Monday, April 29, 2019

ദക്ഷിണാമൂർത്തി സ്തോത്രം-18

ദക്ഷിണാമൂർത്തി സ്തോത്രം എന്ന് പറയുന്നത് ഒരു പ്രൗഢഗംഭീരമായ കൃതിയാണ്. ഒരു പക്ഷേ ആദി ശങ്കരാചാര്യർ എഴുതിയ എല്ലാ കൃതികളിലും വച്ച് മഹത്തായ കൃതി. ആചാര്യ സ്വാമികളുടെ മറ്റു കൃതികൾ ആഴത്തിൽ ഗൃഹിച്ച് ധ്യാനം ചെയ്തവർക്കേ ദക്ഷിണാമൂർത്തി സ്തോത്രം മനസ്സിലാകു എന്ന് പറയാറുണ്ട്. ആചാര്യ സ്വാമിയുടെ ശിഷ്യനായ സുരേഷ്വരാചാര്യർ ദക്ഷിണാമൂർത്തി സ്തോത്രം മാനസികോല്ലാസം എന്ന പേരിൽ  പദ്യ രൂപത്തിൽ വിവർത്തനം ചെയ്തിട്ടുണ്ട്. അന്ന് തന്നെ മാനസികോല്ലാസം എന്ന വാർത്തികം എഴുതപ്പെടമെങ്കിൽ ഇതിന് എത്ര കണ്ട് പ്രാധാന്യം പണ്ട് മുതലേ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. വാർത്തികത്തിൽ ദക്ഷിണാമൂർത്തി സ്തോത്രത്തിലെ ഓരോ ശ്ലോകത്തേയും കുറിച്ച് ഓരോ അദ്ധ്യായം രചിച്ചിട്ടുണ്ട്. ദക്ഷിണാമൂർത്തി ഭാഷ്യവും രചിക്കപ്പെട്ടിട്ടുണ്ട്. ദക്ഷിണാമൂർത്തി ഉപനിഷത്ത് എന്നും ഈ സ്തോത്രം അറിയപ്പെടുന്നു.

ദക്ഷിണാമൂർത്തി സ്തോത്രത്തിന്റെ അന്തസ്സത്ത ആത്മസാക്ഷാത്കാരം തന്നെയാണ്. ആത്മവിദ്യയെ പ്രകാശിപ്പിക്കുന്നവനാണ് ഗുരു. സത്യത്തിൽ ഗുരു ഒന്നേ ഉള്ളു. ഗുരു ഒരു തത്ത്വമാണ്. ഭഗവാൻ ഭാഗവതത്തിൽ ഉദ്ധവനെ ഉപദേശിക്കുമ്പോൾ പറയുന്നു.

ആത്മനോ ഗുരുരാത്മൈവ പുരുഷസ്യ വിശേഷതഃ । യത്പ്രത്യക്ഷാനുമാനാഭ്യാം ശ്രേയോഽസാവനുവിന്ദതേ 

ഉദ്ധവാ ആത്മാവ് തന്നെ ഗുരു. പുറമേ ഉള്ള ഗുരു ഉള്ളിലുള്ള ഗുരുവിനെ ഉണർത്തി വിടുക മാത്രമാണ് ചെയ്യുന്നത്. അകമേയ്ക്കുള്ള ഗുരു വേണം ആത്മാനുഭവത്തിനെ ഉണ്ടാക്കാൻ. ഈ ഗുരു തത്ത്വമാണ് ദക്ഷിണാമൂർത്തി. 

ഗുരുവിന്റെ ആവശ്യം എന്തെന്നാൽ ഒരു വിളക്കിൽ നിന്നേ മറ്റൊരു വിളക്ക് കൊളുത്താൻ സാധിക്കു. വിളക്കിന്റെ ഫോട്ടോയിൽ നിന്ന് കൊളുത്താൻ പറ്റില്ല. അതുപോലെ ബോധം ഉണർന്ന ഒരു കേന്ദ്രത്തിൽ  നിന്നെ മറ്റൊരു കേന്ദ്രത്തിലേയ്ക്ക് ബോധം അഥവാ അനുഭൂതി പകർന്നു കിട്ടുള്ളു. അതിനാൽ ഗുരു ബ്രഹ്മനിഷ്ഠനായിരിക്കണം.

ഒരു സദ്ഗുരുവിന്റെ ലക്ഷണം പറയുകയാണെങ്കിൽ 

ശോത്രിയൻ ആയിരിക്കണം , എന്നു വച്ചാൽ താൻ അറിഞ്ഞതിനെ പറഞ്ഞു കൊടുക്കാൻ വാക്കുകളുണ്ടായിരിക്കണം. അതിനാൽ വേദാന്തം അറിഞ്ഞവനായിരിക്കണം. 

ആഗ്രഹങ്ങളാൽ പ്രചോദിതനായിരിക്കരുത്. 

ബ്രഹ്മത്തെ നല്ലവണ്ണം തെളിഞ്ഞ് അനുഭവിച്ച ആളായിരിക്കണം. സദാ ആ അനുഭവത്തിലിരിക്കുന്ന ആളായിരിക്കണം. 

വിറകറ്റു പോയാൽ അഗ്നി അടങ്ങുന്നതു പോലെ വാസനയറ്റ് പോയി മനസ്സടങ്ങിയ ആളായിരിക്കണം.

ഒന്നും പ്രതീക്ഷിക്കാതെ എന്തെങ്കിലും തിരിച്ച് കിട്ടണമെന്ന് ആഗ്രഹമില്ലാതെ കരുണ ചെയ്യുന്ന ആളായിരിക്കണം. 

തന്നെ ആശ്രയിക്കുന്നവർക്ക് ബന്ധുവായിരിക്കണം. 

അങ്ങനെയുള്ള ഗുരു ഈ തത്ത്വം ഉപദേശിക്കുകയാണെങ്കിൽ, ശിഷ്യനും അതേ പോലെ പക്വമാണെങ്കിൽ , തൃഷ്ണയുള്ളവനെങ്കിൽ, ഈ പ്രപഞ്ചത്തിന്റെ നശ്വരതയും അതിലെ ദു:ഖത്തെ കുറിച്ചും ബോധ്യമുള്ള ആളാണെങ്കിൽ ,ആ ദുഃഖത്തിൽ നിന്നും മുക്തി നേടാനായി നിത്യ സത്യത്തെ അറിയാൻ ജിജ്ഞാസ ഉള്ളവനെങ്കിൽ മാത്രം ആ ക്ഷണം തത്ത്വംഉള്ളിൽ പ്രകാശിക്കും.

 Nochurji .
malini dipu

No comments: