മഹേശ്വരി, കൗമാരി, ബ്രാഹ്മി, വൈഷ്ണവി, ഇന്ദ്രാണി, വാരാഹി, ചാമുണ്ഡി എന്നീ സപ്തമാതൃക്കളിലെ പന്നിമുഖമുള്ള ദേവതയായ വാരാഹിദേവിയെയാണ് പഞ്ചുരുളി തെയ്യമായി കെട്ടിയാടിക്കുന്നത്. തുളുനാട്ടല്‍ നിന്നാണ് ദേവി മലയാള ദേശത്തേക്കെത്തുന്നത്. പഞ്ചി ഉരുവാം കാളി എന്നതാണു പഞ്ചുരുളി ആയതത്രേ (തുളുഭാഷയില്‍ പഞ്ചി എന്ന വാക്കിന് പന്നി എന്നാണര്‍ത്ഥം). ഉഗ്രദേവതയായ മന്ത്രമൂര്‍ത്തിയായും പഞ്ചുരുളി ആരാധിക്കപ്പെടുന്നുണ്ട്. കോലത്തുനാട്ടില്‍ പട്ടുവം വടക്കേക്കാവിലാണ് പഞ്ചുരുളിയുടെ ആരൂഢം.
അവതാരലക്ഷ്യമായ അസുരനിഗ്രഹം കഴിഞ്ഞ് ശിഷ്ടജന പരിപാലനത്തിനായി ഭൂമിയില്‍ അവതരിച്ച ദേവി തുളു നാട്ടില്‍ നിന്നും കോലത്തുനാട്ടിലേക്ക് യാത്ര തിരിക്കുന്നു. കോലത്തുനാട്ടിലെത്തിയ ദേവി പട്ടുവം കടവിനടുത്തു വിളക്കു കാണുകയും അങ്ങോട്ടു ചെയ്യുകയും ചെയ്തു. അവിടുത്തെ ദേവതയോട് തനിക്ക് സാന്നിധ്യം ചെയ്യാന്‍ സ്ഥലം ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് ശല്യമായി തീര്‍ന്ന അസുരനെ കൊന്നു ശല്യം തീര്‍ത്താല്‍ തന്റെ തിരുവായുധവും സാന്നിധ്യം ചെയ്യാന്‍ തന്റെ വലതു ഭാഗത്തു സ്ഥാനവും തന്നെക്കാള്‍ പ്രൗഢിയും അന്തസ്സും നല്‍കാമെന്നു സ്ഥലദേവത ദേവിയെ അറിയിക്കുന്നു.
അങ്ങനെ പഞ്ചുരുളിയമ്മ ആ അസുരനെ തന്റെ ശൂലം കൊണ്ടു കൊല്ലുകയും വാഗ്ദാന പ്രകാരം പട്ടുവം കാവില്‍ ഇടം നേടുകയും ചെയ്തു. മണിയാണിസമുദായത്തിന്റെ പ്രധാന ദേവതയായി പട്ടുവം വടക്കേകാവില്‍ അധിവസിക്കുന്നു. എന്നാല്‍ സ്ഥലദേവത തന്റെ വലതു ഭാഗത്ത് പഞ്ചുരുളിയമ്മയ്ക്ക് സ്ഥാനം നല്‍കുമ്പോള്‍ അസുരനെ കൊന്ന വീര്യത്താല്‍ ഇവിടെ ഇരിക്കരുതെന്നും മറിച്ചു സാത്വിക ഭാവത്തോടെ ഇരിക്കണമെന്നുമുള്ള ആഞ്ജ നല്‍കിയിരുന്നു. അപ്രകാരം പട്ടുവം കാവില്‍ ദേവി സാത്വിക ഭാവത്തില്‍ വാഴുന്നു. പട്ടുവം വടക്കേക്കാവ് പഞ്ചുരുളിയമ്മയുടെ കോലത്തുനാട്ടിലെ ആരൂഢസ്ഥാനമായി അറിയപ്പെടുന്നു.
കൂരാങ്കുന്ന് ക്ഷേത്രത്തിലെ പഞ്ചുരുളിയമ്മയുടെ കലാശം അതീവ സുന്ദരമാണു. സാത്വിക ഭാവത്തില്‍ നിന്നും പൊടുന്നനെ രൗദ്രഭാവത്തിലേക്കു മാറുന്ന ദേവിയുടെ നൃത്തം ചടുലതയേറിയതാണ്. അതി മനോഹരങ്ങളായ അണിയലങ്ങളോടു കൂടിയതാണ് ദേവിയുടെ രൂപം. ആല്‍മരത്തില്‍ നിന്നും ചൈതന്യം കോലക്കാരനിലേക്ക് ആവേശിക്കുന്നതായാണ് പഞ്ചുരുളിത്തെയ്യത്തിന്റെ സമ്പ്രദായം. ആലില്‍ നിന്നും ഇറക്കല്‍ എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. കലാശങ്ങള്‍ക്കു ശേഷം കുരുതി സ്വീകരിച്ച് രൗദ്രഭാവത്തോടുകൂടി തന്നെ ദേവി തന്റെ അധിവാസമായ ആല്‍മരത്തിലേക്ക് തിരിച്ചു കയറുന്നു. ആലിന്മേല്‍ കയറ്റല്‍ എന്ന ഈ ചടങ്ങോടു കൂടിയാണ് തെയ്യം അവസാനിക്കുന്നത്.
janmabhumi
No comments:
Post a Comment