Sunday, April 28, 2019

'ശ്രീമദ് ഭഗവദ്ഗീത*
🙏🙏🙏🙏🕉🕉.'🙏🙏🙏🙏
*431-ാം ദിവസം*
*അദ്ധ്യായം: പന്ത്രണ്ട്*
*ഭക്തിയോഗം*

 *ശ്ലോകം 20*


*യേ തു ധര്‍മ്യാമൃതമിദം യഥോക്തം പര്യുപാസതേ* 

*ശ്രദ്ദധാനാ മത്പരമാ ഭക്താസ്തേ ഽതീവ മേ പ്രിയാഃ*

    (കിം) തു - എന്നാൽ; യേ ഭക്താഃ - ഏതു ഭക്തന്മാർ; മത്പരമാഃ - എന്നെത്തന്നെ എല്ലാമെല്ലാമായി കരുതിയവരായി; ശ്രദ്ദധാനാഃ - പരിപൂർണ്ണ വിശ്വാസമുള്ളവരായി; യഥോക്തം - ഇതുവരെ പറഞ്ഞതായ; ഇദം ധർമ്മ്യാമൃതം - ഈ ധർമ്മ്യാമൃതത്തെ (അമൃതമയമായ ധർമ്മത്തെ); പര്യുപാസതേ  - പൂർണ്ണമായും മുഴുകുന്നു; തേ - അവർ; മേ – എനിക്ക്; അതീവ - ഏറ്റവും; പ്രിയാഃ - പ്രിയന്മാരാകുന്നു.

*വിവർത്തനം*

   നാശരഹിതമായ ഈ ഭക്തിയുതസേവനമാർഗ്ഗം പിൻതുടർന്ന്, എന്നെ പരമലക്ഷ്യമാക്കിക്കൊണ്ട് വിശ്വാസത്തോടുകൂടി പൂർണ്ണമായും എന്നിൽ മുഴുകുന്നവർ എനിക്കേറ്റവും പ്രിയപ്പെട്ടവരാണ്.

*ഭാവാർത്ഥം;*

    ഈ അദ്ധ്യായത്തിൽ രണ്ടാമത്തെ ശ്ലോകം മുതൽ അവസാനം വരെ – ‘മയ്യാവേശ്യ – മനോയേമാം’ (എന്നിൽ മനസ്സുറപ്പിച്ച്) മുതൽ ‘യേ തു ധർമ്യാമൃതമിദം’ (ഈ സനാതനധർമ്മം) വരെ ഭഗവാൻ, തന്നെ സമീപിക്കുവാനുതകുന്ന അതീന്ദ്രിയസേവനമാകുന്ന ഈ പ്രകിയ വിവരിച്ചു. കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ടവയാണീ
 പ്രക്രിയകൾ. അവയിലേർപ്പെടുന്നവരെ ഭഗവാൻ സ്വീകരിക്കുകയുംചെയ്യുന്നു. വ്യക്തിശുന്യവാദികളോ ഭഗവത് സേവകനോ ആരാണ് ഉത്തമനെന്നായിരുന്നു അർജുനന്റെ ചോദ്യം. ഭക്തിപൂർവ്വം ചെയ്യുന്ന ഭഗവത് സേവനമാണ് ആത്മസാക്ഷാത്കാരത്തിനുതകുന്ന പ്രക്രിയകളിൽവെച്ച് ശ്രേഷ്ഠമെന്നുള്ളതിന് സംശയമില്ല എന്ന് കൃഷ്ണൻ സ്പഷ്ടമാക്കുന്നു. സജ്ജന സഹവാസത്താൽ ഒരാൾക്ക് ഭക്തിപൂർവ്വമായ സേവനത്തിൽ താത്പര്യം വളരും, അങ്ങനെ ഒരു ആദ്ധ്യാത്മികാചാര്യനെ സമീപിച്ച് അദ്ദേഹത്തിൽ നിന്ന് ശ്രവിക്കാനും അതോടൊപ്പം ജപിക്കാനും വിധിക്കപ്പെട്ട നിബന്ധനകൾക്കു വഴങ്ങി, ശ്രദ്ധ, ആസക്തി, ഭക്തി എന്നിവകളോടെ സേവന വ്രതത്തിലേർപ്പെടാനും കഴിയുന്നതാണ്. ഈ മാർഗ്ഗമാണ് ഈ അദ്ധ്യായത്തിൽ ശുപാർശചെയ്യപ്പെടുന്നത്. അതുകൊണ്ട് പരമപുരുഷനെ പ്രാപിക്കുന്നതിനും ആത്മസാക്ഷാത്കാരത്തിനുമുള്ള ഒരേയൊരു നിരപേക്ഷമായ മാർഗ്ഗം ഭക്തിയുതസേവനമാണെന്നതിന് സംശയമില്ല. നിരപേക്ഷതത്ത്വത്തിന്റെ അവ്യക്തിഗതഭാവം ഈ അദ്ധ്യായത്തിൽ പറഞ്ഞതുപോലെ, ആത്മസാക്ഷാത്കാരത്തിനുവേണ്ടി സ്വയം സമർപ്പിക്കുന്നതുവരെ മാത്രമേ സ്വീകാര്യമാവൂ. ഒരു വിശുദ്ധഭക്തനെ  കണ്ടുമുട്ടാത്തിടത്തോളം കാലം ഈ അവ്യക്തിഗതഭാവം പ്രയോജനകരമാണ് എന്നർത്ഥം. നിരപേക്ഷസത്യത്തെ അവ്യക്തിഗതമായി സങ്കല്പിക്കുന്ന ഒരാൾ, ഫലം ഉദ്ദേശിക്കാതെ കർമ്മം അനുഷ്ഠിക്കുകയും ധ്യാനിക്കുകയും ശരീരത്തേയും ആത്മാവിനേയുംകുറിച്ചുള്ള അറിവ് നേടാൻ ശ്രമിക്കുകയുംചെയ്യും. ഒരു ശുദ്ധഭക്തന്റെ സാമീപ്യമില്ലെന്നിരിക്കെ ഇതാവശ്യമാണ്. ഭാഗ്യവശാൽ, കൃഷ്ണാവബോധം നേടി പവിത്രമായ ഭഗവത് ഭക്തിസേവനത്തിലേർപ്പെടാൻ ആഗ്രഹമുദിച്ചാൽ ആത്മസാക്ഷാത്കാരത്തിലേയ്ക്ക് ഇങ്ങനെ പടിപ്പടിയായി മുന്നേറേണ്ടതില്ല. ഭഗവദ്ഗീതയുടെ മദ്ധ്യത്തിലുള്ള ആറദ്ധ്യായങ്ങളിൽ വിവരിക്കപ്പെടുന്ന ഭക്തിയുതസേവനമാണ് അവിടെ അനുയോജ്യമാവുക. അയാൾക്ക് ശരീരം പുലർത്തേണ്ടുന്ന കാര്യത്തിൽ ശ്രദ്ധിക്കേണ്ടിവരില്ല. ഭഗവത്കൃപകൊണ്ട് അതെല്ലാം തനിയെ നടന്നുകൊള്ളും.

ഭക്തിയോഗമെന്ന ശീമദ് ഭഗവദ്ഗീതയുടെ പന്ത്രണ്ടാമദ്ധ്യാ

യത്തിന്റെ ഭക്തി വേദാന്ത വിശദീകരണം

ഇപ്രകാരം സമാപിക്കുന്നു.

No comments: