Monday, April 29, 2019

കാവ് എന്നത് ഒരു സങ്കല്പമല്ല, മറിച്ച് അതൊരു സത്യമാണ്. കേവലം പ്രകൃതിസംരക്ഷണം എന്നതിനേക്കാളുപരി വളരെ അർത്ഥതലങ്ങളുണ്ട് കാവിന്. കാവും കളരിയും പരസ്പര പൂരകങ്ങളാണ്, ആയിരുന്നു. സിദ്ധരൂപത്തിൽ കാവിലും വീരരൂപത്തിൽ കളരിയിലും കുടികൊണ്ടത് ഒരേ ചൈതന്യമാണ്. പഴയകാല മലയാള ഹിന്ദുക്കളുടെ (കുറെക്കൂടി പിന്നോട്ടു പോയാൽ നാഗന്മാരുടെ സമ്പ്രദായങ്ങളായി ചട്ടമ്പിസ്വാമികൾ മുതൽപ്പേർ വിവരിക്കുന്നുണ്ട്) നിലനിൽപ്പിന്റെ അടിസ്ഥാനതത്വം കാവും കളരിയുമായിരുന്നു. അറിവിനാധാരമായി കാവുകളിലെ ചൈതന്യവും സംരക്ഷണത്തിന് ആധാരമായി കളരിയിലെ ചൈതന്യവും. മലയാളനാട് ദൈവത്തിന്റെ സ്വന്തം നാടായതിന് കാരണം കാവുകളായിരുന്നു എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല! 
ആയൂർവേദത്തിന്റെ ഈറ്റില്ലം കേരളമായതിന് കാരണവും മറ്റൊന്നല്ല. കാവുകളോട് ചേർന്നാണ് പുതിയ സസ്യജാലങ്ങൾ (new species) ഉരുത്തിരിഞ്ഞ് വന്നിരുന്നെതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. കാവുകളിലും അനുബന്ധപ്രദേശങ്ങളോടും ചേർന്നാണ് ഔഷധസസ്യങ്ങൾ നിലനിന്നിരുന്നത്. കാവിലെ ചൈതന്യത്തെ ഉപാസിച്ചിരുന്നവരായിരുന്നു മലയാളികളുടെ പിൻമുറക്കാർ. ആർജ്ജിതമായതും അല്ലാത്തതുമായ വിശിഷ്ട ജ്ഞാനത്തെ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്നത് അത്തരം ഉപാസനകളിലൂടെയായിരുന്നു.

കാവായിരുന്നു മൂലം.. ലളിതാസഹസ്രനാമത്തിലെ തൊണ്ണൂറ്റൊന്നാം നാമമായ 'കുളസങ്കേത പാലിനി' എന്നത്  കൗള മാർഗ്ഗ പ്രധാനങ്ങളായ സങ്കേതങ്ങളെ  പാലിക്കുന്നവൾ അഥവാ രക്ഷിക്കുന്നവൾ എന്നർത്ഥമാക്കുന്നു (കാവുകൾ അത്തരത്തിൽപ്പെട്ടവയാണ്) കൗള മാർഗ്ഗത്തിലൂടെ ആർജ്ജിക്കുന്ന സമ്യക്കായ ജ്ഞാനത്തെ പരമ്പരകളിലൂടെ രക്ഷിച്ച് പ്രകാശിപ്പിക്കുന്നവൾ എന്നും അർത്ഥം. തൊണ്ണൂറ്റിമൂന്നാം നാമമായ 'കുലാന്തസ്ഥ' ഓരോ ദേഹത്തിനും ഗൃഹത്തിനും കുലത്തിനും ഗോത്രത്തിനും  ജനപഥത്തിനും എല്ലാം അന്തർഭാഗത്ത് സ്ഥിതി ചെയ്യുന്നവൾ എന്നർത്ഥം. ഇവയെല്ലാം തിരിച്ചറിഞ്ഞിരുന്നതിനാലാണ് നമ്മുടെ പൂർവ്വസൂരികൾ തനതായ ആവാസ വ്യവസ്ഥയിൽ ഗൃഹത്തിനുള്ളിൽ മച്ചകത്തും അറയിലും ഗൃഹത്തിന് വെളിയിൽ കാവുകളിലും കളരിയിലുമെല്ലാം ആ ശക്തിയെ കുടിയിരുത്തി പൂജിച്ചിരുന്നത്. കാവും അതിലെ ചൈതന്യവും അതുകൊണ്ടുതന്നെ പകരം വയ്പുകളില്ലാത്തതായിരുന്നു. എന്നാലിന്ന് കാവുകൾ നശിച്ചതോടെ ചൈതന്യം കുടിയിറങ്ങി.. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നു. കുലങ്ങളും പരമ്പരകളും നശിച്ചു. പരമ്പരയായി ആർജ്ജിതമായ ജ്ഞാനം കൈവിട്ടുപോയി. പുതിയ അറിവുകളിലേക്ക് തിരിതെളിക്കുന്ന പ്രജ്ഞയിലെ വെട്ടം കെട്ടുപോയി.. 

No comments: