Tuesday, April 30, 2019

ശ്രീമദ് ഭാഗവതം 137* 
എന്തൊക്കെയോ കണ്ടു പിടിക്കണു! എത്രയോ ഗ്രഹങ്ങൾ, നക്ഷത്രങ്ങള ഒക്കെ വിഴുങ്ങുന്ന തമോഗർത്തങ്ങൾ ഒക്കെ കണ്ടുപിടിച്ചു വെച്ചിരിക്കണു!! എല്ലാം കണ്ടു പിടിച്ച മനുഷ്യന് എന്താ  സമാധാനമായിട്ട് ഇരിക്കാൻ ഒരു മെഷീൻ കണ്ടു പിടിച്ചൂടേ? *Pace maker* കണ്ടുപിടിച്ചില്ലേ അതിന് പകരം *പീസ്മേക്കർ* കണ്ടു പിടിച്ചൂടേ? ഒരു സ്വിച്ച് ഓൺ ചെയ്താൽ മനസ്സിലുള്ള ദു:ഖം ഒക്കെ പോയി. സമാധാനം. ശാന്തി. ഏറ്റവും ആവശ്യം ഇപ്പൊ അതാണല്ലോ. പീസ് മേക്കർ മെഷീൻ. അതിലിരുന്ന് സ്വിച്ച് ഓൺ ചെയ്താൽ മനസ്സിന് സമാധാനം ശാന്തി. 

അത് മാത്രം നടക്കില്ല്യ. വാസ്തവത്തിൽ നമുക്ക് വേണ്ടത് എന്താണോ അത് മുഴുവൻ വിട്ട് ഇന്ദ്രജാലപ്രകടനം ആണ് ഇപ്പൊ  നടക്കണത്. എന്തൊക്കെയോ ഇന്ദ്രജാലം കാണിക്കണു. പക്ഷേ ആ ഇന്ദ്രജാലം  നോക്കിയിരിക്കണ സമയത്ത് നമുക്ക് വേണ്ടത് നഷ്ടപ്പെട്ടു പോകുന്നു. ഇതൊക്കെ വിലാസം ആണ്. ഋഷികൾക്കും ഇതൊക്കെ അറിയാമായിരുന്നു. ഇതിനെകുറിച്ചൊക്കെ ശാസ്ത്രം എഴുതി വെച്ചണ്ട്. 

പുരാണങ്ങളിൽ നോക്കുമ്പോ നമുക്ക് ഏകദേശം ഒക്കെ ഊഹിക്കാം ഈ സാധനങ്ങൾ ഒക്കെ ണ്ടായിരുന്നു എന്ന്.ഭാഗവതത്തിൽ തന്നെ പ്രമാണമായ കഥകൾ ഒക്കെ ണ്ട്. ആണിനെ പെണ്ണാക്കുക പെണ്ണിനെ ആണാക്കുക പുരുഷന്മാർ പ്രസവിക്കുക!! അത് വരെ ണ്ട് ഭാഗവതത്തിൽ. നവമസ്കന്ധത്തിൽ വരും. ഇതൊക്കെ ഇനി സയൻസ് കാണിക്കും. പക്ഷേ എന്തുകൊണ്ട് ഇത് ഋഷികൾ പ്രചരിപ്പിച്ചില്ലാ എന്ന് വെച്ചാൽ ഇത് മുഴുവൻ വിലാസം ആണെന്നും ജീവൻ ഇതിൽ പെട്ടു പോകുമെന്നും, എന്താണോ വാസ്തവത്തിൽ വേണ്ടത് അത് നഷ്ടപ്പെട്ടു പോകുമെന്നും അറിഞ്ഞു കൊണ്ട് തന്നെ പ്രചരിപ്പിക്കാതെ വെച്ചു. 

എല്ലാം കിട്ടിയിട്ട് വിഷ്ണുവിനെ നഷ്ടപ്പെടുത്തിയിട്ട് എന്തു കാര്യം? ഹിരണ്യകശിപു എല്ലാം നേടി എടുത്തു. പക്ഷേ വിഷ്ണു മാത്രം ഇല്ല്യ. വിഷ്ണുവിനെ ആരാധിക്കരുത്. നമുക്ക് വേണ്ടത് ഭൗതികതയാണ്. നമ്മൾ ഇന്നും അങ്ങനെയാണ്. നമുക്ക് ആന്തരിക ജീവിതത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കണു. ഏകാന്തത്തിൽ ധ്യാനവും ജപവും ഭക്തിയും ചെയ്യുന്നവർ സ്വാർത്ഥന്മാരാണെന്നും കുറേ ആസ്പത്രികൾ സ്കൂൾ ഒക്കെ വന്നാലേ നിസ്വാർത്ഥത ആവൂ എന്നാണ്. ഇതൊക്കെ വേണം. പക്ഷേ ആസ്പത്രികളും സ്ക്കൂളും ഒക്കെ കൊണ്ട് പ്രശ്നം പരിഹരിക്കപ്പെട്ടുവോ? അത്യധികം കൂടിക്കൊണ്ടിരിക്കാണ് പ്രശ്നങ്ങൾ.

അതൊക്കെ നമുക്ക് വേണം. ഭൗതിക ആവശ്യങ്ങൾ എല്ലാം വേണം. പക്ഷേ അതല്ല ആത്യന്തികമായി വേണ്ടത്. ഹിരണ്യ കശിപു വിന്റെ ഒക്കെ പരാജയം അവിടെ ആണ്. എല്ലാം നേടി എടുത്തു. സർവ്വത്ര വിഷ്ണുവിനെ അന്വേഷിച്ചു. കണ്ടുകിട്ടീല്ല. ന്താ? പുറത്താണേ അന്വേഷിച്ചതേ. പുറത്ത് മുഴുവൻ അന്വേഷിച്ചു. എവിടെ വിഷ്ണു? വിഷ്ണു ഒന്നൂല്ല്യ. എന്നെ പേടിച്ചു പോയി വിഷ്ണു. 

ഭാഗവത കഥകൾ പറയുമ്പോ നമ്മൾ അതിന്റെ മർമ്മം വിട്ടു കളയരുത്. ഭാഗവതം ഹിസ്റ്ററി അല്ല. ചരിത്രമാണോ എന്ന് ആളുകൾ ചോദിക്കും. ചരിത്രം ആണെങ്കിലേ സ്വീകരിക്കൂ എന്ന നിലപാടിലാണ് ചോദ്യകർത്താവിന്റെ ചോദ്യം.ഭാഗവതം ചരിത്രമേ അല്ല. ചരിത്രം എന്നത് ശുദ്ധ കള്ളം. കഴിഞ്ഞു പോയ കാര്യം എനിക്ക് എന്തിന്?  ഔറംഗസീബ് ജീവിച്ചാൽ എനിക്കെന്ത് വേണം അയാള് മരിച്ചാൽ എനിക്കെന്ത് വേണം?  ഇപ്പൊ ഒരു പ്രയോജനവും ഇല്ലല്ലോ. പക്ഷേ ഭാഗവതം, mysticism എന്ന് പറയണത്, ഭക്തി ഗ്രന്ഥം എന്ന് പറയണത് നമ്മൾ ഇപ്പൊ ഇവിടെ അനുഭവിക്കുന്നതാണ്.
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi Prasad

No comments: