Tuesday, April 30, 2019

ശ്രീമദ് ഭഗവദ്ഗീത*
🙏🙏🙏🙏🕉🕉.'🙏🙏🙏🙏
*433-ാം ദിവസം*

*അദ്ധ്യായം പതിമൂന്ന്*

*പ്രകൃതി,പുരുഷൻ,ക്ഷേത്രജ്ഞൻ*

*ശ്ലോകങ്ങള്‍  : 3*



*ക്ഷേത്രജ്ഞം ചാപി മാം വിദ്ധി സർവക്ഷേത്രേഷു ഭാരത*   

*ക്ഷേത്രക്ഷേത്രജ്ഞയോർജ്ഞാനം യത്തജ്ജ്ഞാനം മതം മമ*

  ഭാരത - ഹേ ഭാരതാ; സർവക്ഷേത്രേഷു ച അപി - എല്ലാ ക്ഷേത്രങ്ങളിലും (എല്ലാ ശരീരങ്ങളിലും); മാം - എന്നെ; ക്ഷേത്രജ്ഞം - ക്ഷേത്രജ്ഞനെന്ന്; വിദ്ധി - അറിയുക; ക്ഷേത്ര ക്ഷേത്രജ്ഞയോഃ  -  ക്ഷേത്ര ക്ഷേത്രജ്ഞന്മാരുടെ; യത്ജ്ഞാനം - യാതൊരു ജ്ഞാനമുണ്ടോ; തത് – അത്; ജ്ഞാനം - ജ്ഞാനമെന്നത്രേ; മമ മതം - എന്റെ അഭിപ്രായം.

*വിവർത്തനം*

   ഹേ ഭാരതവംശജാ, സർവ്വശരീരങ്ങളിലും കുടികൊള്ളുന്ന ഞാനും ഭക്ഷത്രജ്ഞനാണെന്ന് നീ അറിയണം. ഈ ശരീരമാകുന്ന ക്ഷേത്രത്തേയും ക്ഷേത്രജ്ഞനേയുംകുറിച്ചുള്ള അറിവാണ് ജ്ഞാനം. ഇതാണ് എന്റെ അഭിപ്രായം.

*ഭാവാർത്ഥം:*

    ശരീരം, അതിന്റെ ജ്ഞാതാവ്, ജീവാത്മാവ്, പരമാത്മാവ് ഇവയെപ്പറ്റി ചർച്ചചെയ്യുമ്പോൾ മൂന്ന് വ്യത്യസ്ത വിഷയ ങ്ങളെക്കുറിച്ചാണ് നമുക്ക് ചിന്തിക്കേണ്ടത് - ഈശ്വരൻ, ജീവസത്ത, ജഡ്പദാർത്ഥം. ഓരോ ക്ഷേത്രത്തിലും അഥവാ ഓരോ ശരീരത്തിലും രണ്ടു തരത്തിലുള്ള ആത്മാക്കളുണ്ട്, വ്യക്തിഗതാത്മാവും പരമാത്മാവും. ഭഗവാൻ കൃഷ്ണന്റെ സമഗ്രരൂപ വിസ്തരണമത്രേ പരമാത്മാവ്. 'ഞാനും ക്ഷേത്രജ്ഞനാണ്. എന്നാൽ വ്യക്തിഗതനായ ശരീരജ്ഞാതാവല്ല ഞാൻ; പരമജ്ഞാതാവാണ്. പരമാത്മരൂപേണ എല്ലാ ശരീരങ്ങളിലും ഞാൻ വാഴുന്നു' എന്ന് ഭഗവാൻ പറയുന്നുണ്ട്.

    ക്ഷേത്രം, ക്ഷേത്രജ്ഞൻ എന്നീ വിഷയങ്ങളെക്കുറിച്ച് ഭഗവദ് ഗീതയിൽ പറയുന്നതനുസരിച്ച സൂക്ഷ്മമായി പഠിക്കുന്നവർക്ക് ജ്ഞാനം നേടാൻ കഴിയും.

    ഓരോ ശരീരത്തിലും കുടികൊള്ളുന്ന ക്ഷേത്രജ്ഞൻ ഞാനാണ് എന്ന് ഭഗവാൻ അരുളിചെയ്യുന്നു. ഒരു വ്യക്തിക്ക് സ്വശരീരത്തെക്കുറിച്ച് മാത്രമേ അറിയൂ. മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് അറിഞ്ഞു കൂടാ. സർവ്വശരീരങ്ങളിലും പരമാത്മാവായി വാഴുന്ന ഭഗവാനാകട്ടെ, എല്ലാ ശരീരങ്ങളെക്കുറിച്ചും തികച്ചും അറിയാം. എല്ലാവിധ ജീവജാലങ്ങളുടേയും നാനാവിധ ശരീരങ്ങളെക്കുറിച്ചും അദ്ദേഹത്തിന് പൂർണ്ണമായ അറിവുണ്ട്. ഒരു പൗരന് തന്റേതായ ഭൂമിയെക്കുറിച്ച് മാത്രമറിയാം. ഒരു രാജാവിനാകട്ടെ, സ്വന്തം അരമനയെപ്പറ്റി മാത്രമല്ല, ഓരോ പൗരന്മാരുടേയും വസ്തുവകകളെപ്പറ്റിയും അറിവുണ്ട്. ഒരാൾക്ക് തന്റേതായ ശരീരത്തിൽ ഉടമാവകാശമുണ്ട്. എന്നാൽ സർവ്വശരീരങ്ങ ളുടേയും ഉടമസ്ഥൻ ഭഗവാൻ മാത്രമാണ്. മൗലികമായി രാജ്യാവകാശം രാജാവിന്റേതാണ്; പ്രജകൾ രണ്ടാമതായേ ഉടമകളാകുന്നുള്ളൂ. അതുപോലെ ഭഗവാനാണ് സർവ്വശരീരങ്ങൾക്കും സർവ്വാധികാരി.

   ഇന്ദ്രിയങ്ങളുൾക്കൊള്ളുന്നതാണ് ശരീരം. ഭഗവാൻ ഹൃഷീകേശൻ,അഥവാ ഇന്ദ്രിയങ്ങളുടെ നിയന്താവാണ്. രാജ്യത്തെ സർവ്വ പ്രവർത്തനങ്ങളും മൗലികമായി രാജാവിന്റെ നിയന്ത്രണത്തിൽ നടക്കു ന്നതുപോലെ ഭഗവാന്റെ നിയന്ത്രണത്തിലാണ് സർവ്വശരീരങ്ങളിലും ഇന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നത്. പൗരന്മാർ രണ്ടാമത്തേ നിയന്താക്കളാകുന്നുള്ളൂ. ഞാനും ക്ഷേത്രജ്ഞനാണ് എന്ന് ഭഗവാൻ പറയുന്നു. സർവ്വജ്ഞാതാവെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വ്യക്തിഗതനായ ആത്മാവിന്, തന്റേതായ ശരീരത്തെ മാത്രമേ അറിയാൻ കഴിയൂ. വേദങ്ങളിൽ ഇപ്രകാരം പറയുന്നു.

ക്ഷേത്രാണി ഹി ശരീരാണി ബീജം ചാപി ശുഭാശുഭേ

താനി വേത്തി സയോഗാത്മാ തത്ഃ ക്ഷേതജ്ഞ ഉച്യതേ

     ക്ഷേത്രമെന്ന് പറയപ്പെടുന്ന ഈ ശരീരത്തിൽ അതിന്റെ ഉടമയായ ജീവാത്മാവും, ശരീരത്തേയും അതിന്റെ ഉടമയേയും അറിയുന്ന ഭഗവാനും വാഴുന്നു. അതുകൊണ്ട് ഭഗവാൻ സർവ്വക്ഷേത്രങ്ങളുടേയും ക്ഷേത്രജ്ഞൻ എന്നറിയപ്പെടുന്നു. കർമ്മങ്ങളുടെ മണ്ഡലം, കർമ്മജ്ഞാതാവ്, സകല കർമ്മങ്ങളുടേയും പരമജ്ഞാതാവ് - ഇവയ്ക്കുള്ള വ്യത്യാസങ്ങളെക്കുറിച്ച് ഇനി വിവരിക്കാം. ശരീരത്തിന്റേയും വ്യക്തിഗതാത്മാവിന്റേയും പരമാത്മാവിന്റേയും ഘടനയെക്കുറിച്ചുള്ള അറിവിനെയാണ് വൈദികസാഹിത്യം ജ്ഞാനമെന്ന് നിർവ്വചിക്കുന്നത്. കൃഷ്ണന്റെ അഭിപ്രായം അതാണ്. ജീവാത്മാവിനേയും പരമാത്മാവിനേയും ഒരേസമയം ഒന്നായും വിഭിന്നമായും മനസ്സിലാക്കുകയാണ് അറിവ്. ക്ഷേത്രത്തേയും ക്ഷേത്രജ്ഞനേയും അറിയാത്തവരുടെ ജ്ഞാനം വികലമാണ്. പ്രകൃതിയെക്കുറിച്ചും ആ പ്രകൃതിയെ ആസ്വദിക്കുന്ന പുരുഷനെക്കുറിച്ചും പ്രകൃതിയേയും വ്യക്തിഗതാത്മാവിനേയും ഭരിക്കുന്ന അഥവാ നിയന്ത്രിക്കുന്ന സർവ്വ ജ്ഞാതാവായ ഈശ്വരനെക്കുറിച്ചും ഒരാൾ മനസ്സിലാക്കേണ്ടതുണ്ട്. അവയുടെ വ്യത്യസ്ത ധർമ്മങ്ങളെ തെറ്റിദ്ധരിച്ചു കൂടാ. ചിത്രകാരൻ, ചിത്രഫലകം, ചിത്രം എന്നിവയെ അതാതു നിലയിൽത്തന്നെ കാണാൻ കഴിയണം. പ്രകൃതിയെന്നാൽ കർമ്മക്ഷേത്രമായ ഭൗതികലോകവും, ആ പ്രകൃതിയെ അനുഭവിക്കുന്ന വ്യക്തി ജീവാത്മാവും, രണ്ടിന്റേയും പരമനിയന്താവ് ഭഗവാനുമാണ്. ശ്വേതാശ്വതരോപനിഷത്ത് (1,12) വൈദികശൈലിയിൽ പറയുന്നു. ‘ഭോക്താഭോഗ്യം പ്രേരിതാരം ച മത്വ സർവം പ്രോക്തം (തിവിധം ബഹ്മമേതദ്’. ബ്രഹ്മത്തെക്കുറിച്ച് പൊതുവേ മൂന്ന് ധാരണകളുണ്ട്, കർമ്മക്ഷേത്രമെന്ന നിലയിൽ പ്രകൃതി ബ്രഹ്മനാണ്, ജീവനും (വ്യക്തിഗതനായ ജീവാത്മാവ്) ബഹ്മൻ തന്നെ, അത് ഭൗതികപ്രകൃതിയെ കീഴടക്കാൻ ശ്രമിക്കുന്നു. ഇവ രണ്ടിന്റെയും നിയന്താവും ബഹ്മൻ തന്നെ. എന്നാൽ അദ്ദേഹമത്രേ യഥാർത്ഥ നിയന്താവ്.

   ഈ രണ്ട് ജ്ഞാതാക്കളിൽ ഒരാൾക്ക് പിഴപറ്റാവുന്നതാണ്. മറ്റേയാൾക്ക് ഒരിക്കലും പിഴപറ്റുന്നതല്ല. ഈ അദ്ധ്യായത്തിൽ ഇതും വിവരിക്കുന്നതായിരിക്കും, ഒരാൾ ആശ്രിതനാണെങ്കിൽ മറ്റേയാൾ മേധാവിയാണ്, ഈ ക്ഷേത്രജ്ഞന്മാർ രണ്ടല്ല, ഒന്നുതന്നെയാണെന്ന് കരുതുന്നവർ ഞാനും കർമ്മക്ഷേത്രത്തിന്റെ ജ്ഞാതാവുതന്നെ എന്ന ഭഗവദ്വചനത്തിനു വിരുദ്ധമായാണ് മനസ്സിലാക്കുന്നത്. കയറു കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിക്കുന്നവർ അജ്ഞാനികൾ തന്നെ. വ്യത്യസ്ത രീതിയിലുള്ള ശരീരങ്ങളുണ്ട്, അവയ്ക്ക് വ്യത്യസ്തരായ ഉടമസ്ഥ ന്മാരുമുണ്ട്. വെവ്വേറെ ശരീരങ്ങളുള്ള ഒാരോ ജീവനും ഭൗതിക പ്രകൃതിയെ നിയന്ത്രിക്കാൻ തനതായ തോതിൽ കഴിവുണ്ട്. സർവ്വനിയന്താവെന്ന നിലയിൽ ഭഗവാനും ആ ശരീരങ്ങളിൽ കുടികൊള്ളുന്നുണ്ട്. ശരീരങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന 'ച' എന്ന വാക്ക് ഇവിടെ പ്രാധാന്യമുള്ളതാണെന്നാണ് ശ്രീ ബലദേവവിദ്യാഭൂഷണന്റെ അഭി പ്രായം. വ്യക്തിഗതജീവാത്മാവിനു പുറമേ എല്ലാ ശരീരങ്ങളിലും വാഴുന്ന ആ പരമാത്മാവാണ് ഭഗവാൻ ശ്രീകൃഷ്ണൻ. കർമ്മക്ഷേത്രങ്ങളുടേയും അണുമാത്രനായ ആസ്വാദകന്റേയും നിയന്താവ് പരമാത്മാവാണെന്നും കൃഷ്ണൻ ഇവിടെ വ്യക്തമായി പറയുന്നുണ്ട്.

No comments: