അണയാതെ ഇന്നും ഷിര്‍ദിയില്‍ തെളിയുന്ന ദിവ്യജ്യോതിയാണ് ധുണി. ദ്വാരകാമായിയില്‍, രാപകലില്ലാതെ ബാബയ്ക്കരികില്‍ എരിഞ്ഞുകൊണ്ടിരുന്ന തീക്കുണ്ഡം. അതിലെ ഒരു നുള്ളുചാരം (ഉദി) മതിയായിരുന്നു ബാബയ്ക്ക് ഏതു മാറാവ്യാധിയും മാറ്റാന്‍. വൈദ്യശാസ്ത്രം കൈയൊഴിഞ്ഞിടത്ത് ഉദി അത്ഭുതങ്ങള്‍ കാട്ടി.
നാസികിലെ മാലേഗാവില്‍ പ്രഗല്ഭനായൊരു ഡോക്ടറുണ്ടായിരുന്നു. അറിയപ്പെടുന്ന ശസ്ത്രക്രിയാ വിദ്ഗ്ധന്‍.
അദ്ദേഹത്തിന്റെ സഹോദരിയുടെ പുത്രന് ക്യാന്‍സര്‍ ബാധിച്ചു. ലഭ്യമായ എല്ലാ ചികിത്സയും കുട്ടിക്ക് നല്‍കിയെങ്കിലും അസുഖം നാള്‍ക്കുനാള്‍ കൂടി വന്നു. ഡോക്ടര്‍മാര്‍ക്കെല്ലാം പ്രതീക്ഷയറ്റു. മരണത്തിലേക്കിനി ഏറെ ദൂരമില്ലെന്ന് അവര്‍ വിധിയെഴുതി.
പക്ഷേ കുട്ടിയുടെ അച്ഛന്‍ പ്രതീക്ഷ വിട്ടില്ല. സായ്‌നാഥനെ പ്രാര്‍ഥിക്കുക. എന്റെ മകന്‍ രക്ഷപ്പെടാതിരിക്കില്ല. അദ്ദേഹം ഉറച്ചു വിശ്വസിച്ചു. കുട്ടിയെയും കൂട്ടി മാതാപിതാക്കള്‍ ഷിര്‍ദിയിലെത്തി.
ബാബ അവരെ സ്‌നേഹപൂര്‍വം സ്വീകരിച്ചു. 'ദ്വാരകമായിയില്‍ വന്നവരെല്ലാം സന്തോഷത്തോടെയേ തിരിച്ചു പോകൂ . എന്നെ കാണാനെത്തുന്നവരുടെ അലട്ടുന്ന എല്ലാ പ്രശ്‌നങ്ങളും തീരും. ആശങ്കപ്പെടേണ്ടതില്ല.' അവരെ സ്വാഗതം ചെയ്ത് ബാബ പറഞ്ഞു. കുട്ടിയുടെ മുഖത്തേക്ക് ബാബ സൗമ്യമായി ഒന്നു നോക്കി. പിന്നീടവനെ ചേര്‍ത്തു പിടിച്ചൊന്നു തഴുകി. ആ സ്പര്‍ശത്തിലുമുണ്ടൊരു ദിവ്യത്വം. ഒരു പിടി ഉദിയെടുത്ത് കുട്ടിയുടെ അച്ഛന് നല്‍കിയ ശേഷം അത് കുട്ടിയുടെ ദേഹമൊന്നാകെ പുരട്ടാന്‍ ബാബ ആവശ്യപ്പെട്ടു. ഭക്തിപൂര്‍വം അവരത് കുട്ടിയുടെ ദേഹത്തു പുരട്ടി.
അതില്‍പ്പിന്നെ അസുഖത്തിന്റെ ലക്ഷണങ്ങള്‍ അവനില്‍ നിന്ന് അകന്നു തുടങ്ങി. പതിയെപ്പതിയെ അസുഖം പൂര്‍ണമായും ഭേദമായി. അവര്‍ നാട്ടിലേക്കു മടങ്ങി. താന്‍ പഠിച്ച ചികിത്സാരീതികളെ നിഷ്പ്രഭമാക്കിയ ബാബയുടെ ദിവ്യത്വം ഡോക്ടറെ അമ്പരപ്പിച്ചു. വൈകാതെ ഷിര്‍ദിയില്‍ പോയി ബാബയെ കാണാന്‍ അദ്ദേഹം തീരുമാനിച്ചു.
ആയിടയ്ക്കാണ് ചില കുബുദ്ധികള്‍ ബാബയേക്കുറിച്ച് അപവാദ പ്രചരണങ്ങളുമായി ഇറങ്ങിയത്. ഇതെല്ലാം ഡോക്ടറുടെ ചെവിയിലുമെത്തി. അദ്ദേഹം ഷിര്‍ദിയിലേക്കുള്ള യാത്ര മാറ്റി വെച്ചു. ബാബയുടെ ദിവ്യത്വം പക്ഷേ പരീക്ഷണങ്ങള്‍ക്കും അതീതമാണല്ലോ.
പിന്നീടുള്ള രാത്രികളില്‍ ബാബ അദ്ദേഹത്തിന് സ്വപ്‌നദര്‍ശനം നല്‍കിക്കൊണ്ടിരുന്നു. ' നിനക്കെന്നെ വിശ്വാസമില്ല അല്ലേ? ' സ്വപ്‌നത്തില്‍ ബാബയുടെ ശബ്ദം അദ്ദേഹത്തിന്റെ ചെവിയില്‍ മുഴങ്ങി.
അത്യാസന്ന നിലയിലെത്തിയ ഒരു രോഗിയുണ്ടായിരുന്നു ഡോക്ടറുടെ പരിചരണത്തില്‍. ബാബയുടെ കാരുണ്യത്താല്‍ അയാള്‍ രോഗവിമുക്തി നേടുമെങ്കില്‍ അതിനടുത്ത ദിവസം താന്‍ ഷിര്‍ദിയിലെത്താമെന്നായി ഡോക്ടറുടെ പ്രാര്‍ഥന. രോഗി രക്ഷപ്പെട്ടു. വീണ്ടും വീണ്ടും ബാബയെ പരീക്ഷിക്കാനുള്ള ത്രാണിയില്ലായിരുന്നു ഡോക്ടര്‍ക്ക്. അടുത്ത ദിവസം തന്നെ അദ്ദേഹം ഷിര്‍ദിയിലെത്തി. ഉദി നല്‍കിയാണ് ബാബ അദ്ദേഹത്തെ സ്വീകരിച്ചത്.
ബാബയുടെ അചഞ്ചല ഭക്തനായിരുന്നു ഡോ. പിള്ള. കാല്‍പ്പാദത്തിലെ വേദനയായിരുന്നു അദ്ദേഹത്തിന്റെ തീരാവ്യാധി. ഒരു ചികിത്സകൊണ്ടും മാറാത്ത വേദന. വേദന സഹിക്കാനാവാതെ വരുമ്പോള്‍ പിള്ള ഉറക്കെ കരയും. 'ബാബാ അങ്ങ് എന്താണിത് കാണാത്തത്. എന്നെയൊന്ന് കൊന്നു തന്നൂടെ' എന്നു പറഞ്ഞാണ് കരയുക ബാബയുടെ സന്തതസഹചാരിയായിരുന്ന കാക്കാമഹാജനിയോട് പിള്ള ഒരിക്കല്‍ തന്റെ തീരാനോവിനെക്കുറിച്ച് പറഞ്ഞു. മഹാജനി അദ്ദേഹത്തെയും കൂട്ടി ദ്വാരകാമായിയിലേക്കു പോയി. പിള്ളയുടെ അവസ്ഥ കണ്ട ബാബയ്ക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി. പിള്ളയെ പുറത്തിരുത്തി ഒരു തലയിണ നല്‍കിയിട്ട് അതില്‍ ചാരിയിരുന്നു കൊള്ളാന്‍ ബാബ പറഞ്ഞു. കാല്‍ നീട്ടി വെയ്ക്കുക; അല്പനേരം കഴിഞ്ഞാല്‍ ഒരു കാക്ക (പക്ഷി) വന്ന് നിന്റെ കാലില്‍ കൊത്തും, അതോടെ നിന്റെ വേദനയും മാറുമെന്ന് പറഞ്ഞ് ബാബയും കൂടെയുള്ളവരും അകത്തേക്ക് പോയി.
അവിടെയാകെ ഇരുട്ടു പരന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വിളക്കു തെളിച്ചു കൊണ്ട് ബാബയുടെ സഹചാരി അബ്ദുള്ള പുറത്തെത്തി. പിള്ള പുറത്തിരിക്കുന്നത് അബ്ദുള്ള കണ്ടില്ല. അയാള്‍ പിള്ളയുടെ കാല്‍ ചവിട്ടി മെതിച്ചു കൊണ്ട് നടന്നു പോയി. വേദനയാല്‍ പുളഞ്ഞ് പിള്ള അലറിക്കരഞ്ഞു. അതു കേട്ട് ബാബ പുറത്തു വന്നു. ' എപ്പോഴാ ബാബാ, കാക്ക വന്നത് ഞാന്‍ കണ്ടില്ലല്ലോ' എന്ന് പിള്ള അന്വേഷിച്ചു. 'അബ്ദുള്ള ഇപ്പോള്‍ ഇതിലേ നടന്നു പോയത് നീ കണ്ടില്ലേ? അവനെയാണ് ഞാന്‍ കാക്കയെന്ന് ഉദ്ദേശിച്ചത്. ഇനി നിന്റെ വേദനയെല്ലാം മാറിക്കോളും' ഉറക്കെ ചിരിച്ചു കൊണ്ട് ബാബ പറഞ്ഞു. പിന്നീടൊരിക്കലും പിള്ളയുടെ കാലുകള്‍ വേദനയറിഞ്ഞില്ല.
ബാബയുടെ സേവകനായ ഷാമയുടെ സഹോദരപത്‌നിക്ക് ഒരിക്കല്‍ പ്ലേഗ് പിടിപെട്ടു. ഷാമയും സഹോദരനും ചേര്‍ന്ന് അവരെ ദ്വാരകാമായിയിലെത്തിച്ചു. ബാബ ഒരുപിടി ഉദി വാരി നല്‍കിയിട്ട് നാളെ, തന്നെ വന്ന് കാണണമെന്നു പറഞ്ഞു. പ്ലാഗ് ബാധിച്ചിടത്ത് ഉദി പുരട്ടിയതോടെ അസുഖം ഭേദമായി. പിറ്റേന്ന് ഷാമ ബാബയുടെ അടുത്തെത്തി. ഷാമ ബാബയോട് ചോദിച്ചു, ' ബാബാ അങ്ങ് തന്നെ ഈ കൊടുങ്കാറ്റെല്ലാം വിതയ്ക്കുന്നു. അങ്ങു തന്നെ അതെല്ലാം ശമിപ്പിക്കുന്നു. എന്താണ് ഇതിനര്‍ഥം മഹാത്മാവേ? '
ബാബ ചിരിച്ചു. 'അതെല്ലാം കര്‍മത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ദൈവം നിശ്ചയിക്കുന്ന നേരം വരെ നമ്മള്‍ ദുരിതങ്ങള്‍ സഹിച്ചേ മതിയാകൂ. ദൈവാനുഗ്രഹത്തിന് ആവശ്യം അചഞ്ചല ഭക്തിയാണ്. പ്രാര്‍ഥിക്കുക. ദൈവത്തിന്റെ തീരുമാനങ്ങള്‍ക്ക് കീഴടങ്ങുക'.
janmabhumi
No comments:
Post a Comment