെയും മറ്റും ജൂബിലികള്‍ തുടങ്ങിയവയും അടിയന്തിരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൂടേ എന്നു സന്ദേഹിക്കുന്നവരുണ്ട്. എന്നാല്‍ ഉത്സവങ്ങളെയും അടിയന്തിരങ്ങളെയും ഒരു പരിധിക്കപ്പുറം രണ്ടായി തന്നെ കാണേണ്ടിയിരിക്കുന്നു.

പല ഉത്സവങ്ങളോടും ചേര്‍ന്ന് അടിയന്തിരങ്ങള്‍ കാണുമെങ്കിലും അടിയന്തിരങ്ങളോടെല്ലാം ചേര്‍ന്ന് ഉത്സവങ്ങള്‍ കാണണമെന്നില്ല. ഉത്സവങ്ങള്‍ പ്രായേണ സാമൂഹികമാണ്. അടിയന്തിരങ്ങള്‍ മിക്കപ്പോഴും ഗാര്‍ഹികം മാത്രമായിരിക്കും. *ആഘോഷത്തിന്റെ അന്തരീക്ഷമാണ് രണ്ടിലും മുന്നിട്ടു നില്ക്കുന്ന സമാനഭാവം*.

*സാധാരണഗതിയില്‍ ഉത്സവങ്ങളെ ദേശീയം, സാമൂഹികം, മതപരം ഇങ്ങനെ പ്രധാനമായി മൂന്ന് ഇനങ്ങളായി തിരിക്കാം*.

അടിയന്തിരങ്ങള്‍ പ്രായേണ എല്ലാംതന്നെ വൈയക്തികവും ഗാര്‍ഹികവുമാണ്. അവതന്നെ മതപരമോ ചില കീഴ്‍വഴക്കങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കു വിധേയമായതോ ആകാം.

*വിവിധതരം അടിയന്തിരങ്ങള്‍. ജനനം, നാമകരണം, ചോറൂണ്, പിറന്നാള്‍, കാതുകുത്ത്, താലികെട്ട്, തിരണ്ടുകുളി, വിവാഹം, പുളികുടി, ഷഷ്ടിപൂര്‍ത്തി, സപ്തതി, ശതാഭിഷേകം, നവതി, മരണം, സപിണ്ഡി, തളിച്ചുകുളി, നാല്പതടിയന്തിരം, ശ്രാദ്ധം* എന്നിവ വൈയക്തികപ്രാധാന്യമുള്ള അടിയന്തിരങ്ങളാണെങ്കിലും, ഇവയില്‍ പലതിനും മതപരവും സാമൂഹികവുമായ കീഴ്‍വഴക്കങ്ങളുടെ സമ്മര്‍ദമുണ്ടായിരിക്കും.

അതുപോലെ സാമൂഹികസമ്മര്‍ദം നിലനിര്‍ത്തിപ്പോന്ന അടിയന്തിരങ്ങളാണ് *ശിലാസ്ഥാപനം, വാസ്തുബലി, പുന്നെല്ലടിയന്തിരം തുടങ്ങിയവ*.

കേരളത്തില്‍ ഇവയെല്ലാംതന്നെ സര്‍വസാധാരണമായിരുന്ന അടിയന്തിരങ്ങളാണ്. ഇന്ന് ഇവയില്‍ പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

*ഉദാഹരണത്തിന് ഒരു കേരളബ്രാഹ്മണന്‍ (നമ്പൂതിരി, പോറ്റി, ഭട്ടതിരി തുടങ്ങിയവര്‍) സ്വജീവിതത്തിലും അത് ആരംഭിക്കുന്നതിന് മുമ്പും അവസാനിച്ച ശേഷവും പതിനാറ് പ്രധാന അടിയന്തിരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു*. 'ഷോഡശ സംസ്കാരങ്ങള്‍' എന്നു പറയപ്പെടുന്ന ഈ കര്‍മങ്ങള്‍ *ഗര്‍ഭാധാനം, പുംസവനം, സീമന്തം, ജാതകര്‍മം, നാമകരണം, നിഷ്ക്രമണം, അന്നപ്രാശനം, ചൂഡാകരണം, കര്‍ണവേധം, ഉപനയനം, വേദാധ്യയനം, കേശാന്തം, സ്നാനം, വിവാഹം, വൈവാഹികാഗ്നിചയനം, ആനാഗ്നിചയനം എന്നിവയാണ്. ഇവയ്ക്കു പുറമേ ശവസംസ്കാരം, സപിണ്ഡി, ശ്രാദ്ധം തുടങ്ങിയ പരേതക്രിയകളും അനുഷ്ഠിക്കപ്പെടേണ്ടതായിട്ടുണ്ട്*.

ഇവയെല്ലാം അപരിത്യാജ്യങ്ങളും ആഘോഷസമേതം ആചരിക്കപ്പെടേണ്ടവയും ആയ അടിയന്തിരങ്ങളാണെന്നു വിശ്വസിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ഇവയില്‍ പലതും പ്രായേണ ഉപേക്ഷിക്കപ്പെട്ടുവരികയാണ്.

മേല്‍പ്പറഞ്ഞ മിക്ക അടിയന്തിരങ്ങള്‍ക്കും സമാനമായ ആഘോഷകര്‍മങ്ങള്‍ മറ്റു മതാനുയായികള്‍ക്കും ഉണ്ടായിരുന്നു. ആര്‍ത്തവസ്നാനം തുടങ്ങിയ വൈയക്തിക-ഗാര്‍ഹിക ചടങ്ങുകള്‍ വിവിധ ജനസമുദായങ്ങള്‍ക്കിടയില്‍ രസകരങ്ങളായ പല വൈവിധ്യങ്ങളോടും വൈചിത്യ്രങ്ങളോടുമാണ് നടത്തപ്പെട്ടിരുന്നത്.

ഇന്ന് ഇവ പല പരിഷ്കൃത ജനവിഭാഗങ്ങള്‍ക്കിടയിലും ആഘോഷിക്കപ്പെടാറില്ല. എന്നാല്‍ അപൂര്‍വം ചില പാശ്ചാത്യജനസമൂഹങ്ങള്‍ യുവതികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ '*പുറത്തേക്കുവരിക*'എന്ന ചടങ്ങ് വിവാഹത്തിലും കവിഞ്ഞ പ്രാധാന്യത്തോടെ അത്യാഘോഷപൂര്‍വം ആചരിക്കുന്നുണ്ട്.

അടിയന്തിരങ്ങള്‍ മതഭേദമനുസരിച്ച്. മതപരമായ അടിയന്തിരങ്ങളില്‍ മതഭേദമനുസരിച്ചുള്ള വൈവിധ്യങ്ങള്‍ കാണാം. *കേരളത്തിലെ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഷോഡശസംസ്കാരങ്ങളില്‍ ബ്രാഹ്മണ്യത്തിനടുത്തവ ഒഴിച്ചുള്ളവയും പിറന്നാള്‍, ഷഷ്ടിപൂര്‍ത്തി, സപ്തതി തുടങ്ങിയവയും സര്‍വസാധാരണമാണ്*. 

ആചാരാനുഷ്ഠാനങ്ങള്‍. ആയില്യം, തിരുവോണം, ഭരണി, കാര്‍ത്തിക തുടങ്ങിയ നക്ഷത്രങ്ങളും ഷഷ്ടി, അഷ്ടമി, ഏകാദശി, വാവ് തുടങ്ങിയ തിഥികളും ഞായര്‍, തിങ്കള്‍, ശനി തുടങ്ങിയ ആഴ്ചകളും വൈശാഖം, മാഘം തുടങ്ങിയ മാസങ്ങളും പൊതുവേ ഹിന്ദുക്കള്‍ അനുഷ്ഠാനങ്ങളായി ആചരിക്കുന്നു.

ഇവയില്‍ പലതിനോടും ചേര്‍ന്ന് സദ്യവട്ടങ്ങള്‍ ഉള്ളതുകൊണ്ട് അവയും അടിയന്തിരങ്ങളുടെ പട്ടികയില്‍ പെടും. ഇക്കൂട്ടത്തില്‍ ചിങ്ങമാസത്തിലെ തിരുവോണം, കേരളീയരെ സംബന്ധിച്ചിടത്തോളം ഒരു ദേശീയോത്സവമായി മാറിയിരിക്കുന്നു. 

കേരളത്തിനു പുറത്ത് വിവിധജനവിഭാഗങ്ങള്‍ മതപരവും സാമൂഹികവും വൈയക്തികവുമായ അടിയന്തിരങ്ങള്‍ ആഘോഷിക്കുന്നതില്‍ പല സമാനതകളും കണ്ടെത്താവുന്നതാണ്.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *HINDU WAY OF L͚͚͚͚I͚͚͚F͚͚E͚* ©

No comments: