Monday, April 29, 2019

സാധനയും ആചാരണവും എങ്ങനെ തുടങ്ങണം....*

സാധനയില്ലാതെ ഒരു വേദം പഠിച്ചതുകൊണ്ടോ വേദാന്തം പഠിച്ചതുകൊണ്ടോ ഉപനിഷത് പഠനം കൊണ്ടോ ഒന്നും നേടാൻ കഴിയുന്നില്ല. സാധന എന്നാൽ തപസ്സാണ്. ആചാരണത്തിലൂടെയാണ് ആ തപസ്സിന്റെ ലോകത്തേക്ക് പ്രവേശിക്കേണ്ടത്. 
ഇത് ആധുനിക കാലമാണ്. മണിക്കൂറുകളോളം പൂജ ചെയ്യാനും അക്ഷര ലക്ഷം ജപിക്കാനും കഴിയുകയില്ല. അപ്പോൾ പിന്നെ നമുക്ക് എങ്ങനെയാണിക്കാലത്ത് തപസ്സുണ്ടാവുക? വാസ്തവത്തിൽ ഇത്തരം സർക്കസ്സുകളൊന്നും നമ്മുടെ ഹിന്ദുമതത്തിനില്ല. വളരെ ബോധപൂർവ്വം ഇരുപതു മിനുറ്റ് നേരം രണ്ടു സന്ധ്യകളിൽ ചെറിയ ഉപാസനാ പദ്ധതികൾ നടത്തുക. ചെറിയൊരു ഹോമം ചെയ്യുക. ഇത്രേയുള്ളൂ ഹിന്ദു മതത്തിലെ സാധനകൾ. ഇതിനു പകരം മണിക്കൂറുകളോളം പൂജാമുറിയിൽ കയറി ഇരിക്കണമെന്നും എന്നാൽ മാത്രമേ ഈശ്വരനെ കിട്ടൂ എന്നും കരുതുന്നവരുണ്ട്. അങ്ങനെ പ്രചരിപ്പിക്കുന്നവരുമുണ്ട്. രാവിലെ മൂന്നുമണി മുതൽ രാവിലെ പത്തുമണി വരെ മറ്റൊരു പണിയും ചെയ്യാതെയുള്ള മുഴുവൻ സമയ ജപക്കാർ.

 ലക്ഷം തവണ ജപിച്ചാൽ എന്താണ് പ്രയോജനം എന്ന് ചോദിക്കുന്നവരോട് നമുക്ക് ഒരു മറു ചോദ്യം ചോദിക്കാം; ഇടിക്കട്ട നൂറുത്തവണ എടുത്തു പൊക്കിയാൽ എന്താണ് ഗുണം? ഉത്തരം ഉടനെ വന്നു...കൈ ശക്തിയുള്ളതാകും. അതുപോലെ ഒരുലക്ഷം ജപിച്ചാൽ നാവു ശക്തിയുള്ളതാകും. ഇതല്ലാതെ മറ്റുപ്രയോജനം ഒന്നുമില്ല. യാതൊരു പ്രയോജനവുമില്ല എന്നുതന്നെയാണുത്തരം.  ഈ തരത്തിൽ യാതൊരു പ്രയോജനവുമില്ലാത്ത, ജീവനില്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്ന ധാരാളം പേരുണ്ട്. അല്ലങ്കിൽ ഭൂരുപക്ഷം പേരും ഇത്തരം അശാസ്ത്രീയമാർഗ്ഗങ്ങളിലൂടെ ആദ്ധ്യാത്മികത തേടുന്നവരാണ്. യഥാർത്ഥത്തിൽ ആദ്ധ്യാത്മികത എന്നത് ഭൗതികതയുമായി ഏറെ ബന്ധപ്പെട്ടതാണ്. ജപിക്കേണ്ട രീതിതന്നെ ഒന്ന് വ്യത്യസ്തമാണ്. ആ വ്യത്യസ്തയാണ് യഥാർത്ഥ കാതൽ. ആകെക്കൂടി സാധനക്കൊരുദിവസം രാവിലെയും വൈകുന്നേരവുമായി അമ്പതു മിനുറ്റേ ആവശ്യമുള്ളൂ. 

ഒന്നാമതായി സന്ധ്യാവന്ദനം അനുശീലിക്കണം. ഭാഗ്യസൂകതം ചൊല്ലണം. ഇത്രയുമായാൽ തന്നെ സാധനയായി. രാവിലെ എഴുനേറ്റു കുളികഴിഞ്ഞാൽ അഞ്ചുമന്ത്രങ്ങൾ ഉൾകൊള്ളുന്ന ഭാഗ്യസൂക്തം ചൊല്ലുന്നു. അതുകഴിഞ്ഞാൽ സന്ധ്യാവന്ദന മന്ത്രങ്ങളാണ്. ഓരോ തവണ മന്ത്രം ചൊല്ലുമ്പോഴും, ആചൊല്ലുന്നതിൽനിന്ന് ഒരസാധാരണമായ പ്രകാശം അഥവാ ഊർജ്ജം തന്റെ ഹൃദയത്തിൽ വന്നതായി ഭാവന ചെയ്യണം. ആ ഊർജ്ജം തന്റെ ശരീരമാസകലം വ്യാപനം ചെയ്യുന്നതായി ഭാവിക്കണം. പത്തു ദിവസം കൊണ്ട് നിങ്ങളിൽ വരുന്ന മാറ്റം നിങ്ങൾക്ക് ബോദ്ധ്യമാകും. ജപിക്കുന്നതിനു ഇന്ന സമയം, ഇന്ന സ്ഥലം, എന്നീ കാര്യങ്ങൾ നോക്കേണ്ടതില്ല. ജപിക്കുക എന്നത് മാത്രമാണ് പ്രധാന കാര്യം. ഇന്നിപ്പോൾ ചിലർ ജപിക്കാൻ തീരുമാനിക്കുന്നു. അതിനവർ കൃത്യമായി ഒരു സമയവും നിശ്ചയിക്കുന്നു. ഈ സമയത്തിനു ജപിക്കാനാണ് പിന്നീടുള്ള ശ്രമം.

അപ്പോഴും ശ്രദ്ധ ജപത്തിലാവില്ല. മറിച്ചു സമയത്തെകുറിച്ചാവും ശ്രദ്ധ. അതേപോലെ ചിലർ ഭംഗിയായി കുറി തൊടും. പൊട്ടുകുത്തും. അപ്പോഴും ജപം ഉണ്ടാകുന്നില്ല. ജപിക്കുമ്പോൾ ശ്രദ്ധ ജപിക്കുന്നതിൽ മാത്രമാക്കുക. "ഏതുദിക്കിലിരിക്കിലും തന്നുടെ നാവു കൊണ്ടത് ചൊല്ലിയെന്നാകിലും" ഏന്ന് ജ്ഞാനപ്പാനയിൽ പറയുന്നുണ്ട് പൂന്താനം. അതായത് നിങ്ങൾ ജപത്തിനു കൊടുക്കുന്ന മുന്നൊരുക്കങ്ങളിൽ യാതൊരർത്ഥവുമില്ലന്നു സാരം. മുന്നൊരുക്കങ്ങളിലല്ല ആദ്ധ്യാത്മികതയുള്ളത് സാധനയിൽ മാത്രമാണ്. ജപിക്കുന്ന രീതി മുകളിൽ പറഞ്ഞതാണ്. അതനുഭവത്തിൽ നിന്നും ഊറിവരുന്ന രീതികളാണ്. ഉള്ളിലെ ഈ പ്രകാശത്തെ തന്റെ ശരീരമാസകലം സന്നിവേശിപ്പിക്കാൻ ദിവസവും കഴിയണം. പതുക്കെ നിങ്ങളിലെ മൂന്നാം കണ്ണ് തുറന്നു വരും. അതോടെ കണ്ണിന്  കണ്ണു മാനമാകുന്ന കണ്ണു തുറന്നു വരും. അതോടെ നാം ഇന്നലെ വരെ ചിന്തിക്കാത്ത നൂതന ചിന്തകൾ നമ്മുടെ അകക്കണ്ണനിലേക്കു തുറന്നുവരും. കൈപുണ്ണ്യമെന്നു പറയുന്നത് ഈ മൂന്നാം കണ്ണ് തുറക്കലാണ്. അല്ലങ്കിൽ ഇതിനെയാണ് ഭാഗ്യമെന്നു പറയുന്നത്. 

പാചകക്കാരനായാലും, കച്ചവടക്കാരനായാലും, ഡോക്ടറായാലും കൈപ്പുണ്യം വേണം. സമസ്ത മേഖലകളിലും കൈപ്പുണ്യം ആവശ്യമാണെന്ന് സാരം. ഇത് കൈവരിക്കാൻ ജപവും തപസ്സും ആവശ്യമാണ്. ഒരുചെറിയ സമയം മാത്രമേ ഇതിനായി നീക്കിവെയ്ക്കേണ്ടതുള്ളുതാനും. ചിലർ ചോദിക്കും ഇത്രചെറിയ സമയം സാധന ചെയ്‌താൽ ഇത്രയേറെ ഉൾക്കാഴ്ചകളുണ്ടാകുമോ എന്ന്. ഉറക്ക ഗുളിക തീരെ ചെറുതാണ്. പക്ഷേ അതുണ്ടാക്കുന്ന ശക്തി എത്രയാണ്. വലിയ പഞ്ഞിക്കെട്ടു വിഴുങ്ങിയാൽ ഉറക്കം വരികയുമില്ല. വലിപ്പമോ ദൈർഘ്യമോ അല്ല  പ്രധാനം. മറിച്ചു ചെയ്യുന്ന സാധനയുടെ ശക്തിയും ആഴവുമാണ്. ചെറുതെങ്കിലും അസാധാരണ ശക്തിവിശേഷങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ സാധനാ പദ്ധതികൾ. ഇതനുവർത്തിച്ചാൽ കെങ്കേമന്മാരായി തീരുവാൻ കഴിയുന്നു. ശാരങ്ധരൻ, ധന്വന്തരി, അരവിന്ദ ഘോഷ്, മഹർഷി ദയാനന്ദ സരസ്വതി, തുടങ്ങി പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ശ്രീ രാമാനുജൻ വരെ ഈ സുദീർഘമായ പട്ടികയിൽ പെട്ടവർ തന്നെ. രാമാനുജന്റെ പ്രശസ്ത ഗണിത ശാസ്ത്രജ്ഞനാക്കിയത് ഈ മേധാ സാധന തന്നെ. ആര്യഭടനും, മായാചാര്യനും ഇതേ സാധനയിൽ കിളിർത്തവരാണ്. ഇങ്ങനെ സാധന ചെയ്തവരാണ് പ്രാചീന ഭാരതത്തിന്റെ ശക്തിസ്രോതസ്സുകളായി തീർന്നത്. അവർ ജാതീയതയിൽ വിശ്വസിച്ചിട്ടില്ല. ആർക്കും വികസിക്കാവുന്ന തരത്തിലായിരുന്നു അക്കാലത്തെ വർണ്ണ പശ്ചാത്തലം. 

---ആചാര്യ ശ്രീ രാജേഷ്, ഹിന്ദുധർമ്മ രഹസ്യം

*സനാതന ധർമ്മ പഠനത്തിനും പ്രചാരണത്തിനുമായി  പിന്തുടരുക. പുനർജ്ജനി 

No comments: